നാടകമേ ഉലകം... ഹുലുഗപ്പ കട്ടീമനി 'തുമ്പ സന്തോഷവാഗിദേ...'

ഇതിനകം നൂറിലധികം വേദികളിലെത്തിയ 'ജൊതെഗിറുവന ചന്തിര'യുടെ സംവിധായകന്‍ ഹുലുഗപ്പ കട്ടീമനി കര്‍ണാടകയിലെ പ്രമുഖനായ നാടക പ്രവര്‍ത്തകനാണ്. തന്റെ അറുപത്തി നാലാമത്തെ വയസ്സിലും വിശ്രമമില്ലാതെ നാടകത്തിന്റെ വഴിയേ യാത്ര ചെയ്യുന്ന ഹുലുഗപ്പ കട്ടീമനിക്ക് നാടകം എന്നാല്‍ പാതി ജീവനാണ്. നാല്‍പത് വര്‍ഷത്തെ നാടകാനുഭവങ്ങള്‍ തിരശീലക്ക് പിറകില്‍ നിന്ന് തിരക്കഥകളുടെ അകമ്പടിയില്ലാതെ തുറന്ന് പറയുകയാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം കാസര്‍കോട് വിദ്യാനഗറില്‍, കേരള സംഗീത നാടക അക്കാദമിയുടെയും കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ അപ്പുക്കുട്ടന്‍ മാസ്റ്റര്‍ സ്മൃതി കന്നഡ-മലയാളം നാടകോത്സവം സംഘടിപ്പിക്കുകയുണ്ടായി. രണ്ട് ദിവസങ്ങളിലായി, ആദ്യദിനം ഒരു കന്നഡ നാടകവും രണ്ടാം ദിനം മലയാള നാടകവുമാണ് അരങ്ങിലെത്തിയത്. ആദ്യദിനം അരങ്ങിലെത്തിയ 'ജൊതെഗിറുവനു ചന്തിര' എന്ന കന്നഡ നാടകവും രണ്ടാം ദിനം അവതരിപ്പിച്ച പെണ്‍നടന്‍-എന്ന നാടകവും സദസ്സിന്റെ ഹൃദയം കീഴടക്കി. വിഭജന കാലത്തെ ഇന്ത്യയിലെ ഒരു കുടുംബം അഭിമുഖീകരിക്കുന്ന സംഘര്‍ഷഭരിതമായ സംഭവങ്ങളായിരുന്നു കന്നഡ നാടകത്തിന്റെ പ്രമേയം. കന്നഡയിലായിരുന്നുവെങ്കിലും ഭാഷയുടെ അതിര്‍വരമ്പുകളേതുമില്ലാതെ എല്ലാവരുമായും നാടകം സംവദിച്ചു. ഇതിനകം നൂറിലധികം വേദികളിലെത്തിയ 'ജൊതെഗിറുവന ചന്തിര'യുടെ സംവിധായകന്‍ ഹുലുഗപ്പ കട്ടീമനി കര്‍ണാടകയിലെ പ്രമുഖനായ നാടക പ്രവര്‍ത്തകനാണ്. തന്റെ അറുപത്തി നാലാമത്തെ വയസ്സിലും വിശ്രമമില്ലാതെ നാടകത്തിന്റെ വഴിയേ യാത്ര ചെയ്യുന്ന ഹുലുഗപ്പ കട്ടീമനിക്ക് നാടകം എന്നാല്‍ പാതി ജീവനാണ്. നാല്‍പത് വര്‍ഷത്തെ നാടകാനുഭവങ്ങള്‍ തിരശീലക്ക് പിറകില്‍ നിന്ന് തിരക്കഥകളുടെ അകമ്പടിയില്ലാതെ തുറന്ന് പറയുകയായിരുന്നു അദ്ദേഹം.


