കാരുണ്യവാന്റെ അതിഥികള്‍

പ്രവിശാലമായ വിശ്വമഖില ദിക്കുകളില്‍ നിന്നും ഇബ്രാഹിം നബിയുടെ വിളിക്കുത്തരമായി പ്രപഞ്ച നാഥന്റെ അതിഥികള്‍ മക്കാ, മദീനാ പുണ്യ നഗരങ്ങളെ ശുഭ്ര സാഗരമാക്കുന്നു. ഇലാഹീ കീര്‍ത്തനങ്ങളും തിരുനബി അപദാനങ്ങളും അധരങ്ങളെ അലങ്കരിച്ചുകൊണ്ടവര്‍ ആത്മനിര്‍വൃതിയിലാണ്. 'പങ്കുകാരനില്ലാത്ത ഏക ഇലാഹായ നിന്റെ വിളിക്കുത്തരം നല്‍കി ഞങ്ങളെത്തിയിരിക്കുന്നു' എന്ന ലബ്ബൈകിന്റ തല്‍ബിയ്യത്തുകളാല്‍ വിശുദ്ധ ഹറമും മക്കയും പരിസരവും ഹര്‍ഷപുളകമണിയുന്നു. ദുല്‍ഹിജ്ജയുടെ പിറവിയോടെ ബാക്കിയുള്ള ഹജ്ജാജിമാര്‍ കൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യോമ, കര, കടല്‍ മാര്‍ഗം സൗദിയില്‍ എത്തിച്ചേരും. ദുല്‍ഹിജ്ജ അഞ്ചോട് […]

