ഹവാമഹല്‍ നമുക്ക് ചുറ്റും...

കുറെ മാസങ്ങള്‍ക്ക് ശേഷമുള്ള ഒരു ദീര്‍ഘ യാത്ര. രാജസ്ഥാനിലെ ജയ്പൂറിലേക്കായിരുന്നു. ആസ്തമയെക്കുറിച്ചും പുകവലി സംബന്ധമായ ശ്വാസകോശ രോഗങ്ങളെ കുറിച്ചുമുള്ള രണ്ടു ദിവസത്തെ പഠന ശിബിരത്തില്‍ പങ്കെടുക്കാന്‍. കോഴിയാണൊ മുട്ടയാണോ ആദ്യമുണ്ടായത് എന്ന ചോദ്യത്തിന് പലപ്പോഴും ഉത്തരം കിട്ടാറില്ല. അടുത്ത കാലത്ത് വായിച്ച ഒരു ശാസ്ത്രലേഖനത്തില്‍ മുട്ടയാണാദ്യമുണ്ടായതെന്നും അത് കോഴിയുടെതല്ല, മറ്റേതോ ജീവിയുടെ മുട്ടയില്‍ നിന്നും കാലക്രമേണ ജനിതക മ്യൂട്ടേഷന്‍ വഴി കോഴി പിറന്നു എന്നും എഴുതിക്കണ്ടു. അതെന്തുമാകട്ടെ അതു പോലെയുള്ള ഒരു സമസ്യ ശ്വാസരോഗ ചികിത്സാവിധഗ്ദരുടെ മുന്നിലുണ്ട്. […]

കുറെ മാസങ്ങള്‍ക്ക് ശേഷമുള്ള ഒരു ദീര്‍ഘ യാത്ര. രാജസ്ഥാനിലെ ജയ്പൂറിലേക്കായിരുന്നു. ആസ്തമയെക്കുറിച്ചും പുകവലി സംബന്ധമായ ശ്വാസകോശ രോഗങ്ങളെ കുറിച്ചുമുള്ള രണ്ടു ദിവസത്തെ പഠന ശിബിരത്തില്‍ പങ്കെടുക്കാന്‍. കോഴിയാണൊ മുട്ടയാണോ ആദ്യമുണ്ടായത് എന്ന ചോദ്യത്തിന് പലപ്പോഴും ഉത്തരം കിട്ടാറില്ല. അടുത്ത കാലത്ത് വായിച്ച ഒരു ശാസ്ത്രലേഖനത്തില്‍ മുട്ടയാണാദ്യമുണ്ടായതെന്നും അത് കോഴിയുടെതല്ല, മറ്റേതോ ജീവിയുടെ മുട്ടയില്‍ നിന്നും കാലക്രമേണ ജനിതക മ്യൂട്ടേഷന്‍ വഴി കോഴി പിറന്നു എന്നും എഴുതിക്കണ്ടു. അതെന്തുമാകട്ടെ അതു പോലെയുള്ള ഒരു സമസ്യ ശ്വാസരോഗ ചികിത്സാവിധഗ്ദരുടെ മുന്നിലുണ്ട്. ആസ്തമയും സി.ഒ.പി .ഡിയും (പുകവലി കാരണം കൊണ്ടുണ്ടാവുന്ന ശ്വാസകോശ രോഗം) ഒന്നാണോ, രണ്ടാണോ, ഒന്ന് മറ്റൊന്ന് ആവുമോ എന്നത്? പ്രസ്തുത സംവാദവുമായാണ് രണ്ടാമത്തെ ദിവസം തുടങ്ങിയത്. ഇന്ത്യയിലെ പ്രശസ്തരായ രണ്ടു പേരായിരുന്നു ഇതിലെ സംവാദകര്‍. ഒരാള്‍ രണ്ടും രണ്ടാണെന്നും മറ്റേ ആള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ രണ്ടും ഒന്നാണെന്നും. രണ്ടു പേരും ശാസ്ത്രീയമായ തെളിവുകള്‍ വെച്ചു തന്നെ സമര്‍ത്ഥിച്ചു.
ഏതായാലും എന്തായാലും രോഗികള്‍ക്ക് പ്രയാസകരം തന്നെ. രോഗം നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഒരു കൂട്ടം മരുന്നുകളും ഇന്‍ഹേലറുകളും നെബുലൈസറും ഓക്‌സിജനുമായി ശിഷ്ട കാലം കഴിയേണ്ടി വരും. അത്ര തന്നെ. കാസര്‍കോടുകാരനായ എനിക്ക് സൗകര്യമായ എയര്‍പോര്‍ട്ട് മംഗലാപുരം തന്നെ. രാവിലെ ഭക്ഷണം കഴിച്ചു പുറപ്പെട്ടു. പതിനൊന്ന് മണിക്കുള്ള വിമാനത്തില്‍ മുംബൈക്ക്. അവിടെ നിന്നും മൂന്ന് മണിക്കൂര്‍ കഴിഞ്ഞ്, ജയ്പൂരിലേക്ക്.
