സംഗീതം തന്നെ ജീവിതം
ഷെഹ്നായിയെ ജീവതന്ത്രിയായ് ഉപാസിച്ച ഭാരത രത്‌ന ഉസ്താദ് ബിസ്മില്ലാ ഖാന്‍ തികഞ്ഞ സാത്വികനും വളരെ ലളിത ജീവിതത്തിനുടമയുമായിരുന്നു. വാരണാസി വിട്ട് മറ്റെങ്ങോട്ടും താമസം മാറ്റാന്‍ പോലും അദ്ദേഹം കൂട്ടാക്കിയില്ല. അവസാന കാലംവരെ ഇഷ്ട വാഹനം സൈക്കിള്‍ റിക്ഷ മാത്രമായിരുന്നു. പഴകി ദ്രവിച്ച വീട്ട് മുറ്റത്തെ ചൂടിക്കട്ടിലിലിരുന്നായിരുന്നു അദ്ദേഹം സംഗീത ചര്‍ച്ചകള്‍ നടത്തിയിരുന്നതും സംവദിച്ചതും. കാശിനാഥന്റെ മണ്ണില്‍ ഗംഗയെ സാക്ഷിനിര്‍ത്തി ഏഴര പതിറ്റാണ്ടിലധികം ഉതിര്‍ത്ത ഭക്തി നിര്‍ഭരമായ ഷെഹ്നായ് ആലാപനവും, നിഷ്‌കളങ്ക ജീവിതവുമായിരുന്നു അദ്ദേഹത്തെ വിശ്വത്തോളം വളര്‍ത്തിയത്. ശുദ്ധ […]
ഷെഹ്നായിയെ ജീവതന്ത്രിയായ് ഉപാസിച്ച ഭാരത രത്‌ന ഉസ്താദ് ബിസ്മില്ലാ ഖാന്‍ തികഞ്ഞ സാത്വികനും വളരെ ലളിത ജീവിതത്തിനുടമയുമായിരുന്നു. വാരണാസി വിട്ട് മറ്റെങ്ങോട്ടും താമസം മാറ്റാന്‍ പോലും അദ്ദേഹം കൂട്ടാക്കിയില്ല. അവസാന കാലംവരെ ഇഷ്ട വാഹനം സൈക്കിള്‍ റിക്ഷ മാത്രമായിരുന്നു. പഴകി ദ്രവിച്ച വീട്ട് മുറ്റത്തെ ചൂടിക്കട്ടിലിലിരുന്നായിരുന്നു അദ്ദേഹം സംഗീത ചര്‍ച്ചകള്‍ നടത്തിയിരുന്നതും സംവദിച്ചതും. കാശിനാഥന്റെ മണ്ണില്‍ ഗംഗയെ സാക്ഷിനിര്‍ത്തി ഏഴര പതിറ്റാണ്ടിലധികം ഉതിര്‍ത്ത ഭക്തി നിര്‍ഭരമായ ഷെഹ്നായ് ആലാപനവും, നിഷ്‌കളങ്ക ജീവിതവുമായിരുന്നു അദ്ദേഹത്തെ വിശ്വത്തോളം വളര്‍ത്തിയത്. ശുദ്ധ […]
ഷെഹ്നായിയെ ജീവതന്ത്രിയായ് ഉപാസിച്ച ഭാരത രത്‌ന ഉസ്താദ് ബിസ്മില്ലാ ഖാന്‍ തികഞ്ഞ സാത്വികനും വളരെ ലളിത ജീവിതത്തിനുടമയുമായിരുന്നു. വാരണാസി വിട്ട് മറ്റെങ്ങോട്ടും താമസം മാറ്റാന്‍ പോലും അദ്ദേഹം കൂട്ടാക്കിയില്ല. അവസാന കാലംവരെ ഇഷ്ട വാഹനം സൈക്കിള്‍ റിക്ഷ മാത്രമായിരുന്നു. പഴകി ദ്രവിച്ച വീട്ട് മുറ്റത്തെ ചൂടിക്കട്ടിലിലിരുന്നായിരുന്നു അദ്ദേഹം സംഗീത ചര്‍ച്ചകള്‍ നടത്തിയിരുന്നതും സംവദിച്ചതും. കാശിനാഥന്റെ മണ്ണില്‍ ഗംഗയെ സാക്ഷിനിര്‍ത്തി ഏഴര പതിറ്റാണ്ടിലധികം ഉതിര്‍ത്ത ഭക്തി നിര്‍ഭരമായ ഷെഹ്നായ് ആലാപനവും, നിഷ്‌കളങ്ക ജീവിതവുമായിരുന്നു അദ്ദേഹത്തെ വിശ്വത്തോളം വളര്‍ത്തിയത്. ശുദ്ധ സംഗീതത്തെ പ്രണയിച്ച മിക്ക കലാകാരന്മാരുടേയും അവസ്ഥ ഏതാണ്ട് ഇങ്ങനെ തന്നെയാണ്.
