പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ഇന്ത്യയെ നയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; ഇനിയും നായകസ്ഥാനം കൈമാറിയില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ നഷ്ടം; രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിക്കണമെന്ന് മുന്‍ ലോകകപ്പ് താരം

ന്യൂഡല്‍ഹി: സ്വന്തം ക്യാപ്റ്റന്‍സിയില്‍ അഞ്ചാം ഐപിഎല്‍ കിരീടം കൂടി നേടി കുട്ടിക്രിക്കറ്റിലെ അജയ്യനായകന്‍ എന്ന വിശേഷണം ഒന്നുകൂടി അരക്കിട്ടുറപ്പിച്ച രോഹിത് ശര്‍മയെ ഇന്ത്യന്‍ നായകനാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെയും പല പ്രമുഖ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കിലും ഇത്തവണയും ഐപിഎല്‍ കിരീടം രോഹിത് ശര്‍മയുടെ നായകത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതോടെ ഈ ആവശ്യം വീണ്ടും ഉയര്‍ന്നു. 2011 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറും ലോക്‌സഭ എംപിയുമായ ഗൗതം ഗംഭീറാണ് രോഹിതിനെ നായകനാക്കുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിക്കണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. […]

ന്യൂഡല്‍ഹി: സ്വന്തം ക്യാപ്റ്റന്‍സിയില്‍ അഞ്ചാം ഐപിഎല്‍ കിരീടം കൂടി നേടി കുട്ടിക്രിക്കറ്റിലെ അജയ്യനായകന്‍ എന്ന വിശേഷണം ഒന്നുകൂടി അരക്കിട്ടുറപ്പിച്ച രോഹിത് ശര്‍മയെ ഇന്ത്യന്‍ നായകനാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെയും പല പ്രമുഖ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കിലും ഇത്തവണയും ഐപിഎല്‍ കിരീടം രോഹിത് ശര്‍മയുടെ നായകത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതോടെ ഈ ആവശ്യം വീണ്ടും ഉയര്‍ന്നു.

2011 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറും ലോക്‌സഭ എംപിയുമായ ഗൗതം ഗംഭീറാണ് രോഹിതിനെ നായകനാക്കുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിക്കണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ രോഹിത് ശര്‍മയെ ഇന്ത്യന്‍ ടീമിന്റെ നായകനാക്കേണ്ട കാലം അതിക്രമിച്ചതായി അദ്ദേഹം പറഞ്ഞു. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച രോഹിത്തിന് ഉടന്‍തന്നെ നായകസ്ഥാനം കൈമാറിയില്ലെങ്കില്‍ അതിന്റെ നഷ്ടം ഇന്ത്യന്‍ ക്രിക്കറ്റിനായിരിക്കുമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

'രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാപ്റ്റനാകുന്നില്ലെങ്കില്‍ നഷ്ടം ഇന്ത്യന്‍ ക്രിക്കറ്റിനാണ്. അല്ലാതെ രോഹിത്തിനല്ല. ഒരു ക്യാപ്റ്റന് ടീമിനോളം നന്നാകാനേ കഴിയൂ എന്ന വാദം ഞാനും അംഗീകരിക്കുന്നു. പക്ഷേ, ഒരു ക്യാപ്റ്റന്‍ നല്ലതാണോ മോശമാണോ എന്നു വിലയിരുത്താനുള്ള അളവുകോല്‍ എന്താണ്? എല്ലാവര്‍ക്കും ഈ അളവുകോലുകള്‍ സമാനമാകണമെന്നാണ് ഞാന്‍ പറയുന്നത്. രോഹിത് മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കു നയിച്ച നായകനാണെന്ന് മറക്കരുത്' ഗംഭീര്‍ പറഞ്ഞു.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ ക്യാപ്റ്റന്‍ സ്ഥാനം പങ്കുവയ്ക്കുന്നതിനെക്കുറിച്ചും ചിന്തിക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. അടുത്ത കാലത്തായി ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളെല്ലാം ഈ ശൈലിയാണ് പിന്തുടരുന്നത്. ഓരോ ഫോര്‍മാറ്റിനും ഓരോ ക്യാപ്റ്റനെന്ന രീതിയാണിത്.

'സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയും ഇന്ത്യന്‍ ടീമിന് പരിഗണിക്കാവുന്നതാണ്. ആരും അത്ര മോശമല്ല. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയുമായി തട്ടിച്ചുനോക്കുമ്പോള്‍ താന്‍ എത്രമാത്രം മുന്നിലാണെന്ന് രോഹിത് തെളിയിച്ചുകഴിഞ്ഞു. ഒരാള്‍ സ്വന്തം ടീമിനെ അഞ്ച് തവണ കിരീടത്തിലേക്കു നയിച്ചയാള്‍. രണ്ടാമന്‍ ഇനിയും കിരീടങ്ങളൊന്നും നേടാനാകാതെ പോയയാളും', ഗംഭീര്‍ ചൂണ്ടിക്കാട്ടി.

'വിരാട് കോലി തീരെ മോശം ക്യാപ്റ്റനാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. പക്ഷേ, രോഹിത്തിന് ലഭിച്ച അതേ വേദി തന്നെയാണ് കോലിക്കും ലഭിച്ചത്. അതുകൊണ്ട് ഒരേ അളവുകോല്‍ വെച്ച് രണ്ടു പേരുടെയും നേട്ടങ്ങളെ വിലയിരുത്തണം. ഒരേ കാലയളവിലാണ് ഇരുവരും ഐപിഎല്‍ ക്യാപ്റ്റന്മാരായിരുന്നത് എന്നതും മറക്കരുത്. രോഹിത്താണ് കുറച്ചുകൂടി മികച്ച ക്യാപ്റ്റന്‍ എന്ന് എനിക്ക് തോന്നുന്നു'; ഗംഭീര്‍ പറഞ്ഞു.

2013ല്‍ തുടര്‍ച്ചയായ തോല്‍വികള്‍ നേരിട്ട് ടീം ഉലഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് സീസണ്‍ പകുതിക്കു വെച്ചാണ് മുംബൈ ഇന്ത്യന്‍സ് രോഹിത് ഗുരുനാഥ ശര്‍മയെന്ന 26കാരനെ ടീമിന്റെ നായകത്വം ഏല്‍പ്പിക്കുന്നത്. രണ്ട് തവണ ക്രിക്കറ്റ് ലോകകപ്പ് നേടിയ ചരിത്രമുള്ള ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം റിക്കി പോണ്ടിംഗില്‍ നിന്നാണ് മുംബൈ അവരുടെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനമെടുത്തത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ഹര്‍ഭജനും, മലിംഗയും, ജേക്കബ് ഓറം തുടങ്ങിയ അതികായര്‍ കളിക്കുന്ന ഒരു ടീമിന്റെ നായകസ്ഥാനം പകുതിയില്‍ വെച്ച് ഏറ്റെടുത്ത രോഹിത് തോറ്റുകൊണ്ടിരുന്ന ടീമിനെ വിജയവഴിയിലെത്തിക്കുകയും ആ വര്‍ഷം തന്നെ മുംബൈ തങ്ങളുടെ ആദ്യ കപ്പ് നേടുകയും ചെയ്തു. പിന്നീട് 2015,2017,2019,2020 സീസണുകളിലും രോഹിത് മുംബൈയെ കിരീടത്തിലെത്തിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ അഞ്ചാമത്തെയും താരമെന്ന നിലയില്‍ ആറാമത്തെയും കിരീടമാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രോഹിത് ശര്‍മ സ്വന്തമാക്കിയത്. നേരത്തെ ഡെക്കാന്‍ ചാര്‍ജേഴ്‌സ് കിരീടം നേടുമ്പോള്‍ രോഹിത് ടീമിലംഗമായിരുന്നു.

'India's loss if Rohit Sharma isn't made white-ball captain' - Gautam Gambhir

Related Articles
Next Story
Share it