എഴുതിത്തീരാതെ...
രണ്ട് ദിവസം മുമ്പ് താജ്മഹലിന് മുന്നില്‍ മകനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ഇബ്രാഹിം ചെര്‍ക്കളയുടെ ഒരു ചെറുകുറിപ്പുണ്ടായിരുന്നു; 'ഡല്‍ഹിയിലും ആഗ്രയിലും കടുത്ത ചൂടാണ്. അജ്മീരില്‍ നല്ല കാലാവസ്ഥ. കേരളത്തിലെ മഴയില്‍ നിന്നും നല്ല ചൂടിലെത്തി. തണുപ്പും ചൂടും മാറിമാറി എത്തി. നല്ല പനിപിടിച്ചു...' ന്യുമോണിയയുടെ രൂപത്തില്‍ മരണത്തിന്റെ കാലൊച്ച അരികിലുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരിക്കില്ല. കാസര്‍കോട്ട് നിന്ന് പത്തുനാള്‍ മുമ്പ് പത്തറുപത് പേരോടൊപ്പം ഒരുസംഘമായി പുറപ്പെട്ട ഉത്തരേന്ത്യന്‍ യാത്ര അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മംഗള എക്‌സ്പ്രസില്‍ […]
രണ്ട് ദിവസം മുമ്പ് താജ്മഹലിന് മുന്നില്‍ മകനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ഇബ്രാഹിം ചെര്‍ക്കളയുടെ ഒരു ചെറുകുറിപ്പുണ്ടായിരുന്നു; 'ഡല്‍ഹിയിലും ആഗ്രയിലും കടുത്ത ചൂടാണ്. അജ്മീരില്‍ നല്ല കാലാവസ്ഥ. കേരളത്തിലെ മഴയില്‍ നിന്നും നല്ല ചൂടിലെത്തി. തണുപ്പും ചൂടും മാറിമാറി എത്തി. നല്ല പനിപിടിച്ചു...' ന്യുമോണിയയുടെ രൂപത്തില്‍ മരണത്തിന്റെ കാലൊച്ച അരികിലുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരിക്കില്ല. കാസര്‍കോട്ട് നിന്ന് പത്തുനാള്‍ മുമ്പ് പത്തറുപത് പേരോടൊപ്പം ഒരുസംഘമായി പുറപ്പെട്ട ഉത്തരേന്ത്യന്‍ യാത്ര അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മംഗള എക്‌സ്പ്രസില്‍ […]
രണ്ട് ദിവസം മുമ്പ് താജ്മഹലിന് മുന്നില്‍ മകനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ഇബ്രാഹിം ചെര്‍ക്കളയുടെ ഒരു ചെറുകുറിപ്പുണ്ടായിരുന്നു; 'ഡല്‍ഹിയിലും ആഗ്രയിലും കടുത്ത ചൂടാണ്. അജ്മീരില്‍ നല്ല കാലാവസ്ഥ. കേരളത്തിലെ മഴയില്‍ നിന്നും നല്ല ചൂടിലെത്തി. തണുപ്പും ചൂടും മാറിമാറി എത്തി. നല്ല പനിപിടിച്ചു...'
