കാസര്‍കോട്: റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ(65) കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ ഇന്നലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒന്നേകാല്‍ ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഒന്നാം പ്രതി പുലിയന്നൂര്‍ ചീര്‍ക്കുളം പുതിയ വീട്ടില്‍ വിശാഖ്(27), മൂന്നാം പ്രതി പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടില്‍ അരുണി എന്ന അരുണ്‍(30) എന്നിവരെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി സി. കൃഷ്ണകുമാര്‍ ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. രണ്ടാംപ്രതി ചെറുവാങ്ങക്കോട്ടെ റിനീഷിനെ(28) കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ ഇന്നലെ കോടതി വിട്ടയച്ചിരുന്നു. ജീവപര്യന്തത്തിന് പുറമെ ഒന്നും മൂന്നും പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി 17 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ഇവ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുക ജാനകിയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു.
2017 ഡിസംബര്‍ 13ന് രാത്രിയാണ് മുഖംമൂടി ധരിച്ച് വീട്ടില്‍ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 17 പവന്‍ സ്വര്‍ണാഭരണങ്ങളും 92,000 രൂപയും കവര്‍ന്നിരുന്നു. ജാനകിയുടെ നിലവിളി കേട്ട് ഉണര്‍ന്ന ഭര്‍ത്താവ് കെ. കൃഷ്ണനെ സംഘം കുത്തിപരിക്കേല്‍പ്പിച്ചു. കൃഷ്ണനും ഭാര്യ പി.വി ജാനകിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെ തിരിച്ചറിഞ്ഞതോടെ പ്രതികള്‍ ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. പ്രതികളില്‍ രണ്ടുപേരെ ജാനകി സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു. ഇവരെ തിരിച്ചറിഞ്ഞതിനാല്‍ ഇക്കാര്യം ജാനകി പുറത്തുപറയുമെന്ന ഭയമാണ് കവര്‍ച്ചക്ക് പുറമെ കൊലപാതകത്തിനും പ്രതികളെ പ്രേരിപ്പിച്ചത്. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം പിന്നീട് പയ്യന്നൂര്‍, കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ നിന്ന് കണ്ടെടുത്തു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ദിനേശ്കുമാര്‍ ഹാജരായി.