ഹൃദയാലുവിന്റെ രക്താക്ഷരങ്ങള്‍

പത്രപ്രവര്‍ത്തകനായ വി.വി.പ്രഭാകരനെ ഞാന്‍ ആദ്യമായി കാണുന്നത് 1980ലാണ്. എന്നാല്‍ അതിനും കുറച്ചുനാള്‍ മുമ്പുതന്നെ ഞങ്ങള്‍ തമ്മില്‍ കത്തുകളിലൂടെ ബന്ധപ്പെട്ടിരുന്നു. എറണാകുളത്ത് 'വീക്ഷണം ദിനപത്രത്തിലായിരുന്നു പ്രഭാകരന്‍ അന്ന് ജോലി ചെയ്തിരുന്നത്.ഹൃദയഭാഷണമാണ് പ്രഭാകരന് പ്രിയം. മനസ്സ് തുറന്ന് സംസാരിക്കുക, ഹൃദയം തുറന്ന് ചിരിക്കുക. നാല്‍പ്പത്തിരണ്ട് വര്‍ഷം മുമ്പ് പരിചയപ്പെട്ട പ്രഭാകരനെ ഞാന്‍ അത്തരത്തിലൊരാളായാണ് ഇപ്പോഴും കാണുന്നത്.1984ല്‍ ഞാന്‍ കാസര്‍കോട്ട് 'ഈയാഴ്ച' വാരികയുടെ എഡിറ്ററായപ്പോള്‍, 'വീക്ഷണ'ത്തില്‍ നിന്ന് നീണ്ട അവധിയെടുത്ത് പ്രഭാകരന്‍ നാട്ടിലുണ്ടായിരുന്നു. പ്രഭാകരനെയും ഞാന്‍ അന്ന് 'ഈയാഴ്ച' സംഘത്തില്‍ കൂടെ […]

പത്രപ്രവര്‍ത്തകനായ വി.വി.പ്രഭാകരനെ ഞാന്‍ ആദ്യമായി കാണുന്നത് 1980ലാണ്. എന്നാല്‍ അതിനും കുറച്ചുനാള്‍ മുമ്പുതന്നെ ഞങ്ങള്‍ തമ്മില്‍ കത്തുകളിലൂടെ ബന്ധപ്പെട്ടിരുന്നു. എറണാകുളത്ത് 'വീക്ഷണം ദിനപത്രത്തിലായിരുന്നു പ്രഭാകരന്‍ അന്ന് ജോലി ചെയ്തിരുന്നത്.
ഹൃദയഭാഷണമാണ് പ്രഭാകരന് പ്രിയം. മനസ്സ് തുറന്ന് സംസാരിക്കുക, ഹൃദയം തുറന്ന് ചിരിക്കുക. നാല്‍പ്പത്തിരണ്ട് വര്‍ഷം മുമ്പ് പരിചയപ്പെട്ട പ്രഭാകരനെ ഞാന്‍ അത്തരത്തിലൊരാളായാണ് ഇപ്പോഴും കാണുന്നത്.
