കാസര്‍കോട്: പൗരത്വനിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍.ഡി.എഫ് എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗം ജനങ്ങളും എല്‍.ഡി.എഫ് അധികാരത്തില്‍ വരാനാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരാശയിലായിരുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ കൊണ്ടുവന്ന ഭരണമാണ് എല്‍.ഡി.എഫിന്റേത്. ജനം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം സര്‍ക്കാര്‍ കൂടെയുണ്ടായിരുന്നു. കുപ്രചരണങ്ങളുടെ മലവെള്ളപ്പാച്ചിലിനെ ജനങ്ങള്‍ കോട്ട തീര്‍ത്ത് പ്രതിരോധിച്ചു. ഉപേക്ഷിച്ചുപോയ ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാക്കി. 32034 കോടി രൂപയുടെ ക്ഷേമ പെന്‍ഷനുകള്‍ നല്‍കി. 10 ലക്ഷം പേര്‍ ലൈഫ് പദ്ധതിയിലൂടെ സ്വന്തം വീടുള്ളവരായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.വി രാജന്‍ അധ്യക്ഷത വഹിച്ചു. എ. വിജയരാഘവന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജോസ് കെ. മാണി, സി.കെ. നാണു എം.എല്‍.എ, കാസിം ഇരിക്കൂര്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രി ഇ.പി. ജയരാജന്‍, സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരന്‍ എന്നിവരും പങ്കെടുത്തു. കെ.ആര്‍. ജയാനന്ദ സ്വാഗതം പറഞ്ഞു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ആദ്യ സ്വീകരണ പൊതുയോഗത്തിലേക്ക് ലീഡര്‍ എ. വിജയരാഘവനെ തുറന്ന ജീപ്പില്‍ ആനയിച്ചു. വിജയരാഘവന് പുറമെ ജാഥാംഗങ്ങളായ കെ.പി. രാജേന്ദ്രന്‍, പി. സതീദേവി, എല്‍.ജെ.ഡി. നേതാവ് സലീം മടവൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.എ. മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. കാസര്‍കോട്ട് നല്‍കിയ സ്വീകരണ പരിപാടിയോടെ ഇന്നലത്തെ പര്യടനം അവസാനിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ചട്ടഞ്ചാല്‍, 11ന് കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കി. വൈകിട്ട് നാലുമണിക്ക് കാലിക്കടവിലാണ് ജില്ലയില്‍ ജാഥയുടെ സമാപനം. 5 മണിക്ക് പയ്യന്നൂര്‍, ആറുമണിക്ക് പഴയങ്ങാടി എന്നിവിടങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും.