വത്സരാജ് തീര്‍ത്ത വര്‍ണ്ണവിസ്മയം

വരകളിലൂടെ വര്‍ണ്ണവിസ്മയം തീര്‍ത്ത് ആസ്വാദകഹൃദയം കവര്‍ന്ന പ്രശസ്ത ചിത്രകാരന്‍ കെ.പി വല്‍സരാജും വിടവാങ്ങിയതോടെ ആധുനികചിത്രകലാരംഗത്തെ ഒരു അസാമാന്യപ്രതിഭയെ കൂടി ലോകത്തിന് നഷ്ടമായിരിക്കുകയാണ്. ഇനിയും എത്രയോ വര്‍ണ്ണചിത്രങ്ങള്‍ വരച്ചുകൊണ്ട് കൂടുതല്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കാനിരിക്കെയാണ് വെറും അമ്പത്തിയാറാമത്തെ വയസില്‍ അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞുപോയിരിക്കുന്നത്. വല്‍സരാജ് കണ്ട ലോകം തെളിമയുള്ളതും മിഴിവുറ്റതുമായ വര്‍ണങ്ങളുടെ കാഴ്ചയായിരുന്നു. കണ്ട കാഴ്ചകളൊക്കെയും കാന്‍വാസില്‍ പകര്‍ത്തിയതോടെ അതൊക്കെയും അഴകേറിയ ചിത്രങ്ങളായി മാറി.പ്രകൃതിയെയും മണ്ണിനെയും മനുഷ്യജീവിതങ്ങളെയും ഈ കലാകാരന്‍ കാന്‍വാസിലേക്ക് ആവാഹിക്കുകയായിരുന്നു. അങ്ങനെ ചിത്രകലാസ്വാദകരുടെ ഹൃദയങ്ങളില്‍ […]

വരകളിലൂടെ വര്‍ണ്ണവിസ്മയം തീര്‍ത്ത് ആസ്വാദകഹൃദയം കവര്‍ന്ന പ്രശസ്ത ചിത്രകാരന്‍ കെ.പി വല്‍സരാജും വിടവാങ്ങിയതോടെ ആധുനികചിത്രകലാരംഗത്തെ ഒരു അസാമാന്യപ്രതിഭയെ കൂടി ലോകത്തിന് നഷ്ടമായിരിക്കുകയാണ്. ഇനിയും എത്രയോ വര്‍ണ്ണചിത്രങ്ങള്‍ വരച്ചുകൊണ്ട് കൂടുതല്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കാനിരിക്കെയാണ് വെറും അമ്പത്തിയാറാമത്തെ വയസില്‍ അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞുപോയിരിക്കുന്നത്. വല്‍സരാജ് കണ്ട ലോകം തെളിമയുള്ളതും മിഴിവുറ്റതുമായ വര്‍ണങ്ങളുടെ കാഴ്ചയായിരുന്നു. കണ്ട കാഴ്ചകളൊക്കെയും കാന്‍വാസില്‍ പകര്‍ത്തിയതോടെ അതൊക്കെയും അഴകേറിയ ചിത്രങ്ങളായി മാറി.
