ആ മഹത്‌സ്മരണകള്‍ക്ക് മുന്നില്‍...
കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയ മണ്ഡലത്തില്‍ ശാന്തമായി നിന്ന് സമൂഹത്തെ നയിച്ച രണ്ടു മഹത്‌വ്യക്തികളുടെ സ്മരണകള്‍ തുടിച്ചുനില്‍ക്കുന്ന ദിനങ്ങളാണിത്. 2008 ഓഗസ്റ്റ് ഒന്നിന് സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും 2009 ഓഗസ്റ്റ് ഒന്നിന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും വിടപറഞ്ഞു. കേരളത്തിന്റെ കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ-സാമൂഹിക ചരിത്രം രേഖപ്പെടുത്തുന്നവര്‍ക്ക് മുഖ്യസ്ഥാനത്ത് കാണാന്‍ കഴിയുന്ന രണ്ടു മഹത്‌വ്യക്തിത്വങ്ങള്‍. ശബ്ദഘോഷങ്ങളില്ലാതെ, പ്രചാരണ താല്‍പര്യങ്ങളില്ലാതെ, സൗമ്യരായി നിന്ന് ഒരു ജനതയുടെയാകെ സ്നേഹാദരങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞ അത്ഭുതമാണ് സയ്യിദ് മുഹമ്മദലി […]
കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയ മണ്ഡലത്തില്‍ ശാന്തമായി നിന്ന് സമൂഹത്തെ നയിച്ച രണ്ടു മഹത്‌വ്യക്തികളുടെ സ്മരണകള്‍ തുടിച്ചുനില്‍ക്കുന്ന ദിനങ്ങളാണിത്. 2008 ഓഗസ്റ്റ് ഒന്നിന് സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും 2009 ഓഗസ്റ്റ് ഒന്നിന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും വിടപറഞ്ഞു. കേരളത്തിന്റെ കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ-സാമൂഹിക ചരിത്രം രേഖപ്പെടുത്തുന്നവര്‍ക്ക് മുഖ്യസ്ഥാനത്ത് കാണാന്‍ കഴിയുന്ന രണ്ടു മഹത്‌വ്യക്തിത്വങ്ങള്‍. ശബ്ദഘോഷങ്ങളില്ലാതെ, പ്രചാരണ താല്‍പര്യങ്ങളില്ലാതെ, സൗമ്യരായി നിന്ന് ഒരു ജനതയുടെയാകെ സ്നേഹാദരങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞ അത്ഭുതമാണ് സയ്യിദ് മുഹമ്മദലി […]

കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയ മണ്ഡലത്തില്‍ ശാന്തമായി നിന്ന് സമൂഹത്തെ നയിച്ച രണ്ടു മഹത്‌വ്യക്തികളുടെ സ്മരണകള്‍ തുടിച്ചുനില്‍ക്കുന്ന ദിനങ്ങളാണിത്. 2008 ഓഗസ്റ്റ് ഒന്നിന് സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും 2009 ഓഗസ്റ്റ് ഒന്നിന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും വിടപറഞ്ഞു.
കേരളത്തിന്റെ കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ-സാമൂഹിക ചരിത്രം രേഖപ്പെടുത്തുന്നവര്‍ക്ക് മുഖ്യസ്ഥാനത്ത് കാണാന്‍ കഴിയുന്ന രണ്ടു മഹത്‌വ്യക്തിത്വങ്ങള്‍. ശബ്ദഘോഷങ്ങളില്ലാതെ, പ്രചാരണ താല്‍പര്യങ്ങളില്ലാതെ, സൗമ്യരായി നിന്ന് ഒരു ജനതയുടെയാകെ സ്നേഹാദരങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞ അത്ഭുതമാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെയും ജീവിതം. വാക്കുകളുടെ ധാരാളിത്തമല്ല കര്‍മ്മത്തിലെ സൂക്ഷ്മതയാണ് ഇരുനേതാക്കളും ഉയര്‍ത്തിപ്പിടിച്ച മാതൃക.
മഹത്തായ ഒരു വംശപാരമ്പര്യത്തിലെ കണ്ണിയായി കേരളത്തിലെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സുശക്തമായ നേതൃത്വം നല്‍കാന്‍ ഇരു നേതാക്കള്‍ക്കും കഴിഞ്ഞു. ജീവിതമുടനീളം ഒട്ടേറെ സാമ്യതകള്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും തമ്മിലുണ്ടായിരുന്നു. കുടുംബപാരമ്പര്യം, വിദേശവിദ്യാഭ്യാസം, കുലീനവും സൗമ്യവുമായ പെരുമാറ്റ രീതികള്‍ എന്നിവയിലെല്ലാം ഈ പൊരുത്തം പ്രകടമായി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് അബ്ദുല്‍റഹിമാന്‍ ബാഫഖി തങ്ങളുടെ പുത്രിമാരെ ഇരുവരും വിവാഹം കഴിച്ചതിലൂടെ കുടുംബ ജീവിതത്തിലും ഈ സാമ്യം രേഖപ്പെട്ടു. പക്ഷേ ഇരുവരും തമ്മില്‍ കൂടിക്കാഴ്ചകളില്‍ പങ്കുവെച്ചത് കുടുംബവിശേഷങ്ങളെക്കാള്‍ കൂടുതല്‍ സമുദായത്തിന്റെ പ്രശ്നങ്ങളായിരുന്നു. സമൂഹത്തിന്റെ ആവലാതികളും വിഷമതകളുമായിരുന്നു.
