കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നാല് പേരെ കൂടി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. മഡിയന്‍ മട്ടുമ്മല്‍ ഹൗസിലെ കുഞ്ഞി അഹമദ് കെ (50), തെക്കേപ്പുറം നൗഷാദ് മന്‍സിലില്‍ പി.എം നൗഷാദ് (42), ആറങ്ങാടിയിലെ സായ സമീര്‍ (35), ആവിയിലെ 17 കാരന് എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞി അഹമ്മദിനെ ഇന്നും മറ്റുള്ളവരെ ഇന്നലെയുമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രകോപന പരമായ പോസ്റ്റുകള്‍ ചെയ്തവര്‍ക്കെതിരെ കാസര്‍കോട് സൈബര്‍ പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. റാലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും നിരവധി പേര് ഇതുമായി ബന്ധപ്പെട്ട് പ്രകോപനപരമായ കമെന്റുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 153 പ്രകാരം ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോട് കൂടിയുള്ള പ്രകോപനമെന്ന വകുപ്പിലാണ് അഞ്ച് കേസുകളും. ജില്ലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഉള്ളവരും പ്രതികളാണ്.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരെ ഇനിയും നിരീക്ഷിക്കുകയും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.