കഥയുടെ തണുപ്പത്ത്...

ചില നഷ്ടബോധങ്ങള്‍ ഉറക്കം കെടുത്തും. അത്തരമൊരു നഷ്ടബോധത്തിന്റെ നോവിലാണെങ്കിലും റാണിപുരത്ത് ഹുബാഷികയുടെ കഥാക്യാമ്പ് രാവേറെ വൈകിയ നേരത്തെങ്കിലും ഒന്നുപോയി കണ്ടുവരാന്‍ കഴിഞ്ഞുവല്ലോ എന്ന ആശ്വാസം ചെറുതല്ല. ആ രാത്രി റാണിപുരത്തിനായിരുന്നോ, കഥാക്യാമ്പിനായിരുന്നോ ഏറെ സൗന്ദര്യമെന്ന ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ എന്റെ മനസ് ഉള്‍വലിയുന്നുണ്ട്. ഒരുമണിക്കൂറിലേറെ നീണ്ട സ്വയം പരിചയപ്പെടലെന്ന അപൂര്‍വ്വ സെഷന് ഞാനും സാക്ഷിയായി. ഓരോ പരിചയപ്പെടലും അനുഭവം പറച്ചിലും ഓരോ നല്ല കഥകള്‍ക്ക് സമാനമായിരുന്നു. വൈകി എത്തിയവരാണെങ്കിലും എന്നെയും കെ. ശുഹൈബിനെയും അഡ്വ. വി.എം മുനീറിനെയും […]

ചില നഷ്ടബോധങ്ങള്‍ ഉറക്കം കെടുത്തും. അത്തരമൊരു നഷ്ടബോധത്തിന്റെ നോവിലാണെങ്കിലും റാണിപുരത്ത് ഹുബാഷികയുടെ കഥാക്യാമ്പ് രാവേറെ വൈകിയ നേരത്തെങ്കിലും ഒന്നുപോയി കണ്ടുവരാന്‍ കഴിഞ്ഞുവല്ലോ എന്ന ആശ്വാസം ചെറുതല്ല. ആ രാത്രി റാണിപുരത്തിനായിരുന്നോ, കഥാക്യാമ്പിനായിരുന്നോ ഏറെ സൗന്ദര്യമെന്ന ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ എന്റെ മനസ് ഉള്‍വലിയുന്നുണ്ട്. ഒരുമണിക്കൂറിലേറെ നീണ്ട സ്വയം പരിചയപ്പെടലെന്ന അപൂര്‍വ്വ സെഷന് ഞാനും സാക്ഷിയായി. ഓരോ പരിചയപ്പെടലും അനുഭവം പറച്ചിലും ഓരോ നല്ല കഥകള്‍ക്ക് സമാനമായിരുന്നു. വൈകി എത്തിയവരാണെങ്കിലും എന്നെയും കെ. ശുഹൈബിനെയും അഡ്വ. വി.എം മുനീറിനെയും എം.വി സന്തോഷ് സ്‌നേഹത്തോടെ സ്വീകരിച്ചിരുത്തി. കപ്പും മത്തിമുളകിലിട്ടതും കഴിച്ച് തീരുമ്പോഴേക്കും ക്യാമ്പ് ഫയറിനുള്ള ഒരുക്കം പൂര്‍ത്തിയായിരുന്നു. രാത്രി 10 മണി പിന്നിടുന്നു. റാണിപുരത്തെ മഞ്ഞും മഴയും സൃഷ്ടിച്ച കുളിരിനെ കൃത്രിമച്ചൂട് കൊണ്ട് തോല്‍പ്പിക്കാന്‍ ഒരുക്കിയ ആളിക്കത്തുന്ന തീയ്ക്ക് ചുറ്റും ചില നൃത്തചുവടുകള്‍ കണ്ടു തുടങ്ങിയിരുന്നു. മടങ്ങാന്‍ മനസില്ലാതിരുന്നിട്ടും ഇറങ്ങേണ്ടി വന്നു. പിന്നീട് ക്യാമ്പിന്റെ സര്‍വ്വ സൗന്ദര്യവും ആസ്വദിച്ചത് സുഹൃത്തുക്കളുടെ കുറിപ്പുകളില്‍ നിന്നാണ്.