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളായിരുന്നു കേരള സംസ്ഥാന മുസ്ലിംലീഗിന്റെ പ്രഥമ പ്രസിഡന്റ്. അദ്ദേഹത്തിന്റെ വിയോഗ ശേഷം സയ്യിദ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ പ്രസിഡന്റ് പദമേറ്റെടുത്തു. 1975 ജൂലൈ 6ന് പൂക്കോയ തങ്ങള്‍ അന്തരിച്ചു. പുത്രന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരാണ് സമുദായത്തിന്റെ അമരത്തേക്ക് നിര്‍ദേശിക്കപ്പെട്ടത്.
1975 സെപ്തംബര്‍ ഒന്നു മുതല്‍ കേരള സംസ്ഥാന മുസ്ലിംലീഗിന്റെ അധ്യക്ഷനായി പ്രവര്‍ത്തിച്ച ശിഹാബ് തങ്ങളുടെ നേതൃത്വം രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് പ്രതിസന്ധിയിലെ കരുത്തായിരുന്നു. ഈജിപ്തിലെ വിശ്വ വിഖ്യാതമായ അല്‍അസ്ഹറിലും കയ്റോ യൂണിവേഴ്സിറ്റിയിലുമായി എട്ടു വര്‍ഷം നീണ്ട വിദ്യാഭ്യാസം, ശിഹാബ് തങ്ങളുടെ വ്യക്തിത്വത്തിന് മാറ്റുകൂട്ടി. ബഹുഭാഷകളിലുള്ള സ്വാധീനവും അതുവഴി നേടിയെടുത്ത അറിവും അതി സൂക്ഷ്മമായ നിരീക്ഷണങ്ങളും സങ്കീര്‍ണമായ കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപക നേട്ടങ്ങളുളവാക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ശിഹാബ് തങ്ങളെ പ്രാപ്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ പൊതുജീവിതത്തിന് അതൊരനുഗ്രഹമായി ഭവിച്ചു.
വര്‍ഗീയതയും തീവ്രവാദവും സമൂഹത്തിന്റെ സൈ്വരജീവിതത്തിനു മേല്‍ ഭീഷണിയാവുമെന്നും അത് ദേശീയോദ്ഗ്രഥനത്തിന് തടസ്സമാകുമെന്നും തിരിച്ചറിഞ്ഞ് കൈക്കൊണ്ട തീരുമാനങ്ങളായിരുന്നു ശിഹാബ് തങ്ങളുടേത്.
ദശാബ്ദങ്ങളിലൂടെ പടുത്തുയര്‍ത്തിയ മതമൈത്രിയുടെ കോട്ടമതിലുകള്‍ കേവലം നൈമിഷിക വികാരത്തിന്റെ പേരില്‍ തകര്‍ക്കപ്പെടുന്നത് അഭിലഷണീയമല്ല. ഏത് വൈകാരിക സന്ദര്‍ഭങ്ങളെയും ക്ഷമാപൂര്‍വം അഭിമുഖീകരിക്കാന്‍ തന്റെ അനുയായികളെ അദ്ദേഹം സജ്ജമാക്കി.
രാജ്യമെങ്ങും വര്‍ഗീയ, തീവ്രവാദശക്തികള്‍ നിരപരാധികളെ കൊന്നൊടുക്കുകയും നിയമം കയ്യിലെടുക്കുകയും ചെയ്യുമ്പോള്‍ ആ കലാപാഗ്‌നി കേരളത്തിന്റെ മണ്ണിലേക്കു പടരാതെ കാത്തുസൂക്ഷിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നയസമീപനങ്ങളും മുസ്ലിംലീഗിന്റെ ഇച്ഛാശക്തിയുമാണെന്ന് എഴുത്തുകാരും ബുദ്ധിജീവികളും രാഷ്ട്രീയനിരീക്ഷകരുമെല്ലാം പലവട്ടം സാക്ഷ്യപ്പെടുത്തിയതാണ്.
ദേശീയവും പ്രാദേശികവുമായ സംഘര്‍ഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ദുരുപയോഗപ്പെടുത്തി മുസ്ലിംലീഗിനെ ക്ഷയിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായപ്പോള്‍ അതിനെ പരാജയപ്പെടുത്തിയത് ശിഹാബ് തങ്ങളുടെ ധീരനേതൃത്വമാണ്.
ചിന്താശൂന്യമായ എടുത്തുചാട്ടമല്ല, ആത്മസംയമനമാണ് സമുദായത്തിനു വേണ്ടതെന്ന് അദ്ദേഹം സദാ ഓര്‍മിപ്പിച്ചു.
