ഇബ്രാഹിം ബേവിഞ്ചക്ക് സാംസ്‌കാരിക കേരളം വിട ചൊല്ലി

കാസര്‍കോട്: ഇന്നലെ രാത്രി അന്തരിച്ച പ്രമുഖ എഴുത്തുകാരനും നിരൂപകനും അധ്യാപകനും പ്രഭാഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രൊഫ. ഇബ്രാഹിം ബേവിഞ്ച(69)ക്ക് സാംസ്‌കാരിക കേരളം വിട ചൊല്ലി. ഇന്ന് ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ മയ്യത്ത് ബേവിഞ്ച ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. വീട്ടിലും ഖബറടക്ക ചടങ്ങിലുമായി സാഹിത്യ-സാംസ്‌കാരിക-മത-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേര്‍ പങ്കെടുത്തു.അനാരോഗ്യത്തെ തുടര്‍ന്ന് എഴുത്തില്‍നിന്നും പൊതുപ്രവര്‍ത്തനത്തില്‍ നിന്നും മാറിനിന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്ന ഇബ്രാഹിം ബേവിഞ്ചയുടെ വേര്‍പാട് ഇന്നലെ രാത്രി 9.30 ഓടെ ബേവിഞ്ചയില്‍ ചന്ദ്രഗിരി പുഴയോട് […]

കാസര്‍കോട്: ഇന്നലെ രാത്രി അന്തരിച്ച പ്രമുഖ എഴുത്തുകാരനും നിരൂപകനും അധ്യാപകനും പ്രഭാഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രൊഫ. ഇബ്രാഹിം ബേവിഞ്ച(69)ക്ക് സാംസ്‌കാരിക കേരളം വിട ചൊല്ലി. ഇന്ന് ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ മയ്യത്ത് ബേവിഞ്ച ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. വീട്ടിലും ഖബറടക്ക ചടങ്ങിലുമായി സാഹിത്യ-സാംസ്‌കാരിക-മത-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേര്‍ പങ്കെടുത്തു.
അനാരോഗ്യത്തെ തുടര്‍ന്ന് എഴുത്തില്‍നിന്നും പൊതുപ്രവര്‍ത്തനത്തില്‍ നിന്നും മാറിനിന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്ന ഇബ്രാഹിം ബേവിഞ്ചയുടെ വേര്‍പാട് ഇന്നലെ രാത്രി 9.30 ഓടെ ബേവിഞ്ചയില്‍ ചന്ദ്രഗിരി പുഴയോട് ചേര്‍ന്നുള്ള റിവര്‍ വ്യൂ എന്നു പേരുള്ള വീട്ടിലായിരുന്നു.
1954 മേയ് 30ന് ബേവിഞ്ചയിലെ അബ്ദുല്ലക്കുഞ്ഞി മുസ്‌ലിയാരുടെയും ചെമ്പിരിക്കയിലെ ഉമ്മാലി ഉമ്മയുടെയും മകനായാണ് ജനനം.
കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് ബി.എ ഇംഗ്ലീഷ് ബിരുദവും പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് എം.ഫിലും നേടി. എം.ടി. വാസുദേവന്‍ നായരുടെ ചെറുകഥകളായിരുന്നു എം.ഫില്‍ വിഷയം. കാസര്‍കോട് ഗവ. കോളേജില്‍ 24 വര്‍ഷം അധ്യാപകനായിരുന്നു. കണ്ണൂര്‍ ഗവ. വിമന്‍സ് കോളേജില്‍ ഒരു വര്‍ഷവും മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളേജില്‍ നാലുവര്‍ഷവും മലയാളം അധ്യാപകനായി. ഇതിനിടെ, എഴുത്തിലേക്ക് കടന്ന ബേവിഞ്ച പ്രതിവാര കോളവും സാഹിത്യ നിരൂപണങ്ങളും കൊണ്ട് സാംസ്‌കാരികമേഖലയില്‍ നിറഞ്ഞുനിന്നു. 'ചന്ദ്രിക' പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ 18 വര്‍ഷം 'പ്രസക്തി' കൈകാര്യം ചെയ്തു. 'മാധ്യമം' പത്രത്തില്‍ അഞ്ച് വര്‍ഷം 'കാര്യവിചാരം', 'മാധ്യമം വാരാദ്യ'ത്തില്‍ ആറു വര്‍ഷം 'കഥ പോയമാസത്തില്‍' എന്നീ കോളങ്ങള്‍ എഴുതി. 'തൂലിക' മാസികയില്‍ 'വിചിന്തനം', 'രിസാല' വാരികയില്‍ 'പ്രകാശകം' എന്നീ കോളങ്ങളും അദ്ദേഹത്തിന്റേതായുണ്ടായി. ഉത്തരദേശത്തില്‍ 'കളപ്പുര' എന്ന കോളവും കൈകാര്യം ചെയ്തു. കാസര്‍കോട് വാര്‍ത്താ ഓണ്‍ ലൈന്‍ പോര്‍ട്ടറില്‍ ഹൃദയപൂര്‍വ്വം എന്ന കോളവും എഴുതി.
'ഉബൈദിന്റെ കവിതാ ലോകം', 'ഇസ്‌ലാമിക സാഹിത്യം മലയാളത്തില്‍', 'പ്രസക്തി', 'മുസ്‌ലിം സാമൂഹിക ജീവിതം മലയാളത്തില്‍', 'പക്ഷിപ്പാട്ട്: ഒരു പുനര്‍വായന', 'ബഷീര്‍: ദ മുസ്‌ലിം', 'നിള തന്ന നാട്ടെഴുത്തുകള്‍', 'ഉബൈദിന്റെ തീപിടിച്ച പള്ളിയും പി. കുഞ്ഞിരാമന്‍ നായരുടെ കത്തുന്ന അമ്പലവും', 'ഖുര്‍ആനും ബഷീറും' തുടങ്ങിയവയാണ് പ്രധാന കൃതികള്‍. അബൂദാബി കാസര്‍കോട് ജില്ല കെ.എം.സി.സി അവാര്‍ഡ് ഉള്‍പ്പെടെ 12 പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'ചന്ദ്രിക' ദിനപത്രത്തില്‍ സഹ പത്രാധിപരായി ജോലി ചെയ്തിരുന്നു. കേരള സാഹിത്യ അക്കാദമി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, കോഴിക്കോട് സര്‍വ്വകലാശാല പി.ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, യു.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2010 മാര്‍ച്ചില്‍ കോളേജ് അധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ചു.
അബുദാബി കെ.എം. സി.സി, അബൂദാബി റൈറ്റേഴ്‌സ് ഫോറം, ഷാര്‍ജ കെ.എം.സി.സി, കാസര്‍കോട് സാഹിത്യവേദി, നടുത്തോപ്പില്‍ അബ്ദുല്ല, തളങ്കര റഫി മഹലിന്റെ എന്‍.എ സുലൈമാന്‍ സ്മാരക അവാര്‍ഡ്, എം.എസ്.മാഗ്രാല്‍, മൊറയൂര്‍ മിത്രവേദി തുടങ്ങി പത്ത് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
പാര്‍കിന്‍സണ്‍ രോഗം ബാധിച്ചതോടെ വിശ്രമജീവിതത്തിലേക്ക് മാറി. ഭാര്യ: ടി.പി. ഷാഹിദ. മക്കള്‍: ശബാന റഫീഖ്, റിസ്‌വാന സവാദ്, ശിബിലി അജ്മല്‍.

Related Articles
Next Story
Share it