ക്യാമ്പിനെ സംബന്ധിച്ച്, രണ്ടുനാളും സജീവ സാന്നിധ്യമറിയിച്ച് ക്യാമ്പിന്റെ മധുരം നുണഞ്ഞ ചിലരുടെ വരികളിലേക്ക് നോക്കാം. റഹീം ചൂരി ഇങ്ങനെയാണ് കുറിച്ചത്:
കുന്നുണ്ട്, വനമുണ്ട്, വന്യജീവികളുണ്ട്, മഴയുണ്ട്, നട്ടുച്ചക്ക് പോലും കോടമഞ്ഞുണ്ട്. റാണിപുരത്തെ രണ്ടു നാളുകളെ ഇത്രയും മനോഹരമാക്കിയ ഹുബാഷികേ നിനക്ക് നന്ദി.

ശക്തമായ ഭാഷയില്‍ നെറികേടുകളെ വിമര്‍ശിക്കാറുള്ള റഹ്മാന്‍ മുട്ടത്തോടി രണ്ടുനാള്‍ റാണിപുരത്തെ പ്രകൃതി സൗന്ദര്യത്തിലും കഥാക്യാമ്പിലും ശരിക്കും വീണുപോയി. ആ ദിനങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
രണ്ടു പകലും ഒരു രാത്രിയും നീണ്ടുനിന്ന ഒരു കഥാക്യാമ്പ്. കേരളത്തിന്റെ തെക്കേ അറ്റത്തു നിന്ന് പോലും സാഹിത്യ കുതുകികള്‍ സോത്സാഹം വന്നെത്തി. ഇക്കാലത്തും ഇതൊക്കെ സാധ്യമാവുന്നുണ്ട് എന്നത് സാംസ്‌കാരിക മേഖലയ്ക്ക് പുതിയ ഊര്‍ജ്ജം പകരുന്ന കാര്യമാണ്. സംഘാടന മികവു കൊണ്ട് ഏതൊരു സംരംഭവും വിജയിപ്പിക്കാന്‍ കഴിയുമെന്ന് ഹുബാഷിക ആവര്‍ത്തിച്ച് തെളിയിക്കുന്നു.
കാസര്‍കോടിന്റെ അതിമനോഹര ഗിരിശൃംഗമായ റാണിപുരത്ത് എഴുതിക്കൊണ്ടിരിക്കുന്നവര്‍ക്കും എഴുതാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും ദിശാബോധവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയ രണ്ടു ദിനങ്ങള്‍. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാര്‍ക്കും എഴുത്തില്‍ പിച്ചവെച്ചു തുടങ്ങുന്നവര്‍ക്കും ഇടയില്‍ ഉച്ചനീചത്വത്തിന്റെയും വലിപ്പച്ചെറുപ്പത്തിന്റേയും ഒരതിര്‍ വരമ്പും ഇല്ലാതായിത്തീര്‍ന്ന മണിക്കൂറുകള്‍. കഥാക്യാമ്പ് എന്ന ശീര്‍ഷകത്തില്‍ കഥയും നോവലും കവിതയും നാടകവും എല്ലാം വിഷയീഭവിച്ച ഏറ്റവും അച്ചടക്കത്തില്‍ നടപ്പിലാക്കപ്പെട്ട ഒരു അസുലഭ സംരംഭം.
മനുഷ്യന് ഒരു ആമുഖം എഴുതിയ മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ജീവിതവും അനുഭവവുമാകുന്ന ആക്രികള്‍ക്കിടയില്‍ നിന്നും എങ്ങനെ കഥകള്‍ പെറുക്കിയെടുക്കാമെന്ന് അദ്ദേഹം ക്യാമ്പംഗങ്ങളായി എത്തിച്ചേര്‍ന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരോട് സംവദിച്ചു. കെ. ശ്രീകുമാര്‍ എന്ന ബഹുമുഖ പ്രതിഭ രണ്ടു സെഷനുകളിലായി കഥകളെ എങ്ങനെയൊക്കെ വായിക്കാമെന്നും നമുക്കു ചുറ്റും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ ഏതൊക്കെ രീതിയില്‍ കഥകള്‍ തിരയാനും രചിക്കാനും കഴിയുമെന്നുമുള്ള വിലയേറിയ അധ്യാപനം നല്‍കി. എഴുത്തുകാരി ഇന്ദുമേനോന്‍ രാത്രിയിലും പിറ്റേന്നു രാവിലെയും രണ്ടു സെഷനുകളിലായി പെണ്ണെഴുത്തിന്റെ ശക്തിയെപ്പറ്റിയും ഒപ്പംതന്നെ പരിമിതികളെപ്പറ്റിയും സവിസ്തരം പ്രതിപാദിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും പരിസ്ഥിതി എഴുത്തുകാരനുമായ ഡോ. ഇ. ഉണ്ണികൃഷ്ണന്‍, കഥാകൃത്തും നോവലിസ്റ്റും അധ്യാപകനുമായ രമേശന്‍ ബ്ലാത്തൂര്‍, വിജേഷ് പരവരി, ശ്രീക്കുട്ടി ജില്‍ജിത്ത്, ജലജാ രാജീവ് തുടങ്ങിയവരും പ്രശസ്തിയിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന യുവ എഴുത്തുകാരായ റിഹാന്‍ റാഷിദ്, ജിന്‍ഷ ഗംഗ, അര്‍ജ്ജുന്‍ കെ.വി തുടങ്ങിയവരും വിവിധ സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങളില്‍ സംസാരിച്ചു.
