46 'കമല്‍' ദളങ്ങള്‍

കമല്‍ എന്ന കമാലുദ്ദീന്‍ മുഹമ്മദ് മജീദിന് അന്നും ഇന്നും വലിയ മാറ്റങ്ങളില്ല. തന്റെ രൂപത്തിലും കലാമേന്മയുള്ള സിനിമകള്‍ സംവിധാനം ചെയ്യുന്നതിലും നിലപാടുകളിലും അത് കാണാം. കമല്‍ മലയാളത്തിന് സമ്മാനിച്ച സിനിമകളൊക്കെയും എക്കാലത്തും ഓര്‍ക്കാനും ഓമനിക്കാനും ഉള്ളവയാണ്. ഇതുവരെ 46 സിനിമകള്‍. വാരിവലിച്ച് സിനിമ ചെയ്യുന്ന ശീലം കമലിനില്ല. വര്‍ഷത്തില്‍ ഒരെണ്ണം. ചില വര്‍ഷങ്ങളില്‍ മാത്രം രണ്ടും മൂന്നും സിനിമകള്‍ ചെയ്തിട്ടുണ്ട്. ഒരു സിനിമയും ചെയ്യാത്ത വര്‍ഷങ്ങളുമുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് മാറാന്‍ കമല്‍ ഒരിക്കലും തയ്യാറല്ല. നവകാല സിനിമകളുടെ […]

കമല്‍ എന്ന കമാലുദ്ദീന്‍ മുഹമ്മദ് മജീദിന് അന്നും ഇന്നും വലിയ മാറ്റങ്ങളില്ല. തന്റെ രൂപത്തിലും കലാമേന്മയുള്ള സിനിമകള്‍ സംവിധാനം ചെയ്യുന്നതിലും നിലപാടുകളിലും അത് കാണാം. കമല്‍ മലയാളത്തിന് സമ്മാനിച്ച സിനിമകളൊക്കെയും എക്കാലത്തും ഓര്‍ക്കാനും ഓമനിക്കാനും ഉള്ളവയാണ്. ഇതുവരെ 46 സിനിമകള്‍. വാരിവലിച്ച് സിനിമ ചെയ്യുന്ന ശീലം കമലിനില്ല. വര്‍ഷത്തില്‍ ഒരെണ്ണം. ചില വര്‍ഷങ്ങളില്‍ മാത്രം രണ്ടും മൂന്നും സിനിമകള്‍ ചെയ്തിട്ടുണ്ട്. ഒരു സിനിമയും ചെയ്യാത്ത വര്‍ഷങ്ങളുമുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് മാറാന്‍ കമല്‍ ഒരിക്കലും തയ്യാറല്ല. നവകാല സിനിമകളുടെ തള്ളിച്ചയ്ക്കിടയിലും നല്ല കലാമൂല്യമുള്ള സിനിമകളുടെ പിന്നാലെയാണ് ഇപ്പോഴും അദ്ദേഹം. പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് കമലിപ്പോള്‍. അടുത്ത മാസം 15ന് എറണാകുളത്ത് ചിത്രീകരണം തുടങ്ങും. പുതിയ സിനിമക്ക് പേരിട്ടിട്ടില്ല. ഷൈന്‍ ടോം ചാക്കോ അടക്കമുള്ളര്‍ അഭിനേതാക്കളായി എത്തുന്നു.
ഇന്നലെ കമല്‍ കാസര്‍കോട്ടുണ്ടായിരുന്നു. അടുത്തിടെ അന്തരിച്ച, ബേവിഞ്ച ചെറിയ പാലത്തിന് സമീപത്തെ എയര്‍ലൈന്‍സ് അബ്ദുല്‍റഹ്‌മാന്‍ ഹാജിയുടെ ഭാര്യ ആസ്യമ്മ ചായിന്റടി കമലിന്റെ മകനും സിനിമാ സംവിധായകനുമായ ജനൂസ് മുഹമ്മദിന്റെ ഭാര്യ സല്‍ഫ ഫിറോസിന്റെ വല്യുമ്മയാണ്. ഈ വീട്ടില്‍ മരണാനന്തര ചടങ്ങിന് എത്തിയതായിരുന്നു കമല്‍. ഭാര്യ സബൂറാബിയും മകന്‍ ജനൂസ് മുഹമ്മദും ഒപ്പമുണ്ടായിരുന്നു. അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടെ മക്കളായ ജലീല്‍ എയര്‍ലൈന്‍സും ഷരീഫ് എയര്‍ലൈന്‍സും ചേര്‍ന്ന് സ്വീകരിച്ചു.
