ആലപ്പുഴ: ചില ആളുകള്‍ കുറെ കാലം ഒളിച്ചിരിക്കും. അപ്പോഴും അവര്‍ ലോകത്തെ ശ്രദ്ധയോടെ നിരീക്ഷിച്ചു കൊണ്ടിരിക്കും. അത്തരം ഒരു വ്യക്തിത്വമാണ് ചിത്രകാരനും കഥാകാരനുമായ കെ.എ. ഗഫൂര്‍ എന്ന് പ്രശസ്ത നടന് ഇന്ദ്രന്‍സ് പറഞ്ഞു.
ആലപ്പുഴയില്‍ ലോകമേ തറവാട് കലാപ്രദര്ശനത്തില് ‘കെ. എ. ഗഫൂര്‍ സ്ട്രോക്ക്സ് സ്റ്റോറീസ്’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്. ലോകമേ തറവാട് പ്രദര്‍ശനത്തിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു കെ.എ. ഗഫൂര്‍ അറുപതുകളിലു എഴുപതുകളിലും വരച്ച ചിത്രകഥകള്‍. അധികം അറിയപ്പെടാത്ത ഗഫൂറിന്റെ ചിത്രകലാ സാഹിത്യ സംഭാവനകളെ സമഗ്രമായി രേഖപ്പെടുത്തുന്ന ഗഫൂര്‍ സ്ട്രോക്ക്സ് സ്റ്റോറീസ് ജി.ബി.വത്സന് ആണ് എഡിറ്റ് ചെയ്തത്. എം.ടി. വാസുദേവന്‍ നായര്‍, തോമസ് ജേക്കബ്, കെ.ജി.എസ് ഉള്‍പ്പെടെ അന്‍പതോളം എഴുത്തുകാര്‍ അദ്ദേഹത്തിന്റെ കലയെയും ജീവിതത്തെയും വിലയിരുത്തുന്ന പുസ്തകമാണ് ഇത്.
പ്രശസ്ത കവയിത്രി അനിത തമ്പി പുസ്തകം ഏറ്റുവാങ്ങി. മലയാളത്തിലെ ചിത്രകഥയുടെ തുടക്കക്കാരനായ ഗഫൂറിനെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന ശ്രദ്ധേയമായ പുസ്തകമാണിതെന്ന് അനിത പറഞ്ഞു. ലോകമേ തറവാട് പ്രദര്‍ശനത്തിന്റെ ക്യൂറേറ്ററും ചിത്രകാരനുമായ ബോസ് കൃഷ്ണമാചാരി അധ്യക്ഷത വഹിച്ചു. കവി പി.എന്‍. ഗോപീകൃഷ്ണന് സംസാരിച്ചു. കെ.എ. ഗഫൂര്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് കെ.എ. ഗഫൂറിന്റെ കലാജീവിതം ആസ്പദമാക്കി ജയന് മാങ്ങാട് സംവിധാനം ചെയ്ത ബയോപിക് ‘കഥവര’ പ്രദര്‍ശിപ്പിച്ചു.