മറവിക്കെതിരായ സമരമായി അല്ലോഹലന്‍
നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാടുമായി ഉത്തരദേശം കണ്‍സല്‍റ്റിങ്ങ് എഡിറ്റര്‍ കെ. ബാലകൃഷ്ണന്‍ നടത്തിയ സംഭാഷണം
? മറവിക്കെതിരായ പ്രതിരോധം പോലെ തെയ്യങ്ങള്‍ ഉറഞ്ഞാടാന്‍ ഒരുങ്ങിനില്‍പ്പുണ്ടാകും എന്ന പ്രതീക്ഷയോടെയാണ് അല്ലോഹലന്റെ തിരശ്ശീല വീഴ്ത്തുന്നത്. തെയ്യങ്ങള്‍ പടവിറങ്ങുമ്പോള്‍ അഗാധമായ കിണറാണ് തെളിഞ്ഞു കാണുന്നത്. ചതിച്ചുകൊന്ന് കുഴിച്ചുമൂടിയ ചരിത്രത്തെ വീണ്ടെടുക്കുകയെന്ന ദൗത്യമാണ് അല്ലോഹലന്‍ എന്ന നോവലിലൂടെ നടത്തുന്നത്. ഇങ്ങനെയൊരു ദൗത്യത്തിലേക്ക് എത്തിയതെങ്ങനെയാണ്
= മിക്കവാറും തെയ്യങ്ങളെല്ലാം ചതിച്ചു കൊല്ലപ്പെട്ടവന്റെ/വളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്. ചവിട്ടിമെതിക്കപ്പെട്ട കീഴാളരുടെ നിലവിളികളാണ് തോറ്റം പാട്ടുകളില്‍ വിങ്ങുന്നത്. അതിനാല്‍ തെയ്യങ്ങളെല്ലാം പ്രതിരോധത്തിന്റെ സമരവഴികളാണ്. തോറ്റങ്ങളും ഉരിയാട്ടങ്ങളും പ്രതിബോധത്തിന്റെ അലര്‍ച്ചകളാണ്. ഉയര്‍ത്തിപ്പിടിച്ച ചുരികകളാണ്.
തെയ്യത്തിന്റെ സ്വരൂപാചാരത്തിലെ അല്ലോഹലാഖ്യാനമാണ് എന്നെ നോവല്‍ എഴുത്തിലേക്ക് വലിച്ചിട്ടത്. അത് 2005ല്‍ സി. ബാലന്‍ എഡിറ്റ് ചെയ്ത 'ഒരു തുളുനാടന്‍ പെരുമ അഥവാ അജാനൂര്‍ പഞ്ചായത്തിന്റെ ദേശചരിത്രം' എന്ന ഗ്രന്ഥത്തിലാണ് ആദ്യം കണ്ടത്. അതിനും ഒന്നരദശകം മുമ്പേ മഡിയന്‍ കൂലോം സന്ദര്‍ശിക്കുമ്പോഴൊക്കെ അല്ലോഹല മിത്ത് കേള്‍ക്കാനിടയായി. അല്ലോഹലനെ കൊന്ന് താഴ്ത്തിയെന്ന് ആളുകള്‍ വിശ്വസിക്കുന്ന വടക്കേക്കുളം കാണുമ്പോള്‍ ഉള്ളില്‍ നടുക്കമുയരും.