നാടകത്തെയും കലാപ്രവര്‍ത്തനങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഹുലുഗപ്പയുടെ ഓര്‍മകള്‍ ബെല്ലാരി ജില്ലയിലെ ബൊമ്മനഹള്ളി എന്ന കുഗ്രാമത്തിലേക്ക് സഞ്ചരിക്കും. അച്ഛന്‍ ബഗീരപ്പ കട്ടീമനിയാണ് ഹുലുഗപ്പയുടെ ഓര്‍മകളില്‍ ഗുരുസ്ഥാനീയന്‍. നാടന്‍ കലാ പ്രവര്‍ത്തകനായ ബഗീരപ്പ ഗ്രാമത്തിലെ പേരെടുത്ത കലാകാരനായിരുന്നു. യക്ഷഗാനത്തിന് സമാനമായ ദൊഡ്ഡാട്ടയും സന്നാട്ടയും ജാത്രയുമൊക്കെ അവതരിപ്പിക്കാനും നാടകം സംവിധാനം ചെയ്യാനും ഗ്രാമത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കാനും മുന്‍പന്തിയിലായിരുന്നു ബഗീരപ്പ. കലാപ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി കൃഷിക്കും അദ്ദേഹം ഏറെ പ്രാധാന്യം നല്‍കി. കുട്ടിക്കാലം മുതല്‍ കലാപ്രവര്‍ത്തനങ്ങളും കൃഷിയുമായിരുന്നു ഹുലുഗപ്പയുടെ ലോകം. സ്‌കൂളില്‍ നാടകം അവതരിപ്പിക്കാന്‍ ഹുലുഗപ്പ എന്നും മുന്നില്‍ നിന്നു. കന്നഡയിലെ പ്രമുഖ നടന്‍ രാജ്കുമാറിന്റെ സിനിമകളും അദ്ദേഹത്തിന്റെ സാമൂഹികമായ ഇടപെടലുകളും ഏറെ സ്വാധീനിച്ചു. പി.യു രണ്ടാം വര്‍ഷ പഠനത്തിന് ശേഷം അച്ഛന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഷിമോഗയിലെ നീനാസം സ്‌കൂള്‍ ഓഫ് തിയേറ്ററില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിന് ചേരുന്നത്. നീനാസത്തിന്റെ സ്ഥാപകന്‍ അന്നത്തെ മികച്ച എഴുത്തുകാരനും സംഘാടകനുമായ കെ.വി സുബ്ബണ്ണയായിരുന്നു. കന്നഡ എഴുത്തുകാരനും നാടകകൃത്തുമായ ഗിരീഷ് കര്‍ണാഡ്, മലയാളത്തിന്റെ പ്രിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, എഴുത്തുകാരന്‍ ചന്ദ്രശേഖര കമ്പാര്‍ തുടങ്ങി പ്രമുഖരുമായി ബന്ധം സൂക്ഷിച്ചയാളായിരുന്നു സുബ്ബണ്ണ. നീനാസത്തില്‍ നിന്ന് രൂപം നില്‍കിയ 'തിറുഗട്ട' എന്ന നാടകം കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ രണ്ട് വര്‍ഷത്തോളം അവതരിപ്പിച്ചു.


ഇതിനിടെയാണ് ഇന്ത്യയിലെ പ്രമുഖ സിനിമാ സംവിധായകനും നടനും സമാന്തര സിനിമകളുടെ അതികായനുമായ ബി.വി കാറന്ത് 1988ല്‍ ഭോപ്പാലില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നത്. ഭോപ്പാലിലെ രംഗമണ്ഡല്‍ മാതൃകയില്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാറന്ത് മുന്‍കൈ എടുത്ത് 1989ല്‍ രംഗായന എന്ന നാടക ട്രൂപ്പിന് രൂപം നല്‍കി. കര്‍ണാടകയിലെ നാടകമേഖലയെ പുനരുജ്ജീവിപ്പിക്കാനും നാടക കലാകാരന്‍മാരെ നിലനിര്‍ത്തിപ്പോരാനും രംഗായന വഹിച്ച പങ്ക് ഏറെ വലുതാണ്. കര്‍ണാടക സര്‍ക്കാരിന്റെ കീഴില്‍ ഇപ്പോഴും രംഗായനയുടെ പ്രവര്‍ത്തനം തുടരുന്നുണ്ട്. തികച്ചും കലാവൈഭവം ഉള്ളവരെ മാത്രം ഉള്‍പ്പെടുത്തിയും ക്ലാസിക് കഥകളെ ആസ്പദമാക്കി നാടകങ്ങള്‍ക്ക് രൂപം നല്‍കിയും രംഗായന നാടക മേഖലയില്‍ പുത്തന്‍ വിപ്ലവത്തിന് തുടക്കം കുറിച്ചു. രംഗായനയുടെ ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 അഭിനേതാക്കളില്‍ ഒരാളായിരുന്നു ഹുലുഗപ്പ.


