പൊല്‍സാാാണ് നമ്മുടെ ഇന്ത്യ
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് ദുബായ് എക്‌സ്‌പോയില്‍ ഓരോ രാജ്യത്തിന്റെയും പവലിയനുകള്‍ ഒരുക്കിയിട്ടുള്ളത്. ഇസ്രേയേല്‍ പവലിയന് തൊട്ടരികിലാണ് ഇന്ത്യന്‍ പവലിയന്‍. ഒറ്റനോട്ടത്തില്‍ ചതുരാകൃതിയിലുള്ള നാല് നില കെട്ടിടം. 'ഇതെന്താ, ജ്വല്ലറി പോലെയുണ്ടല്ലോ...' തൊട്ടരികില്‍ ക്യൂ നില്‍ക്കുകയായിരുന്ന മലയാളി പെണ്‍കുട്ടിയുടെ ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. ഇടുക്കിയില്‍ നിന്നുള്ള കുടുംബമാണ്. പെണ്‍കുട്ടിയുടെ ആ ചോദ്യത്തില്‍ പ്രസക്തി ഇല്ലാതിരുന്നില്ല. ഒറ്റനോട്ടത്തില്‍ ഇന്ത്യന്‍ പവലിയന്‍ ഏതോ ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് പോലതന്നെയാണ്. മറ്റു പവലിയനുകളിലധികവും പുറംകാഴ്ച കൊണ്ട് തന്നെ അതിശയകരമാണ്. അത്രമാത്രം വ്യത്യസ്തമാര്‍ന്ന […]
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് ദുബായ് എക്‌സ്‌പോയില്‍ ഓരോ രാജ്യത്തിന്റെയും പവലിയനുകള്‍ ഒരുക്കിയിട്ടുള്ളത്. ഇസ്രേയേല്‍ പവലിയന് തൊട്ടരികിലാണ് ഇന്ത്യന്‍ പവലിയന്‍. ഒറ്റനോട്ടത്തില്‍ ചതുരാകൃതിയിലുള്ള നാല് നില കെട്ടിടം. 'ഇതെന്താ, ജ്വല്ലറി പോലെയുണ്ടല്ലോ...' തൊട്ടരികില്‍ ക്യൂ നില്‍ക്കുകയായിരുന്ന മലയാളി പെണ്‍കുട്ടിയുടെ ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. ഇടുക്കിയില്‍ നിന്നുള്ള കുടുംബമാണ്. പെണ്‍കുട്ടിയുടെ ആ ചോദ്യത്തില്‍ പ്രസക്തി ഇല്ലാതിരുന്നില്ല. ഒറ്റനോട്ടത്തില്‍ ഇന്ത്യന്‍ പവലിയന്‍ ഏതോ ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് പോലതന്നെയാണ്. മറ്റു പവലിയനുകളിലധികവും പുറംകാഴ്ച കൊണ്ട് തന്നെ അതിശയകരമാണ്. അത്രമാത്രം വ്യത്യസ്തമാര്‍ന്ന […]

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് ദുബായ് എക്‌സ്‌പോയില്‍ ഓരോ രാജ്യത്തിന്റെയും പവലിയനുകള്‍ ഒരുക്കിയിട്ടുള്ളത്. ഇസ്രേയേല്‍ പവലിയന് തൊട്ടരികിലാണ് ഇന്ത്യന്‍ പവലിയന്‍. ഒറ്റനോട്ടത്തില്‍ ചതുരാകൃതിയിലുള്ള നാല് നില കെട്ടിടം. 'ഇതെന്താ, ജ്വല്ലറി പോലെയുണ്ടല്ലോ...' തൊട്ടരികില്‍ ക്യൂ നില്‍ക്കുകയായിരുന്ന മലയാളി പെണ്‍കുട്ടിയുടെ ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. ഇടുക്കിയില്‍ നിന്നുള്ള കുടുംബമാണ്.
പെണ്‍കുട്ടിയുടെ ആ ചോദ്യത്തില്‍ പ്രസക്തി ഇല്ലാതിരുന്നില്ല. ഒറ്റനോട്ടത്തില്‍ ഇന്ത്യന്‍ പവലിയന്‍ ഏതോ ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് പോലതന്നെയാണ്. മറ്റു പവലിയനുകളിലധികവും പുറംകാഴ്ച കൊണ്ട് തന്നെ അതിശയകരമാണ്. അത്രമാത്രം വ്യത്യസ്തമാര്‍ന്ന ഡിസൈനുകളിലാണ് ഓരോ പവലിയനും നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യ അങ്ങനെയല്ല.
