തെരുവുനായ്ക്കള്‍ക്ക് പുറമെ വളര്‍ത്തുനായ്ക്കളും ഭീഷണിയാകുമ്പോള്‍!

നായ്ക്കളെ വളര്‍ത്തുന്നതില്‍ അതീവതാല്‍പര്യം കാണിക്കുന്നവരാണ് മലയാളികള്‍. പണ്ടുകാലങ്ങളില്‍ നായ്ക്കളെ വളര്‍ത്തിയിരുന്നത് കേവലം വിനോദത്തിന് വേണ്ടിയായിരുന്നില്ല. പ്രധാനമായും കാര്‍ഷികവൃത്തിയെ ആശ്രയിച്ച് അധ്വാനിച്ച് ജീവിച്ചിരുന്ന പഴയ തലമുറയെ സംബന്ധിച്ചിടത്തോളം വീടിന്റെയും ഭൂമിയുടെയും കൃഷിയുടെയും കാവല്‍ക്കാരായിരുന്നു നായ്ക്കള്‍. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യജീവികളെ തുരത്താന്‍ കര്‍ഷകര്‍ക്ക് വളര്‍ത്തുനായ്ക്കള്‍ വളരെ പ്രയോജനപ്പെട്ടിരുന്നു. കൃഷിയുടെ സംരക്ഷണത്തിനായി പറമ്പുകളില്‍ ഏറുമാടങ്ങള്‍ കെട്ടി താമസിച്ചിരുന്നവര്‍ക്ക് നാടന്‍ നായ നല്ലൊരു സഹായിയായിരുന്നു. ഇന്നത്തെ പോലെ പല തരത്തിലും സ്വഭാവത്തിലുമുള്ള വിദേശഇനം നായ്ക്കളെയായിരുന്നില്ല മുന്‍തലമുറ വളര്‍ത്തിയിരുന്നത്. ഉശിരും സ്നേഹവും അനുസരണയും ഒത്തിണങ്ങിയ […]

നായ്ക്കളെ വളര്‍ത്തുന്നതില്‍ അതീവതാല്‍പര്യം കാണിക്കുന്നവരാണ് മലയാളികള്‍. പണ്ടുകാലങ്ങളില്‍ നായ്ക്കളെ വളര്‍ത്തിയിരുന്നത് കേവലം വിനോദത്തിന് വേണ്ടിയായിരുന്നില്ല. പ്രധാനമായും കാര്‍ഷികവൃത്തിയെ ആശ്രയിച്ച് അധ്വാനിച്ച് ജീവിച്ചിരുന്ന പഴയ തലമുറയെ സംബന്ധിച്ചിടത്തോളം വീടിന്റെയും ഭൂമിയുടെയും കൃഷിയുടെയും കാവല്‍ക്കാരായിരുന്നു നായ്ക്കള്‍. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യജീവികളെ തുരത്താന്‍ കര്‍ഷകര്‍ക്ക് വളര്‍ത്തുനായ്ക്കള്‍ വളരെ പ്രയോജനപ്പെട്ടിരുന്നു. കൃഷിയുടെ സംരക്ഷണത്തിനായി പറമ്പുകളില്‍ ഏറുമാടങ്ങള്‍ കെട്ടി താമസിച്ചിരുന്നവര്‍ക്ക് നാടന്‍ നായ നല്ലൊരു സഹായിയായിരുന്നു. ഇന്നത്തെ പോലെ പല തരത്തിലും സ്വഭാവത്തിലുമുള്ള വിദേശഇനം നായ്ക്കളെയായിരുന്നില്ല മുന്‍തലമുറ വളര്‍ത്തിയിരുന്നത്. ഉശിരും സ്നേഹവും അനുസരണയും ഒത്തിണങ്ങിയ നാടന്‍ നായ്ക്കളെയായിരുന്നു. താന്‍ വളര്‍ത്തുന്ന നായ അയല്‍പക്കക്കാര്‍ക്കും നാട്ടുകാര്‍ക്കും ഉപദ്രവകാരിയാകരുതെന്ന നിഷ്‌കര്‍ഷ പഴയകാലത്തെ കാരണവന്‍മാര്‍ക്കുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ മാത്രം നായ്ക്കളെ സ്വതന്ത്രമാക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെ കെട്ടിയിടും. അന്ന് വളര്‍ത്തുനായ്ക്കളില്‍ മിക്കതും സ്വതന്ത്രമായ അവസ്ഥയിലാണെങ്കില്‍ പോലും അയല്‍പക്കക്കാരെ ആക്രമിക്കാറില്ല. ചിലപ്പോള്‍ ഒന്ന് കുരച്ചെന്നുവരാം. കാരണം അയല്‍പക്കവീടുകളിലുള്ളവര്‍ തമ്മില്‍ പരസ്പരസ്നേഹവും സഹകരണവും ഊട്ടിയുറപ്പിച്ചിരുന്ന കാലം കൂടിയായിരുന്നു അത്. അയല്‍വാസികള്‍ വീടുകള്‍ പരസ്പരം സന്ദര്‍ശിക്കുകയും കൊച്ചുവര്‍ത്തമാനങ്ങള്‍ പറയുകയും ചെയ്യുന്നത് ശീലമാക്കിയതിനാല്‍ വളര്‍ത്തുനായ്ക്കള്‍ക്കും അയല്‍വാസികള്‍ സുപരിചിതരായിരുന്നു. തന്റെ യജമാനന് വേണ്ടപ്പെട്ട ആളാണെന്ന് മനസിലാക്കി വീട്ടില്‍ സ്ഥിരമായി വരുന്ന ആളോട് നായ്ക്കള്‍ വാലാട്ടി സ്നേഹം പ്രകടിപ്പിച്ചിരുന്നു.
ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. അനുദിനം വ്യാപകമാകുന്ന നഗരവത്കൃത ജീവിതത്തില്‍ നാടന്‍ നായ്ക്കള്‍ വളര്‍ത്തുമൃഗങ്ങളുടെ പട്ടികയില്‍ നിന്നും തിരസ്‌കരിക്കപ്പെട്ടു. പൊതുസമൂഹത്തില്‍ സാധാരണക്കാരും അത്യാവശ്യം നിലയും വിലയുമുള്ള പണക്കാരും അതിസമ്പന്നരുമെല്ലാം ഇന്ന് വിദേശത്തുനിന്നും ഇറക്കുമതിചെയ്യുന്ന നായ്ക്കളെയാണ് വാങ്ങിവളര്‍ത്തുന്നത്. പണമുള്ളവര്‍ക്ക ്ഇതിനായി എത്രതുക പോലും മുടക്കാന്‍ മടിയില്ല. ഏത് തരം നായ്ക്കളെ വളര്‍ത്തുന്നുവെന്നത് അന്തസിന്റെയും അഭിമാനത്തിന്റെയും അടയാളങ്ങളായി മാറിയതോടെ നാടന്‍ നായ്ക്കളുടെ സ്ഥാനം തെരുവുകളിലായി. അവ തെരുവുനായ്ക്കളായി അകറ്റിനിര്‍ത്തപ്പെടുന്നു. അടുത്ത കാലം വരെ തെരുവ്നായ്ക്കളുടെ ശല്യത്തെക്കുറിച്ചും ആക്രമണത്തെക്കുറിച്ചുമായിരുന്നു നമ്മുടെ നാട്ടിലെല്ലാം ചര്‍ച്ച ചെയ്തിരുന്നു. തെരുവ്നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചവരെക്കുറിച്ചും പരിക്കേറ്റവരെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ പൊതുസമൂഹത്തില്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തിയിരുന്നത്. തെരുവ്നായ്ക്കളെ നശിപ്പിക്കാന്‍ നിയമമില്ലാത്തതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ ഈ പ്രശ്നത്തോട് മുഖം തിരിക്കുകയാണ്. ഇവയെ വന്ധ്യം കരിക്കുന്നതിനുള്ള നടപടികളും പാതിവഴിയിലായി. സ്‌കൂളുകളും കോളേജുകളും തുറന്നതോടെ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതരായി നടന്നുപോകാനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിനിടയിലാണ് വളര്‍ത്തുനായ്ക്കളുടെ ആക്രമണങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പത്രൃദൃശ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുന്നത്.
കേരളത്തിലെ പല ഭാഗങ്ങളിലും തെരുവ്നായ്ക്കളെക്കാള്‍ വളര്‍ത്തുനായ്ക്കള്‍ ഭീഷണിയാകുകയാണ്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും വളര്‍ത്തുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പോറ്റി വളര്‍ത്തുന്ന വീട്ടുകാരുമായി മാത്രം ഇണങ്ങിജീവിക്കുന്ന വളര്‍ത്തുനായ്ക്കള്‍ ജനജീവിതത്തിന് വലിയ വെല്ലുവിളിയായി മാറുകയാണെന്നാണ് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നത്. കോഴിക്കോട് ജില്ലയിലെ താമരശേരി അമ്പായത്തോട്ടില്‍ മദ്രസയില്‍ നിന്ന് മടങ്ങുകയായിരുന്ന മകനെ കാത്തിരിക്കുകയായിരുന്ന ഫൗസിയ എന്ന യുവതിയെ ഒരു പ്രദേശവാസിയുടെ വളര്‍ത്തുനായ്ക്കള്‍ കടിച്ച് കീറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ആസ്പത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ ഓടിക്കൂടി നായ്ക്കളെ ഓടിച്ചതുകൊണ്ടാണ് യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. മരണം സംഭവിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിക്കണം. ആര് സമാധാനം പറയുമായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇതേ നായ്ക്കള്‍ പ്രദേശത്തെ നിരവധി പേരെ കടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈയിടെയാണ് കാഞ്ഞങ്ങാടിനടുത്ത് മാവുങ്കാലില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടുവയസുകാരിയെ അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ച് പരിക്കേല്‍പ്പിച്ചത്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ദിവസത്തിന്റെ ഭൂരിഭാഗം സമയവും കൂട്ടിലടക്കപ്പെടുന്ന വളര്‍ത്തുനായ്ക്കള്‍ക്ക് ക്രൂരസ്വഭാവം ഉണ്ടാകുക സ്വാഭാവികം. കൂട് തുറന്നുവിടുമ്പോള്‍ ഇവ ഓടിനടന്ന് ആളുകളെ കടിക്കുന്നു. പതിവായി ഇറച്ചി നല്‍കുന്നതിനാല്‍ അതിന്റെ രുചി ആസക്തിയായി വളര്‍ന്ന് വളര്‍ത്തുനായ്ക്കളെ കാണുന്നവരെയൊക്കെ കടിക്കുന്ന ശീലത്തിലെത്തിക്കുന്നു. രക്തത്തിന്റെയും ഇറച്ചിയുടെയും സ്വാദറിഞ്ഞ നായ്ക്കള്‍ മനുഷ്യരെയും ആടുകളെയും കോഴികളെയും പശുക്കളെയുമെല്ലാം ആക്രമിക്കും.
