കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉദ്ഘാടനം നാളെ

ജില്ലക്ക് അനുവദിക്കപ്പെട്ടത് പോക്‌സോ കേസുകള്‍കൈകാര്യം ചെയ്യുന്ന മൂന്നാമത്തെ കോടതി കാസര്‍കോട്: പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി കാസര്‍കോട്ട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടെ ഉദ്ഘാടനവും ഹൊസ്ദുര്‍ഗ് കോടതി കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനുള്ള ഭൂമി കൈമാറ്റവും നാളെ നടക്കുമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സി. കൃഷ്ണകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നു മണിക്ക് ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വിദ്യാനഗറില്‍ കുടുംബകോടതി കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഫാസ്റ്റ് ട്രാക്ക് […]

ജില്ലക്ക് അനുവദിക്കപ്പെട്ടത് പോക്‌സോ കേസുകള്‍
കൈകാര്യം ചെയ്യുന്ന മൂന്നാമത്തെ കോടതി

കാസര്‍കോട്: പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി കാസര്‍കോട്ട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടെ ഉദ്ഘാടനവും ഹൊസ്ദുര്‍ഗ് കോടതി കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനുള്ള ഭൂമി കൈമാറ്റവും നാളെ നടക്കുമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സി. കൃഷ്ണകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നു മണിക്ക് ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വിദ്യാനഗറില്‍ കുടുംബകോടതി കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടെ പ്രവര്‍ത്തനം തുടങ്ങുന്നത്.
കാസര്‍കോട്ട് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളുമായും മറ്റും ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു കോടതി കൂടി നിലവില്‍ വരുന്നതോടെ കെട്ടിക്കിടക്കുന്ന പോക്‌സോ കേസുകള്‍ക്ക് വേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ കഴിയുമെന്ന് ജഡ്ജ് സി. കൃഷ്ണകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് അനുവദിച്ച 28 ഫാസ്റ്റ് ട്രാക്ക് കോടതികളിലൊന്നാണ് കാസര്‍കോട്ട് അനുവദിച്ചിരിക്കുന്നത്. നിലവില്‍ പോക്‌സോ കേസുകള്‍ പരിഗണിക്കുന്നത് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയും ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് കോടതിയുമാണ്. ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ പോക്‌സോ കേസുകള്‍ക്ക് പുറമെ മറ്റ് കേസുകള്‍ കൂടി പരിഗണിക്കുന്നുണ്ട്. പോക്‌സോ കേസുകള്‍ കഴിയുന്നത്ര വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ ശിക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉണ്ടെങ്കില്‍ കൂടിയും മറ്റ് പ്രധാനപ്പെട്ട കേസുകള്‍ കൂടി കൈകാര്യം ചെയ്യേണ്ടിവരുന്നതിനാല്‍ ഇത്തരം കേസുകളില്‍ അല്‍പ്പം കാലതാമസം നേരിടേണ്ടിവരുന്നുണ്ട്. പോക്‌സോ കേസുകളില്‍ വിചാരണയും അനുബന്ധ നടപടികളും നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതി പ്രയോജനപ്പെടുമെന്ന് ജഡ്ജ് വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ പോക്‌സോ കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും എന്നാല്‍ മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ കാസര്‍കോട്ട് കേസുകള്‍ കുറവാണെന്നും ജഡ്ജ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പല ഫാസ്റ്റ് ട്രാക്ക് കോടതികളിലും ഇപ്പോഴും ആയിരത്തിലേറെ പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. പോക്‌സോ കോടതികളില്‍ ബാക്കിയുള്ള കേസുകള്‍ അമ്പതില്‍ താഴെയായിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതിയില്‍ മുന്നൂറോളം കേസുകളിലും ഹൊസ്ദുര്‍ഗ് കോടതിയില്‍ 150 ഓളം കേസുകളിലും വിധി പറയാനുണ്ട്. തികച്ചും സൗഹൃദാന്തരീക്ഷത്തിലായിരിക്കും പ്രത്യേക കോടതിയില്‍ വിചാരണ നടക്കുക. കുട്ടികള്‍ക്ക് ഒരു വിധത്തിലും മാനസികസമ്മര്‍ദ്ദമുണ്ടാകാത്ത തരത്തിലാണ് കോടതിയുടെ ക്രമീകരണം. ഒരു പാര്‍ക്കില്‍ പോകുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന നല്ല മാനസികാവസ്ഥയായിരിക്കണം കോടതിയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത്. ഇരകളായ കുട്ടികള്‍ക്ക് പ്രത്യേകമായി സാക്ഷിക്കൂടുണ്ടാകും. പ്രതിക്കും മറ്റുള്ളവര്‍ക്കും കുട്ടിയെ കാണാന്‍ സാധിക്കില്ല. ജഡ്ജിക്കും ഇരയായ കുട്ടിക്കും കോടതിയിലേക്ക് പ്രത്യേക പ്രവേശനകേന്ദ്രമുണ്ടാകും. പ്രത്യേക കോടതിക്കായി ജഡ്ജും ജീവനക്കാരും തയ്യാറായിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം ഉടനെയുണ്ടാകുമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പറഞ്ഞു. ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എം. നാരായണഭട്ട്, സെക്രട്ടറി പ്രദീപ് റാവു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles
Next Story
Share it