ഇന്ത്യന്‍ പവലിയന്റെ മൂന്ന് ചുറ്റും സ്‌ക്വയര്‍ രൂപത്തില്‍ പാളികള്‍ പിടിപ്പിച്ചിട്ടുണ്ട്. സ്വയംതിരിയുന്ന 600 പാനലുകളാണവ. പകല്‍ നേരത്ത് കണ്ടാല്‍ ആസ്വദിക്കാനാവില്ല. അവയുടെ സൗന്ദര്യം കാണണമെങ്കില്‍ രാവ് വരെ കാത്തിരിക്കണം. നേരം ഇരുട്ടുമ്പോഴേക്കും ഇന്ത്യന്‍ പവലിയന്റെ പുറംകാഴ്ച മറ്റൊന്നായി മാറുന്നു. 600 പാനലുകളും സ്വയം തിരിഞ്ഞുകൊണ്ടിരിക്കും. ഡിസൈനുകള്‍ മാറികൊണ്ടിരിക്കും. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ സൂചിപ്പിക്കുന്ന 75 കഥകളാണ് കെട്ടിടത്തിന് ചുറ്റും മിന്നിമറയുന്നത്. എന്തൊരു ഭംഗിയാണ് ആ കാഴ്ചകള്‍. സംഗീതവും നൃത്തവിസ്മയവുമൊക്കെയായി എത്രപെട്ടെന്നാണ്, വിരസമെന്ന് തോന്നിപ്പിച്ച ആ കെട്ടിടം അതിമനോഹരമായ കൂറ്റന്‍ സ്‌ക്രീനായി മാറിയത്. ഇന്ത്യയുടെ ജീവന്‍ തുടിക്കുന്ന അനേകം ചിത്രങ്ങള്‍ ആ മഹാസ്‌ക്രീനില്‍ തെളിയുമ്പോള്‍ കുളിരുകോരുന്നു; ഹൃദയങ്ങളില്‍..
ഇന്ത്യയെ അറിയുക എന്ന വിഭാഗത്തില്‍ തയ്യാറാക്കിയ 13 തീമുകള്‍ ആ കൂറ്റന്‍ സ്‌ക്രീനില്‍ തെളിയുന്നുണ്ട്. ആ കാഴ്ച കാണുന്ന ഓരോ ഭാരതീയനും അഭിമാന പുളകിതരാകുന്നു, ഞങ്ങള്‍ പവലിയന് മുന്നിലെ പ്രധാന കവാടത്തിലെത്തി. ചില്ലുഗ്ലാസുകള്‍ ഇരുവശങ്ങളിലേക്കും സ്വയം നീങ്ങി. മുന്നില്‍ ഞങ്ങളെ വരവേറ്റത് കേരളീയ സ്വാഗത കമാനം. അടുത്തിടയാണത്രെ കേരളത്തിന്റെ ഈ സ്വാഗത ബോര്‍ഡ് ഇവിടെ സ്ഥാപിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി ആദ്യവാരം ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചതിന്റെ സമ്മാനം. കൈകൂപ്പി നിന്ന വനിത ഞങ്ങളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു. നീലിമയില്‍ കുളിച്ചുനില്‍ക്കുന്ന വശ്യമാര്‍ന്ന കാഴ്ചകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്.
'ശൂന്യാകാശത്താണോ പപ്പ നമ്മള്‍...' ഫില്‍സ പെട്ടെന്നു തന്നെ ആ രംഗം കണ്ട് തിരിച്ചറിഞ്ഞിരുന്നു. ശരിക്കും ശൂന്യാകാശത്തേക്ക് കാലെടുത്തുവെച്ച ഒരു പ്രതീതി. മംഗള്‍യാന്‍ മാതൃകയുള്‍പ്പെടെ നേരിട്ടുകണ്ടപ്പോള്‍ അഭിമാനം മാനംതൊട്ടു. 'ഇന്ത്യക്കാരനാണ് ഡാാാാ...'