1945ല്‍ ദേര്‍മന്‍ നായര്‍ എഴുതിയ 'അള്ളെടം ചരിത്ര'ത്തിലും അല്ലോഹലന്‍ ഉണ്ട്. ഒരുപക്ഷേ എഴുതപ്പെട്ട ആദ്യ അല്ലോഹല പരാമര്‍ശം ഇതിലായിരിക്കും. സി.എം.എസ് ചന്തേര തൊട്ട് പല തെയ്യം ഗവേഷകരും അല്ലോഹലനെ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞതില്‍ എല്ലാം അല്ലോഹലന്‍ ദുഷ്ടനായ മനുഷ്യനാണ്. നോവലില്‍ നേരെ തിരിച്ചാണ്. 'മരക്കാപ്പ്' എഴുതിക്കഴിഞ്ഞ ഉടനെ 'അല്ലോഹലന്‍' എഴുതാന്‍ കുറിപ്പുകള്‍ എടുത്തു തുടങ്ങിയെങ്കിലും 'എന്‍മകജെ' തുടങ്ങിയതോടെ അത് നിന്നുപോയി. 'എന്‍മകജെ' എഴുതിത്തീര്‍ത്ത് എഴുതാം എന്നാണ് കരുതിയത്. എന്നാല്‍ 'എന്‍മകജെ' എഴുതിക്കഴിഞ്ഞ് ഒരു പ്രതിജ്ഞ എടുക്കേണ്ടി വന്നു, ഇനി ജീവിതത്തില്‍ നോവല്‍ എഴുതില്ല. പിന്നെ പത്തു കൊല്ലം നോവല്‍ എഴുത്തിലേക്ക് കടന്നതേയില്ല. പിന്നെയാണ് പതിനേഴാം നൂറ്റാണ്ടിലെ ഇതിവൃത്തമായ 'മാക്കം' നോവല്‍ പെട്ടെന്ന് എഴുതിയത്. അല്ലോഹലന്റെ പതിനാലാം നൂറ്റാണ്ടിലേക്ക് ഇറങ്ങിവരാന്‍ അത് എളുപ്പമായിരിക്കുമെന്ന് കരുതിയാണ് മാക്കം ആദ്യം എഴുതിയത്. അത് ശരിക്കും ഗുണം ചെയ്തു. 2005 കാലത്ത് എഴുതിയിരുന്നെങ്കില്‍ അത് അല്ലോഹലന്‍ എന്ന ഒരു രാജാവിന്റെ കഥയായി മാറിയേനെ. ഇന്ന് എഴുതിയപ്പോള്‍ നോവലിലെ മുഖ്യപ്രമേയം അല്ലോഹലനല്ല, ജാതിയാണ്. കൊടുംവിഷം പോലെ മനുഷ്യമനസ്സിലെല്ലാം ആഴത്തില്‍ വേര് പടര്‍ത്തി പതിയിരിക്കുന്ന ജാതി!
|
|
? ചീംബുളു എന്ന കഥാപാത്രത്തിലൂടെയാണ് നോവല്‍ തുടങ്ങുന്നതും അവസാനിക്കുന്നതും. ഏതെങ്കിലും തെയ്യത്തിന്റെ മിത്തില്‍ നിന്നാണോ ചീംബുളുവിനെ സൃഷ്ടിച്ചത്
= ചീംബുളു എന്റെ ഭാവനയാണ്. നോവലിലെ മിക്കവാറും കഥാപാത്രങ്ങളും സാങ്കല്‍പിക സൃഷ്ടികളാണ്. പൊന്നിയമ്മ തെയ്യം ഉള്‍പ്പെടെ 'അല്ലോഹലന്‍' ചരിത്രമല്ല, നോവലാണ് എന്ന തിരിച്ചറിവോടെ വേണം വായിക്കാന്‍. ചരിത്രം ചരിത്രകാരന്മാര്‍ ആവിഷ്‌കരിക്കും. ഞാന്‍ എഴുതുന്നത് നോവലാണ്. രാജാവിനെ വിസ്മയിപ്പിക്കണമെങ്കില്‍ ചീംബുളു അതിധീരയും അസാമാന്യ കഴിവുമുള്ള പെണ്‍കുട്ടി ആയിരിക്കണം. അവള്‍ കീഴാളയായ ഒരു സ്ത്രീയാണ്. ഈ നോവല്‍ കീഴാള പക്ഷത്ത് നിന്നുള്ള ബദല്‍ ചരിത്രമാണ് എന്ന് പറയാം. നിലവിലുള്ള വിഖ്യാത ചരിത്ര ഗ്രന്ഥങ്ങളെല്ലാം മുകളില്‍ നിന്നും താഴോട്ടുള്ള നോട്ടമാണ്. ഇത് താഴെ നിന്നും മുകളിലേക്കുള്ള നോട്ടമാണ്. കീഴാളരുടെ ചെറുത്തുനില്‍പ്പുകളുടെയും പോരാട്ടത്തിന്റെയും കഥകളാണ് ഇതില്‍.
