ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ ഉറച്ചുനിന്നതോടെ നേമത്ത് കെ മുരളീധരന്‍ സജീവ പരിഗണനയിലെന്ന് സൂചന; പ്രഖ്യാപനം ഞായറാഴ്ച

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ധാരണയായതായി സൂചന. സ്ഥാനാര്‍ത്ഥിപ്രഖ്യാപനം ഞായറാഴ്ചയുണ്ടാകും. നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ. മുരളീധരന്റെ പേര് സജീവപരിഗണനയിലെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മല്‍സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് മുരളീധരന്റെ പേര് പരിഗണനയിലെത്തിയത്. മുരളീധരന്‍ ഞായറാഴ്ച ഡല്‍ഹിയിലെത്തും. തര്‍ക്കമുള്ള പത്തില്‍ ഒമ്പത് മണ്ഡലങ്ങളിലും ധാരണയായതായാണ് സൂചന. 92 സീറ്റിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയോടൊപ്പം നേമത്തും മത്സരിപ്പിക്കാന്‍ ഹൈക്കമാന്റ് ഒരുങ്ങിയിരുന്നെങ്കിലും രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നേമത്ത് മല്‍സരിക്കാന്‍ […]

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ധാരണയായതായി സൂചന. സ്ഥാനാര്‍ത്ഥിപ്രഖ്യാപനം ഞായറാഴ്ചയുണ്ടാകും. നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ. മുരളീധരന്റെ പേര് സജീവപരിഗണനയിലെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മല്‍സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് മുരളീധരന്റെ പേര് പരിഗണനയിലെത്തിയത്.

മുരളീധരന്‍ ഞായറാഴ്ച ഡല്‍ഹിയിലെത്തും. തര്‍ക്കമുള്ള പത്തില്‍ ഒമ്പത് മണ്ഡലങ്ങളിലും ധാരണയായതായാണ് സൂചന. 92 സീറ്റിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയോടൊപ്പം നേമത്തും മത്സരിപ്പിക്കാന്‍ ഹൈക്കമാന്റ് ഒരുങ്ങിയിരുന്നെങ്കിലും രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നേമത്ത് മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്ത മാത്രമാമെന്നും പുതുപ്പളളിയില്‍ പറഞ്ഞതാണ് തന്റെ നിലപാടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനിശ്ചിതത്വം ഞായറാഴ്ച തീരുമെന്നും എല്ലായിടത്തും കരുത്തരാകും മത്സരിക്കുകയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്റ് മാനദണ്ഡത്തില്‍ ഇളവ് വരുത്തേണ്ടിവരും. അതുകൊണ്ട് തന്നെ ഹൈക്കമാന്റ് തീരുമാനം എന്തായിരിക്കുമെന്ന് വ്യക്തമല്ല. മാനദണ്ഡത്തില്‍ ഇളവ് വരുത്താന്‍ തയ്യാറല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി തന്നെ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് കടുംപിടുത്തം പിടിച്ചേക്കും. അങ്ങനെയെങ്കില്‍ അദ്ദേഹം വിസമ്മതിക്കില്ലെന്നും സൂചനയുണ്ട്. പുതുപ്പള്ളി വിടാനാകില്ലെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുമെന്നും അങ്ങനെ വന്നാല്‍ രണ്ടിടത്തും മത്സരിക്കാന്‍ അനുമതി നല്‍കിയേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. പക്ഷെ നേമത്തെ വോട്ടര്‍മാര്‍ എത്രത്തോളം അംഗീകരിക്കുമെന്നതില്‍ ഹൈക്കമാന്റിനും സംശയമാണ്.

നേമത്ത് കെ മുരളീധരന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നേമത്തിന് അമിതപ്രാധാന്യം നല്‍കേണ്ടിയിരുന്നില്ലെന്നും, ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും പേര് വന്നതില്‍ സംശയമുണ്ടെന്നുമായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. നേതൃത്വം ആവശ്യപ്പെട്ടാല്‍ എവിടെ മത്സരിക്കാനും തയാറാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

നേമത്ത് മത്സരിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കില്ല ഉമ്മന്‍ചാണ്ടിക്ക് സ്വയം തീരുമാനിക്കാമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. നേമത്ത് മത്സരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുമോ എന്ന കാര്യം കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നുമാണ് ഉമ്മന്‍ചാണ്ടി രാവിലെ പറഞ്ഞത്. നേമത്ത് മത്സരിക്കാന്‍ തയ്യാറാണെങ്കിലും പുതുപ്പള്ളി വിടാന്‍ പറ്റില്ലെന്ന സൂചന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളില്‍ വ്യക്തം.

Related Articles
Next Story
Share it