കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കല്‍ മസാജ് സെന്റര്‍ കൂടാതെ അതിഥി മന്ദിരത്തിലും ഒളികാമറ സ്ഥാപിച്ചിരുന്നുവെന്ന് വിവരം. തന്റെ അതിഥികളെ താമസിപ്പിച്ചിരുന്ന അതിഥികളുടെ കിടപ്പറകളില്‍ കാമറ സ്ഥാപിച്ചതായാണ് വിവരം ലഭിച്ചിരിക്കുന്നത്. മസാജ് സെന്ററിലും ക്ലിനിക്കിലും ഒളികാമറ സ്ഥാപിച്ചതായി നേരത്തെ വിവരം ലഭിച്ചിരുന്നു.
മൂന്ന് കാമറകളും ഹാര്‍ഡ് ഡിസ്കുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ഒളികാമറ വിന്യാസം ക്രൈംബ്രാഞ്ച പരിശോധിക്കും. മോന്‍സന്റെ കൊച്ചിയിലെ വീടിനു സമീപം തന്നെയാണ് അതിഥി മന്ദിരവും. തിരുമ്മല്‍ കേന്ദ്രത്തില്‍ ചികിത്സ നടത്തിയവരെയാണ് ഒളികാമറ ഉപയോഗിച്ച് കുടുക്കിയത്.
ക്ലിനിക്കില്‍ സഹായിക്കാന്‍ വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മോന്‍സനെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. മോണ്‍സണിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മസാജ് സെന്ററില്‍ നിരവധി ഒളിക്യാമറകള്‍ ഉണ്ടെന്നും ഇതിലൂടെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം പല പ്രമുഖര്‍ക്കും അറിയാമെന്നും മോന്‍സണിന്റെ ഭീഷണി ഭയന്ന് ആരും പോലീസില്‍ പരാതി നല്‍കിയില്ലെന്നും മോന്സണ് തന്റേയും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മോന്‍സന്റെ കലൂരിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ചികിത്സാമുറിയില്‍ നിന്നും ഗര്‍ഭനിരോധന ഗുളികകളും ഉറകളും കണ്ടെത്തിയെന്നാണ് വിവരം. നിരവധി സ്ത്രീകള്‍ മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.