മാഷില്ലാ വര്‍ഷങ്ങള്‍...
നാളെ കെ.എം അഹ്മദ് മാഷിന്റെ 13-ാം വിയോഗ വാര്‍ഷികദിനം.പ്രസ്‌ക്ലബ്ബിന്റെയും സാഹിത്യവേദിയുടെയും ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടികള്‍ അഹ്മദ് മാഷ് വിട പറഞ്ഞ് പോയിട്ട് 13 വര്‍ഷമാകുന്നു. മാഷിനെ ഓര്‍ക്കാത്ത ദിനങ്ങള്‍ കാസര്‍കോടിനുണ്ടാവില്ല. കാസര്‍കോട്ട് നടക്കുന്ന സാംസ്‌കാരിക-സാഹിത്യ പരിപാടികളിലെല്ലാം ആ പേര് ഉയര്‍ന്ന് കേള്‍ക്കും. അഹ്മദ് മാഷിന്റെ ശൂന്യത 13 വര്‍ഷങ്ങള്‍ക്ക് ശേഷവും കാസര്‍കോട് ഇന്നും വിളിച്ചുപറയുന്നുണ്ട്.ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത ഉത്തരകേരളത്തിലെ അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് കെ.എം. അഹ്മദ് എന്ന ആമദ് മാഷ്. കേയെം എന്ന് കേള്‍ക്കുമ്പോള്‍ ഉത്തരദേശത്തുകാരുടെ മനസില്‍ […]
നാളെ കെ.എം അഹ്മദ് മാഷിന്റെ 13-ാം വിയോഗ വാര്‍ഷികദിനം.പ്രസ്‌ക്ലബ്ബിന്റെയും സാഹിത്യവേദിയുടെയും ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടികള്‍ അഹ്മദ് മാഷ് വിട പറഞ്ഞ് പോയിട്ട് 13 വര്‍ഷമാകുന്നു. മാഷിനെ ഓര്‍ക്കാത്ത ദിനങ്ങള്‍ കാസര്‍കോടിനുണ്ടാവില്ല. കാസര്‍കോട്ട് നടക്കുന്ന സാംസ്‌കാരിക-സാഹിത്യ പരിപാടികളിലെല്ലാം ആ പേര് ഉയര്‍ന്ന് കേള്‍ക്കും. അഹ്മദ് മാഷിന്റെ ശൂന്യത 13 വര്‍ഷങ്ങള്‍ക്ക് ശേഷവും കാസര്‍കോട് ഇന്നും വിളിച്ചുപറയുന്നുണ്ട്.ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത ഉത്തരകേരളത്തിലെ അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് കെ.എം. അഹ്മദ് എന്ന ആമദ് മാഷ്. കേയെം എന്ന് കേള്‍ക്കുമ്പോള്‍ ഉത്തരദേശത്തുകാരുടെ മനസില്‍ […]
നാളെ കെ.എം അഹ്മദ് മാഷിന്റെ 13-ാം വിയോഗ വാര്‍ഷികദിനം.
പ്രസ്‌ക്ലബ്ബിന്റെയും സാഹിത്യവേദിയുടെയും ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടികള്‍
അഹ്മദ് മാഷ് വിട പറഞ്ഞ് പോയിട്ട് 13 വര്‍ഷമാകുന്നു. മാഷിനെ ഓര്‍ക്കാത്ത ദിനങ്ങള്‍ കാസര്‍കോടിനുണ്ടാവില്ല. കാസര്‍കോട്ട് നടക്കുന്ന സാംസ്‌കാരിക-സാഹിത്യ പരിപാടികളിലെല്ലാം ആ പേര് ഉയര്‍ന്ന് കേള്‍ക്കും. അഹ്മദ് മാഷിന്റെ ശൂന്യത 13 വര്‍ഷങ്ങള്‍ക്ക് ശേഷവും കാസര്‍കോട് ഇന്നും വിളിച്ചുപറയുന്നുണ്ട്.
ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത ഉത്തരകേരളത്തിലെ അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് കെ.എം. അഹ്മദ് എന്ന ആമദ് മാഷ്. കേയെം എന്ന് കേള്‍ക്കുമ്പോള്‍ ഉത്തരദേശത്തുകാരുടെ മനസില്‍ ആ മുഖം തെളിയും. സ്നേഹത്തിന് പകരം സ്നേഹം മാത്രം നല്‍കിയ അഹ്മദ് മാഷ്, മാധ്യമരംഗത്ത് ഉന്നതമായ മേഖലകളില്‍ പ്രശോഭിച്ച പത്രപ്രവര്‍ത്തകനും ഒരുപാട് വിഷയങ്ങളെ ആഴത്തില്‍ അപഗ്രഥിച്ച എഴുത്തുകാരനും നാവിന്‍തുമ്പത്ത് എല്ലായ്പ്പോഴും മധുരം തുളുമ്പുന്ന പ്രഭാഷകനുമായിരുന്നു. ഉത്തരകേരളത്തിന്റെ സാംസ്‌കാരിക ഭൂമികയെ ചലിപ്പിക്കുകയും ജ്വലിപ്പിക്കുകയും ചെയ്ത സാംസ്‌കാരിക നായകനായിരുന്നു അദ്ദേഹം. അഹ്മദ് മാഷ് ജീവിച്ചിരുന്ന കാലവും അദ്ദേഹം ഇല്ലാതിരുന്ന കാലവും പരിശോധിച്ചാല്‍ ഇത് തെളിഞ്ഞു കാണാം. കവി ടി. ഉബൈദ് പകര്‍ന്ന് നല്‍കിയ അക്ഷര വെളിച്ചത്തിന്റെ ബലത്തില്‍ നാടിന് ചൂട്ടായി നിന്ന അദ്ദേഹം അധ്യാപക വൃത്തിയില്‍ നിന്നാണ് പത്രപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. നാല് പതിറ്റാണ്ട് കാലം മാധ്യമ രംഗത്ത് പ്രശോഭിച്ച അഹ്മദ് മാഷിനെ കാസര്‍കോട്ടെ മാധ്യമ വിദ്യാര്‍ത്ഥികള്‍ ഒരു സര്‍വ്വകലാശാലയായാണ് കണ്ടിരുന്നത്. കെ.എം. അഹ്മദിന്റെ വാര്‍ത്തകള്‍ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഒരു വാക്ക് പോലും മുറിച്ചുകളയേണ്ട ആവശ്യം ഇല്ലാത്ത മികച്ച എഴുത്തായിരുന്നു അദ്ദേഹത്തിന്റെ ഓരോ കുറിപ്പുകളും.
