പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി; അസ്വാഭാവികത ഇല്ല, പ്രതിഷേധം രാഷ്ട്രീയ പ്രേരിതം- ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആസ്പത്രിയില്‍ പാര്‍ട്ട്‌ടൈം ജോലി നല്‍കിയതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നും പ്രതികളുടെ ഭാര്യമാരായത് കൊണ്ട് അവര്‍ക്ക് ജോലി നല്‍കാന്‍ പാടില്ലെന്ന് പറയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടല്ല നിയമനം നടത്തുന്നത്. ആസ്പത്രി സൂപ്രണ്ടും ആര്‍.എം.ഒയും നഴ്‌സിംഗ് സൂപ്രണ്ടുമൊക്കെ ചേര്‍ന്ന ഇന്റര്‍വ്യൂ ബോര്‍ഡ് അഭിമുഖം നടത്തി ആ ലിസ്റ്റ് ഞങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇന്റര്‍വ്യൂവില്‍ നൂറിലേറെ പേര്‍ പങ്കെടുത്തിരുന്നു. കോവിഡ് സമയമായതിനാല്‍ എല്ലാവര്‍ക്കും […]

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആസ്പത്രിയില്‍ പാര്‍ട്ട്‌ടൈം ജോലി നല്‍കിയതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നും പ്രതികളുടെ ഭാര്യമാരായത് കൊണ്ട് അവര്‍ക്ക് ജോലി നല്‍കാന്‍ പാടില്ലെന്ന് പറയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടല്ല നിയമനം നടത്തുന്നത്. ആസ്പത്രി സൂപ്രണ്ടും ആര്‍.എം.ഒയും നഴ്‌സിംഗ് സൂപ്രണ്ടുമൊക്കെ ചേര്‍ന്ന ഇന്റര്‍വ്യൂ ബോര്‍ഡ് അഭിമുഖം നടത്തി ആ ലിസ്റ്റ് ഞങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇന്റര്‍വ്യൂവില്‍ നൂറിലേറെ പേര്‍ പങ്കെടുത്തിരുന്നു. കോവിഡ് സമയമായതിനാല്‍ എല്ലാവര്‍ക്കും വാഹന സൗകര്യമില്ലായിരുന്നു. എന്നാല്‍ നിയമനം നല്‍കപ്പെട്ട മൂന്ന് പേരും ഒരേ സ്ഥലത്ത് നിന്ന് ഒരേ വാഹനത്തില്‍ വരാന്‍ തയ്യാറാണെന്ന് അറിയിച്ചതിനാല്‍ അവര്‍ക്ക് നിയമനം നല്‍കുകയായിരുന്നുവെന്നാണ് ആസ്പത്രിയില്‍ നിന്ന് അറിയിച്ചത്. ഇന്റര്‍വ്യൂ നടത്തി യോഗ്യരായവര്‍ക്കാണ് നിയമനം നല്‍കിയത്. പ്രതികളുടെ ഭാര്യമാരാണ് എന്നത് യോഗ്യതക്കുള്ള തടസമല്ല. നിയമനം ലഭിച്ചവര്‍ പ്രതികളുടെ ഭാര്യമാരാണോ അല്ലയോ എന്നൊന്നും നോക്കാറില്ല. പ്രതികളുടെ ഭാര്യമാരാണെന്ന് കരുതി ആര്‍ക്കും ജോലി ചെയ്യാനും ജീവിക്കാനും അവകാശമില്ലെന്നുണ്ടോ. നിയമനത്തില്‍ ഒരു അസ്വാഭാവികതയും ഇല്ല. യാദൃശ്ചികം മാത്രം. സ്വാഭാവികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നിയമനം നടത്തിയിരിക്കുന്നത്. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ജയിലില്‍ കഴിയുമ്പോഴും ജീവിക്കാനുള്ള പ്രയാസം കൊണ്ടായിരിക്കും അവര്‍ എന്തെങ്കിലും ജോലിക്ക് വേണ്ടി ശ്രമിക്കുന്നത്. അത് തടയുന്നത് ശരിയാണോ-ബേബി ബാലകൃഷ്ണന്‍ ചോദിച്ചു.
നിയമനത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസും മുസ്ലിംലീഗും ശ്രമിക്കുന്നത്. ജില്ലാ പഞ്ചായത്തിനെയും പ്രസിഡണ്ടിനെയും വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നതും പ്രതിഷേധം പ്രകടിപ്പിക്കുന്നതും. ഒരു ദിവസത്തെ വേതനമായി സ്വീപ്പറിന് 420 രൂപയാണ് ലഭിക്കുന്നത്. കോവിഡ് കാലമായതിനാല്‍ ബസില്ലാതെ യാത്രാ തടസം നേരിട്ട ഒരു ജീവനക്കാരി വീട്ടില്‍ നിന്ന് വന്നുപോകാനായി 400 രൂപ ചെലവുണ്ടെന്ന് പറഞ്ഞ് ജോലി വേണ്ടെന്ന് വെച്ചു. നിയമനം ലഭിച്ച മൂന്ന് പേരും ഒരേ സ്ഥലത്ത് നിന്നാണ് വരുന്നത്. അവര്‍ക്ക് ഒരു വാഹനത്തില്‍ വന്നുപോകാന്‍ വലിയ ചെലവ് വരില്ലെന്ന് ആസ്പത്രി ബോര്‍ഡില്‍ നിന്ന് അറിയിച്ചിരുന്നു-ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

Related Articles
Next Story
Share it