? കാവുകളെ ക്ഷേത്രങ്ങളാക്കുന്ന പ്രവണത നിഷ്‌കളങ്കമോ സ്വാഭാവിക പരിണാമമോ അല്ല, അതിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട് എന്ന് മഡിയന്‍ കൂലോത്തിന്റെ മാറ്റത്തെ ചൂണ്ടിക്കാട്ടി സൂചിപ്പിക്കുന്നുണ്ട്. ശാക്തേയ കാവുകളിലെല്ലാം ഈ അധിനിവേശം വന്നുകൊണ്ടിരിക്കുകയാണ്
= ജാതി സ്ഥൂലതലത്തില്‍ നിഷ്‌കാസനം ചെയ്യാന്‍ ആധുനിക കേരളത്തിലെ പുരോഗമന മുന്നേറ്റങ്ങള്‍ക്ക് സാധിച്ചുവെങ്കിലും സൂക്ഷ്മതലത്തില്‍ ജാതി ഇപ്പോഴും ശക്തമായി തുടരുന്നു. (അതിനെതിരെയുള്ള മുന്നറിയിപ്പാണ് നോവല്‍). അതേപോലെ ആര്യനൈസേഷനും മറ്റൊരു തലത്തില്‍ അദൃശ്യമായി പൂര്‍വാധികം ശക്തിയോടെ തുടരുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങളിലും മറ്റും അത് പ്രകടമാണ്. കാവുകളെല്ലാം ക്ഷേത്രങ്ങള്‍ ആകുന്നു. തെയ്യങ്ങളെ പുനഃപ്രതിഷ്ഠിക്കുന്നു! ('എന്‍കജെ'യിലെ ജടാധാരി തെയ്യത്തെയും ഈയിടെ ക്ഷേത്രം നിര്‍മ്മിച്ച് കാവില്‍ നിന്നും പുറത്താക്കി ബ്രാഹ്മണര്‍ പൂജിച്ചു തുടങ്ങിയിട്ടുണ്ട്). മേലാളരുടെ കൊടും ക്രൂരതകള്‍ക്കെരിയായി കൊല്ലപ്പെട്ടവര്‍, തെയ്യങ്ങളായി ഉറഞ്ഞാടിയവര്‍ ഇപ്പോള്‍ വീണ്ടും ബ്രാഹ്മണരാല്‍ പുനഃപ്രതിഷ്ഠിക്കപ്പെടുന്നു! അല്ലോഹലനും ഈ വിരോധാഭാസത്തെ വലിച്ചുകീറാന്‍ ശ്രമിക്കുന്നുണ്ട്.
? സൗമിത്രനിലൂടെയും സത്യവ്രതനിലൂടെയും മധ്യകാല മലയാള സാഹിത്യ ചരിത്രത്തിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. വ്യത്യസ്ത കാലത്തെ ഒറ്റക്കാലത്തില്‍ കൂട്ടിക്കെട്ടുന്നതിന്റെ ഔചിത്യം
= നോവല്‍ കാലത്തില്‍ 'കൃഷ്ണഗാഥ'യുടെ രചന തുടങ്ങുന്നതേയുള്ളൂ. 'രാമചരിതം' മുമ്പേ എഴുതപ്പെട്ടതാണ്. മറ്റു കൃതികളും. നോവലിന്റെ അനുബന്ധത്തില്‍ പറഞ്ഞിട്ടുള്ള 'ഇലാസ്തിക സ്വാതന്ത്ര്യം' ഉപയോഗിച്ച് കാലത്തെ ഞാന്‍ അല്‍പം മുന്നിലോട്ടും പിന്നിലോട്ടും വലിച്ചു നീട്ടിയിട്ടുണ്ട്. അത് ഫിക്ഷന്‍ എഴുത്തുകാര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യമാണ്. രാജാക്കന്മാരെ വശീകരിക്കാന്‍ പല കാലങ്ങളിലെ കവിതകള്‍ ഉപയോഗിക്കുകയാണ് സൂത്രശാലികളായ കഥാപാത്രങ്ങള്‍.
? രാമചരിതം മണിയാണിഗ്രന്ഥമെന്നും വിളിക്കപ്പെടുന്നുണ്ട്. അല്ലോഹലനും അങ്ങനെയൊരു മറുപേര് വന്നേക്കുമെന്ന് തോന്നുന്നുണ്ടോ - കോലവംശക്കാരുടെ സമുദായ ചരിത്രവും തുടങ്ങുന്നത് ഇതേ സമുദായത്തില്‍ നിന്നാണല്ലോ. അങ്ങനെ വരുമ്പോള്‍ കോല-അല്ലോഹല സംഘര്‍ഷത്തിന്റെ വേര് വേറെ തിരയേണ്ടി വരില്ലേ
= പണ്ട് എം.എ ക്ലാസില്‍ രാമചരിതം പഠിക്കുമ്പോഴാണ് രാമചരിതത്തിന് മണിയാണികളുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യം കേട്ടത്. എം. എം പുരുഷോത്തമന്‍ സാറായിരുന്നു അത് പറഞ്ഞത്. രാമചരിതത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പി.എച്ച്.ഡി. മണിയാണി ഭവനങ്ങളില്‍ അത് പ്രാര്‍ത്ഥനാ ഗ്രന്ഥമായിരുന്നു. അല്ലോഹലന്‍ കോലാന്‍ (മണിയാണി) ജാതിക്കാരനാണ്. നായന്മാരായിരുന്നു അല്ലോഹലന്റെ പടനായകര്‍. ഇവരെ തമ്മിലടിപ്പിക്കുകയാണ് സത്യപാലന്റെ ലക്ഷ്യം.
