ഹിജ്‌റ വീണ്ടും വിചാരത്തിന്റെ ശബ്ദം

വിശ്വാസികള്‍ക്ക് വീണ്ടുമൊരു പുതുവര്‍ഷം സമാഗതമാവുന്നു. ത്യാഗോജ്വലമായ ദൗത്യത്തിന്റെയും ചരിത്രപരമായ പുറപ്പെടലിന്റെയും അടയാളപ്പെടുത്തലായ 'ഹിജ്റ' എന്ന മദീനാ യാത്രയോടെയാണ് മുസ്ലിമിന്റെ വര്‍ഷാരംഭം. പ്രവാചകന്മാരുടെ പ്രബോധന വഴിയിലെ ചരിത്രപരമായ സംഭവങ്ങളുടെ ഉണര്‍ത്തുപാട്ടു കൂടിയായ മുഹറത്തോടെയാണ് കൊല്ലവര്‍ഷം സമാരംഭം കുറിക്കുന്നത്. ഒട്ടനവധി പ്രവാചകരുടെ വിജയവുമായി ബന്ധപ്പെട്ട മാസം. വിപ്ലവകരമായ മാറ്റങ്ങള്‍ക്കും അവിസ്മരണീയ നിമിഷങ്ങള്‍ക്കും സാക്ഷിയായ മാസം. യൂസുഫ് നബിയെ കാരാഗൃഹത്തില്‍ നിന്ന് മോചിപ്പിച്ചതും സുലൈമാന്‍ നബിക്കു രാജാധികാരം ലഭിച്ചതും യൂനുസ് നബി മത്സ്യവയറ്റില്‍ നിന്നും മോചിതനായതും മൂസാ നബിക്ക് തൗറാത്ത് ഇറക്കപ്പെട്ടതും […]

