കോട്ടിക്കുളത്ത് റെയില്‍ പാളത്തില്‍ ഇരുമ്പ് പാളി വെച്ചത് മുതിര്‍ന്നവരെന്ന് വിവരം; സംഘത്തെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതം

ബേക്കല്‍: കോട്ടിക്കുളത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് പാളി കയറ്റിവെച്ചത് മുതിര്‍ന്നവരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇവരെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഉന്നത ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബേക്കല്‍ പൊലീസിന്റെ സഹകരണത്തോടെ സംഘത്തെ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആര്‍.പി.എഫ് പാലക്കാട് ഡിവിഷന്‍ സെക്യൂരിറ്റി കമ്മീഷണര്‍ ജിതിന്‍ ബി രാജ് പറഞ്ഞു. കോട്ടിക്കുളത്ത് തൃക്കണ്ണാട് അടിപ്പാതയുടെ സമീപത്ത് കണ്ണൂര്‍ ഭാഗത്തേക്കുള്ള പാളത്തില്‍ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഇരുമ്പ് പാളി കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് തളങ്കരയില്‍ മൂന്നിടങ്ങളിലായി പാളത്തില്‍ കരിങ്കല്‍ കഷണങ്ങള്‍ വെച്ച നിലയിലും കണ്ടെത്തിയിരുന്നു. […]

ബേക്കല്‍: കോട്ടിക്കുളത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് പാളി കയറ്റിവെച്ചത് മുതിര്‍ന്നവരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇവരെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഉന്നത ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബേക്കല്‍ പൊലീസിന്റെ സഹകരണത്തോടെ സംഘത്തെ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആര്‍.പി.എഫ് പാലക്കാട് ഡിവിഷന്‍ സെക്യൂരിറ്റി കമ്മീഷണര്‍ ജിതിന്‍ ബി രാജ് പറഞ്ഞു. കോട്ടിക്കുളത്ത് തൃക്കണ്ണാട് അടിപ്പാതയുടെ സമീപത്ത് കണ്ണൂര്‍ ഭാഗത്തേക്കുള്ള പാളത്തില്‍ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഇരുമ്പ് പാളി കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് തളങ്കരയില്‍ മൂന്നിടങ്ങളിലായി പാളത്തില്‍ കരിങ്കല്‍ കഷണങ്ങള്‍ വെച്ച നിലയിലും കണ്ടെത്തിയിരുന്നു. കരിങ്കല്‍ കഷണങ്ങള്‍ കളിക്കാന്‍ വേണ്ടി കുട്ടികളാണ് പാളത്തില്‍ വെച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചില കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും പാളത്തില്‍ കല്ല് വെക്കാറുണ്ട്. ഈ കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാളത്തില്‍ കല്ലുവെക്കുമ്പോള്‍ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുമെന്നും ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാളത്തില്‍ ഇരുമ്പ് പാളി വെച്ച മുതിര്‍ന്ന സംഘത്തിനെതിരെ കടുത്ത നടപടി തന്നെയുണ്ടാകുമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ചിത്താരിയില്‍ കോയമ്പത്തൂര്‍ മംഗളൂരു പാസഞ്ചര്‍ ട്രെയിനിന് നേരെ കല്ലേറും നടന്നിരുന്നു. ട്രെയിനിന് കല്ലെറിഞ്ഞവരെ കണ്ടെത്താനും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാടിനും കുമ്പളക്കുമിടയില്‍ അടുത്ത കാലത്തായി പാളത്തില്‍ കല്ലുകളും ഇരുമ്പുകഷണങ്ങളും വെക്കല്‍, ഓടുന്ന ട്രെയിനിന് നേരെ കല്ലെറിയല്‍ തുടങ്ങി അഞ്ച് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുസംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആര്‍.പി.എഫിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. ആര്‍.പി.എഫ് സംഘം ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

Related Articles
Next Story
Share it