1984ല്‍ ഞാന്‍ കാസര്‍കോട്ട് 'ഈയാഴ്ച' വാരികയുടെ എഡിറ്ററായപ്പോള്‍, 'വീക്ഷണ'ത്തില്‍ നിന്ന് നീണ്ട അവധിയെടുത്ത് പ്രഭാകരന്‍ നാട്ടിലുണ്ടായിരുന്നു. പ്രഭാകരനെയും ഞാന്‍ അന്ന് 'ഈയാഴ്ച' സംഘത്തില്‍ കൂടെ കൂട്ടി. വാരികയുടെ തുടക്കം തൊട്ട് ഒടുക്കം വരെ (ഹ്രസ്വകാലമേ അതിന് ആയുസ്സുണ്ടായുള്ളൂ...!) പ്രഭാകരന്‍ അവിടെ എന്നോടൊപ്പം ജോലി ചെയ്തു. കോളങ്ങളെഴുതിയും പ്രൂഫ് നോക്കിയും മറ്റും എന്റെ സംഘര്‍ഷങ്ങളിലും സന്തോഷങ്ങളിലും കൂടെ നിന്നു. അക്കാലത്ത് 'ദൈവപ്പുര' എന്ന എന്റെ ആദ്യ നോവലിന് തന്റെ നാട്ടുകാരനും അയല്‍വീട്ടുകാരനുമായ വിഖ്യാതനായ നര്‍ത്തകരത്‌നം കൊടക്കാട് കണ്ണപ്പെരുവണ്ണാനിലൂടെ കളമൊരുക്കിത്തന്നതും പ്രഭാകരനാണ്. പ്രഭാകരന്റെയും കണ്ണപ്പെരുവണ്ണാന്റെയും വീടുകള്‍ മാത്രമല്ല, മനസ്സും തൊട്ടുതൊട്ടായിരുന്നു. അതുവഴി ഞാനും കണ്ണപ്പെരുവണ്ണാന്റെയും കുടുംബത്തിന്റെയും ഹൃദയത്തോടുചേര്‍ന്നു.
അനുഭവങ്ങളുടെ ഒരു സമുദ്രം തന്നെ ഉള്ളില്‍ പേറുന്നവനാണ് പ്രഭാകരന്‍ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രഭാകരന്‍ പത്രരംഗത്തും ദൃശ്യമാധ്യമ മേഖലയിലും ഒരുപോലെ കയ്യൊപ്പു ചാര്‍ത്തി. അതുകൊണ്ടു തന്നെ പ്രഭാകരന്‍ വല്ലപ്പോഴും എഴുതുന്ന ഭാവാഗീതാത്മകമായ കഥകള്‍ക്ക് പക്ഷേ, അടിയൊഴുക്കായി തിളയ്ക്കുന്ന ലാവാ പ്രവാഹത്തിന്റെ ഉള്‍ത്താപവുമുണ്ടായിരുന്നു. ഈ പുതിയ സമാഹാരത്തിലെ കഥകളിലുമതെ, മനുഷ്യ മനസ്സിലെ നിഷ്‌ക്കളങ്കതയ്ക്കും നിഷ്‌ക്കപടതയ്ക്കുമേല്‍ക്കുന്ന ക്രൂരമായ പരിക്കുകളും അവയുടെ പിടച്ചിലുകളും നമുക്കനുഭവിച്ചറിയാനാവും.
'അപ്പൂപ്പന്‍ കരയുന്നു' എന്ന ആദ്യ കഥാ സമാഹാരത്തിനുശേഷം (2018) പ്രസിദ്ധീകരിക്കുന്ന സമാഹാരമാണ് 'ജ്ഞാനപ്പാന'. എട്ടു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഗ്രാമമനസ്സും നഗരാസുരതയും തമ്മിലുള്ള സങ്കീര്‍ണ്ണതകളും സംഘര്‍ഷങ്ങളുമാണ് പ്രഭാകരന്റെ കഥകളുടെ പൊതുസ്വഭാവം എന്ന് ഈ കഥകളിലൂടെയും വെളിപ്പെടുന്നു. തന്റെ ജീവിത പരിസരങ്ങളില്‍ നിന്നു തന്നെയാണ് പ്രഭാകരന്‍ പല കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും ഒരുക്കൂട്ടിയെടുക്കുന്നത്. ആരുമില്ലാത്ത വഴികള്‍, ജ്ഞാനപ്പാന, സ്വത്ത് തുടങ്ങിയ കഥകള്‍ കൂട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. 