'മാതൃഭൂമി'യുടെ കാസര്‍കോട്ടെ ആദ്യത്തെ സ്റ്റാഫ് ലേഖകനായിരുന്നു അദ്ദേഹം. അതിന് മുമ്പ് 15 വര്‍ഷത്തിലധികം പാര്‍ട്ട്ടൈം ലേഖകനായിരുന്നു. മാതൃഭൂമിയുടെ ചീഫ് കറസ്പോണ്ടന്റായി 2010 ജനുവരിയിലാണ് അഹ്മദ് മാഷ് വിരമിച്ചത്. മൊത്തം 42 വര്‍ഷക്കാലം അദ്ദേഹം പത്രപ്രവര്‍ത്തന രംഗത്ത് സേവനം അനുഷ്ടിച്ചു. പ്രമാദമായ നിരവധി സംഭവങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൂടെയാണ് അഹ്മദ് മാഷ് പത്രലോകത്ത് ശ്രദ്ധേയനാവുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, ഗോവ തിരഞ്ഞെടുപ്പുകള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്ദിരാഗാന്ധി മത്സരിച്ച വാശിയേറിയ ചിക്കമംഗളൂര്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്തതും അദ്ദേഹം തന്നെ. ഒരു വാര്‍ത്താ ലേഖകന്‍ എന്ന നിലയില്‍ എപ്പോഴും നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്ന കെ.എം. അഹ്മദ് മാഷാണ്, കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ചന്ദ്രന്റെ അറസ്റ്റ് വാര്‍ത്ത ആദ്യമായി വായനക്കാരില്‍ എത്തിച്ചത്. കാസര്‍കോട്ടെ കള്ളക്കടത്ത് വേട്ടകള്‍ റിപ്പോര്‍ട്ട് ചെയ്തും ശ്രദ്ധേയനായി. ഞെട്ടിക്കുന്ന നിരവധി കള്ളക്കടത്ത്, അധോലോക കഥകളും അദ്ദേഹം പുറത്ത് കൊണ്ടുവന്നു. കാസര്‍കോട് ജില്ലക്ക് വേണ്ടിയുള്ള ആവശ്യം ഒരു ജനമുന്നേറ്റമായി ശക്തി പ്രാപിച്ചതില്‍ അഹ്മദ് മാഷിന്റെ എഴുത്തും വാക്കും വലിയ പ്രചോദനമായിട്ടുണ്ട്. അദ്ദേഹം ആരംഭിച്ച ഉത്തരദേശം ദിനപത്രം, കാസര്‍കോട് ജില്ല എന്ന വികാരം ജനങ്ങളുടെ ഹൃദയങ്ങളില്‍ കൊളുത്തുന്നതില്‍ വഹിച്ച പങ്കും ചെറുതല്ല.
ഒരു പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി സാഹിത്യ സംബന്ധിയായ നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. മാപ്പിളപ്പാട്ടുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും പഠനങ്ങളും ശ്രദ്ധേയമായിരുന്നു. കാസര്‍കോടിന്റെ സാമുദായിക അസ്വസ്ഥത ഇല്ലാതാക്കുന്നതിന് വേണ്ടി അഹ്മദ് മാഷ് നിരന്തരം എഴുതിയിരുന്നു. അവയില്‍ മത മൈത്രിയുടെ മധുരം നിറഞ്ഞിരുന്നു. വാര്‍ത്തകളിലും ലേഖനങ്ങളിലും അഹ്മദ് മാഷ് സംരക്ഷിച്ചു പോന്നിരുന്ന മതേതരത്വവും വികസനോന്മുഖവുമായ കാഴ്ചപ്പാട് എടുത്ത് പറയേണ്ടതാണ്.
കാസര്‍കോട് മേഖലയുടെ അവികസിതാവസ്ഥയില്‍ മനസ് നൊന്തിരുന്ന ഒരാളെന്ന നിലയില്‍ ഇതിനെതിരെ നിരന്തരം വാര്‍ത്തകളും ലേഖനങ്ങളും എഴുതി. നാടിന്റെ പൊതുവായ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ ധീരനായ ഒരു യോദ്ധാവിന്റെ ശൈലിയില്‍ പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. എഴുത്തിലും വാക്കിലും മാത്രമല്ല, പ്രവൃത്തിയിലും അദ്ദേഹം തന്റെ വ്യക്തിത്വം അടയാളപ്പെടുത്തി. കാസര്‍കോട്ടെ ഭാഷാ സംഗമ ഭൂമിയുടെ സാംസ്‌കാരിക സൗന്ദര്യത്തെ കുറിച്ച് നിരന്തരം എഴുതുമ്പോള്‍ അദ്ദേഹം അനുഭവിച്ചിരുന്ന ആനന്ദം ആ രചനകളില്‍ കാണാമായിരുന്നു. മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, ടി. ഉബൈദ്, ടി.എസ്. തിരുമുമ്പ് തുടങ്ങിയ സാഹിത്യകാരന്മാരെയും എ.സി. കണ്ണന്‍ നായര്‍, കെ. മാധവന്‍, വിദ്വാന്‍ പി. കേളുനായര്‍ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെയും ഇതര ജില്ലയിലുള്ളവര്‍ക്ക് പരിചയപ്പെടുത്തിയവരില്‍ പ്രധാനിയാണ് കെ.എം. അഹ്മദ്.
