നെപ്പോളിയന്‍ വാണ നാട്ടില്‍...

നിരന്തരമായ യാത്രകളായിരുന്നു പ്രവാചകന്‍മാരുടെ ജീവിതങ്ങള്‍. സഞ്ചരിക്കുന്നവര്‍ ഒരിക്കലും ഇരുട്ടിലാവില്ല എന്ന വചനത്തെ ഉള്‍കൊണ്ട് ലോകത്തിന്റെ അതിരുകളോളം അവര്‍ നടന്നു പോയി. പാതകള്‍ക്കു വെളിച്ചവും പാദങ്ങള്‍ക്കു വിളക്കുമായി തങ്ങളിലൂടെ നടക്കുന്നവര്‍ അന്ധകാരത്തിലല്ലെന്ന് അവരൊക്കെയും പറഞ്ഞു. പാതയില്ലാത്ത നടത്തമാണ് സത്യമെന്നും. മസ്‌കത്തിലെ ഐ.ടി. മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന 2016 കാലം തൊട്ടാണ് അമീര്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും സന്ദര്‍ശിക്കുന്നത്. യൂറോപ് സന്ദര്‍ശിക്കാനുണ്ടായ പ്രധാന കാരണം അമീര്‍ വ്യക്തമാക്കുന്നതിങ്ങനെ: ഏഴാം കടലിനക്കരെ പോയി തിരിച്ച് വന്നത് ഇവിടത്തെ മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായപ്പോള്‍ […]

നിരന്തരമായ യാത്രകളായിരുന്നു പ്രവാചകന്‍മാരുടെ ജീവിതങ്ങള്‍. സഞ്ചരിക്കുന്നവര്‍ ഒരിക്കലും ഇരുട്ടിലാവില്ല എന്ന വചനത്തെ ഉള്‍കൊണ്ട് ലോകത്തിന്റെ അതിരുകളോളം അവര്‍ നടന്നു പോയി. പാതകള്‍ക്കു വെളിച്ചവും പാദങ്ങള്‍ക്കു വിളക്കുമായി തങ്ങളിലൂടെ നടക്കുന്നവര്‍ അന്ധകാരത്തിലല്ലെന്ന് അവരൊക്കെയും പറഞ്ഞു. പാതയില്ലാത്ത നടത്തമാണ് സത്യമെന്നും.
മസ്‌കത്തിലെ ഐ.ടി. മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന 2016 കാലം തൊട്ടാണ് അമീര്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും സന്ദര്‍ശിക്കുന്നത്. യൂറോപ് സന്ദര്‍ശിക്കാനുണ്ടായ പ്രധാന കാരണം അമീര്‍ വ്യക്തമാക്കുന്നതിങ്ങനെ: ഏഴാം കടലിനക്കരെ പോയി തിരിച്ച് വന്നത് ഇവിടത്തെ മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായപ്പോള്‍ സുഹൃത്തുക്കളായ രാകേശ് നായരും മൊയീനും ഒപ്പം കൂടി. എങ്ങനെയെങ്കിലും 'ഷങ്കണ്‍ വിസ' ലഭ്യമാക്കി തങ്ങളെയും കൂട്ടി ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്ന്. നിര്‍ബന്ധം തുടര്‍ന്നു പോയപ്പോള്‍ രണ്ടും കല്‍പിച്ചിറങ്ങി. മസ്‌കത്തിലെ ഫ്രഞ്ച് എംബസിയില്‍ നിന്നും മൂവര്‍ക്കും ഒരു മാസത്തെ കാലയളവിലുള്ള വിസ നിഷ് പ്രയാസം അനുവധിച്ചു