'നീലാകാശം കാണാനില്ല'

പത്മശ്രീ അലി മണിക്ഫാന്‍ ആദ്യമായല്ല കാസര്‍കോട്ട് വരുന്നത്. അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് നേരത്തെ കാസര്‍കോട്ടേക്ക് ഒരു പര്യടന യാത്ര നടത്തിയിരുന്നു. തന്റെ ഫിയറ്റ് കാറിലായിരുന്നു ഏതാനും ദിവസങ്ങള്‍ നീണ്ട ആ യാത്ര. കോഴിക്കോട് നിന്ന് മംഗലാപുരത്തേക്കുള്ള യാത്രകള്‍ക്കിടയിലും ചിലപ്പോഴൊക്കെ കാസര്‍കോട്ട് തങ്ങിയിട്ടുണ്ട്. ഡോ. സി.എ അബ്ദുല്‍ ഹമീദ് അടക്കമുള്ള ചിലരുമായി ഉറ്റ ചങ്ങാത്തവും ഉണ്ടായിരുന്നു. അലി മണിക്ഫാന്‍ രൂപം നല്‍കിയ ഹിജ്‌റ കലണ്ടറിന്റെ പേരിലാണ് നേരത്തെ പലരും തിരിച്ചറിഞ്ഞിരുന്നതെങ്കിലും പത്മ പുരസ്‌കാരം തേടിയെത്തിയതോടെ അദ്ദേഹം ലോക ശ്രദ്ധ […]

പത്മശ്രീ അലി മണിക്ഫാന്‍ ആദ്യമായല്ല കാസര്‍കോട്ട് വരുന്നത്. അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് നേരത്തെ കാസര്‍കോട്ടേക്ക് ഒരു പര്യടന യാത്ര നടത്തിയിരുന്നു. തന്റെ ഫിയറ്റ് കാറിലായിരുന്നു ഏതാനും ദിവസങ്ങള്‍ നീണ്ട ആ യാത്ര. കോഴിക്കോട് നിന്ന് മംഗലാപുരത്തേക്കുള്ള യാത്രകള്‍ക്കിടയിലും ചിലപ്പോഴൊക്കെ കാസര്‍കോട്ട് തങ്ങിയിട്ടുണ്ട്. ഡോ. സി.എ അബ്ദുല്‍ ഹമീദ് അടക്കമുള്ള ചിലരുമായി ഉറ്റ ചങ്ങാത്തവും ഉണ്ടായിരുന്നു. അലി മണിക്ഫാന്‍ രൂപം നല്‍കിയ ഹിജ്‌റ കലണ്ടറിന്റെ പേരിലാണ് നേരത്തെ പലരും തിരിച്ചറിഞ്ഞിരുന്നതെങ്കിലും പത്മ പുരസ്‌കാരം തേടിയെത്തിയതോടെ അദ്ദേഹം ലോക ശ്രദ്ധ തന്നെ ആകര്‍ഷിച്ചു.
അമ്പരപ്പിക്കുന്ന പാണ്ഡിത്യവുമായി ഒരു മഹാമനീഷി ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത് പത്മപുരസ്‌കാരം അദ്ദേഹത്തെ തേടി വന്നപ്പോഴാണ്. ഇപ്പോള്‍ നിന്നു തിരിയാന്‍ നേരമില്ല. പരിപാടികളില്‍ മുഖ്യാതിഥിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടിയെത്തണം. എല്ലാവര്‍ക്കും അദ്ദേഹത്തെ കേള്‍ക്കണം. കടലിനെ ഇത്രമാത്രം പഠിച്ച മറ്റൊരു പണ്ഡിതന്‍ അപൂര്‍വ്വമായിരിക്കും.