ബിസ്മില്ലാ ഖാന്റെ അരുമ ശിഷ്യനും ഷെഹ്നായ് അടങ്ങുന്ന മുപ്പത്തി അഞ്ചോളം വാദ്യോപകരണങ്ങളില്‍ പ്രാവീണ്യം നേടുകയും ഷെഹ്നായിയെ ദക്ഷിണേന്ത്യന്‍ സംഗീത സദസ്സിലേക്ക് ആനയിക്കുകയും ചെയ്ത ഉസ്താദ് ഹസ്സന്‍ ഭായിയും ഇപ്പോള്‍ ഗുരുപാത പിന്‍പറ്റി ആരോരുമറിയാതെ കാസര്‍കോട് ചട്ടഞ്ചാലിനടുത്തുള്ള കോളിയടുക്കത്തെ വാടക വീട്ടില്‍ കഴിയുകയാണ്.
അദ്ദേഹത്തിന്റെ ബാല്യകാല ജീവിതം ഏറെ വിസ്മയം ജനിപ്പിക്കുന്നതായിരുന്നു. തലശ്ശേരിയിലെ പുരാതനമായ കേയി കുടുംബാംഗം അറേബ്യന്‍ മന്‍സിലില്‍ നബീസുവിന്റേയും ബ്രിട്ടീഷ് ഇന്ത്യന്‍ നേവിയില്‍ ക്യാപ്റ്റനായിരുന്ന ആദം മുഹമ്മദിന്റേയും മകനായി വളരെ സമ്പന്ന ചുറ്റുപാടിലായിരുന്നു കഴിഞ്ഞു വന്നത്. ഉമ്മയില്‍ നിന്നും പകര്‍ന്ന് കിട്ടിയ സംഗീതാഭിരുചിയാണ് പില്‍ക്കാലങ്ങളില്‍ അദ്ദേഹത്തെ ശാസ്ത്രീയ സംഗീതത്തിന്റെ വേരുകള്‍ തേടി അലയാന്‍ പ്രേരിപ്പിച്ചത്. തലശ്ശേരി ബി.ഇ.എം.പി. സ്‌കൂള്‍ പഠനകാലത്ത് കര്‍ണാടിക്, പാശ്ചാത്യ സംഗീത പഠനത്തിനായി പിതാവിന്റെ ആശീര്‍വ്വാദത്തോടെ മൈസൂരിലേക്ക് നിരന്തരം യാത്ര ചെയ്യുമായിരുന്നു. ആഴ്ച്ചയില്‍ നാല് ദിവസം നീണ്ട് നില്‍ക്കുന്ന സംഗീതാഭ്യാസം. അക്കാലത്ത് കുതിരവണ്ടിയില്‍ സ്‌കൂളിലെത്തിയിരുന്ന അത്യപൂര്‍വ്വം വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു ഹസ്സന്‍ ഭായി. മൈസൂര്‍ കൊട്ടാരത്തിലെ ആസ്ഥാനഗായകന്‍ നാഗരാജ ബുഡാഷയായിരുന്നു ആദ്യഗുരു. ഗസലുകള്‍ക്കും ഇശലുകള്‍ക്കും വസന്തം തീര്‍ത്ത തലശ്ശേരിയില്‍ വെച്ച് ബാബുരാജിന്റെ പാട്ടുകള്‍ നേരിട്ട് കേട്ടാസ്വദിച്ച അനുഭവം ഹസ്സന്‍ ഭായിയെ പിന്നീട് ഹിന്ദുസ്ഥാനി സംഗീതത്തോടും അടുപ്പിച്ചു.
