ഹൊസങ്കടി ക്ഷേത്ര കവര്‍ച്ച: പ്രതി വിഗ്രഹം കടത്താന്‍ ശ്രമിച്ചത് ബൈക്കില്‍; ഭക്തരെ കണ്ടപ്പോള്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു

ഹൊസങ്കടി: ഹൊസങ്കടി റെയില്‍വെ ഗേറ്റിന് സമീപത്തെ അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് പഞ്ചലോഹം കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം മജിബയലിലെ ലക്ഷ്മീശ ഭണ്ഡാരിയെ(40)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്. ഇന്നലെ കാസര്‍കോട് ഡി.വൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ലക്ഷ്മീശ ഭണ്ഡാരിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ലക്ഷ്മീശ ഭണ്ഡാരി അയ്യപ്പക്ഷേത്രത്തില്‍ നിന്ന് പഞ്ചലോഹവിഗ്രഹം മോഷ്ടിച്ചത്. ക്ഷേത്രത്തിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് ശ്രീകോവിലിലെ വിഗ്രഹം ബൈക്കില്‍ […]

ഹൊസങ്കടി: ഹൊസങ്കടി റെയില്‍വെ ഗേറ്റിന് സമീപത്തെ അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് പഞ്ചലോഹം കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം മജിബയലിലെ ലക്ഷ്മീശ ഭണ്ഡാരിയെ(40)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്. ഇന്നലെ കാസര്‍കോട് ഡി.വൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ലക്ഷ്മീശ ഭണ്ഡാരിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ലക്ഷ്മീശ ഭണ്ഡാരി അയ്യപ്പക്ഷേത്രത്തില്‍ നിന്ന് പഞ്ചലോഹവിഗ്രഹം മോഷ്ടിച്ചത്. ക്ഷേത്രത്തിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് ശ്രീകോവിലിലെ വിഗ്രഹം ബൈക്കില്‍ വെച്ച് കടത്തിക്കൊണ്ടുപോകാനാണ് ശ്രമം നടന്നത്. ശ്രീകൃഷ്ണജന്‍മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി അന്ന് ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന ഭക്തര്‍ വരുന്നത് കണ്ടതിനാല്‍ ലക്ഷമീശക്ക് വിഗ്രഹം കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. മറ്റുവാഹനങ്ങളുടെ വെളിച്ചമുണ്ടായതും പദ്ധതി പരാജയപ്പെടാന്‍ കാരണമായി. ആരുടെയും ശ്രദ്ധയില്‍പെടാതിരിക്കാന്‍ ഈ ഭാഗത്ത് തന്നെ ചുറ്റിത്തിരിഞ്ഞ ലക്ഷമീശ ശനിയാഴ്ച പുലര്‍ച്ചെ നാലരമണിയോടെ വിഗ്രഹം ക്ഷേത്രത്തിന് പിറകുവശത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. പിറ്റേദിവസം കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. വിഗ്രഹം ഉപേക്ഷിച്ചതിന് ശേഷം ഒരു കാര്‍ അവിടെ വന്നു. മാലിന്യം വലിച്ചെറിയുകയായിരുന്നു കാറിലുണ്ടായിരുന്ന ആളുടെ ഉദ്ദേശം. പുലര്‍ച്ചെ വിളക്ക് വെക്കുന്ന സ്ത്രീ കാര്‍ കടന്നുപോകുന്നത് കാണുകയും ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ചിലയാളുകള്‍ അമിതവേഗതയില്‍ പോയ കാറിനെ പിന്തുടരുകയും ചെയ്തു. ഇതിനിടെയാണ് വിഗ്രഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. വിഗ്രഹം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അന്ന് വൈകിട്ട് ക്ഷേത്രകമ്മിറ്റിയും നാട്ടുകാരും പങ്കെടുത്ത പ്രതിഷേധയോഗം നടന്നിരുന്നു. ഉത്സവം നടക്കുന്ന സമയത്ത് വിഗ്രഹം കവര്‍ന്നത് മറ്റൊരു സമുദായത്തില്‍പെട്ട ആളുകളാണെന്ന വിധത്തിലുള്ള പ്രചരണവുമുണ്ടായി. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കുകയും സമീപത്തെ മരമില്ലിലുണ്ടായിരുന്ന സി.സി.ടി.വി പരിശോധിക്കുകയും ചെയ്തതോടെയാണ് കവര്‍ച്ചക്കാരനെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചത്. ലക്ഷീമശ ക്ഷേത്രത്തിന് സമീപം ചുറ്റിക്കറങ്ങുന്നത് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതോടെ ലക്ഷമീശക്ക് കര്‍ണാടകയില്‍ രണ്ട് കേസുകളുണ്ടെന്നും മഞ്ചേശ്വരത്ത് മുമ്പ് രണ്ട് കേസുകളുണ്ടായിരുന്നത് ഒത്തുതീര്‍പ്പിലെത്തിച്ചുവെന്നും കണ്ടെത്തി. തുടര്‍ന്ന് ലക്ഷീമശയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം മുന്നോട്ടുപോകുകയും പ്രതി ഇന്നലെ പിടിയിലാവുകയുമായിരുന്നു. കവര്‍ച്ചക്ക് ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി, സ്‌ക്രൂ ഡ്രൈവര്‍ തുടങ്ങിയ ആയുധങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി അറസ്റ്റിലായതോടെ സാമുദായികസംഘര്‍ഷം സൃഷ്ടിക്കാന്‍ വേണ്ടി നടത്തിയ നുണപ്രചരണങ്ങളും പൊളിയുകയായിരുന്നു.

Related Articles
Next Story
Share it