ഹഥ്‌റാസ് പീഡനക്കേസ്: ഇ.ഡി അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ.റൗഫ് ഷെരീഫിന്റെ കസ്റ്റഡി 26 വരെ നീട്ടി

കൊച്ചി: ഹഥ്‌റാസ് പീഡനക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ.റൗഫ് ഷെരീഫിന്റെ കസ്റ്റഡി 26 വരെ നീട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കസ്റ്റഡി നീട്ടി ഉത്തരവിട്ടത്. കേസിലെ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ചാണ് ഇ.ഡി റൗഫിനെ അറസ്റ്റ് ചെയ്തത്. സംഭവത്തെത്തുടര്‍ന്ന് അവിടെ കലാപമുണ്ടാക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നും ഹവാല ഇടപാടിലൂടെ വന്‍തോതില്‍ പണം കാമ്പസ് ഫ്രണ്ടിന് ലഭിച്ചിരുന്നെന്നും ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ കസ്റ്റഡിയില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്ന് പ്രതി […]

കൊച്ചി: ഹഥ്‌റാസ് പീഡനക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ.റൗഫ് ഷെരീഫിന്റെ കസ്റ്റഡി 26 വരെ നീട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കസ്റ്റഡി നീട്ടി ഉത്തരവിട്ടത്. കേസിലെ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ചാണ് ഇ.ഡി റൗഫിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തെത്തുടര്‍ന്ന് അവിടെ കലാപമുണ്ടാക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നും ഹവാല ഇടപാടിലൂടെ വന്‍തോതില്‍ പണം കാമ്പസ് ഫ്രണ്ടിന് ലഭിച്ചിരുന്നെന്നും ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ കസ്റ്റഡിയില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്ന് പ്രതി കോടതിയില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഇത്തരം പരാതിയുണ്ടാവുന്നില്ലെന്ന് ഇ.ഡി ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

റൗഫിനെ ചോദ്യം ചെയ്യുന്നതിന് ചില വ്യവസ്ഥകളും കോടതി നിര്‍ദേശിച്ചു. ഇതു പാലിച്ചില്ലെങ്കില്‍ ഗൗരവമായെടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ.ഡി വാദിച്ചു. പരാതിയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയാണ് കര്‍ശനവ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്.

പത്തു വെള്ളപ്പേപ്പറില്‍ ഒപ്പിട്ടുവാങ്ങി. ഇ.ഡി പറയുന്ന കാര്യങ്ങളാണ് മൊഴിയായി എഴുതുന്നത്. താന്‍ പറയുന്ന കാര്യങ്ങള്‍ എഴുതുന്നില്ല. മാനസികമായി പീഡിപ്പിക്കുന്നു. അനിയനെ അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അനിയനെ ഫോണില്‍ ഭീഷണിപ്പെടുത്തി. യു.എ.പി.എ ചുമത്തുമെന്നും ഭീഷണിപ്പെടുത്തി. തനിക്കറിയാത്ത വ്യക്തികളുമായും സംഘടനകളുമായും ബന്ധമുണ്ടെന്ന് പറയാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയ പരാതികളാണ് റൗഫ് കോടതിയില്‍ ഉന്നയിച്ചത്.

പീഡനം പാടില്ല, അഭിഭാഷകനെ കാണാന്‍ അനുവദിക്കണം, ചോദ്യം ചെയ്യലിന് തടസമുണ്ടാകാതെ ഭാര്യയെയും അമ്മയെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെടാന്‍ അനുവദിക്കണം. മൂന്നുമണിക്കൂര്‍ ചോദ്യം ചെയ്താല്‍ ഒരുമണിക്കൂര്‍ വിശ്രമം നല്‍കണം, രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് ആറുവരെ മാത്രമേ ചോദ്യംചെയ്യാവൂ, തുടര്‍ന്ന് വിശ്രമിക്കാന്‍ അനുവദിക്കണം, ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. തുടങ്ങിയ വ്യവസ്ഥകളാണ് കോടതി വെച്ചിരിക്കുന്നത്.

Related Articles
Next Story
Share it