ന്യുമോണിയയുടെ രൂപത്തില്‍ മരണത്തിന്റെ കാലൊച്ച അരികിലുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരിക്കില്ല. കാസര്‍കോട്ട് നിന്ന് പത്തുനാള്‍ മുമ്പ് പത്തറുപത് പേരോടൊപ്പം ഒരുസംഘമായി പുറപ്പെട്ട ഉത്തരേന്ത്യന്‍ യാത്ര അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മംഗള എക്‌സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്ന് കാസര്‍കോട്ട് വന്നിറങ്ങിയ അദ്ദേഹത്തെ ഇന്നലെ കാസര്‍കോട് സാഹിത്യവേദിയുടെ ജനറല്‍ ബോഡി യോഗത്തില്‍ കണ്ടില്ല. ഉറ്റസുഹൃത്തും എഴുത്തുകാരനുമായ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയോട് എവിടെ സയാമീസ് ഇരട്ട എന്ന് താമശരൂപേണ ചോദിച്ചപ്പോള്‍ യാത്ര കഴിഞ്ഞെത്തിയതിന്റെ ക്ഷീണം കൊണ്ടായിരിക്കും വരാത്തതെന്ന് കുട്ടിയാനം പറഞ്ഞു. സാഹിത്യവേദി ജനറല്‍ ബോഡിക്ക് മുമ്പ് തിരിച്ചെത്തുമെന്ന ഉറപ്പിലാണ് ഇബ്രാഹിം ഡല്‍ഹിക്ക് യാത്ര തിരിച്ചത്. ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യേണ്ട ചില വിഷയങ്ങളെ കുറിച്ച് ഡല്‍ഹിയില്‍ നിന്ന് ഫോണിലും വാട്‌സ്ആപ്പിലും ചില സുഹൃത്തുക്കളുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കടുത്ത ന്യൂമോണിയ ബാധിച്ച ഇബ്രാഹിം ചെര്‍ക്കളയെ നാട്ടില്‍ തിരിച്ചെത്തിയ ഉടനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിവരം അധികമാരും അറിഞ്ഞില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് ഇബ്രാഹിം ചെര്‍ക്കളയുടെ വാട്‌സ് ആപ്പ് മെസേജ് എനിക്കുണ്ടായിരുന്നു. കാസര്‍കോടിന്റെ ചില ചരിത്രങ്ങളെ കുറിച്ച് എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിലെ തന്നെ ആദ്യകാല പള്ളികളിലൊന്നായ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ ചരിത്രം എഴുതാന്‍ വേണ്ടി സഹായിക്കണമെന്നുമായിരുന്നു സന്ദേശം. ആദ്യകാലം മുതല്‍ ഇതുവരെയുള്ള പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുടെ പട്ടിക തരണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്തോ, അദ്ദേഹം ആവശ്യപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചുനല്‍കാന്‍ വിട്ടുപോയി. അതിലദ്ദേഹം വാട്‌സ്ആപ്പ് മെസേജില്‍ തന്നെ ചെറുതായി പരിഭവിക്കുകയും ചെയ്തു.
നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള, സാംസ്‌കാരിക-സാഹിത്യ മേഖലയുടെ ചാരെ നിരന്തരം നടക്കുന്ന ഇബ്രാഹിം ചെര്‍ക്കളയെ ഒറ്റനോട്ടത്തില്‍ ആരും ഒരു എഴുത്തുകാരനാണെന്ന് പറയില്ല. ഇത്രയും പുസ്തകങ്ങള്‍ എഴുതിയ ഒരാളാണോ ഇദ്ദേഹമെന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ നീണ്ട പട്ടിക കണ്ടാല്‍ ആരും ചിന്തിച്ചുപോവും. വേദികളില്‍ വലിഞ്ഞുകയറിവന്ന് ഇരിക്കാറില്ല. നാലുവായില്‍ സംസാരിക്കാറുമില്ല. തീര്‍ത്തും സൗമ്യനായ ഒരാള്‍. ശാന്തനും. ആരേയും ആകര്‍ഷിക്കുന്ന സ്വഭാവ വിശേഷണങ്ങളും പെരുമാറ്റവും.
ഇബ്രാഹിം ചെര്‍ക്കളയുടെ വേര്‍പാട് വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും ആവുന്നില്ല. കാരണം അദ്ദേഹം കഴിഞ്ഞ ദിവസം പോലും പലരുമായും വാട്‌സ്ആപ്പിലും മറ്റും ബന്ധം പുലര്‍ത്തിയിരുന്നു. എല്ലാവരുമായും നിരന്തരം ബന്ധം പുലര്‍ത്തുകയും സുഹൃത്തുക്കളുടെ വീടുകള്‍ ഇടക്കിടെ സന്ദര്‍ശിക്കാന്‍ താല്‍പര്യം കാണിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ പരിചയപ്പെടുന്നവര്‍ക്കെല്ലാം അദ്ദേഹത്തെ വലിയ ഇഷ്ടവുമാണ്. അദ്ദേഹത്തിന്റെ എഴുത്തില്‍ ഒരു പ്രവാസ സൗന്ദര്യം നിറഞ്ഞുനിന്നിരുന്നു.
