പയ്യന്നൂര്‍: ഉറങ്ങുകയായിരുന്ന ഭാര്യയെ വിളിച്ചുണര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവ് അറസ്റ്റില്‍. സാരമായി പരിക്കേറ്റ ഭാര്യയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയില്‍ മടക്കാംപൊയില്‍ കുപ്പോള്‍ കോളനിയിലാണ് സംഭവം. കോളനിയില്‍ താമസിക്കുന്ന ബ്ലാവില്‍ വീട്ടില്‍ ആലീസി(52)നെയാണ് കഴുത്തിന് താഴെ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് കണ്ണൂര്‍ എ.കെ.ജി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബാലകൃഷ്ണനെ (55) പെരിങ്ങോം ഇന്‍സ്പെക്ടര്‍ പി. സുഭാഷ് അറസ്റ്റു ചെയ്തു. ഇരുവരും ഒന്നര വര്‍ഷമായി സ്വരചേര്‍ച്ചയില്ലാതെ കഴിഞ്ഞുവരികയായിരുന്നു. ഒരേ വീട്ടില്‍ തന്നെയാണ് ഇരുവരും താമസിച്ചു വന്നിരുന്നത്. ഉറങ്ങുകയായിരുന്ന ആലീസിനെ ബാലകൃഷ്ണന് വിളിച്ചുണര്‍ത്തുകയും പിന്നീട് അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അലറി നിലവിളിച്ച് വീടിന് പുറത്തേക്ക് ഓടിയ ആലീസിനെ പിന്തുടരുകയും വീട്ടുമുറ്റത്ത് വെച്ച് കയ്യിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് വെട്ടുകയുമായിരുന്നു. കഴുത്തിന് താഴെ ആഴത്തിലുള്ള മുറിവേറ്റ് വീണ ആലീസിനെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ആസ്പത്രിയില്‍ എത്തിച്ചത്. വധശ്രമത്തിനാണ് കേസ്.