മൂന്നരപതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ മലയാളത്തിന് എണ്ണം പറഞ്ഞ സിനിമകള്‍ സമ്മാനിച്ച കമല്‍ ഉത്തരദേശത്തോട് സുദീര്‍ഘമായി സംസാരിച്ചു. തന്റെ സിനിമാ ജീവിതത്തേയും നവകാല സിനിമകളെ കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായി.
എണ്‍പതുകളുടെ തുടക്കത്തില്‍ 'ത്രസം' എന്ന സിനിമക്ക് കഥ എഴുതിയാണ് കമല്‍ സിനിമാരംഗത്തേക്ക് കാലെടുത്ത് വച്ചത്. അമ്മാവന്‍ അഡ്വ. അഷ്‌റഫ് പടിയത്താണ് സംവിധാനം ചെയ്തത്. പിന്നീട് സേതുമാധവന്റെയും ഭരതന്റെയുമൊക്കെ കൂടെ പ്രവര്‍ത്തിച്ചു. 1986ല്‍ മോഹന്‍ലാലിനെ നായകനാക്കി 'മിഴിനീര്‍പൂവുകള്‍' എന്ന സിനിമ ആദ്യമായി സംവിധാനം ചെയ്തു. പിന്നീട് അദ്ദേഹം മലയാളത്തിന് വേണ്ടി തീര്‍ത്തത് മനോഹരമായ സിനിമകളുടെ പെരുമഴക്കാലമായിരുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളും ഉള്ളടക്കവും മഴയെത്തും മുന്‍പെയും നിറവും മധുരനൊമ്പരക്കാറ്റും മേഘമല്‍ഹാറും നമ്മളും രാപ്പകലും അയാള്‍ കഥ എഴുതുകയാണും കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തും കറുത്ത പക്ഷികളും പ്രാദേശിക വാര്‍ത്തകളും ഗ്രാമഫോണും സ്വപ്‌നക്കൂടും ഈ പുഴയും കടന്നും സെല്ലുലോയിഡും ആമിയുമൊക്കെ മലയാള ചലച്ചിത്ര പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. ഓരോ സിനിമകളും കമലിനെ മലയാള സിനിമയുടെ അമരത്തേക്ക് നയിച്ചു. തള്ളിപ്പറയാന്‍ ഒരു സിനിമ പോലും കമല്‍ സംവിധാനം ചെയ്തിട്ടില്ല. മിക്ക സിനിമകളുടെയും കഥയും ചിലതിന്റെയൊക്കെ തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെയായിരുന്നു.
പുതിയ സിനിമ
46 സിനിമകള്‍ ചെയ്തു. പുതിയതിന്റെ പണിപ്പുരയിലാണിപ്പോള്‍. ചെറിയൊരു കഥയാണ്. വലിയ താരങ്ങളൊന്നുമില്ല. സിനിമയില്ലാതെ എനിക്ക് ജീവിക്കാനാവില്ല. ജൂണ്‍ 15ന് ചിത്രീകരണം തുടങ്ങും. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍.
നവകാല സിനിമക്കൊപ്പം നീന്തിത്തുടിക്കുമ്പോള്‍…
പുതിയകാല സിനിമകളിലും കലാമേന്മയുള്ളവ ഏറെയുണ്ട്. '2018' ഒക്കെ വലിയ വിജയം നേടി. എന്നാലും പല സിനിമകളും ഒരു പേരിന് വേണ്ടി തട്ടിക്കൂട്ടുന്നവയാണ്. വലിയ കാമ്പുണ്ടാവില്ല. തീയേറ്ററില്‍ നിന്നിറങ്ങുമ്പോഴേക്കും പ്രേക്ഷകന്റെ മനസ്സില്‍ നിന്ന് കഥയും ഇറങ്ങിപ്പോകും. എല്ലാ രംഗത്തും ഇത് തന്നെയാണ് അവസ്ഥ. നല്ല സിനിമകള്‍ എക്കാലത്തും നിലനില്‍ക്കും. കാലമെത്ര കഴിഞ്ഞാലും വീണ്ടും കാണണമെന്ന് തോന്നും. അത്തരം സിനിമകള്‍ ചെയ്യാന്‍ പറ്റിയെന്ന ആത്മാഭിമാനം എനിക്കുണ്ട്.