കിട്ടി. എനിക്കൊറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ. ആദ്യം ഫ്രാന്‍സിലെത്തണം. ഫ്രഞ്ച് വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കാന്‍, 1889 ല്‍ ഗുസ്താവ് ഈഫല്‍ എന്ന സിവില്‍ എഞ്ചിനീയറുടെ തലയില്‍ ഉദിച്ച 'ഈഫല്‍ ടവറി' ല്‍ നിന്നും യാത്ര തുടങ്ങണം. മറ്റു രണ്ടു പേരും അതംഗീകരിച്ചു. അങ്ങനെ 2018 ആഗസ്റ്റ് 25 ന് ഞങ്ങള്‍ മൂവര്‍ സംഘം ഏതാണ്ട് അരപ്പകല്‍ ദൂരം മസ്‌കത്ത് വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്ത് പാരീസിലെ 'ചാള്‍സ് ഡി. ഗുലേ'ഏര്‍പ്പോട്ടിലേക്കെത്തുമ്പോള്‍ അവിടത്തെ പ്രാദേശിക സമയം വൈകുന്നേരം 4 മണി. ഫ്രാന്‍സിലെ പ്രധാന ഇന്റര്‍നാഷണല്‍ ഏര്‍പോര്‍ട്ടുകളിലൊന്നാണ് ചാള്‍സ് ഡി. ഗുലേ. എമിഗ്രേഷനും ബാഗേജ് ക്ലിയറന്‍സും കഴിഞ്ഞപ്പോള്‍ 'മള്‍ട്ടി പ്രയര്‍ ഹാള്‍' എന്നെഴുതി വലതു വശം ചൂണ്ടിയടുത്തേക്ക് ഞങ്ങള്‍ ബാക്പാക്കുകളുമായി പതിയെ നീങ്ങി. വിവിധ മതസ്ഥര്‍ക്ക് പ്രത്യേകം പ്രത്യേകം പ്രാര്‍ഥിക്കാനുളള ഇടമാണത്. യൂറോപ്പില്‍ ഷോപ്പിംഗ് മാളുകളടക്കം പലേടത്തും ഇത് പോലെ മള്‍ട്ടി പ്രയര്‍ ഹാളുകള്‍ ധാരാളമായി കാണാം. വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും അവര്‍ നല്‍കുന്ന പരിഗണന വളരെ വലുതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവരൊരിക്കലും അന്യന്റെ മതങ്ങളില്‍ ഇടപെടാന്‍ പോയില്ല. അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടില്ല. 'എന്റെ ഈശ്വരന്‍ എന്റെ ഉളളിലാണ് നിങ്ങള്‍ പോയി പ്രാര്‍ത്ഥിച്ചു വാ' എന്ന് രാകേശ് പറഞ്ഞപ്പോള്‍ ബാഗേജുകള്‍ നോക്കാന്‍ അവനെ ഏല്‍പിച്ച് ഞാനും മൊയീനും അവിടെ വെച്ച് രണ്ട് റകഅത്ത് നമസ്‌കരിച്ചു. പ്ലാനിങ്ങും പ്രിപ്പറേഷനും പ്രാക്ടീസും പോസിറ്റീവ് തിങ്കിങ്ങും സാധ്യമാക്കിയ കരുണാമയനോട് എനിക്ക് വേണ്ടിയുളള പ്രയറായിരുന്നു അത്. മുത്താകുന്നതിന് മുമ്പ് മഞ്ഞു തുള്ളിക്ക് ഏറെ കടമ്പകള്‍ കടക്കാനുണ്ടെന്ന സത്യം മനസ്സിലാക്കിയ ഒരുത്തന്റെ ദൈവത്തോടുള്ള അതിയായ അനുസരണം. ദൈവമേ ഞാന്‍ ഒരു പുല്ലാങ്കുഴല്‍ നാദമാകാന്‍ പ്രയത്‌നിക്കുന്നു. അതിന്റെ എല്ലാ സുഷിരങ്ങളും നിന്റെ ശബ്ദം കൊണ്ട് നിറക്കേണമേ എന്നായിരുന്നു എപ്പോഴും എന്റെ പ്രാര്‍ഥനകള്‍.