വിശ്വാസികള്‍ക്ക് വീണ്ടുമൊരു പുതുവര്‍ഷം സമാഗതമാവുന്നു. ത്യാഗോജ്വലമായ ദൗത്യത്തിന്റെയും ചരിത്രപരമായ പുറപ്പെടലിന്റെയും അടയാളപ്പെടുത്തലായ 'ഹിജ്റ' എന്ന മദീനാ യാത്രയോടെയാണ് മുസ്ലിമിന്റെ വര്‍ഷാരംഭം.
പ്രവാചകന്മാരുടെ പ്രബോധന വഴിയിലെ ചരിത്രപരമായ സംഭവങ്ങളുടെ ഉണര്‍ത്തുപാട്ടു കൂടിയായ മുഹറത്തോടെയാണ് കൊല്ലവര്‍ഷം സമാരംഭം കുറിക്കുന്നത്. ഒട്ടനവധി പ്രവാചകരുടെ വിജയവുമായി ബന്ധപ്പെട്ട മാസം. വിപ്ലവകരമായ മാറ്റങ്ങള്‍ക്കും അവിസ്മരണീയ നിമിഷങ്ങള്‍ക്കും സാക്ഷിയായ മാസം. യൂസുഫ് നബിയെ കാരാഗൃഹത്തില്‍ നിന്ന് മോചിപ്പിച്ചതും സുലൈമാന്‍ നബിക്കു രാജാധികാരം ലഭിച്ചതും യൂനുസ് നബി മത്സ്യവയറ്റില്‍ നിന്നും മോചിതനായതും മൂസാ നബിക്ക് തൗറാത്ത് ഇറക്കപ്പെട്ടതും ഇബ്രാഹിം നബി അഗ്നികുണ്ഠത്തില്‍ നിന്നു രക്ഷപ്പെട്ടതും അങ്ങനെ നീളുന്നു മുഹറത്തിലെ ചരിത്ര സംഭവങ്ങള്‍.
ത്യാഗോജ്വലമായ അനുഭവങ്ങള്‍ പറയുന്ന മദീനായാത്ര അടിസ്ഥാനമാക്കിയാണ് ഇസ്ലാമിക് കലണ്ടറിന്റെ രൂപകല്‍പ്പന. പ്രവാചകരുടെ വിജയങ്ങളുടെ കഥ പറയുന്ന മുഹര്‍റത്തിലൂടെ വര്‍ഷാരംഭവും. അര്‍പ്പണബോധത്തിന്റെ അനുഭവങ്ങളും പാഠങ്ങളുമാണ് ഹിജ്റയും മുഹറമും പങ്കുവെക്കുന്നതും ശ്രേഷ്ഠമാക്കുന്നതും. അതുകൊണ്ടുതന്നെ ഇസ്ലാമിന്റെ വളര്‍ച്ചയിലും നബിയുടെയും അനുചരന്മാരുടെയും ജീവിതത്തിലും പ്രബോധന വഴിയിലും ഹിജ്റയും മുഹര്‍റമും ഉണ്ടാക്കിയ വഴിത്തിരിവുപോലെ വിശ്വാസീ ജീവിതത്തിലും ഓരോ വര്‍ഷാരംഭവും പുതിയ ചിന്തകളുണരേണ്ടതുണ്ട്.
അര്‍പ്പണത്തിന്റെ പാഠങ്ങളാണ് മുഹറമിന്റേതെങ്കില്‍ ത്യാഗസന്നദ്ധതയുടെയും വീണ്ടുവിചാരത്തിന്റെയും സമര്‍ത്ഥമായ ആസൂത്രണത്തിന്റെയും പാഠങ്ങളാണ് ഹിജ്റ പറഞ്ഞുതരുന്നത്. ഒന്നില്‍ തുടങ്ങാനും ജീവിതം മാറ്റപ്പെടാനും അനുചിതമായ മാസമെന്ന ചിന്താധാരയില്‍ നിന്നാകാം മുഹറം ഹിജ്റ വര്‍ഷത്തിന്റെ ആദ്യമായത്. ഹിജ്റ എന്തായിരുന്നുവെന്ന് അന്വേഷിക്കുമ്പോള്‍ അതു വ്യക്തവുമാണ്. ഹിജ്റ കേവലം ഒരു പാലായനമെന്നതിനപ്പുറം, അനിവാര്യതയുടെ പുറപ്പാടായിരുന്നു. മക്കയിലെ ശത്രുക്കളൊന്നാകെ മുഹമ്മദ് നബി (സ)യുടെ വീടുവളഞ്ഞ ഒരു രാത്രിയിലാണ് ഹിജ്റ സംഭവിക്കുന്നത്. ഒളിച്ചോട്ടമായിരുന്നില്ല, അതിജീവനത്തിനു പുതിയയിടം തേടിയുള്ള യാത്ര. പ്രതിസന്ധികളാല്‍ ദുര്‍ഘടമായ ജീവിത പരിസരത്ത് നിന്ന് ദഅ്വത്തിനു അനുഗുണമായ മറ്റൊരു കര്‍മഭൂമി കണ്ടെത്താനുള്ള ആസൂത്രിതമായ നീക്കം. അതായിരുന്നു സത്യത്തില്‍ ഹിജ്റ.
അടിച്ചമര്‍ത്തലുകളില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നെങ്കില്‍ അതിനു മുമ്പെപ്പോഴോ അതുണ്ടാകുമായിരുന്നു. അതുകൊണ്ടാണ് പ്രതിസന്ധിയുടെ പരാതികള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനും ക്ഷമ അവലംബിക്കാനും അനുചരന്മാരോട് പ്രവാചകന്‍ ആജ്ഞാപിച്ചത്. എന്നാല്‍ അനിവാര്യമായി വരുമ്പോള്‍ പ്രിയപ്പെട്ടതെന്തും അല്ലാഹുവിന് ത്യജിക്കണമെന്ന വലിയൊരു പാഠം പകരുകയായിരുന്നു ഹിജ്റയിലൂടെ.
മക്കയില്‍ നിന്നും മദീനയിലേക്കുള്ള കൂടുമാറ്റം പ്രധാനപ്പെട്ട രണ്ടു മാതൃകകളാണ് മുന്നോട്ടുവെക്കുന്നത്. മക്കയില്‍ നിന്നുള്ള പലായനം അതിജീവനത്തിന്റെ പാഠങ്ങള്‍ പകരുമ്പോള്‍ മദീനയിലെത്തുമ്പോള്‍ ഹൃദയവിശാലതയും പങ്കുവെക്കലുകളുടെ ചിത്രവുമാണ് ഹിജ്റയിലൂടെ വായിക്കപ്പെടുന്നത്. നഷ്ടങ്ങളും ദുരിതങ്ങളും നിരാശയും നിര്‍ഭാഗ്യമെന്നും പരാജയമെന്നും പരിതപിക്കുന്നവര്‍ക്ക് മുന്നില്‍ അര്‍പ്പണബോധത്തിന്റെ ഗൈഡ് ലൈനാണ് ഹിജ്റ. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാനുള്ളതും നല്ലതിന് എന്നത് എത്രമേല്‍ സത്യമാണെന്ന് പറയാതെ പറയുന്നു മദീനയാത്ര ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തിന്റെ ഒരുവരികളും.
ആസൂത്രണ മികവിന്റെയും മാനുഷിക മൂലധനത്തിന്റെ ശരിയായ ഉപയോഗത്തിന്റെയും മികച്ച ഉദാഹരണം കൂടിയായിരുന്നു ഹിജ്‌റ. രക്തച്ചൊരിച്ചിലുകള്‍ക്ക് ഇടംനല്‍കാതെ മുസ്ലിം സമൂഹത്തെ സംരക്ഷിക്കാനും ഇസ്ലാമിന് കൂടുതല്‍ വളര്‍ച്ച നല്‍കാനും ഹിജ്‌റ ഉപകരിച്ചു. ഉചിതമായ സന്ദര്‍ഭത്തില്‍ മക്കാവിജയത്തിലൂടെ ഹിജ്‌റ ശരിയായിരുന്നുവെന്ന് നബി തങ്ങള്‍ തെളിയിക്കുകയും ചെയ്തു. സത്യത്തില്‍ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയ ചരിത്ര യാത്രയായിട്ടാണ് ഹിജ്‌റ വായിക്കപ്പെടുന്നത്..

-ഷരീഫ് കരിപ്പോടി

Related Articles
Next Story
Share it