താരങ്ങള്‍ പലരും മടങ്ങുന്നു; ക്രിക്കറ്റ് മാമാങ്കത്തിന് എന്തുസംഭവിക്കും? കോവിഡില്‍ ക്ലീന്‍ ബൗള്‍ഡാകുമോ ഐപിഎല്‍?

മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ പ്രയാസപ്പെടുന്ന ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെല്ലാം ക്രിക്കറ്റ് മാമാങ്കം അരങ്ങേറുകയാണ്. പല മേഖലകളിലും സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പണക്കൊഴുപ്പില്‍ മുങ്ങിക്കുളിക്കുന്ന ഐപിഎല്ലിന് മാത്രം ഒന്നും സംഭവിക്കുന്നില്ല. അതും പാടത്ത് ക്രിക്കറ്റ് കളിച്ചതിന് കോടതി കയറേണ്ടി വന്നവരുള്ള നാട്ടില്‍! കോവിഡിന്റെ രണ്ടാം തരംഗം പിടിച്ചുകെട്ടാനാവാത്തവിധം ആഞ്ഞടിക്കുകയാണ്. നിരവധി പേരാണ് പ്രാണവായു പോലും കിട്ടാതെ മരിച്ചുവീണത്. ഇതിനിടയില്‍ കോടികള്‍ ചെലവഴിച്ച് നടക്കുന്ന ഐ.പി.എല്‍ ക്രിക്കറ്റ് പൂരത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. കോവിഡ് ഭീതി കാരണം […]

മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ പ്രയാസപ്പെടുന്ന ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെല്ലാം ക്രിക്കറ്റ് മാമാങ്കം അരങ്ങേറുകയാണ്. പല മേഖലകളിലും സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പണക്കൊഴുപ്പില്‍ മുങ്ങിക്കുളിക്കുന്ന ഐപിഎല്ലിന് മാത്രം ഒന്നും സംഭവിക്കുന്നില്ല. അതും പാടത്ത് ക്രിക്കറ്റ് കളിച്ചതിന് കോടതി കയറേണ്ടി വന്നവരുള്ള നാട്ടില്‍!

കോവിഡിന്റെ രണ്ടാം തരംഗം പിടിച്ചുകെട്ടാനാവാത്തവിധം ആഞ്ഞടിക്കുകയാണ്. നിരവധി പേരാണ് പ്രാണവായു പോലും കിട്ടാതെ മരിച്ചുവീണത്. ഇതിനിടയില്‍ കോടികള്‍ ചെലവഴിച്ച് നടക്കുന്ന ഐ.പി.എല്‍ ക്രിക്കറ്റ് പൂരത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. കോവിഡ് ഭീതി കാരണം നിരവധി താരങ്ങള്‍ ഐ.പി.എല്ലില്‍ നിന്ന് പിന്മാറുകയും ചെയ്തു.

എന്നാല്‍, ഐ.പി.എല്‍ മാറ്റിവെക്കില്ലെന്നും ഇതുപോലെ മുന്നോട്ടുപോകുമെന്നും ബി.സി.സി.ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരെങ്കിലും ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബൗളര്‍മാരായ ആസ്‌ട്രേലിയയുടെ ആദം സാംപയും കെയിന്‍ റിച്ചാര്‍ഡ്‌സണും മടങ്ങിയിരുന്നു. വ്യക്തിഗത കാരണങ്ങളാണ് ഇരുവരും ബോധിപ്പിച്ചിരിക്കുന്നത്. കൂടാതെ രാജസ്ഥാന്‍ റോയല്‍സ് ഫാസ്റ്റ് ബൗളര്‍ ആന്‍ഡ്രൂ ടൈയും കഴിഞ്ഞ ദിവസം തിരിച്ചുപോയി.

ആദം സാംപയും റിച്ചാര്‍ഡസണും സീസണിലെ ഇനിയുള്ള കളികളില്‍ ഉണ്ടാകില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാര്‍ത്ത കുറിപ്പില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1.5 കോടിക്കാണ് സാംപയെ വാങ്ങിയിരുന്നത്. മുന്‍നിര താരമായ റിച്ചാര്‍ഡ്‌സണ് നാലു കോടിയും നല്‍കി. ഒരു കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയ ടൈയും ആസ്‌ട്രേലിയക്കാരനാണ്. തന്റെ ജന്മനാടായ പെര്‍ത്തില്‍ ഇന്ത്യയില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയുന്നവരുടെ എണ്ണം കൂടുന്നത് കണ്ടാണ് ടൈ ഞായറാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. ഒരു കളിയില്‍ പോലും ഇതുവരെ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. കോവിഡ് ബാധ തടയാന്‍ താരങ്ങള്‍ക്ക് ഏര്‍പെടുത്തുന്ന ബയോ ബബ്ള്‍ വീര്‍പ്പുമുട്ടിക്കുന്നതാണെന്നും ടൈ സൂചിപ്പിക്കുന്നു.

17 ആസ്‌ട്രേലിയന്‍ താരങ്ങളാണ് ഐ.പി.എല്ലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയവരും പരിശീലകക്കുപ്പായത്തില്‍ റിക്കി പോണ്ടിങ്, ഡേവിഡ് ഹസി തുടങ്ങിയവരുമുണ്ട്.

അതിനിടെ ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിനും പിന്മാറി. കോവിഡിനെതിരെ പോരാടുന്ന കുടുംബത്തിന് തുണയാകാനാണ് ഡെല്‍ഹി കാപ്പിറ്റല്‍സ് താരം രവിചന്ദ്രന്‍ അശ്വിന്‍ ഐ.പി.എല്ലില്‍ നിന്നും ഇടവേളയെടുത്തത് ഞായറാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ വിജയിച്ച ശേഷമായിരുന്നു അശ്വിന്റെ അഭിപ്രായ പ്രകടനം. കാര്യങ്ങളെല്ലാം ശരിയായ ദിശയിലായാല്‍ ടൂര്‍ണമെന്റിലേക്ക് മടങ്ങിവരാം എന്ന് ഉറപ്പുനല്‍കിയാണ് അശ്വിന്‍ മടങ്ങിയത്. ഇത്തരം ബുദ്ധിമുട്ടേറിയ സമയത്ത് കുടുംബത്തെ പിന്തുണക്കണമെന്ന് കരുതുന്നതായും അശ്വിന്‍ ട്വീറ്റില്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ പ്രൊഫൈലിന്റെ പേര് Stay home stay safe! Take your vaccine എന്നാക്കി അശ്വിന്‍ മാറ്റിയിട്ടുണ്ട്. അശ്വിന് പിന്തുണനല്‍കുന്നതായും കുടുംബത്തിനായി പ്രാര്‍ഥിക്കുന്നതായും ഡെല്‍ഹി കാപ്പിറ്റല്‍സ് മറുപടിയായി ട്വീറ്റ് ചെയ്തു.

നിലവില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും 'ഷെഡ്യൂള്‍ ചെയ്തത് പ്രകാരമാണ് ഇതുവരെ കാര്യങ്ങള്‍' നടന്നതെന്നുമാണ് ഇതുസംബന്ധിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം.

Related Articles
Next Story
Share it