കറുത്ത നാളുകളിലെ ചരിത്രരേഖകള്‍

2025 ജൂണ്‍ 25ന് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് അര നൂറ്റാണ്ട് തികയും. പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരെ ഭാരതചരിത്രത്തിലെ കറുത്ത ഏടായി ഇന്നും അടിയന്തരാവസ്ഥക്കാലം ഇന്ത്യയുടെ മുമ്പിലുണ്ട്.ചരിത്രം അറിയുന്നവര്‍ക്കേ ചരിത്രം നിര്‍മിക്കാനാകൂ. ആ അര്‍ത്ഥത്തില്‍ വി. രവീന്ദ്രന്‍ രചിച്ച 'അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍' എന്ന ചരിത്ര ഗ്രന്ഥം നിശ്ചയമായും ഒരു വഴികാട്ടിയാണ്. എഴുത്തുകാരന്റെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് ഗ്രന്ഥരചനയുടെ ചൂടും വെളിച്ചവും.പ്രക്ഷോഭത്തിന്റെ പ്രത്യയശാസ്ത്രം ജനങ്ങളിലേക്കെത്തിക്കുകയെന്നത് വളരെ ആയാസമുള്ള കാലത്ത് രാജ്യത്തെ ജനാധിപത്യം പുന:സ്ഥാപിക്കാന്‍ വേണ്ടി […]