സമുദ്ര ഗവേഷകനും കൃഷി ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനും കപ്പല്‍ നിര്‍മ്മാതാവും ബഹുഭാഷാ പണ്ഡിതനും ഇസ്ലാമിക ചിന്തകനും ഗോളശാസ്ത്രജ്ഞനുമൊക്കെയായി വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച അത്യപൂര്‍വ്വ വ്യക്തിത്വം. അത്ഭുതം അതല്ല, തേര്‍ഡ് ഫോറം വരെ മാത്രം പഠിച്ച ഒരാള്‍ ആകാശത്തേയും ഭൂമിയേയും സമുദ്രത്തെയും കുറിച്ചുമൊക്കെ ഇത്ര ആഴത്തില്‍ പഠിച്ചിട്ടുണ്ടെങ്കില്‍ അനുഭവങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത ആ പാണ്ഡിത്യം എത്രവലുതായിരിക്കും.
സാമ്പ്രദായിക വിദ്യാഭ്യാസ രീതികളോട് അലി മണിക്ഫാന് വലിയ താല്‍പര്യമില്ല. നിലവിലെ വിദ്യാഭ്യാസ രീതിയൊക്കെ മാറണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എഴുതിവെച്ച പാഠങ്ങളില്‍ നിന്ന് മനഃപാഠമാക്കുകയല്ല, പരിസരങ്ങളില്‍ നിന്ന് ജീവിതം പഠിക്കാനാണ് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ടതെന്ന് അദ്ദേഹം പറയും. 14 ഭാഷകള്‍ ഡോ. അലി മണിക്ഫാന് ഹൃദിസ്ഥമാണ്. ഇതൊന്നും പഠിച്ചത് സ്‌കൂളിലെ പാഠപുസ്തകത്തില്‍ നിന്നല്ല.
കടലിന്റെ ആഴങ്ങളെ കുറിച്ച് തൊട്ടറിഞ്ഞതും പുസ്തകങ്ങളെ അരിച്ചുപെറുക്കിയല്ല. രസം അതല്ല, ആരും കണ്ടെത്താത്ത രണ്ട് മത്സ്യങ്ങളെ അലി മണിക്ഫാന്‍ കടലാഴങ്ങളില്‍ കണ്ടെത്തി. രണ്ടെണ്ണവും തമിഴ്‌നാട്ടിലെ ഫിഷറീസ് മ്യൂസിയത്തില്‍ സൂക്ഷിച്ചതാണ്. പക്ഷെ, ഒരെണ്ണം എങ്ങനെയോ കാണാതായി. രണ്ടാമത്തേത് അത്യപൂര്‍വ്വ മത്സ്യഇനത്തില്‍ പെടുത്തി മ്യൂസിയത്തില്‍ സൂക്ഷിക്കുന്നു. അതിന് ശാസ്ത്രം വിളിച്ച പേര് അബുദെഫ്‌ഡെഫ് മണിക്ഫാന്‍ എന്നാണ്!
ലക്ഷദ്വീപിലാണ് അലി മണിക്ഫാന്റെ ജനനമെങ്കിലും ജീവിതത്തിന്റെ വലിയ പങ്കും കടന്നുപോയത് കേരളത്തിലും തമിഴ്‌നാട്ടിലുമാണ്.

? കാസര്‍കോട്ട് മുമ്പും വന്നിട്ടുണ്ടല്ലോ, എപ്പോഴാണെന്ന് ഓര്‍ക്കുന്നുണ്ടോ.
= പലപ്പോഴൊക്കെ ഈ വഴിയിലൂടെ കടന്നു പോയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത് തിരുവനന്തപുരത്ത് നിന്ന് എന്റെ പഴയൊരു ഫിയറ്റ് കാറില്‍ കാസര്‍കോട്ടേക്ക് നടത്തിയ യാത്രയാണ്. അന്ന് കുറേ പേരെ പരിചയപ്പെടാന്‍ കഴിഞ്ഞു. അവരില്‍ നിന്നാണ് കാസര്‍കോടിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞത്. കെയര്‍വെല്‍ ആസ്പത്രിയിലെ ഡോ. സി.എ. അബ്ദുല്‍ ഹമീദുമായി നല്ല ബന്ധമുണ്ടായിരുന്നു. പലപ്പോഴും ഞാന്‍ കണ്ണൂരില്‍ വന്നിട്ടുണ്ട്. ഞാന്‍ കണ്ണൂരില്‍ ഉണ്ടായിരുന്ന സമയത്താണ് ഗാന്ധിജി കൊല്ലപ്പെടുന്നത്. അതൊക്കെ വലിയ ഓര്‍മ്മകളാണ്.