വിമാനത്തിലെ ഭക്ഷണമൊക്കെ നിര്‍ത്തിയിട്ട് കുറെ കാലമായല്ലോ? കഴിക്കാന്‍ ഒന്നും എടുത്തിട്ടുമില്ല. മുംബൈയില്‍ ഇറങ്ങി എന്തെങ്കിലും കഴിക്കാമെന്ന് കരുതി. ആ ചിന്തകള്‍ തല്‍ക്കാലം മാറ്റിവെച്ചു. സമയമുണ്ടല്ലോ? കൂട്ടിനാരുമില്ലാത്തപ്പോള്‍ വെറുതെ മനോ വ്യാപാരത്തില്‍ മുഴുകുക ഒരു രസമാണ്. ഒരു മണിക്കൂറിലധികം മനസ്സില്‍ ലാന്റ് സ്‌കേപ് വ്യൂവില്‍ വിവിധ ചിത്രങ്ങള്‍ മിന്നി മറയും.
എന്റെ സ്വപ്‌നരഥം ഉരുണ്ടു തുടങ്ങി. വിമാനത്തില്‍ നിന്നും പുറത്തുകടന്നു. സ്വപ്‌ന രഥത്തില്‍ സഞ്ചരിക്കാന്‍ തീരെ ചെലവില്ല. ഫ്‌ലക്‌സി റേറ്റിലുളള ടിക്കറ്റും വേണ്ട, എല്ലാം ഫ്രീ. ആ സമയത്താണ് അഞ്ച് സീറ്റുകള്‍ എന്റെ മുമ്പില്‍ ഒഴിഞ്ഞു കിടക്കുന്നത് കണ്ടത്. നീളം കൂടിയ എനിക്ക് ആനുപാതിക നീളമുള്ള കാലുകളുമാണ്. നീളമുള്ള കാലുകളുള്ളത് കൊണ്ട് വേഗത്തില്‍ നടന്നെത്താം എന്നാണെന്റെ ഉമ്മാന്റെ തിയറി. ഒട്ടകത്തിനും നീളമുള്ള കാലുകള്‍ തന്നെ. ഈ യാത്രയിലും ഒട്ടകങ്ങള്‍ നടന്ന് നീങ്ങുന്നത് നോക്കി നിന്നാസ്വദിച്ചിട്ടുണ്ട്. രാജസ്ഥാനാണല്ലോ. ഒട്ടകങ്ങളുടെയും നാടാണല്ലോ? ഒട്ടക സവാരിക്ക് അതിന്റെ മുകളില്‍ കയറിയിരിക്കുമ്പോള്‍ സുഹൃത്തുക്കളില്‍ ആരോ ഒരാള്‍ തമാശ പറയുന്നുണ്ടായിരുന്നു. 'ഒട്ടകത്തിന് മുകളില്‍ വേറെ ഒരു ഒട്ടകമെന്ന് . നീളമുള്ള കഴുത്ത് താഴേക്ക് കൊണ്ട് വന്ന് ഒട്ടകം വെള്ളം കുടിക്കുന്നതും കാണാന്‍ രസകരമാണ്. അത് കണ്ടായിരിക്കണം ജോസഫ് സിറില്‍ ബാം ഫോര്‍ഡ് ജെ.സി.ബി നിമ്മിച്ചത്. നെല്‍ പാടങ്ങളില്‍ കൊറ്റികള്‍ നിരനിരയായി നീളമുള്ള ഒറ്റക്കാലില്‍ നില്‍ക്കുന്നത് കാണാനും സുന്ദരമാണ്. നീളമുള്ള നേരിയ ഫ്‌ലവര്‍വാസില്‍ വെളുത്ത പൂക്കള്‍ ഇട്ടു നിരത്തി വെച്ച പോലെ തോന്നും. മനോഹരം. നീളമുള്ള കാലുകള്‍ വിമാനയാത്രയില്‍ ഒട്ടും തന്നെ അനുയോജ്യമല്ല എന്നാണെന്റെ അനുഭവം. സീറ്റുകള്‍ അടുപ്പിച്ചാണുള്ളത്. ചില ബസ്സുകളിലും കാറിലെ പിന്‍സീറ്റിലും ഈ പ്രശ്‌നമുണ്ട്. ചുരുണ്ടിരിക്കണം. അത് എളുപ്പവുമല്ല. വല്ലാത്ത അസ്വസ്ഥതയുണ്ടാക്കും. അതും ദീര്‍ഘയാത്രയാകുമ്പോള്‍. മുകളിലെഴുതിയതാണല്ലോ എന്റെ മുന്നില്‍ ഒരു നിരയില്‍ ഒഴിഞ്ഞ സീറ്റുകള്‍ ഉണ്ടായിരുന്നുവെന്ന്. എമര്‍ജന്‍സി വാതിലിനടുത്തുള്ള സീറ്റുകള്‍. നല്ല അകലമുണ്ട് അടുത്ത നിരയിലേക്ക്. രണ്ടു നിര സീറ്റുകള്‍ ഒഴിവാക്കിയത്ര