'ആരുമില്ലാത്ത വഴികളി'ലെ തൊണ്ണൂറു വയസ്സു പിന്നിട്ട ബാലകൃഷ്ണന്‍ മാഷേയും ഭാര്യ ഭാഗീരഥിയമ്മയേയും നമുക്ക് മറക്കാന്‍ സാധിക്കില്ല. നാലാണ്‍മക്കളെയും വളര്‍ത്തി വലുതാക്കി കല്യാണം കഴിപ്പിക്കുന്നതോടെ അവര്‍ അച്ഛനമ്മമാരെ വിട്ട് വ്യത്യസ്ത മഹാനഗരങ്ങളിലേക്ക് ചേക്കേറുന്നു. ഹോം നേഴ്‌സടക്കം എല്ലാ സൗകര്യങ്ങളുമൊരുക്കിക്കൊടുത്ത്, സുരക്ഷിതത്വത്തിനായി ഉയരത്തില്‍ മതിലും കെട്ടിപ്പൊക്കി മക്കള്‍ അകലങ്ങളില്‍ കഴിയുമ്പോഴും പഴയ ഒരു റേഡിയോ പെട്ടിയിലൂടെ പുറത്തെ മനുഷ്യശബ്ദങ്ങള്‍ കേട്ട് നിര്‍വൃതിയടയുന്ന ആ വയോവൃദ്ധന്‍ മാഷ് നമ്മുടെ മനസ്സില്‍ വല്ലാത്ത നോവു പടര്‍ത്തുന്നു... 'ഇല്ല, ഇന്നും ആരും വിളിച്ചില്ല.' എന്ന് പതിവുപോലെ ആ രാത്രിയിലും ഡയറിത്താളില്‍ മാഷ് കുറിച്ചിടുന്നു....
'ജ്ഞാനപ്പാന' എന്ന കഥ കുറച്ചൊക്കെ കഥാകൃത്തിന്റെ ആത്മാംശം നിറഞ്ഞുനില്‍ക്കുന്ന കഥയായാണ് എനിക്കനുഭവപ്പെടുന്നത്. സ്വന്തം സഹോദരിയെ ജീവനുതുല്യം സ്‌നേഹിക്കുകയും അവളുടെ കള്ളനീക്കത്തില്‍ അര്‍ഹതപ്പെട്ട സ്വത്തുപോലും കിട്ടാതെ പോവുകയും ചെയ്യുന്ന പ്രകാശന്റെ ജീവിതമാണ് 'ജ്ഞാനപ്പാന'. പ്രകാശന്റെ കൂട്ടുകാരി സുജാത ചൊല്ലുകയും വിശദീകരിക്കുകയും ചെയ്യുന്ന പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികളിലൂടെ ധനം, ആസക്തി, സ്വാര്‍ത്ഥത, വെട്ടിപ്പിടിക്കല്‍ തുടങ്ങിയവയുടെ നശ്വരഭാവങ്ങളെ ഈ കഥയില്‍ ഭംഗിയായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. അമ്മയെ സുഖിപ്പിച്ച് സ്വത്ത് കൈക്കലാക്കുന്ന അനിയത്തി പ്രസീതയോട്, അവള്‍ക്കു കൂടി ചെറുപ്പകാലത്ത് ഇഷ്ടമായ ജ്ഞാനപ്പാനയിലെ വരികളോര്‍മ്മിപ്പിച്ചപ്പോള്‍, അവള്‍ പുച്ഛത്തോടെ ചോദിക്കുന്നത് 'ജ്ഞാനപ്പാനയും കെട്ടിപ്പിടിച്ചിരുന്നാല്‍ ജീവിക്കാനാവുമോ?' എന്നാണ്. മനസ്സിനെ കീറിമുറിച്ച് വല്ലാതെ നൊമ്പരം തീര്‍ക്കുന്ന ഈ കഥ തന്നെയാണ് ഈ സമാഹാരത്തിലെ എന്റെ ഇഷ്ടകഥ എന്നുകൂടി കുറിച്ചുകൊള്ളട്ടെ.
