കാസര്‍കോട്/കാഞ്ഞങ്ങാട്: തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. തീരദേശ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്. മഴവെള്ളം ഒഴുകി പോവാന്‍ സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. പലകുടുംബങ്ങളും താമസം മാറി. കാസര്‍കോട് നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തളങ്കര പടിഞ്ഞാര്‍, ബങ്കരക്കുന്ന് കുദൂര്‍, തുരുത്തി, ചെമ്മനാട്, പെരുമ്പള, മധൂര്‍ പട്ള തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറിട്ടുണ്ട്. വെള്ളം ഒഴുകി പോവാന്‍ സൗകര്യമില്ലാത്തത് കാരണം ചൂരി കാളിയങ്കാട്ട് ഏതാനും വീടുകളില്‍ വെള്ളം കയറി.
മാവുങ്കാല്‍ ടൗണില്‍ വെള്ളം കയറി. കടകളിലേക്കു വെള്ളം കയറുന്ന അവസ്ഥയുണ്ടാക്കുകയാണ്. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് പല സ്ഥലങ്ങളിലായി കൂട്ടിയിട്ടതിനാലാണ് വെളളം കെട്ടിക്കിടക്കുന്നത്. സീതാംഗോളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി. ഈ ഭാഗത്ത് വാഹനഗതാഗതവും തടസപ്പെട്ടു. പൊലീസ് എയ്ഡ് പോസ്റ്റില്‍ വെള്ളം കയറിയിട്ടുണ്ട്. ഓട്ടോസ്റ്റാന്റ് വെള്ളത്തിനിടയിലായതോടെ ഓട്ടോ സര്‍വീസും നടത്താനാകുന്നില്ല. ബസുകള്‍ക്കും ടൗണില്‍ കടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. സീതാംഗോളി ടൗണില്‍ ബസ് കയറാനെത്തുന്നവര്‍ ഇതോടെ ദുരിതത്തിലായി. രണ്ട് ദിവസങ്ങളിലായി തുടരുന്ന മഴ മൂലം നാശനഷ്ടവുമുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. കാസര്‍കോട് ഫയര്സ്റ്റേഷന് മുകളില്‍ മരം ഒടിഞ്ഞ് വീണു. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഡോ.ജനാര്ദ്ദനന് നായ്കിന്റെ നുള്ളിപ്പാടി പി.എം.എസ് റോഡിലെ വീട്ടിലേക്ക് മരം ഒടിഞ്ഞ് വീണു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.