മദ്രസ അടച്ചു; നാട്ടുകാരുടെ യോഗം ചേര്‍ന്നു
ഉപ്പള: അട്ടഗോളിയിലും പരിസരത്തും മഞ്ഞപ്പിത്തം പടരുന്നതോടെ നാട്ടുകാര്‍ ഭീതിയില്‍. 40 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. ഒരു വിദ്യാര്‍ത്ഥിയെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
നിരവധി പേര്‍ക്ക് രോഗം പിടിപെട്ട സാഹചര്യത്തില്‍ പ്രദേശത്തെ മദ്രസ അടച്ചിട്ടു. മുതിര്‍ന്ന മൂന്ന് പേര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടഗോളിയിലും പരിസരത്തും ക്യാമ്പ് ചെയ്യുകയാണ്. മീഞ്ച, പൈവളിഗെ പഞ്ചായത്തുകളുടെ പരിധിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് കൂടുതലും മദ്രസയില്‍ എത്തുന്നത്.
ആദ്യം ചില വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം പിടിപ്പെടുകയും പിന്നീട് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
ഇതോടെയാണ് മദ്രസ അടിച്ചിടാന്‍ ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചത്. മഞ്ഞപ്പിത്തത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതില്‍ അരോഗ്യ വകുപ്പും നാട്ടുകാരും ആശങ്കയിലാണ്. മദ്രസ കിണറിലെ വെള്ളം പരിശോധക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നാല്‍ മാത്രമേ കൂടുതല്‍ സ്ഥിരീകരണമുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്നലെ ജമാഅത്ത് കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് രോഗം സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശം നല്കി. മഞ്ഞപ്പിത്തം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം പടര്‍ന്നാല്‍ ഉന്നത ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ നിയമിക്കാന്‍ ഇരുപഞ്ചായത്ത് ഭരണ സമിതികളും മന്ത്രിമാരടക്കമുള്ളവരോട് ആവശ്യപ്പെടും.