മതപരവും സാമൂഹികവും സാംസ്‌കാരികവുമായി മുസ്ലിം ന്യൂനപക്ഷങ്ങളും ദളിത് പിന്നാക്ക വിഭാഗങ്ങളും പുരോഗതി പ്രാപിക്കുന്നതിന് ആസൂത്രിതമായ പരിശ്രമങ്ങള്‍ വേണമെന്ന് തങ്ങള്‍ അഭിലഷിക്കുകയും അതിനായി ഫലപ്രദമായ പദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്തു.
മുസ്ലിംലീഗിനെ കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാക്കി മാറ്റിയതിനൊപ്പം ദേശീയരാഷ്ട്രീയത്തിലും ശ്രദ്ധേയമായ സാന്നിധ്യം കൈവരിക്കാന്‍ ശിഹാബ് തങ്ങളുടെ നേതൃത്വത്തിന് സാധിച്ചു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമെല്ലാമായി മുസ്ലിംലീഗ് പ്രതിനിധികള്‍ അധികാരമേല്‍ക്കുന്ന അഭിമാനമുഹൂര്‍ത്തങ്ങള്‍ അദ്ദേഹം സംഘടനക്കു സമ്മാനിച്ചു. 'ചന്ദ്രിക' യുടെ മാനേജിങ് ഡയരക്ടര്‍ എന്ന നിലയില്‍ പത്രത്തിന്റെ വിവിധ തലത്തിലുള്ള പുരോഗതിക്ക് കാര്‍മികത്വം വഹിച്ചു. നിരവധി വിദ്യാഭ്യാസ, മതസ്ഥാപനങ്ങളുടെ അമരക്കാരനായി ആധുനികമായ രൂപകല്‍പനകള്‍ സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിക്കു സമ്മാനിച്ചു. സമുദായത്തിന് ആത്മീയ നേതൃത്വം നല്‍കി.
മതമൈത്രിയുടെ അംബാസിഡറായും മതേതര, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഊര്‍ജ്ജ ശ്രോതസ്സായും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചരിത്രത്തിലിടം നേടി. ഈ ചരിത്രസന്ധികളിലേറെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് കരുത്തും പിന്തുണയും മാര്‍ഗനിര്‍ദേശവുമായി സഹോദരസ്ഥാനീയനായി നിന്നും സമുദായത്തിന് ഉരുക്ക് ശക്തിയുള്ള നേതൃത്വം നല്‍കിയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ തിളങ്ങി.
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ സഹോദരീ പുത്രന്‍ കൂടിയായ ഉമര്‍ ബാഫഖി തങ്ങള്‍ കൗമാരപ്രായത്തില്‍ തന്നെ പരിശുദ്ധ മക്കയിലെത്തി വിദ്യാഭ്യാസം നേടിയ അപൂര്‍വ വ്യക്തിത്വത്തിനുടമയാണ്. മലബാറില്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായ 1940കള്‍ തൊട്ടേ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ പൊതുരംഗത്ത് കര്‍മനിരതനായി.
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളില്‍ നിന്നു സിദ്ധിച്ച രാഷ്ട്രീയ, ഗുണവിശേഷങ്ങള്‍ അദ്ദേഹം സമുദായത്തിനു പകര്‍ന്നു നല്‍കി. ദീര്‍ഘകാലം കേരള നിയമനിര്‍മാണ സഭയിലംഗമായി പ്രവര്‍ത്തിച്ചു. സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയില്‍ നിസ്തുല സംഭാവനകളര്‍പ്പിച്ചു. മുസ്ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍, 'ചന്ദ്രിക'യുടെ സാരഥി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചു.
സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭയവും ആശ്വാസവുമായിരുന്നു ഉമര്‍ ബാഫഖി തങ്ങള്‍. വിദ്യാര്‍ത്ഥി, യുവജന സംഘടനാ നേതാക്കളെ അദ്ദേഹം പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഓര്‍മിപ്പിക്കും. ചുരുങ്ങിയ വാക്കുകളില്‍ മഹത്തായ ആശയങ്ങളുള്‍ക്കൊള്ളുന്ന മാര്‍ഗനിര്‍ദേശങ്ങളായിരുന്നു ഉമര്‍ ബാഫഖി തങ്ങളുടെ ഉപദേശങ്ങളും പ്രസംഗവും. കുലീനമായ പാരമ്പര്യത്തിന്റെ സര്‍വ നന്മകളും അദ്ദേഹത്തിന്റെ നിത്യജീവിതത്തില്‍ പ്രകാശിച്ചിരുന്നു. സമുദായത്തിനുള്ളിലും സമുദായങ്ങള്‍ തമ്മിലുമുള്ള ഐക്യത്തിനായി നിലകൊണ്ട സ്നേഹത്തിന്റെ പൂമരങ്ങളായ ആ മഹദ്വ്യക്തികളുടെ അമരസ്മരണകള്‍ നന്മയുടെ പാതയില്‍ എന്നെന്നും പ്രചോദനമായിരിക്കും.
-മുസ്തഫ മച്ചിനടുക്കം