സ്‌പേസ് ഉണ്ട്. മുംബൈ വരെ ചുരുണ്ടു കൂടിയിരിക്കേണ്ടല്ലോ. പ്രസ്തുത സീറ്റിലിരുന്നാല്‍ കാല്‍ നീട്ടിയിരുന്ന് സ്വപ്‌നാടനവുമായി യാത്ര തുടരാമെന്ന് കരുതി. വിമാനത്തിന്റെ ടേക്ക് ഓഫ് കഴിഞ്ഞ ഉടനെ അതില്‍ കയറി ഇരുന്നു. സുഖയാത്ര കൊതിച്ചു. ആനന്ദലബ്ധിക്കിനിയെന്തു വേണം? ആനന്ദത്തിന് അല്‍പായുസ്സായിരുന്നു. ഉടനെ ഒരു എയര്‍ ഹോസ്റ്റസ് ഓടിവന്നു. അവിടെ ഇരിക്കാന്‍ പാടില്ലെന്ന് പറഞ്ഞു. നീളം കൂടിയ കാലുകള്‍ നീട്ടണമെങ്കില്‍ പണമടക്കണമെന്ന്. അല്ലെങ്കില്‍ ചുരുണ്ട് കൂടി പിറകിലെ സീറ്റില്‍ തന്നെ ഇരിക്കണമെന്നും പറഞ്ഞു.
എന്റെ കൗതുകം കൊണ്ട് എത്രയാ ചാര്‍ജ്ജ് എന്ന് ചോദിച്ചു. പന്ത്രണ്ട് നൂറു രൂപയാണെന്ന് കേട്ടപ്പോള്‍ പിറകിലെ സീറ്റിലേക്ക് തനിയെ പിന്‍വലിഞ്ഞു. മനസ്സില്‍ പിറുപിറുത്തു. നാട്ടില്‍ വെറുതെയല്ല ഭൂമിക്ക് വില കൂടിയത്. ഒന്നേകാല്‍ മണിക്കൂറും ചുരുണ്ടിരുന്നു. യാത്രക്കാരധികമുണ്ടായിരുന്നില്ല. മുന്‍നിരയിലെ സീറ്റും ഒഴിഞ്ഞു തന്നെയായിരുന്നു. കുറുക്കന്‍ മുന്തിരി തിന്നാന്‍ ആശിച്ച് പുളിക്കുമെന്ന് പറഞ്ഞ് പിന്തിരിഞ്ഞ കഥ മനസ്സിലുടക്കി.
ഞാനും യാത്ര കഴിയുന്നത് വരെ ഇടക്കിടെ സീറ്റുകളിലേക്ക് നോക്കിയിരിക്കുകയും ലഗ് സ്‌പേസിന് 12 നൂറു രൂപ കൊടുത്തെന്തിനിരിക്കണമെന്ന് സ്വയം ആശ്വസിക്കുകയും ചെയ്തു. അപ്പോഴെക്കും മുംബൈയില്‍ എത്തി. മൂന്ന് മണിക്കൂറോളം എയര്‍ പോര്‍ട്ടില്‍ തിരിഞ്ഞു കളിക്കണം. വിശപ്പുണ്ട്. എന്തെങ്കിലും കഴിക്കണം. ജയ്പൂരിലേക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റില്‍ ഉപ്പുമാവും ജ്യൂസും ടിക്കറ്റിനോടൊപ്പം തന്നെ ഓര്‍ഡര്‍ ചെയ്തിരുന്നു. താല്‍ക്കാലികമായെന്തെങ്കിലും കഴിക്കാന്‍ തീരുമാനിച്ചു. അടുത്തുളള കോഫീ ഷോപ്പില്‍ കയറി. കോഫിയും ഒരു സാന്റ്‌വിച്ചും കഴിച്ചു. അഞ്ഞൂറു രൂപ കൊടുക്കുമ്പോള്‍ മനസ്സ് മന്ത്രിച്ചു. ക്ലിനിക്കിനു താഴെയുള്ള ഇഖ്ബാലിന്റെ പെട്ടിക്കടയില്‍ നിന്നും 30 രൂപക്ക് കഴിക്കാറുള്ള ചൂടു ചായയുടെയും സാന്റ് വിച്ചിന്റെയും നാലയലത്തെത്തില്ല ഇവിടുന്ന് കഴിച്ചത്. അതെത്ര രുചികരം. ഇഖ്ബാലെ, നീയാണ് യഥാര്‍ത്ഥ ഷെഫ്. സേവനം തുടരട്ടെ. ജയ്പൂരെത്തുമ്പോള്‍ അഞ്ച് മണി കഴിഞ്ഞിരുന്നു. യാത്രാ ക്ഷീണവുമുണ്ടായിരുന്നു. കുളിച്ചു. പ്രാര്‍ത്ഥിച്ചു. ഭക്ഷണവും കഴിച്ചു കിടന്നുറങ്ങി. രാവിലെ കോണ്‍ഫറന്‍സിനെത്തി.