എല്ലാ യാത്രകളിലും ഞാന്‍ പ്രാര്‍ഥനകള്‍ ഒഴിവാക്കാറില്ലായിരുന്നു. എത്തിയിടം, ആ ഭൂമിയില്‍ നെറ്റിവെച്ച് ദൈവത്തിന് സാഷ്ടാംഗം ചെയ്യുമ്പോള്‍ മനസ്സ് തുരുതുരെ ഉരുവിടും, 'നാഥാ.....' നീ സൃഷ്ടിച്ചതൊന്നും വൃഥാ ലീലാവിലാസത്തിനല്ലെന്ന്. കഠിനമായ അഗ്‌നി പരീക്ഷണങ്ങളില്‍ നിന്നും നീ ഞങ്ങളെ കരകയറ്റിയാലും എന്ന്. 'പുറത്തിറങ്ങി, മുന്നില്‍ നിരനിരയായി നില്‍ക്കുന്ന അന്താരാഷ്ട്ര 'റെന്റ് എ കാര്‍' കമ്പനികളുടെ കൊച്ചു കൊച്ചു കിയോസ്‌ക്കുകള്‍. ഇന്ത്യന്‍, ഒമാന്‍, ഇന്റര്‍നാഷണല്‍ ലൈസന്‍സുകളും മാസ്റ്റര്‍, വിസ കാര്‍ഡുകളും കയ്യില്‍ ഉള്ളത് കൊണ്ട് കാര്‍ ലഭ്യമാകാന്‍ പ്രയാസമൊന്നുമുണ്ടായില്ല. പക്ഷേ ഒരു ദിവസത്തേക്ക് കാര്‍ വാടകയ്‌ക്കെടുക്കാന്‍ ഓരോരുത്തരും പല പല വിലകളാണീടാക്കുന്നത്. നമ്മുടെ നാട്ടിലെപ്പോലെ തന്നെ. കാറുകളുടെ ബ്രാന്റുകള്‍ അനുസരിച്ച് വില വ്യത്യാസമെന്നു മാത്രം. ബാര്‍ഗൈന്‍ ചെയ്ത്, ചെയ്തവസാനം 'ഹെര്‍ട്‌സ്' റെന്റ് എ. കാറില്‍ നിന്നും 2000 ഇന്ത്യന്‍ രൂപ ദിവസ വാടക വരുന്ന ഒരു 'പ്യൂഷെ 306' കാറുമായി മുന്‍കൂര്‍ ബുക്ക് ചെയ്ത ഹോട്ടലില്‍ ഞങ്ങളെത്തി. മൂന്നുപേര്‍ക്ക് ഒന്നിച്ചു താമസിക്കാന്‍ പാകത്തിലുള്ള കിംഗ് സൈസ് ലോബിയാണ് ബുക്ക് ചെയ്തിരുന്നത്. മൂന്ന് പേരും കുളിച്ച് റഡിയായി പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് കെറ്റില്‍, ചായ, കാപ്പി, പാല്‍ പൊടി, പഞ്ചസാര തുടങ്ങി സകലം സജ്ജമാക്കിയ അടുക്കള ശ്രദ്ധയില്‍ പെട്ടത്. ഒരു ചായ ഉണ്ടാക്കാന്‍ നേരമില്ല.
ഈഫല്‍ നിയോണ്‍ വിളക്കുകളില്‍ നവോഡയായി ചമഞ്ഞൊരുങ്ങുന്നതിന് മുമ്പ് സൂര്യാസ്തമയത്തോടടുത്തുള്ള ഒരു കാഴ്ചയുണ്ട്. അതാണ് കാണേണ്ടത്.
ഞാനാണ് കാറോടിച്ചത്. രാകേശ് തൊട്ടടുത്തും മൊയീന്‍ പിന്‍ സീറ്റിലുമിരുന്ന് വഴിയോരക്കാഴ്ചകള്‍ ആസ്വദിക്കുകയാണ്. എന്തൊരു മനോഹാരിതയാണ് തെരുവുകള്‍ക്കൊക്കെയും. പഴമയുടെ അതേ ഭംഗി തുടരുന്ന ശില്‍പ ചാരുത. നിര്‍മാണം പാതി പൂര്‍ത്തിയായി സാമ്പത്തികം കൊണ്ട് കടം കയറിയ കോണ്‍ക്രീറ്റ് കാടുകളില്ല പാരീസില്‍. പൊട്ടിപ്പൊളിഞ്ഞ് താറുമാറായ റോഡുകളില്ല. ആമ്പുലന്‍സ് വാഹനങ്ങള്‍ക്ക് പോലും വഴി കൊടുക്കാത്ത ട്രാഫിക് ജാമുകളില്ല. എല്ലാവരും ദൈവത്തിന്റെ ദാസരായി ഭരണകൂടത്തിന്റെ ഉത്തമ പൗരരായി നിയമം അനുശാസിക്കുന്ന വഴികളിലൂടെ മനുഷ്യരായി ജീവിക്കുന്നു.
പാരീസ് നഗര ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് പാരീസ് കഫേകള്‍. പെട്ടെന്നാണ് പിന്നില്‍ നിന്നും 'കഫേയില്‍ കയറി ഒരു കാപ്പി കുടിച്ച് പുറപ്പെട്ടാലെന്താ' എന്ന് മോയിന്‍ അഭിപ്രായപ്പെട്ടത്. ഈഫല്‍ ടവറിലേക്ക് ഇനിയും 35 കി.മീറ്ററുണ്ടെന്ന് ജി.പി.എസിലെ കിളിനാദം മൊഴിഞ്ഞപ്പോള്‍, എങ്കില്‍ പിന്നെ അങ്ങനെയാവാമെന്നായി ഞങ്ങള്‍. വഴിയരികില്‍ കണ്ട കമനീയമായി അലങ്കരിച്ച ഒരു കഫേയില്‍ കയറി. ജനങ്ങളൊക്കെ സംസാരിക്കുന്നത് തനി ഫ്രഞ്ച് ഭാഷയില്‍ തന്നെ. ഇംഗ്ലീഷ് അത്യപൂര്‍വം. ആ ഇംഗ്ലീഷ് തന്നെ മനസ്സിലാക്കാന്‍ ദുഷ്‌കരവും . 'തീ ഓര്‍ കോഫീ?' എന്ന് വൈറ്റര്‍ വന്ന് ചോദിച്ചപ്പോള്‍ കോഫി എന്താണെന്ന് മനസ്സിലാക്കി അത് ഓര്‍ഡര്‍ ചെയ്തു. തീ എന്നത് ടീ ആണെന്ന് മനസ്സിലായത് ഏറെ വൈകിയാണ്. ലോകത്തെല്ലായിടത്തും കോഫി, കോഫി തന്നെയാണ്. മലയാളത്തിലുള്ള കാപ്പി പോലും കോഫിയാണ്.