'പുഴക്കുട്ടി'യുടെ രചയിതാവും ചന്ദ്രിക വാരാന്തപ്പതിപ്പിന്റെ എഡിറ്ററുമായ മുഖ്താര്‍ ഉദരംപൊയില്‍ ഇലസ്‌ട്രേഷന്‍ അഥവാ, ചിത്രകലയെക്കുറിച്ച് വളരെ വിശദമായി സംസാരിച്ചു.
എലിക്കെണിയും ഇണയില്ലാപ്പൊട്ടനും വിരൂപയായ വേലക്കാരിയും പെണ്‍ഘടികാരവും ഇന്നുരാത്രി പതിനൊന്നിനും എഴുതി മലയാള കഥാസാഹിത്യത്തിന് വേറിട്ടതും നൂതനവുമായ ഒരു വഴിത്താര വെട്ടിയ അജിത്ത് വി.എസ് ആയിരുന്നു ക്യാമ്പിന്റെ ഡയറക്ടറും ജീവനാഡിയും. ഹുബാഷികയുടെ ഡയറക്ടര്‍മാരായ എം.വി സന്തോഷിനും രേഖാ കൃഷ്ണനും ചുക്കാന്‍ പിടിച്ച് മുന്നില്‍ നിന്നു.
കോടമഞ്ഞും കോരിച്ചൊരിയുന്ന മഴയും ഒക്കെയായി തീര്‍ത്തും പ്രവചനാതീതമായ കാലാവസ്ഥ നിലനില്‍ക്കുന്ന റാണിപുരത്തിന്റെ മാറില്‍ തീര്‍ത്തും അവിസ്മരണീയമായ ഒരു ക്യാമ്പ്. സാഹസികമായ കാടുകയറ്റവും ക്യാമ്പിന്റെ ഒരു ഭാഗം തന്നെയായിരുന്നു. കാനന സഞ്ചാരത്തില്‍ ഡോ. ഇ. ഉണ്ണികൃഷ്ണന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സത്യന്റെയും വിവരണങ്ങളും പുതിയ അറിവും പാഠവുമായി.
സാഹചര്യങ്ങളുടെ പരിമിതികളെ ഉല്ലംഘിച്ചു കൊണ്ട് ക്യാമ്പിന് സധൈര്യം മുന്നോട്ടു വന്ന വിദ്യാര്‍ത്ഥിനി- വിദ്യാര്‍ത്ഥികള്‍ക്ക് ബിഗ് സല്യൂട്ട്. നീലേശ്വരത്ത് വില്ലേജ് ഓഫീസറും കാസര്‍കോഡ് കലക്ട്രേറ്റില്‍ ഡെപ്യൂട്ടി തഹസില്‍ദാറുമായി വിരമിച്ച് സ്വദേശമായ കൊല്ലത്തു നിന്നും ക്യാമ്പിനെത്തിയ പേരോര്‍മ്മയില്ലാത്ത സാറിനോട് വലിയ ഇഷ്ടം തോന്നി.
സിദ്ദീഖ് പടപ്പിലിന്റെ വരികളിങ്ങനെയായിരുന്നു: രണ്ട് ദിവസങ്ങളിലായി ഹുബാഷിക പബ്ലിക്കേഷന്‍സ് റാണിപുരത്ത് സംഘടിപ്പിച്ച കഥാക്യാമ്പ് വേറിട്ടൊരു അനുഭവമായി. കേരളത്തിലങ്ങോളമിങ്ങോളമുള്ള സാഹിത്യ പ്രതിഭകള്‍ വിവിധ സെഷനുകളിലായി നവയുഗ കഥാകൃത്തുകള്‍ക്കും എഴുതി തുടങ്ങുന്നവര്‍ക്കും മുമ്പില്‍ സംവദിച്ചു.
