കാസര്‍കോട്: ചാഞ്ചാടുന്ന സാംസ്കാരിക നായകന്മാര് കാലത്തിന്റെ ചവറ്റുകുട്ടയിലേക്കെറിയപ്പെടുമെന്ന് സി.പി. ജോണ്‍ അഭിപ്രായപ്പെട്ടു. ആനുകാലിക സംഭവങ്ങളില്‍ പ്രതികരിക്കുന്ന സാംസ്കാരിക നായകന്മാര് അവരുടെ പ്രതികരണം കേവലം ഒറ്റയ്ക്കോ കൂട്ടായോ ഉള്ള ഒരു പ്രസ്താവനയില്‍ മാത്രം ഒതുക്കുകയല്ല വേണ്ടത്, മറിച്ച് തങ്ങളുടെ രചനകളിലൂടെ അത് പ്രതിഫലിപ്പിക്കുമ്പോഴാണ് സാംസ്കാരിക നായകന്മാരുടെ പ്രതിഷേധം അതിന്റെ യഥാര്‍ത്ഥ തലത്തിലേക്കെത്തുന്നതെന്ന് ധനകാര്യ വിഗ്ദനും സി.എം.പി സംസ്ഥാന സെക്രട്ടറിയുമായ സി.പി. ജോണ്‍ പറഞ്ഞു. ചിത്രകാരന് അവന്റെ ചിത്രങ്ങളിലൂടെയോ എഴുത്തുകാരന് അവന്റെ ചെറുകഥകളിലൂടേയോ, കവിതകളിലൂടെയോ തന്റെ പ്രതികരണം വെളിപ്പെടുത്തുമ്പോള്‍ അതിന് ആയുധങ്ങളേക്കാളും മൂര്‍ച്ച കൂടും. നിര്‍ണായ സംഭവങ്ങളില്‍ പ്രതികരണവുമായി വരാറുള്ള സാംസ്കാരിക നായകന്മാര് ചില സന്ദര്‍ഭങ്ങളില്‍ മൗനികളാവുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്കാരികം-കാസര്‍കോട് സംഘടിപ്പിച്ച ‘ആനുകാലിക വിഷയങ്ങളിലെ സാംസ്കാരിക മുഖം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജ്യോതി ലക്ഷ്മി വിഷയാവതരണം നടത്തി. സി.വി. ഭാവനന്‍, ഹമീദ് കാവില്‍, രാഘവന്‍കുളങ്ങര, ശബരിനാഥ് കോടോത്ത്, രാമകൃഷ്ണന് മോനാച്ച, സി.കെ. കണ്ണന്, ദീപേഷ് കുറുവാട്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രഭാകരന് കരിച്ചേരി മോഡറേറ്ററായിരുന്നു. എം.അസിനാര്‍ സ്വാഗതവും സീമഹരി കൊട്ടില നന്ദിയും പറഞ്ഞു.