? ലക്ഷദ്വീപിലാണ് ജനിച്ചതെങ്കിലും കേരളത്തിലാണല്ലോ താമസം. രണ്ടു നാടുകള്‍ തമ്മിലുള്ള വ്യത്യാസം എന്താണ്.
= ദ്വീപിലെ ജീവിതം വേറെ തന്നെയാണ്. ആളുകള്‍ അവിടെ സമാധാനപരമായി ജീവിക്കുന്നു. തമ്മില്‍ അടിപിടിയില്ല. കലഹമില്ല. ഇവിടെ അങ്ങനെയല്ലല്ലോ.
? കടലിനെ കുറിച്ച് ഇത്രമാത്രം അവഗാഹം നേടിയത് എങ്ങനെയാണ്.
= സ്‌കൂളില്‍ പഠിക്കാനായി എന്റെ പത്താമത്തെ വയസിലാണ് ദ്വീപില്‍ നിന്ന് ഞാന്‍ കോഴിക്കോട് എത്തുന്നത്. ഏതാണ്ട് 15 ദിവസം നീണ്ടു നില്‍ക്കുന്ന കടല്‍യാത്ര. ഈ യാത്രക്കിടയില്‍ ഞാന്‍ കടലിനെ നന്നായി കണ്ടു, പഠിച്ചു. നമ്മുടെ ചുറ്റും കടലാണല്ലോ. എല്ലാ ദ്വീപുകളിലും ലഗൂണ്‍ ഉണ്ടാകും. വെള്ളം ക്രിസ്റ്റല്‍ പോലെ ക്ലിയറായിരിക്കും. മീനുകള്‍ ഒഴുകുന്നത് അക്വേറിയം പോലെ കാണാന്‍ കഴിയും. കടലിനെ കുറിച്ച് പഠിക്കാന്‍ എനിക്ക് എപ്പോഴും ആവേശമായിരുന്നു.
? സാമ്പ്രദായിക വിദ്യാഭ്യാസ രീതികളോട് ഇപ്പോഴും വിയോജിപ്പ് തന്നെയാണോ
= സ്‌കൂള്‍ വിദ്യാഭ്യാസം എഴുത്തും വായനയും മാത്രമായാല്‍ പോര. വിദ്യാര്‍ത്ഥികള്‍ക്ക് ജോലി കൂടി പഠിപ്പിച്ചുകൊടുക്കണം. അവര്‍ 20-25 വര്‍ഷത്തിന് ശേഷം പഠനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ജോലിയെ കുറിച്ച് പഠിക്കുന്നത്. അത് വലിയ പ്രയാസം ഉണ്ടാക്കുന്നു. നമ്മുടെ സ്‌കൂള്‍ പഠന രീതികളില്‍ മാറ്റം ഉണ്ടാവുന്നില്ല.
ബ്രിട്ടീഷുകാര്‍ പണ്ട് ചെയ്ത സിസ്റ്റം തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. പല രാജ്യങ്ങളും എങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് നാം പഠിക്കണം. ജപ്പാനും ചൈനയുമൊക്കെ വിദ്യാഭ്യാസ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. നമ്മുടെ വിദ്യാര്‍ത്ഥികളും പഠിച്ച് കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ നല്ല സാധ്യതകളുണ്ട്. പക്ഷെ അവരെ അതിന് പ്രാപ്തരാക്കുന്നില്ല.
