ഓര്‍മ്മകളുടെ ചെപ്പ് തുറന്ന് നാഞ്ചിനാട്ടിന്റെ കഥാകാരന്‍

'നൂറ് സിംഹാസനങ്ങള്‍' എന്ന നോവലിലൂടെ മലയാളിക്ക് പ്രിയങ്കരനായ നോവലിസ്റ്റും എഴുത്തുകാരനും ചെറുകഥാകൃത്തും വിവര്‍ത്തകനും തിരക്കഥാകൃത്തും സാഹിത്യ നിരൂപകനുമായ ലോക പ്രശസ്തനായ സാഹിത്യകാരന്‍ ബി. ജയമോഹന്‍ നാല് പതിറ്റാണ്ട് മുമ്പ് കാസര്‍കോട് ടെലിഫോണ്‍ എക്‌സ്ചേഞ്ചില്‍ ജോലി ചെയ്ത സന്ദര്‍ഭത്തിലെ ഓര്‍മ്മകള്‍ അന്നത്തെ തന്റെ സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളുമടങ്ങുന്ന സൗഹൃദ സദസ്സില്‍ പങ്ക് വെച്ചപ്പോള്‍ അത് കേള്‍വിക്കാരില്‍ പുതിയ അനുഭൂതികളായി അനുഭവപ്പെട്ടു. എണ്‍പതിന്റെ തുടക്കം മുതല്‍ 90കള്‍ വരെ കാസര്‍കോട് പി ആന്റ് ഹോമില്‍ താമസിച്ച് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്തുവന്നിരുന്ന […]