മണ്ണും കാടും പ്രകൃതിയും എഴുത്തുമൊക്കെ ഒരു വേദിയില്‍ സംഗമിച്ചു. ആദ്യം നൂല്‍ മഴയായും പിന്നെ തോരാമഴയായും പെയ്തിറങ്ങുകയായിരുന്നു. റിസോര്‍ട്ടിലെ ഭക്ഷണം പോലെ തന്നെ ആസ്വാദ്യകരമായിരുന്നു താമസവും. കേരളത്തിലെ ഊട്ടി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റാണിപുരത്തെ പ്രകൃതി ഭംഗിയും തണുത്ത കാലാവസ്ഥയും ക്യാമ്പിനെ കൂടുതല്‍ മികവുറ്റതാക്കി.
ആദ്യമായി, അത്ര സാഹിത്യ സമ്പന്നമല്ലാത്ത തുളുനാടിന്റെ മണ്ണിന്റെ മണ്ണില്‍ ഇത്രയും മികച്ച പരിപാടി സംഘടിപ്പിച്ച, അതിന് ധൈര്യം കാണിച്ച ഹുബാഷിക പബ്ലിക്കേഷന്‍സിന്റെ ഡയറക്ടര്‍ എം.വി. സന്തോഷിനും രേഖാ കൃഷ്ണനും അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ. എഴുത്തിലെ തുടക്കാര്‍ക്കും എഴുതി തുടങ്ങിയവര്‍ക്കും ഉപകാരപ്പെടുന്ന വര്‍ക്ക് ഷോപ്പുകള്‍, പ്രമുഖ എഴുത്തുകാരുടെ എഴുത്തനുഭവങ്ങള്‍, കഥയിലെ നാടന്‍ മൊഴികള്‍, കഥകളിലെ ചിത്രങ്ങളുടെ പ്രാധാന്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.
ജൂണ്‍ 28ന് രാവിലെ ആരംഭിച്ച ക്യാമ്പ് പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കെ. ശ്രീകുമാര്‍, രമേശന്‍ ബ്ലാത്തൂര്‍, മുഖ്ത്താര്‍ ഉദരംപൊയില്‍, റിഹാന്‍ റാഷിദ്, ഇന്ദു മേനോന്‍, ജിന്‍ഷ ഗംഗ, അര്‍ജുന്‍ കെ. വി, വിജീഷ് പരവരി, ശ്രീക്കുട്ടി ജില്‍ജിത്ത്, ഡോ. ഇ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് ഡയറക്ടര്‍ വി.എസ് അജിത് തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. രണ്ടാം ദിവസം രാവിലെ റാണിപുരം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ കാടിനെ അറിയാനുള്ള ട്രെക്കിങ്, ക്യാമ്പംഗള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.
പപ്പന്‍ മാഷും (പത്മനാഭന്‍ ബ്ലാത്തൂര്‍) കനകമ്മ ടീച്ചറും ക്യാമ്പില്‍ നിറഞ്ഞുനിന്നു. അബൂ തായി, അഷ്റഫലി ചേരങ്കൈ, സി.എല്‍ ഹമീദ്, റഹ്മാന്‍ മുട്ടത്തോടി, റഹീം ചൂരി എന്നിവരടക്കമുള്ള മുതിര്‍ന്ന അംഗങ്ങള്‍ ക്യാമ്പിന് കരുത്തുപകര്‍ന്നു. ചിത്രകാരന്‍ വേണു കണ്ണന്‍, ബബിത വേണു, എരിയാല്‍ ഷരീഫ്, ശരീഫ് കുരിക്കള്‍, ഖാലിദ് കൂളിയാങ്കല്‍, ജോസ് പ്രസാദ്, രഞ്ജിത്ത്, ദിലീപ് കുമാര്‍, ജലജ രാജീവ്, അജിത് കൊല്ലം, മനോജ്, ഹരി തുടങ്ങിയവരുടെ സാന്നിധ്യം ക്യാമ്പിന് കൂടുതല്‍ നിറം പകര്‍ന്നു. ഇത്രയും വിപുലമായ ക്യാമ്പിന്റെ കൂടെ നിന്ന് പ്രവര്‍ത്തിക്കാനായതില്‍ ഏറെ സന്തോഷവും അഭിമാനവും.
പഠനത്തോടൊപ്പം ക്യാമ്പ് ആഘോഷമാക്കി മാറ്റിയ കോളേജ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പ്രസന്നത നിറച്ചു. മാളവിക, കാവ്യ, സുമയ്യ, അഞ്ജലി, ദേവിക, സഞ്ജയ് തുടങ്ങിയ തുടക്കക്കാര്‍ എഴുത്തിലും പ്രസംഗകലയിലും തങ്ങളും പിറകിലാവില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.


-ടി.എ ഷാഫി

Related Articles
Next Story
Share it