സിനിമയിലേക്കുള്ള വരവ്
ചെറുപ്പത്തില്‍ തന്നെ സിനിമയോട് വലിയ താല്‍പര്യമുണ്ടായിരുന്നു. ബഹദൂര്‍ അടുത്ത ബന്ധുവാണ്. ജനപ്രിയ നോവലുകളിലൂടെയും തിരക്കഥകളിലൂടെയും ശ്രദ്ധേയനായ മൊയ്തു പടിക്കലും 'ത്രസം' സംവിധാനം ചെയ്ത അഡ്വ. അഷ്‌റഫ് പടിക്കലും അടുത്ത ബന്ധുക്കളാണ്. ഇവരിലൂടെയാണ് സിനിമാ പ്രേമം ഏറിയത്. അഷ്‌റഫ് പടിക്കല്‍ ലോ കോളേജില്‍ മമ്മൂട്ടിയുടെ സഹപാഠിയായിരുന്നു. അദ്ദേഹം സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ എന്നോട് കഥയെഴുതാന്‍ ആവശ്യപ്പെട്ടു. 'ത്രസ'ത്തിന്റെ കഥ എന്റേതാണ്. കുട്ടിക്കുപ്പായം, കുപ്പിവള, മൈലാഞ്ചി, മണിയറ തുടങ്ങിയ സിനിമകള്‍ക്ക് കഥയെഴുതിയിട്ടുള്ള മൊയ്തു പടിക്കലും എന്റെ സിനിമാ പ്രവേശത്തിന് വലിയ ബലമേകി. കമാലുദ്ദീന്‍ എന്നാണ് എന്റെ യഥാര്‍ത്ഥ പേര്. വീട്ടില്‍ വല്യുമ്മ കമാലു എന്ന് വിളിക്കുമായിരുന്നു. ഇത് കേട്ടാണ് അഷ്‌റഫ് പടിക്കല്‍ കമല്‍ എന്ന പേര് വിളിച്ചത്. പിന്നീട് ആ പേര് സ്വീകരിച്ചു.
ആദ്യ സിനിമ
കെ.എസ് സേതുമാധവന്‍ അടക്കമുള്ളവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചത് എനിക്ക് വലിയ കരുത്തായി. 1986ലാണ് ആദ്യമായി സ്വതന്ത്ര സംവിധായകനായത്. മിഴിനീര്‍പൂവുകള്‍ ശ്രദ്ധിക്കപ്പെട്ടു. ഓരോ സിനിമയും വളരെ ശ്രദ്ധിച്ചുമാത്രമേ ഞാന്‍ ചെയ്യാറുള്ളു. സാമ്പത്തിക ലാഭത്തിന് വേണ്ടി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ബിഗ് ബജറ്റ് ചിത്രങ്ങളോട് വലിയ താല്‍പര്യവുമില്ല. ഒരിക്കലും കലാമേന്മയെ വിട്ട് സിനിമ സംവിധാനം ചെയ്തിട്ടില്ല. ഒരു സിനിമയും രസത്തിന് വേണ്ടി മാത്രം ഒരിക്കല്‍ കണ്ട് മറക്കാനുള്ളതല്ല. ഓരോ സിനിമയും സമൂഹത്തിന് മികച്ച സന്ദേശങ്ങള്‍ പകരണം. അവ കാലങ്ങോളം നിലനില്‍ക്കണം. ഈ ലക്ഷ്യത്തോടെ മാത്രമാണ് ഞാന്‍ ഓരോ സിനിമയും ചെയ്തിട്ടുള്ളത്. ലാല്‍ജോസും ദിലീപും റോഷന്‍ ആന്‍ഡ്രൂസുമൊക്കെ എന്റെ സഹസംവിധായകരായി പ്രവര്‍ത്തിച്ചിപ്പോള്‍ അവര്‍ക്ക് നല്‍കിയ ഉപദേശവും ഇതൊക്കെ തന്നെയായിരുന്നു.