ബഹിരാകാശ ഗവേഷണങ്ങളെ കുറിച്ചുള്ള മനോഹരമായ കുറേ കാഴ്ചകളായിരുന്നു ഞങ്ങള്‍ക്ക് മുന്നില്‍. ഐ.എസ്.ആര്‍.ഒയുടെ നേട്ടങ്ങളും വിമാന നിമിഷങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. സ്വയം ബഹിരാകാശ യാത്രികനായി മാറിയോ എന്ന് തോന്നിപ്പോകുന്ന അനുഭവം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ നേട്ടങ്ങള്‍ എത്രപെട്ടെന്നാണ് സന്ദര്‍ശകരെ കീഴടക്കിക്കളയുന്നത്. ഞാന്‍ ശരിക്കും ത്രില്ലടിച്ചുനില്‍ക്കുകയാണ്.
'സൂപ്പറാണല്ലേ നമ്മുടെ ഇന്ത്യ...' സഹയാത്രികന്‍ ഇബ്രാഹിം അതിശയം പങ്കുവെച്ചു.
'ഇനി എന്തെല്ലാം കാണാനിരിക്കുന്നു. ഫോളോ മീ...' കൈകൊണ്ട് ആംഗ്യം കാണിച്ച് ഞാന്‍ മുന്നില്‍ നടന്നു.
ഇതേ നിലയില്‍ തന്നെ ഒരു ഭാഗത്ത് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ യോഗയുടെ കുറേ മനോഹര കാഴ്ചകളും കാണാം. യോഗ ഇതിനകം തന്നെ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അടയാളമായി മാറിയിട്ടുണ്ട്. യോഗയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുറേ ശില്‍പങ്ങളും എല്‍.ഇ.ഡി സ്‌ക്രീനില്‍ യോഗയെപരിചയപ്പെടുത്തുന്ന കുറേ ദൃശ്യങ്ങളും. ഭാരതീയനെന്ന നിലയില്‍ വലിയ അഭിമാനം തോന്നിയ നിമിഷങ്ങളാണ് ഇന്ത്യന്‍ പവലിയനിലെ ആദ്യ കാഴ്ചകള്‍ തന്നെ ഞങ്ങള്‍ക്ക് സമ്മാനിച്ചത്.
'നമ്മളോടാ കളി, ഇന്ത്യയെ ശരിക്കും മനസ്സിലാക്കിയിട്ടില്ല ആരും...' കെ.എം ഹാരിസിന്റെ വാക്കുകളില്‍ മാതൃരാജ്യത്തോടുള്ള അഭിമാനം നുരഞ്ഞുപൊങ്ങുന്നു. ഫിദ ഒരു നിമിഷം പോലും പാഴാക്കാതെ ഒരോ കാഴ്ചകളും ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്.
ഒന്നാംനിലയില്‍ ഇന്ത്യയുടെ ഹൃദയം തന്നെയാണ് തുടിച്ചുനില്‍ക്കുന്നത്. ചുറ്റും സ്ഥാപിച്ചിട്ടുള്ള എല്‍.ഇ.ഡി സ്‌ക്രീനില്‍ ഇന്ത്യയുടെ വിവിധ സംസ്‌കാരങ്ങളും കലാരൂപങ്ങളും നിറഞ്ഞുനില്‍ക്കുന്ന വീഡിയോ ചിത്രങ്ങള്‍ മനോഹരമായ കാഴ്ചയായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. നൃത്തങ്ങളും കളരിപ്പയറ്റ് അടക്കമുള്ള അഭ്യാസങ്ങളുമൊക്കെയായി രാജ്യത്തെ പ്രശസ്തമായ എല്ലാ കലാരൂപങ്ങളും അവിടെ നിറഞ്ഞാടുന്നുണ്ട്. നാല് വശവും റൂഫിലും ഘടിപ്പിച്ച സ്‌ക്രീനില്‍ അവ കണ്‍കുളിര്‍ക്കെ കണ്ടാസ്വദിക്കുകയാണ് എല്ലാവരും. ഭൂ പ്രകൃതിയുടെ മനോഹാരിതയില്‍ വിവിധ സംസ്‌കാരങ്ങളുടെ തുടിപ്പുകളുമൊക്കെ കണ്ടപ്പോള്‍ ഇന്ത്യയെ ശരിക്കും തൊട്ടറിഞ്ഞ അനുഭൂതി. ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇവിടെ കുടിയിരുത്തിയിരിക്കുന്നു.
വൈവിധ്യങ്ങളുടെ മഹാസംഗമങ്ങളായ എന്റെ ഇന്ത്യ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അനേകം കാഴ്ചക്കാരില്‍ വലിയ വിസ്മയം തീര്‍ക്കുന്നുണ്ടെന്ന് ഓരോ രാജ്യങ്ങളില്‍ നിന്നും എത്തിയവരുടെ മുഖത്തുനിന്ന് വായിച്ചെടുക്കാന്‍ കഴിയും.
