കോവിഡ് വന്ന് കഴിഞ്ഞവരിലെ ആരോഗ്യപ്രശ്‌നങ്ങള്‍

അവിചാരിതമായ ദുരിതത്തിന്റെ തുടക്കമാണ് 2019 ഡിസംബര്‍ മാസത്തില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആരംഭിച്ചത്. കൊറോണ വൈറസ് സാന്നിദ്ധ്യമറിയിച്ച് കുറച്ച്കാലം ദുരിതം വിതച്ചതിന് ശേഷം അപ്രത്യക്ഷമാകുമെന്നായിരുന്നു പ്രാരംഭകാലത്ത് കരുതിയിരുന്നത്. എന്നാല്‍ അനിയന്ത്രിതമായ വ്യാപനം അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. വളരെ ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ ലോകമെങ്ങും ഭീതിയുടെ നിഴലിലായി. കൊറോണയില്ലാത്ത ഭൂഖണ്ഡങ്ങളില്ല എന്ന അവസ്ഥയായി. മരണം നിഴല്‍ പോലെ പിന്തുടരുന്നവരുടെ എണ്ണം മടങ്ങുകളില്‍ നിന്ന് പതിന്മടങ്ങുകളിലേക്ക് മാറി. ആദ്യം അതിര്‍ത്തികള്‍ അടച്ച രാജ്യങ്ങള്‍ പിന്നീട് വീടുകളുടെ വാതിലുകള്‍ പോലും അടച്ചിടുന്ന അവസ്ഥയിലായി. ലോകമെങ്ങും […]

അവിചാരിതമായ ദുരിതത്തിന്റെ തുടക്കമാണ് 2019 ഡിസംബര്‍ മാസത്തില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആരംഭിച്ചത്. കൊറോണ വൈറസ് സാന്നിദ്ധ്യമറിയിച്ച് കുറച്ച്കാലം ദുരിതം വിതച്ചതിന് ശേഷം അപ്രത്യക്ഷമാകുമെന്നായിരുന്നു പ്രാരംഭകാലത്ത് കരുതിയിരുന്നത്. എന്നാല്‍ അനിയന്ത്രിതമായ വ്യാപനം അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. വളരെ ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ ലോകമെങ്ങും ഭീതിയുടെ നിഴലിലായി. കൊറോണയില്ലാത്ത ഭൂഖണ്ഡങ്ങളില്ല എന്ന അവസ്ഥയായി. മരണം നിഴല്‍ പോലെ പിന്തുടരുന്നവരുടെ എണ്ണം മടങ്ങുകളില്‍ നിന്ന് പതിന്മടങ്ങുകളിലേക്ക് മാറി. ആദ്യം അതിര്‍ത്തികള്‍ അടച്ച രാജ്യങ്ങള്‍ പിന്നീട് വീടുകളുടെ വാതിലുകള്‍ പോലും അടച്ചിടുന്ന അവസ്ഥയിലായി. ലോകമെങ്ങും ഒരേ അവസ്ഥ, ഒരേ ദുരിതം.
അല്‍പകാലം കൊണ്ടവസാനിക്കുമെന്ന് കരുതിയത് വര്‍ഷമൊന്ന് കഴിഞ്ഞിട്ടും അവസാനിച്ചില്ല എന്ന് മാത്രമല്ല പുതിയ രൂപഭാവങ്ങളിലേക്ക് സ്വയം വകഭേദം മാറി തീവ്രമായ വ്യാപനത്തിന്റെ സൂചനകളും തന്ന് കഴിഞ്ഞു. ആദ്യഘട്ടത്തിലെ കരുതലുകളില്‍ നിന്ന് മാറി ജീവിതത്തിന്റെ ഭാഗം എന്ന നിലയിലേക്കുള്ള അലസതയിലേക്ക് നമ്മള്‍ സ്വയം മാറി. വാക്‌സിന്‍ വന്നു. എന്നിട്ടും പൂര്‍ണ്ണ നിയന്ത്രണമില്ലാത്ത വ്യാപനം കൊറോണ സ്വയം നടത്തിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഒരുതവണ കോവിഡ് ബാധിതരായവരുടെ പില്‍ക്കാല ജീവിതത്തെ അത് ഏതെല്ലാം തരത്തില്‍ ബാധിച്ചിരിക്കുന്നു എന്ന വിലയിരുത്തലിനും അതിനെ അടിസ്ഥാനമാക്കി ജീവിതരീതികളിലെ പുനക്രമീകരണത്തിനും വലിയ പ്രാധാന്യമുണ്ട്.