സിനിമാ ലൊക്കേഷന്‍ മയക്കുമരുന്നിന്റെ പിടിയിലാണോ
പഴയകാലം പോലെയല്ല, മുതിര്‍ന്ന താരങ്ങള്‍ക്ക് പോലും മുന്‍കാലങ്ങളില്‍ സംവിധായകരെയൊക്കെ വലിയ ബഹുമാനമായിരുന്നു. ഇന്ന് കഥ മാറി. സിനിമാ ലൊക്കേഷനുകളില്‍ ചില താരങ്ങളൊക്കെ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇത് വലിയ അപകടമാണ്. ചിത്രീകരണത്തെ ബാധിക്കും. വലിയ നഷ്ടങ്ങളുണ്ടാക്കും. എം.ഡി.എം.എ ഒന്നും മുമ്പുണ്ടായിരുന്നില്ല. കാരവനില്‍ ഇരുന്ന് മയക്കു മരുന്ന് ഉപയോഗിച്ച് ഷൂട്ടിംഗിന് വരുന്ന താരങ്ങള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പും നഷ്ടവും ചെറുതല്ല. മുമ്പൊന്നും കാരവന്‍ ഉണ്ടായിരുന്നില്ല. എത്രവലിയ സ്റ്റാറാണെങ്കിലും എല്ലാവരും വിശ്രമവേളകളില്‍ ചുറ്റുമിരുന്ന് കഥപറയും. ഇന്നാണെങ്കില്‍ ഒരു രംഗം ചിത്രീകരിച്ച് കഴിയുമ്പോഴേക്കും കാരവനിലേക്ക് ഓടും. കാരവനിനെ മറയാക്കി ചില താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകളൊക്കെ ഞെട്ടിക്കുന്നതാണ്. ഇതിനെ ശക്തമായി പ്രതിരോധിച്ചേ തീരു.
ദി കേരള സ്റ്റോറി വിമര്‍ശിക്കപ്പെടേണ്ടതാണോ
അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ കള്ളപ്രചരണം സിനിമയിലായാലും വെച്ചുപൊറുപ്പിക്കാനാവില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി സിനിമകള്‍ നിര്‍മ്മിക്കുന്നതിനോട് യോജിപ്പില്ല. ദി കേരള സ്റ്റോറിക്ക് ഇത്തരം ചില ലക്ഷ്യങ്ങളൊക്കെ ഉണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്. സിനിമകള്‍ യാഥാര്‍ഥ്യങ്ങളെ വിളിച്ചുപറയുന്നവയാവണം. കണക്കുകളൊക്കെ നിരത്തുമ്പോള്‍ അത് സത്യമായിരിക്കണം.
വിമര്‍ശങ്ങള്‍ നഷ്ടങ്ങളുണ്ടാക്കാറില്ലേ
അതൊന്നും ഞാന്‍ ചിന്തിക്കാറില്ല. ഞാനൊരു ഇടതു സഹയാത്രികനാണ്. തെറ്റാണെന്ന് തോന്നുന്നവ എപ്പോഴും വിളിച്ചുപറയാറുണ്ട്. അത് പറയാതിരിക്കുന്നത് എന്ത് ആര്‍ജവമാണ്. എന്നാല്‍ എന്റെ സിനിമകളില്‍ ഞാന്‍ അത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കാറില്ല.
കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലുള്ള സംഭാവനകള്‍
മലയാള സിനിമാ മേഖലയുടെ ഉന്നമനത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടിട്ടുണ്ട്. തന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചുവെന്ന ചാരിഥാര്‍ഥ്യവുമുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട മറ്റു സംഘടനകളുടെ അമരത്തിരുന്നപ്പോഴും തന്റെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്.
മകന്‍ ജനൂസ് പുതിയ തെലുങ്ക് സിനിമയുടെ പിന്നണി പ്രവര്‍ത്തത്തിലാണെന്നും പോളണ്ടിലും പോര്‍ച്യുഗലിലും വെച്ച് ജനൂസിന്റെ സിനിമ ചിത്രീകരിക്കുമെന്നും കമല്‍ പറഞ്ഞു. മലയാളത്തില്‍ രണ്ട് സിനിമകളാണ് ജനൂസ് സംവിധാനം ചെയ്തത്.

ടി.എ ഷാഫി

Related Articles
Next Story
Share it