പട്ന: ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാത് ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ. 125 സീറ്റുകള്‍ നേടിയ എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുകയാണ്. 243 അംഗ സഭയില്‍ ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം 125 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തിയത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ്. കേവലഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ആരംഭിച്ച വോട്ടെണ്ണല്‍ 20 മണിക്കൂറിന് ശേഷമാണ് പൂര്‍ത്തിയായത്. ഏറെ പ്രതീക്ഷകളുയര്‍ത്തി വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ മുന്നേറിയിരുന്ന മഹാസഖ്യത്തിന് 110 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 75 സീറ്റുകള്‍ നേടി ആര്.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ്. ബി.ജെ.പി 74 സീറ്റ് നേടി തൊട്ടുപിന്നിലെത്തി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് 43 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആകെ കിട്ടിയത് 12 സീറ്റുകള്‍ മാത്രമാണ്. എന്‍.ഡി.എയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഒറ്റക്ക് മത്സരിച്ച എല്‍.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. അസദുദ്ദീന്‍ ഒവൈസി നേതൃത്വം നല്കുന്ന പാര്‍ട്ടിയായ എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകള്‍ നേടി. എന്‍.ഡി.എയില്‍ ഉള്‍പ്പെട്ട ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ് ശീല് ഇന്സാന് പാര്‍ട്ടിയും നാല് സീറ്റുകള്‍ വീതം നേടി. ഇടതുപാര്‍ട്ടികള്‍ മികച്ച പ്രകടനമാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കാഴ്ച വെച്ചത്. 29 സീറ്റുകളില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ പതിനാറിടത്തും വിജയം കൈവരിച്ചു. സി.പി.ഐ. എം.എല്‍.എല്‍ 12 സീറ്റുകളിലും സി.പി.എമ്മും സി.പി.ഐയും രണ്ടുസീറ്റുകളിലും വിജയം കരസ്ഥമാക്കി.