'നൂറ് സിംഹാസനങ്ങള്‍' എന്ന നോവലിലൂടെ മലയാളിക്ക് പ്രിയങ്കരനായ നോവലിസ്റ്റും എഴുത്തുകാരനും ചെറുകഥാകൃത്തും വിവര്‍ത്തകനും തിരക്കഥാകൃത്തും സാഹിത്യ നിരൂപകനുമായ ലോക പ്രശസ്തനായ സാഹിത്യകാരന്‍ ബി. ജയമോഹന്‍ നാല് പതിറ്റാണ്ട് മുമ്പ് കാസര്‍കോട് ടെലിഫോണ്‍ എക്‌സ്ചേഞ്ചില്‍ ജോലി ചെയ്ത സന്ദര്‍ഭത്തിലെ ഓര്‍മ്മകള്‍ അന്നത്തെ തന്റെ സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളുമടങ്ങുന്ന സൗഹൃദ സദസ്സില്‍ പങ്ക് വെച്ചപ്പോള്‍ അത് കേള്‍വിക്കാരില്‍ പുതിയ അനുഭൂതികളായി അനുഭവപ്പെട്ടു.
എണ്‍പതിന്റെ തുടക്കം മുതല്‍ 90കള്‍ വരെ കാസര്‍കോട് പി ആന്റ് ഹോമില്‍ താമസിച്ച് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്തുവന്നിരുന്ന ജയമോഹന്‍ എന്ന മലയാളത്തിലും തമിഴിലും ഏറെ പ്രശസ്തനായ എഴുത്തുകാരന്‍ തന്റെ ഓര്‍മ്മ ഭാണ്ഡത്തില്‍ നിന്ന് കുറേ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ സദസ്സിനത് ഉള്ളുപൊള്ളുന്ന വേദനകൂടിയായി. താന്‍ കാസര്‍കോട്ട് ജോലി ചെയ്തു വരവെ അമ്മ ആത്മഹത്യ ചെയ്തതും ആറുമാസം കഴിയുന്നതിന് മുമ്പ് അച്ഛന്‍ ആത്മഹത്യ ചെയ്തതും വേദനയൂറുന്ന ഓര്‍മ്മയായാണ് ജയമോഹന്‍ പങ്കുവെച്ചത്. അന്ന് അടുത്ത സഹപ്രവര്‍ത്തകരോടു പോലും പറയാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മചെപ്പ് തുറന്ന് ഓരോന്നായി പുറത്തെടുത്തപ്പോള്‍ കേട്ടുനിന്നവര്‍ക്ക് ഏതോ ലോകത്തിലെത്തിയതുപോലെയായി. മാനസിക സംഘര്‍ഷം കാരണം സന്യാസം സ്വീകരിച്ച് കാശിയില്‍ രണ്ടു കൊല്ലം അലഞ്ഞ് നടന്നതും എല്ലാം എഴുത്തുകാരനില്‍ നിന്നും നേരിട്ട് കേട്ടപ്പോള്‍ ഇദ്ദേഹമാണോ നമ്മളോടൊപ്പമുണ്ടായിരുന്ന ജയമോഹനനെന്ന് ഒത്തുകൂടിയ സുഹൃത്തുക്കള്‍ക്ക് കൂടി തോന്നി. കന്യാകുമാരി ജില്ലയിലെ തിരുവരമ്പിലാണ് 1962 ഏപ്രില്‍ 22ന് ജയമോഹന്‍ ജനിച്ചത്. ജോലി ചെയ്യാനുള്ള നിയോഗം കാസര്‍കോട്ടായിരുന്നു. ഇതിനിടയിലാണ് ആദ്യം അമ്മ വിശാലാക്ഷിയമ്മയും അധികം വൈകാതെ അച്ഛന്‍ ബാഹുലേയന്‍ പിള്ളയും ജീവനൊടുക്കിയത്. ഉള്ളിലെ നെരിപ്പോടായി ഇത്രയും കാലം തന്റെ സുഹൃത്തുക്കളോട് പോലും പറയാതെ ജയമോഹന്‍ ആ നൊമ്പരം മനസ്സില്‍ സൂക്ഷിക്കുകയായിരുന്നു.
ഏതു തിരക്കിനിടയിലും എല്ലാ വര്‍ഷവും ഒന്നോ രണ്ടോ ദിവസം സഹപ്രവര്‍ത്തകരുമായി കൂട്ടുകൂടാന്‍ കാസര്‍കോട് എത്താറുള്ള ജയമോഹന്‍ ഇക്കാലമത്രയും തന്റെ ഉള്ളിലെ വേദനയൂറുന്ന ഈ രഹസ്യങ്ങള്‍ മറച്ചുവെച്ചു. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷം അദ്ദേഹത്തിന് ഇവിടെ വരാനായില്ല. കഴിഞ്ഞ രണ്ടു മാസക്കാലം അമേരിക്കയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത് നാഗര്‍കോവിലെ വീട്ടില്‍ തിരിച്ചെത്തിയതിന്റെ പിറ്റേദിവസം കാസര്‍കോട്ടേക്ക് തിരിക്കുകയായിരുന്നു. പതിനാല് കൊല്ലം മുമ്പ് ബി.എസ്.എന്‍.എല്ലില്‍ നിന്നും സ്വയം വിരമിച്ച ജയമോഹന്‍ ഇപ്പോള്‍ അറുപതിന്റെ നെറുകയിലാണ്. അന്ന് തന്നോടൊപ്പം ജോലി ചെയ്ത് സ്വയം വിരമിച്ച 13 പേര്‍ ഇപ്പോള്‍ അറുപതില്‍ എത്തിയതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു സൗഹൃദ സംഗമം ഒരുക്കിയത്. കൊടക്കാട് കദളീവനം ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറ് മണിമുതല്‍ 10 മണിവരെ നടന്ന സംഗമത്തില്‍ സ്ത്രീകളടക്കം നിരവധി പേരുണ്ടായിരുന്നു.
തന്റെ രചനാ വഴികളും കോവിഡ് കാലത്ത് ദിവസേന ഒരു കഥ എന്ന രീതിയില്‍ 136 കഥകള്‍ എഴുതി പ്രസിദ്ധീകരിച്ചതും ആറ് തിരക്കഥകള്‍ എഴുതിയും ജയമോഹന്‍ എല്ലാം വിശദമായി പറഞ്ഞു. നാല് നോവലുകളും മൂന്ന് ചെറുകഥാ സമാഹാരങ്ങളും മൂന്ന് നിരൂപണ സമാഹാരങ്ങളും ജയമോഹന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം. ഗോവിന്ദന്‍ മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വരെയുള്ള ആധുനിക മലയാള കവികളുടെ കവിതകള്‍ 'തല്‍ക്കാല മലയാള കവിതകള്‍' എന്ന പേരില്‍ തമിഴില്‍ പുസ്തകമാക്കിയിട്ടുണ്ട്. വിഷ്ണുപുരം, ഇരവ്, റബ്ബര്‍, പിന്‍തൊടരും നഴലിന്‍ കുറല്‍, കൊറ്റവൈ, കാട്, നവീന തമിഴ് ഇലക്കിയ അറിമുഖം, നൂറ് സിംഹാസനങ്ങള്‍ (മലയാളം നോവല്‍), വെണ്‍മുരശ്, ആനഡോക്ടര്‍ (നോവല്‍) തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. മലയാളത്തിലെ അഞ്ച് യുവ കവികളുടെ കവിതകള്‍ തമിഴില്‍ പ്രസിദ്ധീകരിച്ചു. നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയുമെഴുതി. തമിഴില്‍ കസ്തൂരിമാന്‍, നാന്‍ കടവുള്‍, അങ്ങാടിത്തെരു, നീര്‍പറവൈ, കടല്‍, ആറ് മെഴുകുവത്തികള്‍, കാവ്യ തലൈവന്‍, പാപനാശം, ഏമാളി, 2.0, സര്‍ക്കാര്‍ എന്നീ സിനിമകള്‍ക്കും മലയാളത്തില്‍ ഒഴിമുറി, കാഞ്ചി, വണ്‍ ബൈ റ്റു തുടങ്ങിയ സിനിമകള്‍ക്കും സംഭാഷണമെഴുതിയിട്ടുണ്ട്. കന്നഡയിലും ധേഹി എന്ന സിനിമക്കും സംഭാഷണമെഴുതി. 1991ല്‍ ചെറുകഥക്കുള്ള കഥാപുരസ്‌കാരവും 92ല്‍ സംസ്‌കൃതി സമ്മാന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. ചൊല്‍പുതിത് എന്ന സാഹിത്യ ത്രൈമാസികയുടെ സ്ഥാപകനും ഗുരുനിത്യാ ആയ്‌വരങ്കം എന്ന സ്റ്റഡി സര്‍ക്കിളിന്റെ കണ്‍വീനറുമാണ്.
ജയമോഹന്റെ ഓര്‍മ്മകള്‍ സദസ്സിന് ഒരുപോലെ വേദനയും ഉണര്‍വും സമ്മാനിച്ചു.
വി.പി. ബാലചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ പി.രാമചന്ദ്രന്‍ മാസ്റ്റര്‍, ആര്‍ട്ടിസ്റ്റ് മോഹന ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സഹപ്രവര്‍ത്തകര്‍ ജയമോഹനന് ഉപഹാരം നല്‍കി. എം. കരുണാകരന്‍ നന്ദി പറഞ്ഞു. റസാഖ് കരിവെള്ളൂരിന്റെ ഗസലുമുണ്ടായിരുന്നു.

-രവീന്ദ്രന്‍ കൊടക്കാട്

Related Articles
Next Story
Share it