? സ്‌കൂളില്‍ തേര്‍ഡ് ഫോം വരെ മാത്രം പഠിച്ച താങ്കള്‍ പാണ്ഡിത്യത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. മക്കള്‍ക്കും ഔപചാരിക വിദ്യാഭ്യാസം നല്‍കിയിട്ടില്ല. അവരാണെങ്കില്‍ നേവിയിലും അധ്യാപനത്തിലുമൊക്കെ ജോലി ചെയ്യുന്നു. ഇതെങ്ങനെ സാധിക്കുന്നു
= ഞങ്ങള്‍ ജീവിച്ചത് വേറൊരു രീതിയിലാണ്. ആളുകള്‍ ഇല്ലാത്ത സ്ഥലത്തായിരുന്നു ജീവിതത്തിന്റെ വലിയൊരു ഭാഗവും. തേര്‍ഡ് ഫോം എന്നാല്‍ ഇന്നത്തെ ഏഴാം ക്ലാസാണ്.
എന്റെ മക്കള്‍ കുട്ടികളായിരുന്ന കാലത്ത് ഞങ്ങള്‍ താമസിക്കുന്നിടത്ത് വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് അവര്‍ സ്വയം പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്തു. എല്ലാവരും ഇപ്പോള്‍ ഇപ്പോള്‍ ജോലിയിലാണുള്ളത്.

?താങ്കളെ പോലെ തന്നെ ഗോള ശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ളയാളായിരുന്നു കാസര്‍കോട്ടുകാരനായ ഖാസി സി.എം. അബ്ദുല്ല മൗലവി. അദ്ദേഹത്തെ അറിയുമായിരുന്നോ.
= അബ്ദുല്ലാ മൗലവിയെ ഞാന്‍ കണ്ടിട്ടില്ല. ഗോള ശാസ്ത്രത്തില്‍ എന്റേത് പ്രാക്ടിക്കല്‍ ആയിട്ടുള്ള രീതിയാണ്. പണ്ട് കടല്‍ യാത്രകള്‍ നടത്തുമ്പോള്‍ നക്ഷത്രങ്ങളെ നന്നായി കാണുമായിരുന്നു. ഞാനത് ആസ്വദിച്ചിരുന്നു. നക്ഷത്രത്തെ എണ്ണാനും കഴിയുമായിരുന്നു. എന്നാല്‍ ഇന്ന് നമുക്ക് നക്ഷത്രങ്ങളെ കാണാന്‍ സാധിക്കുന്നില്ല. ചെറുപ്പത്തില്‍ കണ്ട നക്ഷത്രങ്ങള്‍ കാണാനില്ല. നീലാകാശവും പഴയതുപോലെ കാണാന്‍ കഴിയുന്നില്ല. ഒരു തരം മങ്ങിയ കാഴ്ചയാണ് ആകാശം നോക്കുമ്പോള്‍ ഇപ്പോള്‍ കാണുന്നത്.
? ചെറിയ ക്ലാസുകളില്‍ മാത്രം പഠിച്ചിട്ടുള്ള താങ്കള്‍ നിരവധി വിദേശ ഭാഷകള്‍ അടക്കം അനായാസമായി സംസാരിക്കുന്നു. ഇത് എങ്ങനെ സാധിക്കുന്നു.
= ഭാഷകള്‍ പഠിക്കണമെന്ന വലിയ താല്‍പ്പര്യം കൊണ്ട് തന്നെയാണ് വായിച്ചും കേട്ടും പഠിച്ചത്. എന്റെ ചെറുപ്പകാലത്ത് ടൂറിസ്റ്റുകളായ കടല്‍ സഞ്ചാരികള്‍ ദ്വീപില്‍ വരുമായിരുന്നു. എന്റെ വീട് കടലിന് അരികിലാണ്. അവരോട് ആശയവിനിമയം നടത്തണമെങ്കില്‍ പല ഭാഷകളും പഠിക്കണമെന്ന് ആഗ്രഹിച്ചു.
പുസ്തകങ്ങള്‍ വാങ്ങി വായിക്കാന്‍ പഠിച്ചു. ഫ്രഞ്ചും ജര്‍മ്മനുമൊക്കെ പഠിച്ചത് വളരെ പ്രയോജനപ്പെട്ടു. ഇന്ന് ഭാഷ പഠിക്കാന്‍ വലിയ സൗകര്യങ്ങളുണ്ട്. പക്ഷേ അന്ന് ഒരുപാട് പ്രയാസപ്പെട്ടാണ് പഠിച്ചത്.
