കുമ്പള: കുമ്പളയിലും സമീപ പ്രദേശങ്ങളിലും ദേശീയ പാത സര്‍വ്വീസ് റോഡുകള്‍ തകര്‍ന്നു. ഇതുകാരണം പൊടിശല്യവും വാഹന ഗതാഗതസ്തംഭനവും പതിവാകുന്നു. കുമ്പള, ആരിക്കാടി, മുട്ടം എന്നിവിടങ്ങളിലാണ് സര്‍വീസ് റോഡുകള്‍ പാടെ തകര്‍ന്നത്. മഴ മാറി നില്ക്കുന്നതിനാല് പൊടി ശല്യം മൂലം വാഹനയാത്രക്കാര്‍ പൊറുതി മുട്ടുന്നു. വാഹനങ്ങളുടെ മെല്ലെപ്പോക്ക് കാരണം രോഗികളുമായി പോകുന്ന ആംബുലന്‍സുകളടക്കം ഗതാഗതക്കുരുക്കില്‍ പെടുന്നത് നിത്യ സംഭവമായിരിക്കുന്നു. പൊടിശല്യം കാരണം മുമ്പിലുള്ള വാഹനങ്ങളെ പോലും കാണാത്ത അവസ്ഥയാണ്. മഴക്കാലത്ത് കുഴികള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വലിയ കല്ലുകളിട്ടാണ് കുഴികള്‍ നികത്തിയത്. മഴ മാറിയതോടെ കുഴികളിലെ കല്ലുകള്‍ ഇളകി പുറത്ത് വന്നതിനാല്‍ ഇരു ചക്രവാഹനങ്ങള്‍ കല്ലുകളില്‍ കയറിയിറങ്ങി വീഴുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. ഇത്രയും ദിവസം മഴ മാറി നിന്നിട്ടും റോഡുകളുടെ അറ്റകുറ്റപണികള്‍ പോലും ചെയ്യാത്തതില്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം വ്യാപകമാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡുകളുടെ പൊടി കാറ്റത്ത് സമീപത്തെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും കയറുന്നത് കാരണം വ്യാപാരികളും കുട്ടികളും അടക്കമുള്ളവര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ വേനല്‍ക്കാലത്ത് പൊടിശല്യം ഒഴിവാക്കാനായി ടാങ്കര്‍ ലോറികളില്‍ വെള്ളം കൊണ്ടുവന്ന് ചീറ്റിയിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ വെള്ളം ചീറ്റിയിരുന്നെങ്കില്‍ ഒരു പരിധി വരെ പൊടി ശല്യം ഒഴിവാക്കാമെന്ന് നാട്ടുകാര്‍ പറയുന്നു.