എഴുത്തുവഴിയിലൂടെ സഞ്ചരിക്കുന്ന ഇബ്രാഹിം ചെര്‍ക്കളയും കുട്ടിയാനം മുഹമ്മദ് കുഞ്ഞിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ ഉത്തരദേശം വാരാന്തപ്പതിപ്പില്‍ 'അക്ഷരച്ചരടില്‍ കോര്‍ത്ത സൗഹൃദം' എന്ന തലക്കെട്ടില്‍ ഞാനൊരു ലേഖനം എഴുതിയിരുന്നു. ഇത് ഇബ്രാഹിമിനെ വല്ലാതെ ആകര്‍ഷിച്ചു. തന്റെ എഴുത്തു ജീവിതത്തേക്കാള്‍ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുമായുള്ള സൗഹൃദത്തെ കുറിച്ചെഴുതിയത് ജീവിതത്തിലൊരിക്കലും മറക്കാന്‍ പറ്റാത്ത കാര്യമാണെന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് നിരന്തരം വാട്‌സ് ആപ്പ് സന്ദേശം അയച്ചു. പിന്നീട് കാണുമ്പോഴൊക്കെ ആ സന്തോഷം പങ്കുവെക്കുകയും ചെയ്തു.
കുട്ടിക്കാലത്തെ രണ്ട് ആത്മ മിത്രങ്ങള്‍ മധ്യപ്രായത്തിലും ചങ്ങാത്തച്ചരട് പൊട്ടാത്ത കൂട്ടുകാരായി എഴുത്തു വഴികളില്‍ സഞ്ചരിക്കുന്നത് കണ്ടപ്പോള്‍ എഴുതിയതായിരുന്നു ആ ലേഖനം. ഇബ്രാഹിം ചെര്‍ക്കളയുടെ പിതൃസഹോദരിയുടെ പേരമകനാണ് കുട്ടിയാനം മുഹമ്മദ് കുഞ്ഞി. മുഹമ്മദ് കുഞ്ഞിയുടെ ബാവിക്കരയിലെയും ഇബ്രാഹിമിന്റെ ബേര്‍ക്കയിലെയും വീടുകളിലേക്ക് കുട്ടിക്കാലത്ത് ഇരുവരും സന്ദര്‍ശനം നടത്തിയപ്പോള്‍ മുളച്ച സൗഹൃദം. പിന്നീട് ഇരുവരും കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ സഹപാഠികളായി. വായനയില്‍ താല്‍പ്പര്യം ജനിച്ച കാലം തൊട്ടേ കാസര്‍കോട് ഗവ. ഹൈസ്‌കൂളിന് സമീപത്തെ താലൂക്ക് ലൈബ്രറിയില്‍ ഒത്തുകൂടുക പതിവായിരുന്നു. പുസ്തകങ്ങള്‍ എടുത്ത് ആദ്യം വായിച്ച് തീര്‍ക്കാന്‍ രണ്ടുപേരും മത്സരിക്കുമായിരുന്നു.