?ബുദ്ധാരാമം ചുട്ടുകരിച്ച് കൂട്ടക്കൊല നടത്തുന്ന നോവല്‍ പരാമര്‍ശത്തിന്റെ ചരിത്ര സൂചനകള്‍
= ഉത്തര കേരളത്തിലും ബുദ്ധമതം വ്യാപിച്ചിരുന്നു. അതിന്റെ നേരിട്ടുള്ള തെളിവുകള്‍ ഇന്ന് ലഭ്യമല്ല. പക്ഷേ നമ്മുടെ ഭാഷയിലും മറ്റും ഇഷ്ടംപോലെ തെളിവുകള്‍ കിടപ്പുണ്ട്. ജില്ലയില്‍ ആയിരക്കണക്കിന് ശാസ്താവിന്റെ കാവുകള്‍ ഉണ്ട് ഇന്നും. നിരവധി 'പള്ളിയറ'കളും 'പളെക്കര'കളും ഉണ്ട്. 'പൂത്തക്കാല്‍' പോലുള്ള സ്ഥലങ്ങളുണ്ട്. 'പൊലിയന്ത്രം' പോലുള്ള അനുഷ്ഠാനങ്ങള്‍ ഉണ്ട്. ഓണം പോലും ബുദ്ധമതത്തില്‍ നിന്നും വന്നതാണ്. അമ്മ, അച്ഛന്‍, അയ്യോ തുടങ്ങിയ വാക്കുകള്‍ എല്ലാം ബുദ്ധമതത്തില്‍ ഒന്നും കിട്ടിയതാണ്. നമ്മുടെ ചോരയില്‍ ബുദ്ധമതം ഉണ്ട്. തൃക്കണ്ണാട് ക്ഷേത്രത്തിനടുത്ത് ബുദ്ധ/ജൈന ഗ്രന്ഥങ്ങള്‍ കത്തിക്കുന്ന അടുപ്പുണ്ടായിരുന്നു പണ്ട് എന്ന് കേട്ടിട്ടുണ്ട്.
? ഭാഷാപരമായി ചില പ്രശ്‌നങ്ങള്‍ പയ്യന്നൂര്‍ പയ്യന്‍ ഊരായും മാമാങ്കം മാഘമഹം ആയും അമ്പലം അന്‍പലമായും ആണ് എഴുതിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനം എന്താണ്
പതിനാലാം നൂറ്റാണ്ടിലെ കഥ പറയുമ്പോള്‍ ഭാഷ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട് ഭക്ഷണം, വസ്ത്രം, വാഹനം, മരങ്ങള്‍, ചെടികള്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണ്ടിവരും. ഭാഷ പഴയതായി തോന്നിക്കുകയും വേണം. വായനക്കാര്‍ക്ക് മനസ്സിലാകുകയും വേണം. അതുകൊണ്ടാണ് 'പയ്യന്‍ ഊര്' എന്ന വാക്കും 'മാമാങ്കം' എന്ന വാക്കും 'അന്‍പലം' എന്ന വാക്കുമൊക്കെ ഉപയോഗിക്കുന്നത്. പഴയകാലത്ത് ഈ വാക്കുകള്‍ ആണ് ഉപയോഗിച്ചിരുന്നത്. എങ്കിലും പോയകാലത്തിന്റെ ഭാഷ ഈ നോവലിന്റെ പാരായണത്തെ ഒട്ടും ബാധിച്ചിട്ടില്ല. ഒറ്റയിരുപ്പില്‍, മടുക്കാതെ വായിച്ച എത്രയോ വായനക്കാര്‍ എന്നെ വിളിക്കുകയുണ്ടായി. അതില്‍ എം. മുകുന്ദനെ പോലെ അതിപ്രശസ്തരുമുണ്ട്, അപ്രശസ്തരുമുണ്ട്. രണ്ട് തവണ തുടര്‍ച്ചയായി വായിച്ചവരുമുണ്ട്. അത് നോവലിന് കിട്ടുന്ന അംഗീകാരമാണ്
നിരവധി പഠനക്കുറിപ്പുകള്‍ നോവലിന് സൈബര്‍ ഇടങ്ങളിലും അല്ലാതെയും വരുന്നു എന്നതും സന്തോഷജനകമാണ്. കുറേ സ്ഥലങ്ങളില്‍ നോവലിന്റെ ചര്‍ച്ചകളും സാര്‍ത്ഥകമായി നടക്കുന്നുണ്ട്. അല്ലോഹലന്‍ വീണ്ടെടുക്കപ്പെടുകയാണ്. മറവിയുടെ മണ്ണിനടിയില്‍ നിന്നും പ്രതിരോധത്തിന്റെ കാഹളം മുഴക്കിക്കൊണ്ട്.