കോവിഡ്ബാധിതരുടെ അവസ്ഥ
ഭീകരതയും തീവ്രതയും വലുതാണെങ്കിലും കോവിഡ് ബാധിതരായവരില്‍ 85 ശതമാനത്തോളം പേര്‍ക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും രോഗബാധിതമായ സമയത്ത് അനുഭവപ്പെട്ടിട്ടില്ല. ബാക്കിയുള്ളവരില്‍ തന്നെ അഞ്ച് ശതമാനത്തോളം പേരാണ് അതിതീവ്രമായ അവസ്ഥയിലേക്ക് പോകുന്നത്. ഇതില്‍ തന്നെ 0.28 ശതമാനത്തിനും 1.3 ശതമാനത്തിനും ഇടയില്‍ മാത്രമേ മരണനിരക്കുള്ളൂ. അതായത് പഴയകാലത്തെ മഹാമാരികളായ പ്ലേഗിനേയും വസൂരിയേയുമൊക്കെ അപേക്ഷിച്ച് വ്യാപനനിരക്ക് ഏറെക്കുറെ തുല്യമാണെങ്കിലും മരണനിരക്ക് കോവിഡിന്റെ കാര്യത്തില്‍ താരതമ്യേന കുറവാണ് എന്നര്‍ത്ഥം. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരില്‍ തന്നെ മഹാഭൂരിപക്ഷം പേരും വൃക്കരോഗം, ഹൃദ്രോഗം മുതലായ സങ്കീര്‍ണ്ണമായ രോഗാവസ്ഥകള്‍ നേരത്തെയുള്ളവരുമാണ്. പൊതുവെ രണ്ടാഴ്ച വരെയാണ് കോവിഡ് രോഗികളില്‍ രോഗത്തിന്റെ സാന്നിദ്ധ്യം നിലനില്‍ക്കുന്നത്. എന്നാല്‍ ചിലരില്‍ അത് ആറാഴ്ച വരെയൊക്കെ നീണ്ടുനില്‍ക്കുന്നതായും കാണാറുണ്ട്. തൊണ്ണൂറ് ശതമതാനം പേരിലും മൂന്ന് നാല് ആഴ്ചകള്‍ക്കകം തന്നെ അസുഖം പൂര്‍ണ്ണമായും ഭേദമാകാറുമുണ്ട്.

