കുമ്പള: 25ല്‍ പരം കേസുകളില്‍ പ്രതിയായ ഗുണ്ടാതലവനെ കുമ്പള പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ബന്തിയോട് അടക്കം ബൈദലയിലെ അമീര്‍ എന്ന ടിക്കി അമ്മി (33) ആണ് അറസ്റ്റിലായത്.
മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് എന്നിവിടങ്ങളിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമായി അമീറിനെതിരെ 25ലേറെ കേസുകളുണ്ടെന്ന് കുമ്പള പൊലീസ് പറഞ്ഞു. തീവെപ്പ്, തട്ടികൊണ്ടു പോകല്‍, തടഞ്ഞ് നിര്‍ത്തി പണം തട്ടല്‍, കഞ്ചാവ്-എം.ഡി.എം.എ-മയക്കുമരുന്ന് കടത്ത്, വധശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന അമീര്‍ കുക്കാറില്‍ എത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് കുമ്പള സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി. പ്രമോദ്, എസ്.ഐ.അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ഇന്ന് പുലര്‍ച്ചെ കുക്കാറില്‍ വെച്ച് അമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.