ഹുലുഗപ്പ കട്ടീമനി ലേഖകനോടൊപ്പം

കര്‍ണാടകയുടെ കലാസാംസ്‌കാരിക മേഖലയില്‍ രംഗായന പുതിയൊരു അധ്യായമായി മാറി. സംവിധായകനും അഭിനേതാവുമായി നാല്‍പത് വര്‍ഷത്തോളം ഹുലുഗപ്പ രംഗായനയില്‍ സജീവമായിരുന്നു. ഹുലുഗപ്പയുടെ കലാജീവിതത്തിന് പുതുവഴി തെളിച്ചതും രംഗായനയായിരുന്നു. തന്നിലെ അഭിനേതാവിനെയും സംവിധായകനെയും രൂപപ്പെടുത്തിയത് ബി.വി കാറന്തായിരുന്നുവെന്ന് ഹുളുഗപ്പ പറയുന്നു. പരിശീലനത്തിനിടെ ബി.വി കാറന്ത് നല്‍കിയ പാഠങ്ങള്‍ നാടകജീവിതത്തില്‍ അവിസ്മരണീയവും തിരിച്ചറിവുകളുമായിരുന്നു. കാറന്തിന്റെ പരിശീലനം ആ രീതിയിലായിരുന്നു. പരിശീലന കാലത്ത് ആഴ്ചയിലൊരിക്കല്‍ കാറന്ത് എല്ലാവരോടും സമൂഹത്തിലേക്ക് ഇറങ്ങാന്‍ പറയും. പൊതുസ്ഥലങ്ങളില്‍ പോയി വിവിധ മനുഷ്യരുടെ മുഖഭാവം സസൂക്ഷ്മം നിരീക്ഷിക്കാന്‍ പറയും. അഭിനയ ജീവിതത്തില്‍ ഇത് വലിയൊരു മുതല്‍ക്കൂട്ടായി മാറിയെന്ന് ഹുലുഗപ്പ.


സംവിധാനവഴികളില്‍ വേറിട്ട അനുഭവങ്ങള്‍ ഏറെയുണ്ട് ഹുലുഗപ്പയുടെ ഓര്‍മപ്പുസ്തകത്തില്‍. അതില്‍ അദ്ദേഹം ഏറെ അഭിമാനത്തോടെ ഓര്‍ക്കുന്നതാണ് തടവുകാരെ ഉള്‍പ്പെടുത്തി സംവിധാനം ചെയ്ത നാടകങ്ങള്‍. കര്‍ണാടകയുടെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ ഏറെ ചര്‍ച്ചയായി ഈ നാടകങ്ങള്‍. ബെല്ലാരിയിലെയും മൈസൂരിലെയും ജയിലറകളില്‍ ഉറങ്ങിക്കിടന്ന സര്‍ഗാത്മക മനസുകള്‍ക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു ഹുലുഗപ്പ.


ബി.വി കാറന്തയുടെ നിരീക്ഷണ പരിശീലനത്തിന്റെ ഭാഗമായാണ് 1997ല്‍ ബെല്ലാരി ജയിലിലേക്ക് ഹുലുഗപ്പ സന്ദര്‍ശനത്തിന് പോകുന്നത്. തടവുകാരുമായുള്ള സംഭാഷണത്തിനിടെ നാടകത്തിലും അഭിനയത്തിലും ഏറെ തല്‍പരരായവരെ കണ്ടുമുട്ടി. അങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ജയിലിലെ 30 തടവുകാരെ ഉള്‍പ്പെടുത്തി നാടക ട്രൂപ്പ് രൂപീകരിച്ച് 'കാലനിയമ' എന്ന നാടകം സംവിധാനം ചെയ്യുന്നത്. 1997 ഏപ്രിലില്‍ നാടകത്തിന്റെ അരങ്ങേറ്റം കാണാന്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി ജെ.എച്ച് പട്ടേല്‍ ഉള്‍പ്പെടെ പ്രമുഖരും എത്തി. നാടകം കഴിഞ്ഞപ്പോള്‍ കിട്ടിയ കയ്യടിയും അഭിനന്ദന പ്രവാഹങ്ങളുമായിരുന്നു ഹുലുഗപ്പയ്ക്ക് മുന്നോട്ട് നീങ്ങാനുള്ള കരുത്ത്. നാടകത്തിന്റെ ഭാഗമായി, തടവുകാര്‍ക്കായി 45 ദിവസം നീളുന്ന പരിശീലന കളരി സംഘടിപ്പിച്ചിരുന്നു. ഇത് തടവുകാരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കാനും കാരണമായി.