? ഒമാന്‍ സര്‍ക്കാരിന് വേണ്ടി താങ്കള്‍ കപ്പല്‍ നിര്‍മ്മിച്ചതായി വായിച്ചിട്ടുണ്ട്. ഇനിയും ആവശ്യപ്പെട്ടാല്‍ ഇത്തരം വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുമോ
= തീര്‍ച്ചയായും തയ്യാറാവും. നമ്മള്‍ ജീവിക്കുന്നത് നമുക്ക് വേണ്ടിയല്ല, മറ്റുള്ളവര്‍ക്ക് വേണ്ടിയാവണം. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് ആവേശമേ ഉള്ളൂ. അവര്‍ക്ക് വേണ്ടി എന്ത് ദൗത്യം ഏല്‍പ്പിച്ചാലും ഏറ്റെടുക്കാന്‍ തയ്യാറാണ്. (1981ല്‍ ഒമാനിലെ സൂര്‍ പോര്‍ട്ടില്‍ വെച്ചാണ് അലി മണിക്ഫാന്‍ അറേബ്യന്‍ പായക്കപ്പല്‍ നിര്‍മ്മിച്ചത്. ഒരു ആണി പോലും തറക്കാതെ അയനി മരവും കയറും മാത്രം ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസാണ് നിര്‍മ്മാണച്ചെലവ് വഹിച്ചത്. ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ചു. ടീം സെവറിനും സംഘവും ഈ കപ്പലില്‍ ഒമാനില്‍ നിന്ന് 9,600 കിലോമീറ്റര്‍ ദൂരം ചൈനയിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. കപ്പല്‍ ചരിത്ര സ്മാരകമായി മസ്‌ക്കത്തിലെ ഒമാന്‍ പാര്‍ലമെന്റിന് മുന്നിലെ പാലസ് റൗണ്ട് എബൗട്ടില്‍ പിന്നീട് സ്ഥാപിച്ചു.)
? പത്മശ്രീ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നോ.
= ഞാന്‍ അങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അതൊന്നുമല്ല എന്റെ വിഷയം. പത്മശ്രീ പുരസ്‌കാരം എങ്ങനെ വന്നു എന്നും അറിയില്ല. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എപ്പോഴാണ് പോകേണ്ടതെന്നും അറിയിപ്പ് വന്നിട്ടില്ല.
? പത്മ പുരസ്‌കാരം ലഭിച്ചതിന് ശേഷം ജീവിത രീതിയില്‍ മാറ്റമുണ്ടായോ
= സ്വസ്ഥതയില്ലാതെയായി എന്നുവേണമെങ്കില്‍ പറയാം (ചിരിക്കുന്നു). പലരും വന്ന് കാണുന്നു, വിളിക്കുന്നു. നല്ലതാണ്. പല പരിപാടികള്‍ക്കും ഇപ്പോള്‍ പോകേണ്ടിവരുന്നു. വളരെ എന്‍ഗേജ്ഡ് ആണ്. സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികളോട് സംവദിക്കാനാണ് കൂടുതല്‍ പേരും വന്നു വിളിക്കുന്നത്.
? രാഷ്ട്രീയത്തില്‍ എത്രമാത്രം താല്‍പ്പര്യം ഉണ്ട്.
= (വീണ്ടും ചിരിക്കുന്നു) എനിക്ക് രാഷ്ട്രീയത്തില്‍ തീരെ താല്‍പ്പര്യം ഇല്ല. നമുക്ക് വേറെ കാര്യങ്ങള്‍ ചെയ്യാനും പഠിക്കാനും ഉണ്ടല്ലോ. അതുകൊണ്ട് രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കാറില്ല. എനിക്ക് ആവശ്യമുള്ള കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഞാന്‍ ആ വഴിയേ ആണ്.

വീഡിയോ ഇന്റര്‍വ്യൂ കാണാം

Related Articles
Next Story
Share it