ഉദ്യോഗസ്ഥര്‍ നിശ്ചിതകാലയളവ് വരെ അതത് ജില്ലകളില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തും-മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട്ടടക്കം ചില ജില്ലകളില്‍ നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പോകുന്നതിനെതിരെ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവില്‍ അതത് ജില്ലകളില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് തലവന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.വിവിധ വകുപ്പുകളില്‍ നിയമനം ലഭിക്കുന്ന ചില ജീവനക്കാര്‍ അവധിയില്‍ പോകുന്നതുകൊണ്ട് അവശ്യ തസ്തികകളില്‍ ജീവനക്കാര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നത് പദ്ധതി നിര്‍വ്വഹണത്തിനും മറ്റും തടസ്സം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. […]

തിരുവനന്തപുരം: കാസര്‍കോട്ടടക്കം ചില ജില്ലകളില്‍ നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പോകുന്നതിനെതിരെ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവില്‍ അതത് ജില്ലകളില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് തലവന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ വകുപ്പുകളില്‍ നിയമനം ലഭിക്കുന്ന ചില ജീവനക്കാര്‍ അവധിയില്‍ പോകുന്നതുകൊണ്ട് അവശ്യ തസ്തികകളില്‍ ജീവനക്കാര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നത് പദ്ധതി നിര്‍വ്വഹണത്തിനും മറ്റും തടസ്സം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവില്‍ അതത് ജില്ലകളില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് തലവന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശംനല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകള്‍ യഥാസമയം നികത്തുന്നതിന് സത്വരമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഒഴിവുകള്‍ ഉണ്ടാകുന്ന മുറയ്ക്ക് അവ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ നിയമനാധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവില്‍ ഇല്ലാത്തപക്ഷം അടിയന്തിര സാഹചര്യമുണ്ടെങ്കില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വ്യവസ്ഥയുണ്ടെന്നും തസ്തികകള്‍ ഒഴിച്ചിടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് വന്ന ഘട്ടത്തില്‍ ഒരുപാട് ഉദ്യോഗാര്‍ത്ഥികള്‍ എഴുതുന്ന പി.എസ്.സി ടെസ്റ്റുകള്‍ നടത്തുന്നതിന് പരിമിതി ഉണ്ടായിരുന്നു. അതിനാല്‍ ചുരുങ്ങിയ കാലയളവില്‍ ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ്, എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ തുടങ്ങിയ തസ്തികകളുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലില്ലായിരുന്നു. ഇപ്പോള്‍ റാങ്ക് ലിസ്റ്റുകള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്‍.പി. സ്‌കൂള്‍ ടീച്ചറുടെ 239 ഒഴിവുകളിലേക്ക് അഡൈ്വസ് നല്‍കിക്കഴിഞ്ഞു. ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ഒഴിവുകളിലേക്ക് ഉടനെ അഡൈ്വസ് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

Related Articles
Next Story
Share it