'കാലനിയമ'യുടെ വിജയത്തിന് പിന്നാലെയാണ് മൈസൂര്‍ ജയിലിലെ തടവുകാരെ ഉള്‍പ്പെടുത്തി മറ്റൊരു നാടക ട്രൂപ്പിന് ഹുലുഗപ്പ രൂപം നല്‍കുന്നത്. ഷേയ്ക്‌സ്പിയറിന്റെ മാക്‌ബെത്തിന് കന്നഡ പരിഭാഷ നല്‍കി 'മാരനായക' എന്ന നാടകം ഹുലുഗപ്പയുടെ സംവിധാന മികവില്‍ പിറവികൊണ്ടു. അന്ന് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന പ്രമുഖനായ പൊലീസ് കമ്മീഷ്ണര്‍ കെമ്പയ്യ ഐ.പി.എസ് നാടകത്തിന് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. ജയിലിലെ അവതരണത്തിന് ശേഷം മൈസൂര്‍ കലാമന്ദിര്‍ എന്ന പൊതു വേദിയില്‍ നാടകം അവതരിപ്പിച്ചു. സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രീയ രംഗത്ത് പേരെടുത്തവര്‍ നാടകം കാണാനെത്തി. പിന്നീടങ്ങോട്ട് മാരനായകിന്റെ കാലമായിരുന്നു. മുന്നൂറിലധികം വേദികളില്‍ നാടകം അവതരിപ്പിക്കപ്പെട്ടു.


മലയാള നാടക മേഖലയെ കുറിച്ച് പറയുമ്പോള്‍ ഹുലുഗപ്പ വാചാലനാകും. മലയാള നാടക മേഖല വളരെ സമ്പന്നമാണെന്നും തിരുവനന്തപുരത്തും കാസര്‍കോട്ടും തന്റെ നാടകം അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഹുലുഗപ്പ പറയുന്നു. മലയാളത്തിന്റെ നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ കാറന്തിന്റെ സുഹൃത്തായിരുന്നു. ഇതുവഴി കാവാലവുമായി ഇടപെടാനുള്ള ഭാഗ്യമുണ്ടായെന്ന് ഹുലുഗപ്പ പറയുന്നു.

കാസര്‍കോടുമായി ഹുലുഗപ്പയ്ക്ക് നാടക ബന്ധം തുടങ്ങുന്നത് 2001ലാണ്. അന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായിരുന്ന പി. അപ്പുക്കുട്ടന്‍ മാസ്റ്ററുടെ ക്ഷണപ്രകാരമാണ് 'മാരനായക്' അവതരിപ്പിക്കാന്‍ കാസര്‍കോട് എത്തുന്നത്. മാരനായകിന്റെ എഴുത്തുകാരന്‍ എച്ച്.എസ് ശിവപ്രകാശുമായി അപ്പുക്കുട്ടന്‍ മാസ്റ്റര്‍ക്ക് അഭേദ്യബന്ധമുണ്ടായിരുന്നു. കാസര്‍കോട് ടൗണ്‍ ഹാളില്‍ നിറഞ്ഞ സദസ്സില്‍ നാടകം അവതരിപ്പിച്ചത് ഹുലുഗപ്പ ഓര്‍ക്കുന്നു.