അഹ്മദ് മാഷ് മുന്നിലുണ്ടെങ്കില്‍ കാസര്‍കോട്ട് നടക്കാത്തതായി ഒന്നുമില്ലാ എന്ന് തെളിയിക്കപ്പെട്ട കാലമുണ്ടായിരുന്നു. തന്റെ കഴിവുകളെല്ലാം നന്മയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ ഒരാളായിരുന്നു അദ്ദേഹം. കാസര്‍കോടിന്റെ ഹൃദയ വികാരങ്ങളെ പേനയില്‍ മുക്കിയെടുത്ത് വായനക്കാരുടെ മുന്നിലെത്തിക്കാനും തന്റെ നാവില്‍ അലിഞ്ഞ മധുരം മാനവികതയുടെ ഉണ്മകളെ ത്രസിപ്പിക്കാനും അത് ശ്രോതാക്കളെ വിചാര വിസ്മയങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകാനും അദ്ദേഹത്തിന് കഴിഞ്ഞു.
കേരളത്തിലെയും കര്‍ണാടകയിലെയും സാഹിത്യ, സാംസ്‌കാരിക നായകരുമായി അദ്ദേഹത്തിന് നല്ല ഹൃദയബന്ധമുണ്ടായിരുന്നു. ശിവരാമകാറന്ത്, എം.ടി. വാസുദേവന്‍ നായര്‍, യു.ആര്‍. അനന്തമൂര്‍ത്തി, വൈക്കം മുഹമ്മദ് ബഷീര്‍, പി. കുഞ്ഞിരാമന്‍ നായര്‍, സുകുമാര്‍ അഴിക്കോട്, എം.എന്‍. വിജയന്‍, കടമ്മനിട്ട, വി.കെ.എന്‍, പുനത്തില്‍ കുഞ്ഞബ്ദുല്ല തുടങ്ങിയവരുമായി അഹ്മദ് മാഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ വടക്കോട്ടേക്ക് നോക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരമായിരുന്ന ഒരു മുഖമായിരുന്നു അഹ്മദ് മാഷിന്റേത്. 1982ല്‍ ഉത്തരദേശം പത്രത്തിന്റെ ആദ്യ രൂപത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കാന്‍ വൈക്കം മുഹമ്മദ് ബഷീറിനെ അഹ്മദ് മാഷ് കാസര്‍കോട്ട് എത്തിച്ചത് അവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ബലം കൊണ്ടായിരുന്നു.