2025 ജൂണ്‍ 25ന് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് അര നൂറ്റാണ്ട് തികയും. പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരെ ഭാരതചരിത്രത്തിലെ കറുത്ത ഏടായി ഇന്നും അടിയന്തരാവസ്ഥക്കാലം ഇന്ത്യയുടെ മുമ്പിലുണ്ട്.
ചരിത്രം അറിയുന്നവര്‍ക്കേ ചരിത്രം നിര്‍മിക്കാനാകൂ. ആ അര്‍ത്ഥത്തില്‍ വി. രവീന്ദ്രന്‍ രചിച്ച 'അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍' എന്ന ചരിത്ര ഗ്രന്ഥം നിശ്ചയമായും ഒരു വഴികാട്ടിയാണ്. എഴുത്തുകാരന്റെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് ഗ്രന്ഥരചനയുടെ ചൂടും വെളിച്ചവും.
പ്രക്ഷോഭത്തിന്റെ പ്രത്യയശാസ്ത്രം ജനങ്ങളിലേക്കെത്തിക്കുകയെന്നത് വളരെ ആയാസമുള്ള കാലത്ത് രാജ്യത്തെ ജനാധിപത്യം പുന:സ്ഥാപിക്കാന്‍ വേണ്ടി സമര മുഖത്തേക്കും സത്യഗ്രഹത്തിലേക്കും എടുത്തു ചാടിയ പ്രവര്‍ത്തകരെ സ്മരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുസ്തക രചന രവീന്ദ്രന്‍ നിര്‍വഹിച്ചിട്ടുള്ളത്.
വര്‍ത്തമാനകാല കേരളത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പേരിലുള്ള പുസ്തകശാലകള്‍ മിക്കതും തന്നെ അടച്ചുപൂട്ടുകയും അതോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എഴുത്തും വായനയും അന്യമായിക്കൊണ്ടിരിക്കുകയുമാണ്. ഈ പരിതാപകരമായ പരിതസ്ഥിതിയില്‍ ഇരുട്ടിനെ പഴിക്കുന്നതിനുപകരം ഒരു ചെറിയ കൈത്തിരി വെളിച്ചമെങ്കിലും കൊളുത്തുകയാണ് വേണ്ടതെന്ന് രവീന്ദ്രന്‍ തന്റെ പുസ്തകത്തിലൂടെ തെളിയിക്കുന്നു എന്ന് അവതാരികയില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള രേഖപ്പെടുത്തിയത് അര്‍ത്ഥവത്താണ്.
1948ലും 1975ലും 1993ലും രാഷ്ട്രീയ സ്വയംസേവക സംഘത്തെ നിരോധിച്ചിരുന്നു. ആര്‍.എസ്.എസ് നടത്തിയ സമരങ്ങളില്‍ ശ്രദ്ധേയമായവയില്‍ ഒന്ന് 1975ലെ ചെറുത്തുനില്‍പായിരുന്നു. 1975ല്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംഘടനാ സ്വാതന്ത്ര്യം നിരോധിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടു, സമുന്നത നേതാക്കളെ തുറുങ്കിലടച്ചു. അതുകൊണ്ടു തന്നെ അത് രണ്ടാം സ്വാതന്ത്ര്യ സമരമായാണ് രവീന്ദ്രന്‍ വിശേഷിപ്പിക്കുന്നത്.
ആ സമരത്തിലെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്ന രവീന്ദ്രന്‍, സഹപോരാളികളുടെ സമരവീര്യവും ചവിട്ടിക്കടന്ന കനല്‍ വഴികളും ഏറ്റുവാങ്ങിയ പൊലീസ് മര്‍ദ്ദനങ്ങളും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.
സംഘ-ജനസംഘ-ബി.ജെ.പി സാരഥികളായിരുന്ന പി. പരമേശ്വരന്‍, കെ.ജി. മാരാര്‍, പി.പി. മുകുന്ദന്‍, സി.കെ. പത്മനാഭന്‍, കമ്മാരേട്ടന്‍ എന്നിവരെ രേഖപ്പെടുത്തി ആരംഭിക്കുന്ന കൃതി, അവര്‍ അടിയന്തരാവസ്ഥയില്‍ കടന്നു പോയ കാരാഗ്രഹവാസത്തേക്കുറിച്ചു വിശദീകരിക്കുന്നുണ്ട്. ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ ക്രാന്തിക്കായുള്ള ആഹ്വാനവും ജോര്‍ജ് ഫര്‍ണാണ്ടസിന്റെ ഇരുപത് ദിവസത്തോളം നീണ്ടു നിന്ന റെയില്‍വേ സമരവും 1975 ജൂണ്‍ 12ന് റായ്ബറേലി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി അഴിമതി കാട്ടിയതിനേത്തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് അസാധുവാക്കിയതും ഡല്‍ഹി രാംലീല മൈതാനിയില്‍ 1975 ജൂണ്‍ 25ന് ജനലക്ഷങ്ങള്‍ ആവശ്യപ്പെട്ട ഇന്ദിരയുടെ രാജിയും ചേര്‍ന്ന അടിയന്തരാവസ്ഥയുടെ രൂപവും പൊതു വിവരണങ്ങളും രവീന്ദ്രന്‍ ഉള്‍ക്കൊള്ളിച്ചുണ്ട്.
ജനസംഘം സംസ്ഥാന സംഘടനാ സെക്രട്ടറി പി. നാരായണന്‍, ജന്മഭൂമി പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി, ആര്‍. എസ്.എസ് പ്രചാരകന്‍ പെരച്ചേട്ടന്‍, വയനാട്ടിലെ ദാമോദരന്‍ എന്നിവര്‍ക്കൊപ്പം രവീന്ദ്രനേയും കോഴിക്കോട് ജനസംഘം ആഫീസില്‍ നിന്നാണ് അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്യുന്നത്. കോഴിക്കോട് കണ്‍ട്രോള്‍ റൂമിലെത്തിക്കുമ്പോള്‍ കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ യു. ദത്താത്രേയ റാവു പൊലീസിന്റെ ക്രൂരമായ പീഡനമുറകളിലൂടെ കടന്നു പോകുകയായിരുന്നു.
പി. നാരായണന്‍, കെ. രാമന്‍ പിള്ള, സി.കെ. പത്മനാഭന്‍, ഗോവിന്ദന്‍ മാസ്റ്റര്‍ കൊണ്ടോട്ടി, പി.പി. കരുണാകരന്‍ മാസ്റ്റര്‍, എ. ദാമോദരന്‍ എന്നിവരുടെ അനുഭവ വിവരണങ്ങളും ഇതോടൊപ്പം വായിക്കാം.
ചരിത്രം രചിക്കുകയും തിരുത്തിക്കുറിക്കുകയും ചെയ്ത 1975 ലെ യുവാക്കളില്‍ പലരും അടിയന്തരാവസ്ഥ അടിച്ചേല്‍പിച്ച് അര നൂറ്റാണ്ടിനോടടുക്കുന്ന വര്‍ത്തമാന കാലത്ത് നമ്മോടൊപ്പമില്ല. അന്നത്തെ ശാരീരിക-മാനസിക-സാമ്പത്തിക-സാമൂഹിക ആഘാതങ്ങള്‍ അതിജീവിച്ച വി. രവീന്ദ്രനെപ്പോലുള്ള അനേകം പേരുടെ പരിശ്രമം കൊണ്ടേ യഥാര്‍ത്ഥവും സമ്പൂര്‍ണവുമായ അടിയന്തരാവസ്ഥാ ചരിത്ര നിര്‍മിതി സാധ്യമാകൂ. രവീന്ദ്രന്റെ ഉദ്യമം ആ നിലയ്ക്ക് ശ്ലാഘനീയമാണ്.
സി.പി.ഐ നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയും കരുണാകരന്‍ ആഭ്യന്തര മന്ത്രിയുമായി കേരളത്തില്‍ നടപ്പാക്കിയ അടിയരാവസ്ഥയില്‍ സി.പി.ഐ(എം) നേതൃത്വം രണ്ട് തട്ടുകളിലായിരുന്നതും രവീന്ദ്രന്‍ വിവരിക്കുന്നു.
സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥകളാകുന്ന ഈ കാലത്ത് കെ.ജി. മാരാര്‍, ശങ്കര ആല്‍വ തുടങ്ങിയ ആര്‍.എസ്.എസ്-ജനസംഘ നേതാക്കള്‍ക്കുവേണ്ടി 1977ല്‍ തിരഞ്ഞെടുപ്പു വേദികളില്‍ പ്രസംഗിച്ച സി.പി.എം നേതാക്കളെക്കുറിച്ചും പുസ്തകത്തില്‍ രവീന്ദ്രന്‍ വിവരിക്കുന്നുണ്ട്.
ലോക്‌സഭയിലേക്ക് മത്സരിച്ച ടി. ശിവദാസമേനോന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജനസംഘ നേതാവ് എല്‍.കെ. അദ്വാനി വന്നിരുന്നതും രവീന്ദ്രന്‍ വായനക്കാരെ ഓര്‍മപ്പെടുത്തുന്നു.
കച്ച് സത്യാഹം, ഗോവ വിമോചന സമരം, മലപ്പുറം ജില്ല വിരുദ്ധ സമരം, ചെക്ക്‌പോസ്റ്റ് സമരം എന്നിവക്കെല്ലാം നേതൃത്വം നല്‍കിയ കാസര്‍കോട് ജില്ല ജനതാ പാര്‍ട്ടി പ്രസിഡണ്ടായിരുന്ന ഉമാനാഥ റാവു അടിയന്തരാവസ്ഥക്കെതിരായ സമരത്തില്‍ മുന്നിലുണ്ടായിരുന്നു.
തുടര്‍ന്ന് പല ബാച്ചുകളായി കാസര്‍കോട് നടന്ന സമര പരമ്പരയുടെ ചരിത്രവും രവീന്ദ്രന്‍ വിവരിക്കുന്നു.


-രാജശേഖര പണിക്കര്‍

Related Articles
Next Story
Share it