എന്താണ് പോസ്റ്റ്‌കോവിഡ് സിന്‍ഡ്രോം
കോവിഡ് ഭേദമായ ശേഷവും ചിലരില്‍ നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ കാണപ്പെടുന്നുണ്ട്. കോവിഡുമായി ബന്ധപ്പെതും കോവിഡ് ഭേദമായതിന് ശേഷവും അനുഭവപ്പെടുന്ന ഇത്തരം ആരോഗ്യപ്രശ്‌നങ്ങളെയാണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന് പറയുന്നത്. ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കോവിഡ് സ്ഥിരീകരിച്ചവര്‍ എന്നത് പോലെ തന്നെ കോവിഡ് നിശ്ശബ്ദമായി വന്ന് പോയവരിലും പോസ്റ്റ്‌കോവിഡ് സിന്‍ഡ്രോം കാണപ്പെടാം എന്നതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍, ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ, അകാരണമായ ഭയം മുതലായ മാനസികാരോഗ്യ സംബന്ധമായ കാര്യങ്ങള്‍, സന്ധിവേദന, പേശീവേദന, തളര്‍ച്ച, അകാരണമായ ക്ഷീണം മുതലായ പേശികളെയും അസ്ഥികളെയും ബാധിക്കുന്ന ലക്ഷണങ്ങള്‍, പക്ഷാഘാതം, തലവേദന, ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടല്‍, ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ്, സംഭ്രമം, ഉറക്കക്കുറവ്, ബ്രെയിന്‍ പോഗിങ്ങ് മുതലായ ന്യൂറോളജി സംബന്ധമായ ലക്ഷണങ്ങള്‍, കിതപ്പ്, ഹൃദയസ്തംഭനം, മയോകാര്‍ഡൈറ്റിസ്, കാര്‍ഡിയോമയോപ്പതി മുതലായ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍, കരളിനെയും വൃക്കയെയും ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയ നിരവധിയായ അവസ്ഥകളാണ് പോസ്റ്റ്‌കോവിഡ് സിന്‍ഡ്രോമില്‍ കാണപ്പെടുന്നത്. ഇവയില്‍ ഭൂരിഭാഗവും കോവിഡിന്റെ ആദ്യഘട്ട വ്യാപനത്തിന്റെ അനന്തരഫലങ്ങളായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ വകഭേദം വന്ന കോവിഡിന്റെ വ്യാപനത്തിന് ശേഷമുണ്ടാകുവാനിടയുള്ള പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്നറിയുവാന്‍ കാത്തിരിക്കുക തന്നെ വേണം.

ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍
കോവിഡിന് കാരണമാകുന്ന കൊറോണ വൈറസ് ഏറ്റവും പ്രധാനമായി ആക്രമിക്കുന്നത് ശ്വസന വ്യവസ്ഥിതിയെയാണ്. അതുകൊണ്ട് തന്നെ ശ്വസന സംബന്ധമായ തകരാറുകള്‍ക്ക് പോസ്റ്റ് കോവിഡ് രോഗാവസ്ഥകളില്‍ വളരെയേറെ പ്രാധാന്യമുണ്ട്. നാസാദ്വാരത്തിലൂടെ ശ്വാസകോശത്തിലെത്തുന്ന കൊറോണ വൈറസ് ആദ്യം സൃഷ്ടിക്കുന്ന ലക്ഷണം ന്യുമോണിയയുടേതാണ്. തുടക്കത്തിലേ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നവരില്‍ ഭൂരിഭാഗംപേരും ഈ അവസ്ഥയെ തരണം ചെയ്യുന്നുണ്ട്. എന്നാല്‍ ചിലരില്‍ ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ വളരെയേറെ ദോഷകരമായി ബാധിക്കുന്ന ലെംഗ്‌ഫൈബ്രോസിസ് എന്ന അവസ്ഥയിലേക്ക് വഴിമാറുന്നു. ഇവര്‍ ശ്വാസം മുട്ടലിന് വിധേയരാവുകയും ഓക്‌സിജന്റെയും മറ്റ് ജീവന്‍ രക്ഷാഉപാധികളുടേയും ആവശ്യമുണ്ടാവുകയും ചെയ്യുന്നു. കൂടുതല്‍ തീവ്രമായി മാറിയവരില്‍ ചിലപ്പോള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചികിത്സ പോലും ആവശ്യമായിവരും. കോവിഡ് രോഗത്തിന്റെ പ്രാരംഭഘട്ടത്തിലും കോവിഡ് മാറിക്കഴിഞ്ഞാലും സംഭവിക്കുന്ന ഗൗരവമേറിയ രോഗാവസ്ഥയാണ് പള്‍മണറി എംബോളിസം. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ച് രക്തക്കുഴലുകള്‍ അടഞ്ഞ് പോകുന്ന അവസ്ഥയാണിത്. പ്രധാനരക്തക്കുഴലുകള്‍ അടയുമ്പോള്‍ ഇത് രോഗിയുടെ പെട്ടെന്നുള്ള മരണത്തിന് വരെ കാരണമാകുന്നു. ലോകത്താകമാനം കോവിഡ് രോഗികളുടെ മരണത്തിനുള്ള ഒരു കാരണം പള്‍മണറി എംബോളിസമാണ്. ഇക്കാരണത്താല്‍ തന്നെയാണ് കോവിഡ് രോഗികള്‍ക്ക് രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ തുടര്‍ച്ചയായി കൊടുക്കേണ്ടി വരുന്നത്. കോവിഡ് ഭേദമായി ഇതേ അസുഖലക്ഷണം തുടര്‍ച്ചയായി കാണിക്കുന്നവരിലും ഗൗരവകരമായ ചികിത്സ ആവശ്യമായി വരും.