ഒരു പ്രഭാഷകന്‍ എന്ന നിലയില്‍ അഹ്മദ് മാഷിനെ കേള്‍ക്കാന്‍ എല്ലാവരും കാത് കൂര്‍പ്പിച്ച് നിന്നിരുന്നു. ഏത് വിഷയവും അവഗാഹമായി, പൂര്‍ണ്ണ വിവരങ്ങള്‍ സഹിതം, വാക്കുകളുടെ മനോഹാരിത കൊണ്ട് അവതരിപ്പിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന മിടുക്ക് ഒന്നു വേറെ തന്നെയായിരുന്നു. മൃദുവായി തുടങ്ങി പടികള്‍ കയറിപ്പോവുന്നത് പോലെ ഉയരങ്ങളിലേക്ക് അദ്ദേഹത്തിന്റെ പ്രഭാഷണം പറന്ന് ചെല്ലുമായിരുന്നു. പ്രമുഖ സാഹിത്യ, സാംസ്‌കാരിക നേതാക്കള്‍ അണിനിരന്ന വേദികളില്‍ പോലും അഹ്മദ് മാഷിന്റെ പ്രഭാഷണങ്ങള്‍ക്ക് ശ്രോതാക്കള്‍ കാതു കൂര്‍പ്പിച്ചിരുന്നു. കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലകളെ ഉണര്‍ത്താനും നയിക്കാനും എല്ലാ തിരക്കുകള്‍ക്കിടയിലും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
11 തവണയാണ് അഹ്മദ് മാഷ് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പ്രസിഡണ്ട് പദവിയിലിരുന്നത്. പ്രസ്‌ക്ലബ്ബിന് മനോഹരമായ മൂന്ന് നില കെട്ടിടം സ്വന്തമാക്കിയത് അഹ്മദ് മാഷിന്റെ പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ്. സര്‍ക്കാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്താന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ എളുപ്പത്തില്‍ വിജയം കണ്ടു. ഗവര്‍ണര്‍മാര്‍ അപൂര്‍വ്വമായി മാത്രം എത്താറുള്ള കാസര്‍കോട്ട് പ്രസ്‌ക്ലബ്ബ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഗവര്‍ണറെ തന്നെ കൊണ്ടുവന്ന് നിര്‍വ്വഹിക്കാന്‍ അഹ്മദ് മാഷിന്റെ നേതൃത്വത്തിന് കഴിഞ്ഞു.
ദീര്‍ഘകാലം കാസര്‍കോട് സാഹിത്യവേദിയുടെ പ്രസിഡണ്ട് പദവിയും വഹിച്ചു. ടി. ഉബൈദ് നയിച്ച സാഹിത്യ വേദിയെ കര്‍മ്മോത്സുകമാക്കാനും കാസര്‍കോടിന് നിരവധി സാംസ്‌കാരിക പരിപാടികള്‍ സമ്മാനിക്കാനും പ്രമുഖ സാഹിത്യ സാംസ്‌കാരിക നേതാക്കളെ കാസര്‍കോട്ട് കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. കാസര്‍കോടിന് എം.ടി. വാസുദേവന്‍ നായരും സുകുമാര്‍ അഴിക്കോടും അടക്കമുള്ളവരെ തൊടാനുള്ള ഒരു വിരലായിരുന്നു അഹ്മദ് മാഷ്.
കൊതിച്ചു നേടിയ പലതും ഉപേക്ഷിച്ച കൗതുകകരമായ പശ്ചാത്തലവും അഹ്മദ് മാഷിന്റെ ജീവിതത്തിലുണ്ട്. അധ്യാപക ജീവിതമാണ് അതിലൊന്ന്. ഉബൈദ് മാഷെ കണ്ടാവാം അധ്യാപകനാവാന്‍ ആഗ്രഹിച്ചത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും, പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരാനുള്ള ആവേശത്തില്‍ അധ്യാപക വൃത്തി രാജിവെച്ചു.
കവിതയായിരുന്നു മറ്റൊന്ന്. അഹ്മദ് മാഷ് നന്നായി കവിത എഴുതുമായിരുന്നു. അവ ഉബൈദ് മാഷിനെയും പി. കുഞ്ഞിരാമന്‍ നായരെയും കാണിക്കും. വലിയ പ്രശംസയും പ്രോത്സാഹനവുമാണ് അവരില്‍ നിന്ന് കിട്ടിയത്. എന്നാല്‍ പത്രപ്രവര്‍ത്തനത്തിലെ തിരക്കില്‍ അദ്ദേഹത്തിലെ കവി ഉള്‍വലിഞ്ഞുപോയി. ആദ്യകാലങ്ങളില്‍ എഴുതിയ പോലെ പിന്നീട് കവിതകള്‍ കൂടുതലായി എഴുതിയില്ലെങ്കിലും പുതിയ സര്‍ഗ സംരംഭങ്ങളിലൂടെ അദ്ദേഹം കാസര്‍കോടിനെ നവീകരിക്കുന്ന സാര്‍ത്ഥക യത്നങ്ങളില്‍ വ്യാപൃതനാവുകയായിരുന്നു.