'വീട്ടില്‍ അയാളുണ്ട്', 'പഴയ സാധനങ്ങള്‍' എന്നീ കഥകള്‍ സമകാലിക ദുരന്തങ്ങളുടെ പുനര്‍വായന പോലെയാണെനിക്ക് അനുഭവപ്പെട്ടത്. നിങ്ങള്‍ക്കും അങ്ങനെതന്നെയാവുമെന്നാണ് ഞാന്‍ കരുതുന്നത്. അച്ഛനാല്‍ പിച്ചിച്ചീന്തപ്പെട്ട് കൊടും വെയിലിലേക്ക് ഓടിയിറങ്ങുന്ന അവള്‍ക്ക്, അമ്പലത്തിനകത്തെ ദേവി പോലും സാന്ത്വനമാവുന്നില്ല. അമ്പലപ്പറമ്പില്‍ അവളേറ്റുവാങ്ങുന്ന സൂര്യതാപം, രക്ഷകയുടെ ഉച്ചിയിലും തിളച്ചുമറിയുന്നു എന്ന കഥാകൃത്തിന്റെ അവസാനവരികള്‍, നിസ്സഹായമനുഷ്യന്റെ (ദൈവത്തിന്റെയും) ഹൃദയപ്പിടച്ചിലുകളായി മാറുന്നു. ഹാ, കാലമേ! എന്ന് പ്രഭാകരനോടൊപ്പം വായനക്കാരും പിടയുന്ന നെഞ്ചില്‍ കൈവെച്ചു പറഞ്ഞു പോകുന്നു...
'പഴയ സാധനങ്ങളി'ല്‍, അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ സ്‌കൂള്‍ പയ്യന്റെ കയ്യിലെ കളിത്തോക്കാണ് വിഷയം. അവന്റെ ഓര്‍മകളില്‍, കാലിഫോര്‍ണിയയിലെ സ്‌കൂളില്‍ അടുത്തിടെയുണ്ടായ ഒരു വെടിവെപ്പും രക്തച്ചൊരിച്ചിലുമാണ് ആവേശപൂര്‍വ്വം തിളങ്ങി നില്‍ക്കുന്നത്.... അവനും അമേരിക്കയില്‍ തിരിച്ചെത്തിയാലുടനെ ഒരു നല്ല തോക്ക് കരസ്ഥമാക്കി, തന്റെ സഹപാഠികളെ വെടിവെച്ചിടാന്‍ കൊതിക്കുന്നു. പഴയ ആക്രി സാധനങ്ങള്‍ വാങ്ങാനെത്തിയവരോട്, രണ്ട് പഴയ സാധനങ്ങള്‍ അകത്തുണ്ടെന്ന് അവന്‍ പറയുന്നു; ഗ്രാന്‍ഡ് ഫാദറും ഗ്രാന്‍ഡ്മായും!. മാറുന്ന കാലത്തിന്റെ നേര്‍സാക്ഷ്യമായി മാറുന്ന ഈ കഥ പലവിധ വിശകലനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ദേശീയ അവാര്‍ഡു നേടിയ അധ്യാപക ശ്രേഷ്ഠനായ ഗോപാലന്‍മാഷുടെ മകന്‍ മദ്യപനായ ഗോപീകൃഷ്ണന്റെ പിതൃസ്വത്തിനായുള്ള നീക്കങ്ങള്‍, ഞാന്‍ എന്ന വക്കീലിലൂടെ ആവിഷ്‌ക്കരിക്കുന്ന 'സ്വത്ത്', രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെ ആവിഷ്‌ക്കരിക്കുന്ന 'വോട്ട്' എന്നീ കഥകള്‍ നമ്മളറിയുന്ന സാമൂഹിക പരിസരങ്ങളില്‍ ഇതള്‍ വിരിഞ്ഞതാണ്. അത്രമാത്രം സമകാലികമാണാ ഉള്ളംതൊടുന്ന കഥകള്‍.
'ശിശുപാലന്റെ വിശേഷങ്ങള്‍' ക്രാഫ്ടിന്റെ വ്യത്യസ്തതയിലൂടെ ശ്രദ്ധേയമാവുന്നുണ്ട്.
