ചക്കക്കാലം വരവായി

ഇനിയങ്ങോട്ട് ചക്കക്കാലമാണ്. ചക്കയുടെ വിളവെടുപ്പ് സീസണ്‍ ആരംഭിച്ചിരിക്കുന്നു. പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ് ചക്കപ്പഴം. ഇനി ഗ്രാമപ്രദേശങ്ങളിലും, പാതയോരങ്ങളിലുമൊക്കെ ചക്കയാണ് താരം. ചക്കക്കാലം വരവായതോടെ തെരുവോരങ്ങളില്‍ യാത്രക്കാരെ ലക്ഷ്യംവെച്ച് ചക്ക വില്‍പ്പന പൊടിപൊടിക്കുന്ന സാഹചര്യമായിരുന്നു മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നത്. ചക്കയുടെ രുചി അറിഞ്ഞവര്‍ 50 ആയാലും 100 ആയാലും ചക്ക വാങ്ങിച്ചിരിക്കും. നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായി വിളയുന്ന ചക്കയുടെ രുചി അറിഞ്ഞാണ് പലരും എന്തുവിലകൊടുത്തും ചക്കകള്‍ വാങ്ങാറുള്ളത്. പാതയോരങ്ങളില്‍ പച്ച ചക്കയും പഴുത്ത ചക്കയും ലഭിക്കും. ഗള്‍ഫ് നാടുകളിലും മെട്രോ സിറ്റികളിലും ചക്കയുടെ […]