കാസര്‍കോട്ട് നടന്ന സാഹിത്യ പരിഷത്ത് സമ്മേളനവും സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ദേശീയ നാടകോത്സവവും അടക്കം വടക്കിന്റെ മണ്ണിലെ സാംസ്‌കാരികമായ മുന്നേറ്റങ്ങളെ പൊലിപ്പിക്കുകയും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നതില്‍ അഹ്മദ് മാഷിന്റെ പ്രയത്നം ചെറുതായിരുന്നില്ല. സാര്‍ത്ഥകമായ ആസൂത്രണവും കഠിനമായ പ്രയത്നവും സൗമ്യമായ പെരുമാറ്റവുമെല്ലാം ഏത് ദൗത്യവും ഏറ്റെടുത്ത് വിജയിപ്പിക്കുന്നതില്‍ മിടുക്ക് കാട്ടിയ അഹ്മദ് മാഷിന്റെ സവിശേഷ ഗുണങ്ങളായിരുന്നു.
മാപ്പിളപ്പാട്ടുകളുടെ ചരിത്രത്തെ കുറിച്ച് അദ്ദേഹത്തിന് നല്ല അവഗാഹമുണ്ടായിരുന്നു. മാപ്പിളപ്പാട്ട് സംസ്‌കൃതിയെ കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ അഹ്മദ് മാഷ് മുന്‍നിരയില്‍ തന്നെയായിരുന്നു. മാപ്പിളപ്പാട്ട് വേദികള്‍ മാഷിന്റെ വാക്കുകള്‍ക്ക് മറ്റാരെക്കാളും വിലമതിച്ചിരുന്നു.
അദ്ദേഹം നിരന്തരം എഴുതിയെങ്കിലും ഇവ ഗ്രന്ഥ രൂപത്തിലാക്കുന്നതില്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല എന്നത് വരും തലമുറക്ക് വലിയ നഷ്ടം തന്നെയാണ്. ആകെ രണ്ട് പുസ്തകങ്ങളാണ് മാഷിന്റേതായി അച്ചടി പുരണ്ടത്. ഓര്‍മ്മകളിലേക്ക് ഒരു കിളിവാതില്‍, വാക്കുകള്‍ തേടുന്ന ഇശലുകള്‍ എന്നിവയാണ് അത്.
2010 ഡിസംബര്‍ 16ന് അഹ്മദ് മാഷ് ഈ ലോകത്തോട് വിടപറഞ്ഞു. എല്ലാവര്‍ഷവും മുടങ്ങാതെ അഹ്മദ് മാഷിനെ കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് സാഹിത്യവേദിയുടേയുമൊക്കെ ആഭിമുഖ്യത്തില്‍ അനുസ്മരിക്കാറുണ്ട്. പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും അഹ്മദ് മാഷിന്റെ പേരില്‍ പുരസ്‌കാരവും നല്‍കി വരുന്നു. ഇത്തവണയും വിപുലമായ തരത്തിലാണ് അനുസ്മരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. നാളെ രാവിലെ 11 മണിക്ക് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രസ്‌ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന കെ.എം. അഹ്മദ് അനുസ്മരണ-അവാര്‍ഡ്ദാന ചടങ്ങ് മലയാളത്തിലെ ഏറ്റവും പ്രശസ്തനായ കഥാകൃത്ത് ടി. പത്മനാഭനാണ് ഉദ്ഘാടനം ചെയ്യുന്നത്. കാസര്‍കോട് സാഹിത്യവേദി നാളെ ഉച്ചയ്ക്ക് 3 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങില്‍ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. കെ. ശ്രീകുമാര്‍ സ്മാരക പ്രഭാഷണം നടത്തും.
-ടി.എ. ഷാഫി