കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ച സംഭവം; ചൊട്ട ഗ്രാമം കണ്ണീര്‍പ്പുഴയായി

കുണ്ടംകുഴി: തിങ്കളാഴ്ച സായാഹ്നത്തില്‍ ചൊട്ട ഗ്രാമം വിറങ്ങലിച്ചു. ദുരന്തവാര്‍ത്ത കേട്ടവര്‍ ചൊട്ടയിലേക്കോടി. അവധി ആഘോഷത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിത്താണ വിവരം ആദ്യം ആര്‍ക്കും ഉള്‍കൊള്ളാനായില്ല. അധികം താമസിയാതെ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ആ യാഥാര്‍ഥ്യത്തെ നേരിടേണ്ടി വന്നു. കുണ്ടംകുഴി ഗദ്ദമൂലയിലെ കെ. നിധിന്‍ കുമാര്‍ (35), ഭാര്യ കെ.സി ദീക്ഷ (28), നിധിന്റെ സഹോദരപുത്രന്‍ മനീഷ് കുമാര്‍ (15) എന്നിവരാണ് പുഴയില്‍ മുങ്ങിമരിച്ചത്. പാറപ്പുറത്തിരിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണ ദീക്ഷയെ രക്ഷിക്കുന്നതിനിടയിലാണ് നിധിനും ഇവരെ […]

കുണ്ടംകുഴി: തിങ്കളാഴ്ച സായാഹ്നത്തില്‍ ചൊട്ട ഗ്രാമം വിറങ്ങലിച്ചു. ദുരന്തവാര്‍ത്ത കേട്ടവര്‍ ചൊട്ടയിലേക്കോടി. അവധി ആഘോഷത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിത്താണ വിവരം ആദ്യം ആര്‍ക്കും ഉള്‍കൊള്ളാനായില്ല. അധികം താമസിയാതെ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ആ യാഥാര്‍ഥ്യത്തെ നേരിടേണ്ടി വന്നു. കുണ്ടംകുഴി ഗദ്ദമൂലയിലെ കെ. നിധിന്‍ കുമാര്‍ (35), ഭാര്യ കെ.സി ദീക്ഷ (28), നിധിന്റെ സഹോദരപുത്രന്‍ മനീഷ് കുമാര്‍ (15) എന്നിവരാണ് പുഴയില്‍ മുങ്ങിമരിച്ചത്. പാറപ്പുറത്തിരിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണ ദീക്ഷയെ രക്ഷിക്കുന്നതിനിടയിലാണ് നിധിനും ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മനീഷ് കുമാറും അപകടത്തില്‍പെട്ടത്. ഇത് കണ്ട അടുത്ത ബന്ധുവും രക്ഷിക്കാന്‍ ഇറങ്ങിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അലമുറയിട്ട് നാട്ടുകാരെ വിളിച്ചു കൂട്ടിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിനിടയില്‍ പരിസരവാസിയായ ഗിരീഷ് പുഴയിലേക്കെടുത്തു ചാടി മനീഷിനെ കരക്കെത്തിച്ചെങ്കിലും മനീഷ് മരിച്ചിരുന്നു.
മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടര്‍ന്നു. നാട്ടുകാരും പൊലീസും അഗ്‌നിശമന സേനയും നടത്തിയ അന്വേഷണത്തില്‍ വൈകിട്ട് അഞ്ചര മണിയോടെ നിധിന്‍ കുമാറിന്റെയും ദീക്ഷയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ഉച്ചഭക്ഷണ ശേഷം മൂന്ന് മണിയോടെയാണ് ബന്ധുക്കളായ പത്തംഗ സംഘം പുഴക്കരികില്‍ എത്തിയത്. നിധിന്‍ കുമാറിന്റെ വീട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരെയാണ് പുഴ. കനത്ത മഴ പെയ്തതിനാല്‍ പുഴയില്‍ നല്ല വെള്ളമുണ്ടായിരുന്നു. പാറക്കല്ലില്‍ നില്‍ക്കുകയായിരുന്ന ദീക്ഷ കാല്‍ വഴുതി വെള്ളത്തില്‍ വീണു. ഇത് കണ്ട് നിധിന്‍ കുമാര്‍ കൈപിടിച്ച് ദീക്ഷയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ രണ്ടാളും വെള്ളത്തില്‍ മുങ്ങി പോയി. നിധിനും ദീക്ഷയും വെള്ളത്തില്‍ മുങ്ങിതാഴുന്നത് കണ്ട് മനീഷും പുഴയില്‍ ചാടി. നീന്താനറിയാത്ത മനീഷും വെള്ളത്തില്‍ താണു. ഇവരുടെ മരണവെപ്രാളം കണ്ട് അടുത്ത ബന്ധുവായ രാമാനന്ദ പുഴയിലേക്ക് ചാടി. രണ്ടാള്‍ പൊക്ക വെള്ളത്തില്‍ നിന്ന് മനീഷിനെയെടുത്ത് നീന്തി കരക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴേക്കും രാമാനന്ദ ബോധം കെട്ട് വീണിരുന്നു. തുടര്‍ന്ന് സമീപവാശിയായ ഗിരീഷ് ആഴത്തില്‍ മുങ്ങി മനീഷിനെ കരക്കെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മറ്റു രണ്ടു പേരെ കണ്ടെത്താനുള്ള ശ്രമവും പാളി. അതിനിടെ അഗ്‌നി രക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ തുടര്‍ന്നു. വൈകിട്ട് അഞ്ചര മണിയോടെ പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ സംഘമായ സ്‌ക്യൂബയാണ് നിധിന്റെയും ദീക്ഷയുടെയും മൃതദേഹങ്ങള്‍ കരക്കെത്തിച്ചത്.
അടുത്ത ബന്ധുക്കളായ മൂന്ന് പേരുടെ മുങ്ങിമരണം നാടിനെ കണ്ണീരാഴ്ത്തി. നിധിന്‍-ദീക്ഷ ദമ്പതികളുടെ രണ്ടര വയസുള്ള കുട്ടി ഇതൊന്നുമറിയാതെ അപ്പോഴും കരയില്‍ കളിക്കുകയായിരുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന നിധിന്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. രണ്ടു പേരുടെയും വിവാഹ വാര്‍ഷികം മെയ് 26ന് നടക്കാനിരിക്കെയാണ് ദുരന്തം. ഗദ്ദമൂലയിലെ ചന്ദജി റാവുവിന്റെയും ഭാനുമതിയുടെയും മകനാണ് നിധിന്‍ കുമാര്‍. കിഷോര്‍, ശശികുമാര്‍, സുഭാഷിണി എന്നിവര്‍ സഹോദരങ്ങള്‍. ചന്ദ്രശേഖരന്റെയും സുശീലയുടെയും മകളാണ് ദീക്ഷ. ലിഖിതാണ് സഹോദരന്‍. നിധിന്റെ സഹോദരന്‍ കിഷോറിന്റെ മകനാണ് മനീഷ് കുമാര്‍. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകിട്ടോടെ മൃതദേഹങ്ങള്‍ സംസ്‌കകരിച്ചു. രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ എന്നിവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

Related Articles
Next Story
Share it