നാലു മണിയാകാറാവുമ്പോള്‍ പുറത്തിറങ്ങി. ഒന്നു കറങ്ങാമെന്നു കരുതി. മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഹവാ മഹല്‍ കാണാന്‍ തീരുമാനിച്ചു. രജപുത്ര രാജാക്കന്മാര്‍ക്കും രാജ്ഞിമാര്‍ക്കും കാറ്റു കൊള്ളാന്‍ കൊട്ടാരത്തിലെ സ്വതന്ത്രമായ സ്ഥലം. മന്ദമാരുതന്റെ തലോടലേല്‍ക്കാനും സ്വപ്‌നങ്ങളെ താലോലിക്കാനും കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് പുറം ലോകം കാണാനുമുള്ള ചെറിയ ജനലുകളോട് കൂടിയ അഞ്ചു നിലമാളിക.
രാജകൊട്ടാരത്തിലെ വിശാലമായ ഇടം. അതാണ് ഹവാ മഹല്‍. അല്ലെങ്കില്‍ കാറ്റുകളുടെ മാളിക. നഗരവല്‍ക്കരണത്തോടെ കാറ്റിന്റെ ചാരുതയും കെട്ടിടത്തിന്റെ സൗന്ദര്യവും തേഞ്ഞു മാഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. കുറെ കഴിഞ്ഞാല്‍ കാലയവനികയ്ക്കുള്ളില്‍ വിസ്മൃതിയിലാവുമോ ഈ മാളിക....
ഹവാ മഹലിനടുത്തുള്ള സ്റ്റീല്‍ വേലിക്കരികില്‍ നിന്നിരുന്ന, രാജസ്ഥാനി വേഷത്തിലുള്ള സാരിയും മൂക്കുത്തിയും കമ്മലുമണിഞ്ഞ സ്ത്രീയുടെ രൂപം യാത്രയിലുടനീളം എന്നെ പിന്തുടര്‍ന്നു. നീളമുള്ള മെലിഞ്ഞുണങ്ങിയ സ്ത്രീ. സ്റ്റീല്‍ വേലി പിടിച്ചു നില്‍കുന്നുണ്ടായിരുന്നു. യാചകയായിരുന്നു. അവരുടെ മുഖത്ത് കാലം കോറിയ വരകള്‍ നേര്‍രേഖയായും ശാഖകളും ഉപശാഖകളുമായി മാറുന്നതും കാണാമായിരുന്നു. കാലം എന്തു മാത്രം പാഠങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ടാവണം. നീണ്ടു മെലിഞ്ഞ ഞാനും പതുക്കെ കൈകള്‍ കൊണ്ട് മുഖത്തൊന്നു തടവി നോക്കി. എന്റെ നെഞ്ചിടിപ്പു കൂടുന്നതും ശ്വാസോച്ഛ്വാസത്തിന് വേഗതകൂടുന്നതും അനുഭവപ്പെട്ടു. കാലം എന്നിലും കോറലുകളിട്ടു തുടങ്ങിയിരിക്കുന്നു.
ജീവിത യാത്രയിലെ അര്‍ദ്ധവിരാമത്തിലെത്തിയിരിക്കുന്ന ഞാന്‍ പിറകോട്ടോടുന്നത് പോലെ തോന്നി. ജീവിതം പഠിപ്പിച്ച പാഠങ്ങള്‍, വായിച്ച പുസ്ത താളുകളിലൊന്നും കാണാത്ത പാഠങ്ങളായിരുന്നു. അവ എനിക്ക് ആത്മധൈര്യം തരുന്നു. ജീവിതം മുന്നോട്ട് നയിക്കാന്‍.


-ഡോ.അബ്ദുല്‍ സത്താര്‍ എ.എ.

Related Articles
Next Story
Share it