വിവിധ സംസ്‌കാരങ്ങളുടെ ചെറുപുഴ ഒരിടത്ത് വന്ന് സംഗമിച്ച് ആഹ്ലാദത്തിന്റെ കടലില്‍ അലിയുന്നത് പോലെ...
രണ്ടാംനില ഇന്ത്യയുടെ ശതകോടി അവസരങ്ങളിലേക്ക് വാതില്‍ തുറക്കുന്നതാണ്.
ബ്രിട്ടീഷുകാരോട് പടപൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ 75 സുവര്‍ണ്ണ വര്‍ഷങ്ങള്‍ പിന്നിട്ട നമ്മുടെ ഭാരതത്തിന്റെ മഹാകുതിപ്പിന്റെ മനോഹര കാഴ്ചകള്‍. ഇന്ത്യ കൈവരിച്ച നേട്ടങ്ങളും പുരോഗതിയുടെ അടയാളങ്ങളും ഇവിടെ കൃത്യമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. വൃത്താകൃതിയില്‍ സജ്ജീകരിച്ച എല്‍.ഇ.ഡി സ്‌ക്രീനില്‍ ഇന്ത്യയുടെ ഓരോ പുരോഗതിയും മിന്നിമറയുന്നുമുണ്ട്. പിന്നിട്ട ഏഴര പതിറ്റാണ്ടിന്റെ വിജയ നേട്ടങ്ങള്‍...
ഇതേ പവലിയനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളുമായി സംവദിക്കുന്ന വിവിധ വീഡിയോ ചിത്രങ്ങള്‍ എല്‍.ഇ.ഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകത്തെ വമ്പന്‍ നേതാക്കളെല്ലാം നമ്മുടെ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിന്റെയും സൗഹൃദം പങ്കുവെക്കുന്നതിന്റെയും നിരവധി മുഹൂര്‍ത്തങ്ങള്‍. ഭാരതീയന് അഭിമാനം പകരുന്നതാണ് ഈ കാഴ്ചയെങ്കിലും നേരത്തെ സന്ദര്‍ശിച്ച മറ്റു രാജ്യങ്ങളുടെ പവലിനുകളിലൊന്നും ഇത്തരം കാഴ്ചകളുണ്ടായിരുന്നില്ല. അവിടെയൊന്നും ആ രാജ്യങ്ങളുടെ തലവന്‍മാരെ എടുത്തുകാണിക്കുന്നില്ല. അതിലല്ല അവര്‍ക്ക് താല്‍പര്യം. തങ്ങളുടെ രാജ്യങ്ങളുടെ പുരോഗതിയും വളര്‍ച്ചയും കുതിപ്പും പത്തുമുപ്പത് വര്‍ഷം കഴിഞ്ഞാല്‍ രാജ്യം കൈവരിക്കാന്‍ പോകുന്ന നേട്ടങ്ങളുമൊക്കെയുമാണ് അവര്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇതേ നിലയില്‍ വ്യാപാര സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന ഡിസ്‌പ്ലേകളും കണ്ടു. വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മൂന്നാം നിലയില്‍ നിന്ന് ലിഫ്റ്റിലൂടെ സന്ദര്‍ശകര്‍ ഇറങ്ങുന്നത് ചരിത്രസ്മാരകങ്ങളുടെ കണ്‍കുളിര്‍ക്കുന്ന കാഴ്ചകളിലേക്കാണ്.
ഇന്ത്യയുടെ പ്രമുഖ ചരിത്ര സ്മാരകങ്ങള്‍ ഇവിടെ പലതരത്തില്‍ പുനസ്ഥാപിച്ചിട്ടുണ്ട്. അവയ്ക്ക് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാനുള്ള തിരക്കും കണ്ടു. ഓരോ ക്ലിക്കിലും ഓരോ ചരിത്രസ്മാരകങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി സായൂജ്യമടയുകയാണ് ഇന്ത്യയില്‍ നിന്നെത്തിയ പലരും. കുറച്ച് ഫോട്ടോസ് പകര്‍ത്തി ഞങ്ങള്‍ മറ്റൊരു ഭാഗത്തേക്ക് നടന്നു. അവിടെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കൂറ്റന്‍ പ്രതിമ വെച്ചിട്ടുണ്ട്.