പ്രവിശാലമായ വിശ്വമഖില ദിക്കുകളില്‍ നിന്നും ഇബ്രാഹിം നബിയുടെ വിളിക്കുത്തരമായി പ്രപഞ്ച നാഥന്റെ അതിഥികള്‍ മക്കാ, മദീനാ പുണ്യ നഗരങ്ങളെ ശുഭ്ര സാഗരമാക്കുന്നു. ഇലാഹീ കീര്‍ത്തനങ്ങളും തിരുനബി അപദാനങ്ങളും അധരങ്ങളെ അലങ്കരിച്ചുകൊണ്ടവര്‍ ആത്മനിര്‍വൃതിയിലാണ്. 'പങ്കുകാരനില്ലാത്ത ഏക ഇലാഹായ നിന്റെ വിളിക്കുത്തരം നല്‍കി ഞങ്ങളെത്തിയിരിക്കുന്നു' എന്ന ലബ്ബൈകിന്റ തല്‍ബിയ്യത്തുകളാല്‍ വിശുദ്ധ ഹറമും മക്കയും പരിസരവും ഹര്‍ഷപുളകമണിയുന്നു. ദുല്‍ഹിജ്ജയുടെ പിറവിയോടെ ബാക്കിയുള്ള ഹജ്ജാജിമാര്‍ കൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യോമ, കര, കടല്‍ മാര്‍ഗം സൗദിയില്‍ എത്തിച്ചേരും. ദുല്‍ഹിജ്ജ അഞ്ചോട് കൂടി സൗദിയുടെ എല്ലാ പ്രവിശ്യകളില്‍ നിന്നുമുള്ള ഹാജിമാരും പുണ്യ നഗരങ്ങളെ ലക്ഷ്യം വെച്ച് നീങ്ങും. മദീനാ സിയാറത്തിനു ശേഷം ദുല്‍ഹിജ്ജ എട്ട്, യൗമുത്തര്‍വ്വിയയോടെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ അവരും ആ വിശാല സാഗരത്തില്‍ അലിഞ്ഞു ചേരും. ഇസ്ലാം മത വിശ്വാസികള്‍ക്ക് പഞ്ചകര്‍മ്മങ്ങളിലൊന്നാണ് പരിശുദ്ധ ഹജ്ജ്. ചരിത്രത്തിന്റെ ഇന്നലകളെ ആവോളം ആത്മീയതയില്‍ അനുധാവനം ചെയ്യുകയാണതിലെ ഓരോ പ്രവര്‍ത്തികളും.
ഇലാഹീ പരീക്ഷണങ്ങളെ ഹൃദയ പൂര്‍വ്വം സ്വീകരിച്ചും പൈശാചിക പ്രേരണകളെ പിഴുതെറിഞ്ഞുമാണ് ഹസ്‌റത്ത് ഇബ്രാഹീം നബിയും ബീവി ഹാജറയും മകന്‍ ഇസ്മാഈല്‍ നബിയും റബ്ബിന്റെ പ്രീതി സമ്പാദിച്ചത്.
തിരുനബിയുടെ അറഫയിലെ വിടവാങ്ങല്‍ പ്രസംഗവും ചരിത്ര മൂല്യങ്ങളെ ഓര്‍ത്തെടുത്ത് ജീവിതയാത്രയെ പുന:ക്രമീകരിക്കാന്‍ ലോകത്തോട് വിഭാവനം ചെയ്യുന്നു. വ്യക്തി താല്‍പര്യങ്ങള്‍ മേല്‍ക്കോയ്മ നേടി പ്രദര്‍ശന ധ്വര മനുഷ്യരിലേക്ക് പടര്‍ന്നു പിടിച്ചൊരു കാലത്ത്, അന്യന്റെ ആത്മാഭിമാനത്തിന് കളങ്കമേല്‍പ്പിക്കുന്നതൊന്നും അരുതെന്നോതിയ അറഫാ ഭാഷണം.
സ്ത്രീ സമൂഹത്തോട് മാന്യതയോടെ പെരുമാറണമെന്നും അപരന്റെ രക്തത്തിനും സമ്പത്തിനും മേല്‍ കൈകടത്തി പോകരുതെന്നും ഉദ്‌ഘോഷിച്ച്, തന്നിലര്‍പ്പിതമായ ഉത്തരവാദിത്തം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നതിന് അനുചരരായ സ്വഹാബികളെ സാക്ഷിയാക്കി വിറങ്ങലിച്ചൊരു വിടവാങ്ങല്‍ 'ഖുത്തുബ'. അറഫാ മൈതാനിയിലെ പ്രാര്‍ഥനാ നിര്‍വൃതി തന്നെയാണ് ഹജ്ജിലെ അതിപ്രധാന മര്‍മ്മവും കര്‍മ്മവും.
മക്കയിലെ ആരാരുമില്ലാത്ത കരിമ്പാറ കൂട്ടങ്ങള്‍ക്കിടയില്‍ വിരഹം പേറാന്‍ വിധിക്കപ്പെട്ട ഹാജറ ഉമ്മയിലെ വിശ്വാസ ദൃഢതയും തൊണ്ടവരണ്ടു പോയ പൊന്നോമനയുടെ ദാഹമകറ്റാന്‍ സഫാ മര്‍വാ കുന്നുകളില്‍ നിരന്തരം കയറിയിറങ്ങിയ ഒരുമ്മയുടെ ആത്മരോധനത്തെ ലോകത്തോളം പരന്നൊഴികിയും കാലാന്തരങ്ങള്‍ക്കപ്പുറവും അണമുറിയാതെയും പാനം ചെയ്യിപ്പിച്ചും സംസം നീരുറവിയിലൂടെ ആശ്വാസമേകിയ പ്രപഞ്ച കര്‍ത്താവിന്റെ പരമ കാരുണ്യവും ഹജ്ജില്‍ ഓര്‍മ്മ പുതുക്കുന്നുണ്ട്.
ഏതൊരു വിശ്വാസിക്കും ഇലാഹിന്റെ കല്‍പനകളാണ് അവരുടെ റൂട്ട്, വാര്‍ധക്യ ദിശയിലേക്ക് നിറം മങ്ങിയിട്ടും ഒരു കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം ഇബ്രാഹീം നബിയുടെ അകം എപ്പോഴും പ്രാര്‍ത്ഥനാ നിരതമാക്കിയിരുന്നു. ഒരു കുഞ്ഞിനെ തരുമെങ്കില്‍ നിന്റെ പ്രീതിക്കായി ബലി നല്‍കാനാണേലും തയ്യാറാണെന്ന നേര്‍ച്ചയിലേക്ക് വരെ എത്തുന്ന അധിയായ ആഗ്രഹത്തിന്റെ അടങ്ങാത്ത അതിരുകള്‍ക്കപ്പുറവും ഇബ്‌റാഹീം നബി എത്തിച്ചേരുന്നു. കുഞ്ഞായിരിക്കുമ്പോഴും ഇലാഹീ കല്‍പനകളെ അവഗണിക്കരുതെന്ന വിശ്വാസം ഈമാനില്‍ ഉരച്ചെടുത്ത ഇസ്മാഈല്‍ നബിയുടെ അചഞ്ചലമായ പാദമുദ്രകള്‍ ഹജ്ജാജുകളില്‍ ജ്വലനമേകുന്നു.
മുസ്ദലിഫയിലെ മുനയൊത്ത കല്‍ചീളുകളും മിനാ താഴ് വാരവും ജംറകളും ഓര്‍മ്മകളില്‍ ത്യാഗോജ്ജ്വല തനിമയില്‍ തപസുകളാകുന്നു. ജബലുര്‍റഹ്മയും മശ്അറുല്‍ ഹറാമും മസ്ജിദുല്‍ ഖൈഫുമൊക്കെ ചരിത്രത്തിലെ ചന്തമേറിയ ചിന്തകളാണ്.
നാഥന്റെ പ്രീതിക്കും നാളേയുടെ പ്രതിഫലത്തിനുമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരോര്‍മ്മപ്പെടുത്തലിന്റെ നാള്‍വഴികളാകണം ഓരോ വിശ്വാസിക്കും ദുല്‍ഹിജ്ജയും അറഫാ ദിനവും ബലിപെരുന്നാളുമൊക്കെ. അല്‍ഹസ്സ, സൗദി അറേബ്യ.


-അബൂബക്കര്‍ മൊഗ്രാല്‍

Related Articles
Next Story
Share it