കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പ്രതിയായ പി. സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ നിലപാട്. എന്നാല്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി.സി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. പി.സി ജോര്‍ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. പി.സി ജോര്‍ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ ഡിവിഡി പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിരുന്നു.
ഈ പ്രസംഗം കാണാനായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിര്‍ദ്ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്-രണ്ടാണ് നിര്‍ദ്ദേശം നല്‍കിയത്. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നും പി.സി ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ജനാധിപത്യ മര്യദകള്‍ പാലിക്കാത്ത വ്യക്തിയാണ് പി.സി ജോര്‍ജെന്നും ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷന്‍ എതിര്‍ത്തു. വാദങ്ങള്‍ക്കിടെയാണ് പ്രസംഗം നേരിട്ട് കാണാന്‍ കോടതി തീരുമാനിച്ചത്.