പ്രകൃതിയെയും മണ്ണിനെയും മനുഷ്യജീവിതങ്ങളെയും ഈ കലാകാരന്‍ കാന്‍വാസിലേക്ക് ആവാഹിക്കുകയായിരുന്നു. അങ്ങനെ ചിത്രകലാസ്വാദകരുടെ ഹൃദയങ്ങളില്‍ വല്‍സരാജ് പടിപടിയായി വലിയ സ്ഥാനം തന്നെ കരസ്ഥമാക്കുകയായിരുന്നു. കാസര്‍കോടിന്റെ വടക്കേയറ്റത്തുള്ള കാനത്തൂരില്‍ നിന്ന് പ്രശസ്തിയുടെ നെറുകയിലേക്കുയര്‍ന്ന് വലിയ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ വല്‍സരാജിന് സാധിച്ചത് ചിത്രകലയോടുള്ള തികഞ്ഞ അര്‍പ്പണബോധം കൊണ്ടുതന്നെയാണ്. കുട്ടിക്കാലം മുതല്‍ തന്നെ ചിത്രകലയോട് വല്‍സരാജിന് താല്‍പ്പര്യമുണ്ടായിരുന്നു. അച്ഛന്‍ കുഞ്ഞമ്പുനായരും മൂത്ത സഹോദരന്‍ ജ്യോതി ചന്ദ്രനും മികച്ച ചിത്രകാരന്‍മാരായതിനാല്‍ ഇവരുടെ ചിത്രങ്ങള്‍ വല്‍സരാജിലും ചിത്രകലയോട് അഭിനിവേശമുണ്ടാക്കിയെന്ന് പറയാം. അഛന്റെയും ജ്യേഷ്ഠന്റെയും പ്രോല്‍സാഹനം കൂടി ലഭിച്ചതോടെ വരകളുടെ ലോകത്ത് കൂടുതല്‍ സജീവമായി. വരയ്ക്കുമ്പോള്‍ നിറങ്ങള്‍ ഏതൊക്കെ ഇടങ്ങളില്‍ വിന്യസിക്കണമെന്നതിനെ കുറിച്ച് വല്‍സരാജിന് കൃത്യമായ ധാരണയുണ്ടായിരുന്നു. നിറങ്ങള്‍ പരസ്പരം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തിയില്ലെങ്കില്‍ അത് ഏച്ചുകെട്ടല്‍ പോലെ വികൃതമായിത്തീരും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ തികഞ്ഞ കയ്യടക്കമാണ് വല്‍സരാജ് പ്രകടമാക്കിയത്. അതുകൊണ്ടുതന്നെ ചിത്രങ്ങളില്‍ നിറങ്ങളുടെ സങ്കലനം മനോഹരമായി മാറി. അദ്ദേഹത്തിന്റെ വരകള്‍ക്ക് ഏറെ വ്യത്യസ്തതയും ആകര്‍ഷണീയതയുമുണ്ടായിരുന്നു.
വല്‍സരാജിന്റെ ചിത്രപ്രദര്‍ശനങ്ങള്‍ക്ക് ആസ്വാദകരുടെ തിരക്ക് കൂടാന്‍ കാരണം വിസ്മയിപ്പിക്കുന്ന നിറസങ്കലനവും ചാരുതയും തന്നെയാണ്. വല്‍സരാജിന് ചിത്രം വരയ്ക്കാനുള്ള കഴിവ് ജന്‍മസിദ്ധമായിരുന്നു. അതേ സമയം വരയില്‍ പ്രൊഫഷണല്‍ മികവ് കൂടി നേടിയെടുത്തതോടെ ആധുനിക ചിത്രകലയുടെ നിലവാരം ഒരുപടി കൂടി ഉയര്‍ത്താന്‍ ഈ അനുഗ്രഹീത കലാകാരന് സാധിച്ചുവെന്ന് നിസംശയം പറയാം. ബറോഡ എം.എസ് സര്‍വകലാശാലയിലെയും കൊല്‍ക്കത്ത ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വകലാശാലയിലെയും പ@നമാണ് വല്‍സരാജിന്റെ ചിത്രങ്ങള്‍ക്ക് മികവ് വര്‍ധിക്കാന്‍ പ്രധാന കാരണം.
ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ വല്‍സരാജിന്റെ നേതൃത്വത്തില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയിലുടനീളമുള്ള ചിത്രകാരന്‍മാരെ സംഘടിപ്പിച്ച് റാഡിക്കല്‍ ഗ്രൂപ്പ് നടത്തിയ ചിത്രപ്രദര്‍ശനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് വല്‍സരാജിന്റെ നേതൃത്വത്തിലായിരുന്നു. രാജ്യത്തെ പ്രമുഖ ചിത്രകാരന്‍മാരെ പങ്കെടുപ്പിച്ച് കോഴിക്കോട്ടും പ്രദര്‍ശനം നടത്തിയിട്ടുണ്ട്. എന്തുകൊണ്ടോ റാഡിക്കല്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അധികനാള്‍ മുന്നോട്ടുപോയില്ല. എന്നാല്‍ വല്‍സരാജിന്റെ ചിത്രകലാ സപര്യയെ ഇത് തെല്ലും ബാധിച്ചില്ല. കോഴിക്കോട്. ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ വല്‍സരാജ് ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. ചിലപ്പോള്‍ ഒറ്റക്കും മറ്റുചിലപ്പോള്‍ ചിത്രകാരന്‍മാരെ പങ്കെടുപ്പിച്ചുമാണ് ചിത്രപ്രദര്‍ശനവുമായി വല്‍സരാജ് മുന്നോട്ടുപോയത്. ചോളമണ്ഡല്‍ ആര്‍ട്ടിസ്റ്റ് വില്ലേജിന് സമീപം താമസിച്ചാണ് വല്‍സരാജ് ചിത്രകലാപ്രദര്‍ശനങ്ങളില്‍ പിന്നീടുള്ള കാലം ശ്രദ്ധ കേന്ദ്രീകരിച്ചത്.
പുതിയ തലമുറയിലെ ചിത്രകാരന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നത് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു നിയോഗമായാണ് വല്‍സരാജ് കണ്ടിരുന്നത്. മാഹി മലയാള കലാഗ്രാമം പ്രിന്‍സിപ്പലായിരുന്ന കാലത്ത് യുവചിത്രകാരന്‍മാര്‍ക്ക് ചിത്രപ്രദര്‍ശനങ്ങള്‍ നടത്താന്‍ അദ്ദേഹം സൗകര്യമൊരുക്കി നല്‍കിയിരുന്നു. അധ്യാപകവൃത്തിക്കൊപ്പം തന്നെ ചിത്രകലയെയും മുന്നോട്ടുകൊണ്ടുപോകാന്‍ വല്‍സരാജിന് സാധിച്ചു. അവധി ദിവസങ്ങളില്‍ വയലുകളിലും മറ്റും ഇറങ്ങി പണിയെടുക്കാനും വല്‍സരാജിന് ഒരുമടിയുമുണ്ടായിരുന്നില്ല. അതേ സമയം ജീവിതത്തിലെ ഏറ്റവും വലിയൊരു ആഗ്രഹം സാധിക്കാതെയാണ് അദ്ദേഹം യാത്രയായിരിക്കുന്നത്. കൊല്‍ക്കത്ത ശാന്തിനികേതനില്‍ സ്വന്തമായി ഒരു പെയിന്റിംഗ് സ്റ്റുഡിയോ ആരംഭിക്കണമെന്നതായിരുന്നു ആ ആഗ്രഹം.
15 വര്‍ഷക്കാലം അധ്യാപകനായി ജോലി ചെയ്ത ചെന്നൈയിലെ ചെട്ടിനാട് വിദ്യാശ്രമം സ്‌കൂളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ വല്‍സരാജിന്റെ മനസിലെ ചിന്ത ആ ആഗ്രഹം യാഥാര്‍ഥ്യമാക്കുന്നതിനെ കുറിച്ചായിരുന്നു. ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും പല കാരണങ്ങളാലും നീണ്ടുപോയി. ഏതുവിധേനയും പെയിന്റിംഗ് സ്റ്റുഡിയോ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വല്‍സരാജിന്റെ അകാലത്തിലുള്ള വിയോഗം. ചിത്രകലയ്ക്ക് ആ അസാമാന്യപ്രതിഭ നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും.


-ടി.കെ പ്രഭാകര കുമാര്‍

Related Articles
Next Story
Share it