ഇനിയങ്ങോട്ട് ചക്കക്കാലമാണ്. ചക്കയുടെ വിളവെടുപ്പ് സീസണ്‍ ആരംഭിച്ചിരിക്കുന്നു. പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ് ചക്കപ്പഴം. ഇനി ഗ്രാമപ്രദേശങ്ങളിലും, പാതയോരങ്ങളിലുമൊക്കെ ചക്കയാണ് താരം.
ചക്കക്കാലം വരവായതോടെ തെരുവോരങ്ങളില്‍ യാത്രക്കാരെ ലക്ഷ്യംവെച്ച് ചക്ക വില്‍പ്പന പൊടിപൊടിക്കുന്ന സാഹചര്യമായിരുന്നു മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നത്. ചക്കയുടെ രുചി അറിഞ്ഞവര്‍ 50 ആയാലും 100 ആയാലും ചക്ക വാങ്ങിച്ചിരിക്കും. നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായി വിളയുന്ന ചക്കയുടെ രുചി അറിഞ്ഞാണ് പലരും എന്തുവിലകൊടുത്തും ചക്കകള്‍ വാങ്ങാറുള്ളത്. പാതയോരങ്ങളില്‍ പച്ച ചക്കയും പഴുത്ത ചക്കയും ലഭിക്കും. ഗള്‍ഫ് നാടുകളിലും മെട്രോ സിറ്റികളിലും ചക്കയുടെ ചുവള പാക്കറ്റുകളിലാക്കിയാണ് വില്‍പന നടത്തുന്നത്.
ഗ്രാമപ്രദേശങ്ങളേക്കാള്‍ മെട്രോ നഗരങ്ങളിലാണ് ചക്കക്ക് വലിയ ഡിമാന്‍ഡ് ഉള്ളത്. ഇവിടങ്ങളില്‍ നിന്ന് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നത് ചക്കപ്പഴത്തെയാണ്. അതുകൊണ്ട് തന്നെ സിസണ്‍ തുടക്കത്തില്‍തന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് ഉണ്ടാകാറുള്ളത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ മെട്രോ നഗരങ്ങളാണ് കച്ചവടക്കാര്‍ ലക്ഷ്യമിടുന്നത് ഒപ്പം ഗള്‍ഫ് രാജ്യങ്ങളെയും. ഇത് മൂലം രുചിയൂറും വിഭവങ്ങളായി ചക്ക നാട്കടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
പലപ്പോഴും ഈ പഴത്തിന്റെ വിലയറിയാത്ത മനുഷ്യര്‍ കൈവിടുന്ന ചക്കപ്പഴം ഗ്രാമപ്രദേശങ്ങളില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രാണികള്‍ക്കുമാണ് ഭക്ഷണമാകുന്നത്. മരത്തില്‍ തന്നെ പഴുത്ത് ചീഞ്ഞു നശിക്കുന്നതും നാം കണ്ടുവരുന്നു. എന്നാല്‍ പട്ടണ പ്രദേശങ്ങള്‍ നേരെ മറിച്ചാണ് ചിന്തിക്കുന്നത്. രുചിയുടെ രസക്കൂട്ടുകളുമായി നാട് കടന്നുചെന്ന് ചക്ക പണം വാരുകയാണ് ഇവിടങ്ങളില്‍. ചക്കക്കുരുവാകട്ടെ ജാക്ക് സീഡ് മസാലയും പോട്ട് റോസ്റ്റഡ് ജാക്ക് സീഡ്‌മൊക്കെയായി വടക്കേ ഇന്ത്യയിലും ഗള്‍ഫ് രാഷ്ട്രങ്ങളിലുമൊക്കെ രുചിയുടെ താരമായി മാറിയിരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. സ്‌പൈസി ജാക്ക് റോസ്റ്റ് ഗോള്‍ഡന്‍ ജാക്ക് മിക്‌സ്ചര്‍, ജാക്ക് ബാര്‍, ജാക്ക് ജാഗറി സ്വീറ്റ്‌സ് തുടങ്ങിയ വ്യത്യസ്ത വിഭവങ്ങളായും ചക്ക കയറ്റിയയക്കപ്പെടുന്നു.
നമ്മുടെ സംസ്ഥാനത്ത് പറമ്പുകളില്‍ ചക്ക മൂത്ത് താഴെവീണ് ചീഞ്ഞു നശിക്കുമ്പോള്‍ കിഴക്കന്‍ മേഖലയില്‍ ചക്ക ഇപ്പോള്‍ രുചി നോക്കാന്‍ പോലും കിട്ടാത്ത അവസ്ഥയാണ്. മുംബൈ മെട്രോ നഗരത്തില്‍ എത്തിയാല്‍ ചക്കച്ചുള ഒന്നിന് 10 മുതല്‍ 20 രൂപ വരെ വില ഈടാക്കുന്നു അത്രയ്ക്കും ഡിമാന്‍ഡാണ് ചക്കപ്പഴത്തിനുള്ളത്. ചക്കയുടെ വില അറിഞ്ഞ്, ഡിമാന്‍ഡ് മനസ്സിലാക്കി കച്ചവടക്കാര്‍ കേരളത്തിലെ പല പ്രദേശങ്ങളിലും സീസണ്‍ തുടക്കത്തിലെ ചക്ക വാങ്ങിക്കൊണ്ട് മെട്രോ നഗരങ്ങളിലേക്ക് പോകാറുണ്ട്. ഇവിടെ നിന്ന് ചെറിയ വിലയ്ക്ക് ചക്ക വാങ്ങി ലക്ഷങ്ങളാണ് ഇതുവഴി കച്ചവടക്കാര്‍ വാങ്ങിക്കൂട്ടുന്നത്.
മൂപ്പെത്താത്ത ചക്ക ഫുഡ് സപ്ലിമെന്റ്‌നായാണ് ഉപയോഗിക്കപ്പെടുന്നത്. വിവിധ ചക്ക വിഭവങ്ങളുമായും, ന്യൂട്രിഷണല്‍ ഫുഡായും ഇത് മാറ്റിയെടുക്കുന്നു. ഇതിന് പ്രത്യേക കേന്ദ്രങ്ങള്‍ തന്നെയുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ നിന്നാണ് ചക്കപ്പഴ വിഭവങ്ങള്‍ കയറ്റി അയക്കപ്പെടുന്നതും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ 'ചക്കമഹോത്സവം' തന്നെ സംഘടിപ്പിക്കുകയുണ്ടായി. ചക്ക കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി വീട്ടമ്മമാര്‍ ചക്ക മഹോത്സവത്തില്‍ അണിനിരത്തിയത് ചക്കയുടെ മഹാത്മ്യം വിളിച്ചോതുന്നതായിരുന്നു. മുന്നൂറിലധികം വിഭവങ്ങളാണ് ചക്ക മഹോത്സവത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്നത്. ചക്ക കറിയില്‍ നിന്ന് തുടങ്ങി ലഡ്ഡു പായസം, ഐസ്‌ക്രീം, ചിപ്‌സ്, ജ്യൂസ്, ഉപ്പേരി ബിസ്‌ക്കറ്റ് തുടങ്ങി ബിരിയാണി വരെ ചക്ക വിഭവങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.
ചക്കയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം മനസ്സിലാക്കി, ഇതുവഴി വലിയ വ്യവസായ പദ്ധതി ലക്ഷ്യംവെച്ച് 2018 മാര്‍ച്ചില്‍ ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ പദ്ധതി വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. കാരണം ചക്കയുടെ ഉദ്പാദനവും ഉപയോഗവും നേരാംവണ്ണം ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാതെ പോയി. ചക്കപ്പഴം പാഴായിപ്പോകുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ചക്കപ്പഴം വിവിധ രോഗങ്ങള്‍ക്ക് ഗുണകരമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ച് ഹൃദ്രോഗങ്ങള്‍ രക്തസമ്മര്‍ദ്ദം എല്ല് രോഗങ്ങള്‍ തുടങ്ങിയവക്ക്.
ചക്കയുടെ വിളവെടുപ്പ് കാലം എന്ന് പറയുന്നത് ഫെബ്രുവരി മാസം മുതലായിരുന്നു. എന്നാല്‍ കാലാവസ്ഥയിലെ വ്യതിയാനം മൂലം പലപ്പോഴും ഇത് നീണ്ടു പോകുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇത് ഉല്‍പ്പാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. കാലവര്‍ഷം വിളവെടുപ്പിനെയും ബാധിക്കുന്നുണ്ട്.
വീട്ടിലൊരു പ്ലാവ് ഉണ്ടെങ്കില്‍ ആയുസ്സ് 10 വര്‍ഷം കൂടുമെന്ന് പണ്ടേ കാര്‍ന്നോന്‍മാര്‍ പറയാറുള്ളത് വെറുതെയൊന്നുമല്ല. പ്ലാവുണ്ടെങ്കില്‍ രണ്ടുമാസം ചക്കപ്പഴം സുലഭം. ചക്കയും ചക്ക കൊണ്ടുള്ള വിഭവങ്ങളും ഈ കാലയളവില്‍ വയറുനിറയെ കഴിച്ചാല്‍ ദഹനവും ശോധനയും പരമ സുഖമാണത്രേ.
ശരീരത്തിലെ കുടല്‍ കഴുകി വൃത്തിയാക്കിയത് പോലെയാകുമെന്ന് കാര്‍ന്നോന്മാര്‍ പറയപ്പെടുന്നു. അപ്പോള്‍ എല്ലാ വര്‍ഷവും ഈ ചക്ക സീസണില്‍ ചക്കവിഭവങ്ങള്‍ കഴിച്ചാല്‍ ആയുസ്സ് കൂടുമെന്ന് പറയുന്നതില്‍ സത്യാവസ്ഥയുണ്ടുതാനും.

-എം എ മൂസ മൊഗ്രാല്‍

Related Articles
Next Story
Share it