ഉപഹാസത്തിന്റെ മേമ്പൊടി വിതറിയാണ് പ്രഭാകരന്‍ ശിശുപാലന്‍ എന്ന ഓട്ടോറിക്ഷ ഡ്രൈവറെ ആവിഷ്‌കരിച്ചിരിക്കുന്നത്. വളരെ സവിശേഷതകള്‍ നിറഞ്ഞ ഈ കഥാപാത്രം ഒടുവില്‍ ജനകീയനാവുകയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്നതും അടുക്കടുക്കായി, ക്രമാനുഗത വളര്‍ച്ചയോടെത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നല്ല വായനാ സുഖമുള്ള ഒരു കഥ. മറ്റു കഥകളില്‍ നമ്മള്‍ അനുഭവിക്കുന്ന നീറ്റലും നോവും ഈ കഥയിലില്ലായെന്ന പ്രത്യേകതയുമുണ്ട്. രസകരമായ വായനാനുഭവം തരാന്‍ പോന്നതാണ് സമാഹാരത്തിലെ ഈ വേറിട്ട കഥ. ഏറ്റവും ഒടുവിലെ കഥയായ 'എല്ലാം ഒരു സ്വപ്‌നം പോലെ' ഷാര്‍ജയിലേക്ക് വിസ കിട്ടി ബോംബെയില്‍ നിന്ന് വിമാനം കയറാനെത്തുന്ന നാട്ടിന്‍പുറത്തെ നന്മയുള്ള ഹരി എന്ന ചെറുപ്പക്കാരന്റെ ചിന്തകളിലൂടെയാണ് കടന്നുപോവുന്നത്. ഇതിലും ഒട്ടേറെ നന്മ മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നു. ആസുരമായ ഈ കാലത്ത് ഇത്തരം തണല്‍വൃക്ഷങ്ങള്‍ നല്‍കുന്ന ശീതളിമ അനിവാര്യമാകുന്നുണ്ടുതാനും.
നാടറിയുന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും മായാത്ത ഹൃദയമുദ്ര ചാര്‍ത്തിയിട്ടുള്ള സര്‍ഗധനനാണ് പ്രഭാകരന്‍. തീക്ഷ്ണാനുഭവങ്ങളുടെ അടിത്തട്ടില്‍ നിന്നാണ് വി.വി. പ്രഭാകരന്‍ എന്ന കഥാകൃത്ത് തന്റെ സൃഷ്ടികള്‍ പടുത്തുയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഉത്തമവും ഉള്ളുറപ്പുള്ളതുമാണ് കഥാശരീരം. എഴുപതുകളില്‍ കഥയെഴുത്താരംഭിച്ച പ്രഭാകരന്‍ ഇത്രയും കാലത്തിനിടയില്‍ ആകെക്കൂടി മുപ്പതില്‍ താഴെ കഥകളേ എഴുതിയിട്ടുള്ളൂ!... 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലെ 'ബാലപംക്തി'യില്‍ കഥകളെഴുതി അരങ്ങേറ്റം കുറിച്ച ഈ കഥാകാരനെ നമുക്ക് മുഖ്യധാരയില്‍ കാണാന്‍ സാധിക്കില്ലെങ്കിലും അന്നും ഇന്നും എന്നും കഥയുടെ ഉപാസകന്‍ തന്നെയാണ് എന്നറിയുക. അതുകൊണ്ട് ഏകാകിയുടെ ഈ അക്ഷരയാത്രയെ നമുക്ക് കാണാതിരിക്കാന്‍ വയ്യ. ഇനിയും തീക്ഷ്ണസൗന്ദര്യം പടര്‍ത്തുന്ന കഥകള്‍ പ്രഭാകരന്റെ തൂലികയില്‍ നിന്നുയിര്‍ക്കൊള്ളട്ടെ എന്ന് ഈയവസരത്തില്‍ ആശിക്കുന്നു; ആശംസിക്കുന്നു.

Related Articles
Next Story
Share it