ലോക ക്ലാസിക്കുകള്‍ ഉള്‍പ്പെടെ 20 നാടകങ്ങള്‍ ഹുലുഗപ്പ സംവിധാനം ചെയ്തു. ഷെയ്ക്സ്പിയറിന്റെ കിംഗ് ലിയര്‍, ജൂലിയസ് സീസര്‍, കൂവെമ്പ് എഴുതിയ രക്താക്ഷി, ഗിരീഷ് കര്‍ണാഡിന്റെ തെലഗണ്ട, ചൗദലേയുടെ ഗാന്ധി, ചന്ദ്രശേഖര കമ്പാറിന്റെ ശിവരാത്രി തുടങ്ങിയവയെല്ലാം നാടകമാക്കി വേദിയിലെത്തിച്ചു. ഇന്ത്യയിലുടനീളം വിവിധ വേദികളില്‍ ഇവ അവതരിപ്പിക്കപ്പെട്ടു. ജയന്ത് കായ്ക്കടി എഴുതിയ 'ജൊതെഗിറുവന ചന്തിര' കാസര്‍കോട് അവതരിപ്പിച്ചത് അഞ്ചാമത്തെ ബാച്ചാണ്. മൈസൂരിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന ബാച്ച് നാടകം വേദിയിലെത്തിച്ചത് ഈ അടുത്താണ്. ഏറ്റവും ഒടുവില്‍ ദസ്തയേവസ്‌കിയുടെ ക്രൈം ആന്റ് പണിഷ്മെന്റ്, അപാരതമത്തു ശിക്ഷെ എന്ന പേരില്‍ നാടകമാക്കാനുള്ള ഒരുക്കത്തിലാണ് ഹുലുഗപ്പ.

ഹുലുഗപ്പയുടെ വിവാഹ ജീവിതവും നാടകവുമായി ബന്ധപ്പെട്ടിരിക്കുന്നു. രംഗായനയില്‍ വെച്ചാണ് പ്രമീളയെ കണ്ടുമുട്ടുന്നത്. അഭിനയത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്നു പ്രമീള. ഹുലുഗപ്പ സംവിധാനം ചെയ്ത ഗാന്ധി സിനിമയില്‍ കസ്തൂര്‍ബയുടെ കഥാപാത്രം അവതരിപ്പിച്ചത് പ്രമീളയായിരുന്നു. മംഗലാപുരം സ്വദേശിനിയായ പ്രമീള എല്ലാ നിമിഷത്തിലും ഹുലുഗപ്പയ്ക്ക് പിന്തുണയുമായി നിലകൊണ്ടു. ബി.വി കാറന്തിന് ഏറെ പ്രിയപ്പെട്ട കലാകാരിയായിരുന്നു പ്രമീള. നാടകാന്ത്യം 1992ല്‍ ഇരുവരും ജീവിതത്തില്‍ ഒരുമിച്ചു.

തിയേറ്റര്‍ അവതരണങ്ങള്‍ സമൂഹത്തിലെ തിന്മകള്‍ക്കെതിരെയള്ള പടവാളാണെന്ന് ഹുലുഗപ്പ പറയുന്നു. ഇന്നത്തെ തലമുറ നാടകങ്ങളില്‍ നിന്ന് അകന്നുപോവുകയാണെന്നും ക്യാപ്സ്യൂള്‍ ആണ് ഇന്ന് ആവശ്യമെന്നും അദ്ദേഹം പറയുന്നു. കലയിലായാലും ജീവിതത്തിലായാലും എളുപ്പവഴി തേടരുതെന്നും കലയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നാടകത്തിന് പുറമെ ചില സിനിമകളിലും ഹ്രസ്വ ചിത്രങ്ങളിലും ഹുലുഗപ്പ ചറിയ വേഷങ്ങള്‍ ചെയ്തു. ഭാര്യയും ചുരുക്കം സിനിമകളില്‍ മുഖം കാണിച്ചു. നീണ്ട നാല് പതിറ്റാണ്ടുകാലത്തെ നാടകാനുഭവങ്ങള്‍ പുസ്തക രൂപത്തിലാക്കാനുള്ള ഒരുക്കത്തിലാണ് ഹുലുഗപ്പ. നാടകത്തിന് പുറമെ ഹിന്ദുസ്ഥാനി സംഗീതത്തോടും ഏറെ പ്രിയം. 2012ലെ കര്‍ണാടക നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ പുരസ്‌കാരങ്ങള്‍ നിരവധിയാണ് ഹുളുഗപ്പയെ തേടിയെത്തിയത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it