ഈ വലിപ്പത്തില്‍ ഗാന്ധിജിയുടെ ഒരു പ്രതിയുണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ മനസ്സ് കൊണ്ട് ആഗ്രഹിച്ചുപോയത് കുഞ്ഞുനാള്‍ തൊട്ടെ ഒരു വികാരമായി രാഷ്ട്രപിതാവിന്റെ മുഖം ഹൃദയത്തില്‍ പതിഞ്ഞുപോയതുകൊണ്ടാവാം. ഇതേ ഫ്‌ളോറില്‍ തന്നെ വിവിധ ആരാധനാലയങ്ങളുടെ മാതൃകകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അവിടെ നിന്ന് ഞങ്ങള്‍ ഇറങ്ങിയത് കുറേപേര്‍ കൂടി നില്‍ക്കുകയായിരുന്ന ഒരു ഭാഗത്തേക്കാണ്. എന്താണെന്ന് അറിയാന്‍ ഞങ്ങള്‍ക്കും കൗതുകമായി. ഹാജറ സഫ എന്നെ പിടിച്ചുവലിക്കുന്നുണ്ട്. 'പ്രധാനമന്ത്രി'യുടെ ഫോട്ടോയ്ക്ക് സമീപം ഇരുന്ന് ഫോട്ടോ എടുക്കാനുള്ള തിരക്കായിരുന്നു അത്. പ്രധാനമന്ത്രി ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ അവസരം ലഭിക്കുക എന്നത് ഏതൊരു ഭാരതീയനെ സംബന്ധിച്ചും വലിയ അഭിമാനകരമായ കാര്യമാണ്.
എന്നാല്‍ കമ്പ്യൂട്ടറില്‍ പുതിയ ടെക്‌നോളജി ഉപയോഗിച്ച് ഉണ്ടാക്കിയ വെറും വിദ്യയായിരുന്നു ആ ഫോട്ടോ പിടിത്തം. അവിടെ രണ്ട് വശങ്ങളിലായി രാജകീയത തോന്നിപ്പിക്കുന്ന രണ്ട് വലിയ കസേരകള്‍ വെച്ചിട്ടുണ്ട്.
കസേരകളുടെ രണ്ടുഭാഗത്തും ദേശീയ പതാകയും കാണാം.
ഒരു വശത്തെ കസേരയില്‍ നമ്മള്‍ ഇരുന്ന്, എതിര്‍ കസേരയില്‍ പ്രധാനമന്ത്രി ഉണ്ട് എന്ന സങ്കല്‍പ്പിച്ച് കൈകൂപ്പി, ചിരിച്ചുകൊണ്ട് നമസ്‌തേ എന്നുപറയണം.
സത്യത്തില്‍ അവിടെ പ്രധാനമന്ത്രി ഇരിക്കുന്നില്ല. പ്രധാനമന്ത്രി ഒരു കസേരയില്‍ ഇരിക്കുന്ന ഫോട്ടോ നേരത്തെ തന്നെ കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്തുവെച്ചിട്ടുണ്ട്.
നമ്മള്‍ ഒരു നിമിഷം ഇരുന്നാല്‍ മതി.
കമ്പ്യൂട്ടര്‍ സ്വയം ക്ലിക്കടിക്കും. അവിടെ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നമ്മുടെ മെയില്‍ അഡ്രസ് നല്‍കണം.
പത്തുമിനിറ്റ് കഴിഞ്ഞാല്‍ മെയില്‍ അഡ്രസില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം ഇരുന്ന് നമ്മള്‍ കൈകൂപ്പി ഇരിക്കുന്ന ഫോട്ടോ കിട്ടും. എന്നാല്‍ ഈ ഏര്‍പ്പാടിനോട് എനിക്ക് താല്‍പര്യം തോന്നിയില്ല.
എന്നെപോലെ ചിന്തിച്ചത് കൊണ്ടായിരിക്കാം മറ്റു പലരും ആ ഫോട്ടോ പിടിത്തത്തിന് നില്‍ക്കാതെ നടന്നുനീങ്ങുന്നത് കണ്ടു. എന്നാല്‍ 'പ്രധാനമന്ത്രി' യോടൊപ്പം ഫോട്ടോ എടുക്കാന്‍ തിരക്കുകൂട്ടിയവരായിരുന്നു അധികവും.