വിദേശ ഇനം നായ്ക്കളെ വന്‍തുക നല്‍കി വീട്ടില്‍ വളര്‍ത്തുന്നവര്‍ ഏറെയാണ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് വളര്‍ത്തുനായ്ക്കള്‍ ഉപദ്രവകാരികളായി മാറുന്നതിനെ അതീവഗൗരവത്തോടെ കാണണം. നഗരഭാഗങ്ങളില്‍ മതില്‍ കെട്ടി തിരിച്ചുള്ള വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധം പുലര്‍ത്താറില്ല. മതിലനപ്പുറത്തെ വീട്ടുകാര്‍ക്ക് ഇപ്പുറത്തെ വീട്ടുകാര്‍ അപരിചിതരായിരിക്കും. അതേ സമയം ഈ കുടുംബങ്ങളില്‍ പലരും വിവിധ തരത്തിലുള്ള വിദേശിനായ്ക്കളെ വളര്‍ത്തുന്നവരായിരിക്കും.കൂടുതുറന്നാല്‍ മതിലിലെ ഗേറ്റിന് വെളിയിലെത്തുന്ന ഇത്തരം നായ്ക്കള്‍ക്ക് സ്വന്തം വീട്ടുകാര്‍ ഒഴികെ മറ്റെല്ലാവരും അപരിചിതരാണ്. യാതൊരു ദാക്ഷിണ്യവുമില്ലാത്ത ആക്രമണമായിരിക്കും ഈ നായ്ക്കള്‍ നടത്തുക. തദ്ദേശസ്ഥാപനങ്ങളുടെ ലൈസന്‍സ് പോലും വാങ്ങാതെ നായ്ക്കളെ വളര്‍ത്തുന്നവര്‍ അനേകമാണ്. ഫൗസിയയെ കടിച്ച വളര്‍ത്തുനായ്ക്കള്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. നായ്ക്കളുടെ കടിയേല്‍ക്കുന്ന കുട്ടികളുടെയും ദുര്‍ബലമനസ്‌കരായ ആളുകളുടെയും മാനസികാവസ്ഥ തന്നെ തകരാറിലാകുന്നുവെന്നതാണ് ഇത്തരം സംഭവങ്ങള്‍ സൃഷ്ടിക്കുന്ന മറ്റൊരു ദുരന്തം. ഹൃദ്രോഗികള്‍ക്കാണ് നായ്ക്കളുടെ കടിയേല്‍ക്കുന്നതെങ്കില്‍ ഹൃദയാഘാതം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകാത്ത വിധത്തില്‍ നായ്ക്കളെ വളര്‍ത്തുന്നത് സംബന്ധിച്ച് പഞ്ചായത്ത് തലങ്ങളില്‍ ബോധവത്കരണം അനിവാര്യമാണ്.
സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ തെരുവ് നായ്ക്കളെയും വളര്‍ത്തുനായ്ക്കളെയും ഭയന്ന് ചങ്കിടിപ്പോടെയാണ് ഇന്ന് വഴിനടന്നുപോകുന്നത്. ഏത് സമയത്താണ് നായ്ക്കളുടെ ആക്രമണമുണ്ടാവുകയെന്നറിയില്ല. തെരുവ് നായ്ക്കളുടെ ശല്യം തടയാന്‍ നടപടി ശക്തമാക്കുന്നതിനൊപ്പം വളര്‍ത്തുനായ്ക്കളുടെ ഭീഷണി തടയാനും അധികൃതര്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. വളര്‍ത്തുനായ്ക്കളെ നിയന്ത്രിക്കാന്‍ തയ്യാറാകാത്ത വീട്ടുടമകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം. കടുത്ത ശിക്ഷ ഇത്തരക്കാര്‍ക്ക് ലഭിക്കുന്ന വിധത്തിലുള്ള നിയമഭേദഗതിയും ആവശ്യമാണ്.

Related Articles
Next Story
Share it