ശ്രദ്ധയും മുന്‍കരുതലും നിര്‍ബന്ധമാണ്
കോവിഡ് വന്ന് ഭേദമായിക്കഴിഞ്ഞാലും കുറഞ്ഞത് നാല് ആഴ്ചയെങ്കിലും ശരിയായ വിശ്രമവും പ്രത്യേകശ്രദ്ധയും പുലര്‍ത്തണം. ഈ കാലയളവിനിടയില്‍ പുതിയ രോഗലക്ഷണങ്ങള്‍ ഒന്നും ശ്രദ്ധയില്‍പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും വേണം. ശ്വാസംമുട്ടല്‍, കിതപ്പ്, തലചുറ്റല്‍, ഒരുകാലില്‍ മാത്രമായുള്ള നീര് മുതലായ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി ചികിത്സ തേടണം. ഈ ലക്ഷണങ്ങള്‍ക്ക്പുറമെ മറ്റേത് അസുഖങ്ങളുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാലും നിസ്സാരവല്‍ക്കരിക്കരുത്. എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള പോസ്റ്റ് കോവിഡ് ട്രീറ്റ്‌മെന്റ്‌സെന്ററുമായി ബന്ധപ്പെട്ട ഡോക്ടറുടെ സഹായം ഉറപ്പ് വരുത്തണം. അപൂര്‍വ്വമായെങ്കിലും ചിലരില്‍ രണ്ടാമതും കോവിഡ് ബാധിക്കുന്നത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. മാസ്‌ക്, കൈകഴുകല്‍ സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പിന്തുടരുക. കോവിഡ് ഭേദമായ ശേഷമുള്ള അല്‍പകാലം കഠിനമായ വ്യായാമങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. ലഘുവായ പ്രവര്‍ത്തികള്‍ തുടരാവുന്നതാണ്. സമീകൃത ഭക്ഷണശീലം പിന്തുടരാനും ശ്രദ്ധിക്കുക. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക.
സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് മരുന്ന് തുടര്‍ന്ന് കഴിക്കുകയോ ആവശ്യമായ ഭേദഗതികളുയര്‍ത്തുകയോ ചെയ്യണം. ഒരു കാരണവശാലും സ്വന്തം ഇഷ്ടപ്രകാരമോ മറ്റുള്ളവരുടെ നിര്‍ദ്ദേശ പ്രകാരമോ തീരുമാനമെടുക്കരുത്. മാനസികപ്രശ്‌നങ്ങള്‍, ഒറ്റപ്പെടല്‍, ആശങ്ക, അമിതഭയം മുതലായവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ പോസ്റ്റ്‌കോവിഡ് സെന്ററില്‍ ബന്ധപ്പെട്ട് ചികിത്സ നേടണം.

(കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റല്‍ പള്‍മണോളജി ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

Related Articles
Next Story
Share it