ബദിയടുക്ക: മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അഗല്‍പ്പാടി മാര്‍പ്പനടുക്കയിലെ പ്രദീപിനെതിരെ(29)യാണ് കാപ്പ ചുമത്തിയത്.
ഒരാഴ്ച മുമ്പ് ബദിയടുക്കയിലെ വസന്തിയുടെ വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന അടക്ക മോഷ്ടിച്ച കേസില്‍ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പ്രദീപ് റിമാണ്ടില്‍ കഴിഞ്ഞു.
കാപ്പ ചുമത്താന്‍ പൊലീസ് ഒരുക്കം നടത്തുന്നതിനിടെയാണ് പ്രദീപ് അടക്കമോഷണക്കേസില്‍ പ്രതിയായത്. ഇതോടെ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. മോഷണത്തിന് പുറമെ അടിപിടി, അക്രമം തുടങ്ങിയ കേസുകളിലും പ്രദീപ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.