മുളിയാര്‍ പഞ്ചായത്തിന് കീഴിലുള്ള കസ്തൂര്‍ബാ ലൈബ്രറിയില്‍ ഇബ്രാഹിമും മുഹമ്മദ് കുഞ്ഞിയും പലപ്പോഴും സംഗമിക്കുമായിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്തും ഇരുവരും തമ്മില്‍ സൗഹൃദം തുടര്‍ന്നു. പല ഘട്ടങ്ങളിലായി രണ്ടുപേരും പ്രവാസ ലോകത്തിന്റെ വ്യത്യസ്ത കോണുകളിലേക്ക് പറന്നുവെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഒരു കുറവും വന്നില്ല. കത്തിടപാടുകളിലൂടെ അവര്‍ നിരന്തരം സന്ധിച്ചു. ഇബ്രാഹിം വാപ്പയുടെ വഴിയേ കരാര്‍ ജോലികളിലാണ് ഏര്‍പ്പെട്ടത്. മുഹമ്മദ് കുഞ്ഞി അവധിക്ക് നാട്ടിലെത്തിയാല്‍ ആദ്യം ഓടിയെത്തുക ഇബ്രാഹിമിന്റെ അരികിലേക്ക്. അവര്‍ക്ക് പരസ്പരം പങ്കുവെയ്ക്കാന്‍ വായനയുടെ ഒരുപാട് അനുഭവങ്ങളുണ്ടാവും. രണ്ടുപേരും വായിച്ച പുതിയ പുസ്തകങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാനുണ്ടാവും. കല്യാണ വീടായാലും മരണ വീടായാലും ഒന്നിച്ചാണ് ചെല്ലുക. കുട്ടിയാനം നാട്ടില്‍ എത്തിയാല്‍ ഇരുവരും ചേര്‍ന്നൊരു കറക്കമുണ്ട്. ആ യാത്ര മിക്കപ്പോഴും തങ്ങള്‍ക്ക് പ്രിയപ്പെട്ട സാഹിത്യ കുലപതികളെ തേടിയായിരിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെയും തകഴി ശിവശങ്കരപിള്ളയുടെയും വീടുകളില്‍ ഇവര്‍ ചെന്നിട്ടുണ്ട്. തിരുവനന്തപുരത്ത് അടക്കം ഓണം വാരാഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കാനും പോയിട്ടുണ്ട്.
ഇരുവരും കേരളത്തിന്റെ മുക്കുമൂലകളില്‍ സാഹിത്യ സദസുകളും ക്യാമ്പുകളും തേടി സഞ്ചരിക്കുക പതിവായിരുന്നു.
ഇബ്രാഹിം ഷാര്‍ജ പുസ്തകോത്സവത്തിലും പങ്കെടുക്കാറുണ്ടായിരുന്നു. അവിടെ പ്രമുഖരുടെ പുസ്തകങ്ങള്‍ പ്രകാശിതമാവുന്ന കാഴ്ചകള്‍ കാണുമ്പോള്‍ അദ്ദേഹം വല്ലാണ്ട് ആശിച്ചിട്ടുണ്ട്. താന്‍ പുസ്തകം എഴുതുന്ന ഒരു കാലം എപ്പോഴാണ് കടന്നുവരികയെന്ന്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇബ്രാഹിം ചെര്‍ക്കളയുടെ പുസ്തകം പ്രകാശിതമാവുന്നതിന് ഷാര്‍ജ പുസ്തകോത്സവം സാക്ഷിയായി എന്നത് കാലം കാത്തുവെച്ച സമ്മാനമായിരുന്നു.
ഇബ്രാഹിമിന്റേതായി 20ഓളം പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. മണലാരണ്യത്തിലെ നെടുവീര്‍പ്പുകള്‍, പ്രവാസിയും ഓര്‍മ്മ മരങ്ങളും, ശാന്തിതീരം അകലെ, പ്രവാസം-കാലം-ഓര്‍മ്മ, വിഷച്ചുഴിയിലെ സ്വര്‍ണ മീനുകള്‍, എണ്ണപ്പെടാത്ത ഓര്‍മ്മക്കാറ്റുകള്‍, മരീചികകള്‍ കയ്യെത്തുമ്പോള്‍ എന്നിവ അവയില്‍ ചിലതാണ്. 2019ലാണ് 'പ്രവാസം-കാലം-ഓര്‍മ്മ' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശിതമായത്.
ഇബ്രാഹിം ചെര്‍ക്കളക്ക് വടകര ആസ്ഥാനമായുള്ള ഭാരതീയ പുരസ്‌കാരം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ അവാര്‍ഡ് ആഗസ്റ്റ് 15ന് വടകരയില്‍ വെച്ച് ഏറ്റുവാങ്ങാനിരിക്കെയാണ് കാസര്‍കോടിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ മടക്കം.
-ടി.എ ഷാഫി