ജോണ്‍ ഓഫ് ആര്‍ക്കിന്റെയും ലൂയി പതിനാറാമന്റേയും വിക്ടര്‍ യൂഗോയുടേയും നെപ്പോളിയന്റെയും മേരീ ക്യൂറിയുടേയും ആല്‍ഫ്രഡ് ഡെയ്ഫ്യൂസിന്റെയും ജീന്‍ പോള്‍ സാര്‍ത്രിന്റെയും ഗുസ്താവേ ഈഫലിന്റെയും മാക്‌സ് ലിന്ററിന്റെയും അലന്‍ ബെര്‍നാഡിന്റെയും സൈനുദ്ദീന്‍ സിദാന്റെയും എറിക് കാന്റോണയുടെയും ലിയോണ്‍ തിയറിയുടെയും നാട്ടില്‍ ഫ്രഞ്ച് കഴിഞ്ഞേയുളളൂ ബാക്കി ഏത് ഭാഷയും .ഇവിടെങ്ങാനുമായിരിക്കണം 'ജനങ്ങളുടെ പാര്‍ലമെന്റ്' എന്ന് വിശേഷിപ്പിച്ച 'ബാല്‍സാക് കഫെ' എന്ന് രാകേശ് വെറുതെ സന്ദേഹപ്പെട്ടു. 'നിങ്ങളുടെ അഭിപ്രായങ്ങളോട് എനിക്ക് യോജിക്കാന്‍ കഴിയില്ല; എങ്കിലും നിങ്ങളുടെ ആ അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കുവാന്‍ ഞാന്‍ നിരന്തരം പൊരാടുക തന്നെ ചെയ്യും' എന്ന് പ്രഖ്യാപിച്ച വിശ്വ പ്രശസ്ത തത്വജ്ഞാനി വോള്‍ട്ടയര്‍ , മാനവരാശിയേയും സംസ്‌കാരത്തേയും കുറിച്ച് വിചിന്തനം ചെയ്ത പ്രകോപ് കഫെയും ഇവിടെ തന്നെയാകണം. ഞാനും പറഞ്ഞു. പിന്നെ ഞങ്ങള്‍ അന്യോന്യം ചര്‍ച്ച ചെയ്തത്, ലോകമെമ്പാടുമുള്ള ബുദ്ധിജീവികളെയും കലാ സാഹിത്യകാരന്‍മാരെയും സംഗീതജ്ഞരെയും പാരീസ് കഫേകള്‍ ആ കര്‍ഷിച്ചതിനെപ്പറ്റിയായിരുന്നു.
'ദെലീലാ' എന്ന ഇവിടത്തെ ഒരു കഫേയിലിരുന്നാണ് ഏണസ്റ്റ് ഹെമിംഗ് വേ തന്റെ ആദ്യ നോവലായ 'ദി സണ്‍ ഓള്‍സോ റൈസ്' 1926 ല്‍ എഴുതിയതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
സാല്‍വഡോര്‍ ദാലി, പിക്കാസോ , മാര്‍ക് ചാഗല്‍ തുടങ്ങി വിശ്വാത ചിത്രകാരന്‍മാര്‍ സമ്മേളിച്ച 'മോപര്‍ണേ കഫേകള്‍', കാള്‍ മാര്‍ക്‌സും എംഗല്‍സും സമ്മേളിച്ചിരുന്ന :റീജന്‍സ് കഫെ' , ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, തോമസ് ജേവേഴ്‌സണ്‍, സാമുവല്‍ ബക്കറ്റ് തുടങ്ങിയവര്‍ മേളിച്ചിരുന്ന കഫേകള്‍.... ഒടുവിലൊടുവില്‍ , അമീര്‍ പളളിയാനും രാകേശ് നായരും മൊയിനും കൂടി കാപ്പി കുടിച്ച 'കഫേ ഡി പാരീസ് '....... നാളെ നമ്മളൊക്കെ ആരാകും എന്താകുമെന്നാര്‍ക്കറിയാം. ടാ ..... വാ പോകാം എന്നുരുവിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇരുമ്പ് വനിത എന്ന അപര നാമത്തിലറിയപ്പെടുന്ന ഈഫലിലേക്ക്. അസ്തമയമൊക്കെ കെട്ടടങ്ങി ഏഴ് മണി കഴിഞ്ഞിരുന്നു ഈഫലിലെത്തുമ്പോഴേക്കും. വൈകുന്നേരങ്ങളില്‍ ഈഫല്‍ സ്വര്‍ണ വര്‍ണങ്ങള്‍ കൊണ്ടലംകൃതമാകും. ഓരോ അഞ്ചു മിനിറ്റിലും അതിന്റെ ബീക്കണ്‍ പാരീസ് നഗരമാകെ തിളക്കമേല്‍പിക്കും. 1985 ഡിസംബര്‍ 31 ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറായ പിയറി ബിദ്യൂ അനാഛാദനം ചെയ്ത ഈ വെളിച്ച സംവിധാനത്തില്‍ 336 പ്രൊജക്ടറുകള്‍ ഘടിപ്പിച്ചു വെച്ചിരിക്കുന്നു. മഞ്ഞ, ഓറഞ്ച്, സോഡിയം വിളക്കുകള്‍ അടക്കം. ലോകത്ത് ഇന്നുള്ള എല്ലാ അംബരചുംബികളായ കെട്ടിടങ്ങളുടേയും രാത്രികാല പുനരുജ്ജീവനത്തിന്റെ ആദ്യാക്ഷരമായിരുന്നു ഈ പ്രകാശ വലയത്തിന്റെ ഏകകണ്ഠമായ ലോകമെമ്പാടുമുള്ള വിജയം. താഴെ നിന്ന് മുകളിലേക്ക് നയിക്കുന്ന പ്രകാശ രശ്മികള്‍ ഈ ലോകാത്ഭുതത്തെ അതിന്റെ ഘടനയുടെ ഉള്ളില്‍ നിന്ന് പ്രതിഫലിപ്പിക്കുന്നു.
ഈഫല്‍ ടവറിന്റെ നിര്‍മാണത്തിന് മുമ്പ് 300 മീറ്ററോ 200 മീറ്ററോ ഉയരത്തില്‍ ഒരു കെട്ടിട ഘടനയും ലോകത്തില്‍ നിര്‍മിച്ചിട്ടില്ലായിരുന്നു. ഇത് അസാധ്യമാണെന്ന് ആരംഭത്തില്‍ തന്നെ പലരും വിധി എഴുതി. പക്ഷേ ഈ വിമര്‍ശകരോടെല്ലാം ഗുസ്താവ് ഈഫലിന് പറയാനുണ്ടായിരുന്നത് ഇത്ര മാത്രമായിരുന്നു. എന്റെ ഗോപുരം മനുഷ്യന്‍ ഇരുവരേ നിര്‍മിച്ചിട്ടുള്ള തില്‍ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരിക്കും. ആരെന്ത് പറഞ്ഞാലും ഈ ഒരു ഉദ്യമത്തില്‍ നിന്നും ഞാന്‍ പിന്തിരിയുന്ന പ്രശ്‌നമേ ഇല്ല എന്ന് .ഒടുവില്‍ എല്ലാ വിമര്‍ശനങ്ങളേയും പുറം തിരിയലുകളേയും അതി ജീവിച്ച് ഈഫല്‍ യാഥാര്‍ഥ്യമായി. ഇന്നിത് ഘടനാപരമായ നിര്‍മിതി കലയുടെ ശ്രദ്ധേയമായ കാല്‍ വെപ്പായി ലോകം കണക്കാക്കുന്നു. സിനിമകളിലും സാഹിത്യത്തിലും സഞ്ചാരത്തിനും മുകളില്‍ ഈഫല്‍ ടവറിന്റെ ചെറിയ ഒരു റെപ്‌ളിക്കയെങ്കിലും , ഒരു കൊച്ചു ഈഫലെങ്കിലും സ്ഥലം പിടിക്കാത്ത ഒരിടവും ലോകത്ത് കടന്നു പോയിട്ടില്ലെന്ന് ലോകം സാക്ഷ്യം വഹിക്കുന്നു.

Related Articles
Next Story
Share it