പതിനേഴാമത്തെ വയസ്സില്‍ പിതാവിന്റെ വഴിയെ ഇന്ത്യന്‍ നേവിയില്‍ സെയിലറായി ജോലിയില്‍ പ്രവേശിച്ചു. മുംബൈയിലും വിശാഖപട്ടണത്തുമായിരുന്നു നാവിക പരിശീലനം ലഭിച്ചത്. രണ്ട് വര്‍ഷ സേവനത്തിന് ശേഷം മര്‍ച്ചന്റ് നേവിയിലേക്ക് മാറി. നീണ്ട പതിമൂന്ന് വര്‍ഷക്കാല വന്‍കരകള്‍ താണ്ടിയുള്ള നാവിക ജീവിതം. എന്നാല്‍ അതിനിടയിലും അദ്ദേഹം സംഗീതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തുകയായിരുന്നു.
നാവിക യാത്രക്കിടയില്‍ ഏതാണ്ട് മൂന്ന് വര്‍ഷക്കാലം അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വെസ്റ്റേണ്‍ സംഗീതം അഭ്യസിക്കുകയും വിവിധങ്ങളായ മ്യൂസിക് ഇന്‍സ്ട്രുമെന്റുകളില്‍ പ്രാവീണ്യം നേടുകയും ചെയ്തു. ഇതിനിടയില്‍ തന്നെ ചര്‍ച്ചുകളില്‍ ക്വാറലിന് വേണ്ടി കോംപോ വായിക്കുന്ന ജോലിയിലും ഏര്‍പ്പെട്ടു. ഇന്ത്യന്‍ നേവിയില്‍ ഐ.എന്‍.എസ് മൈസൂരില്‍ സേവനം ചെയ്യുമ്പോള്‍ 1967 ല്‍ പാക്കിസ്ഥാന്‍ നേവിയുടെ പിടിയില്‍ പെട്ട് കുറച്ചു നാള്‍ കറാച്ചി ജയിലില്‍ കഴിയേണ്ടിവന്നത് സ്വരാജ്യസ്‌നേഹ സൗഭാഗ്യമായി അദ്ദേഹം കരുതുന്നു. ഫോര്‍ത്ത് കാഡര്‍ റാങ്കിലെത്തിയപ്പോഴായിരുന്നു നേവിയില്‍ നിന്നും വിരമിച്ചത്.
കാലം കഴിയുന്തോറും സാങ്കേതികത്വത്തിന്റെ മികവില്‍ സംഗീതോപകരണങ്ങള്‍ക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഭാരതീയ സംഗീതത്തില്‍ അന്യം വന്നുകൊണ്ടിരിക്കുന്ന ഉപകരണങ്ങളാണ് ഉസ്താദിന്റെ കൈവഴക്കത്തില്‍ ഏറെയും മീട്ടിക്കൊണ്ടിരിക്കുന്നത്. അതില്‍ 20 കമ്പികളുള്ള മോഹനവീണയും പെടുന്നു. വയലിന്‍, കീബോര്‍ഡ്, തബല, ഓടക്കുഴല്‍, സരോദ്, സിത്താര്‍, ഗിറ്റാര്‍, ബസ്രാജ്, ദില്‍രുപ, വീണ, രുദ്രവീണ, സരസ്വതിവീണ, ക്ലാരനെറ്റ്, കോറനെറ്റ്, സാക്‌സഫോണ്‍, ഹോബോ, ബാംസുരി, ഇംഗ്ലീഷ് ഫ്‌ളൂട്ട്, ആര്‍ട്ടിക്കോഡ്, ഷഹനായി, സുന്ദരി, ബ്യൂഗിള്‍, ടാംപറ്റ്, മൗത്ത് ഓര്‍ഗണ്‍, ഡ്രംസ്, സായീബഞ്ചോ, മൃദംഗം, ചെണ്ട, ഇടയ്ക്ക, മാന്‍െഡാലിന്‍, പിയാനോ, ഹാര്‍മോണിയം, ഭീം, കുങ്കി, ഡമരു, ഗഞ്ചിറ, തംബുരു, ഘടം തുടങ്ങിയ മുപ്പത്തഞ്ചോളം സംഗീതോ പകരണങ്ങള്‍ ഉസ്താദ് ഇതിനകം തന്നെ സ്വായത്തമാക്കിയിട്ടുണ്ട്. ഇത്രയധികം സംഗീതോപകരണങ്ങളെ ഉപാസിച്ച മറ്റൊരു സംഗീത വിദ്വാന്‍ ഉള്ളതായി അറിയില്ല.
തരളിതമായ സംഗീതത്തിന്റെ സങ്കീര്‍ണ്ണ തലങ്ങളെ അതിന്റെ ഉത്തംഗതയില്‍ ആവാഹിക്കുന്ന വാദ്യോപകരണമായാണ് ഷെഹ്നായിയെ ഹസ്സന്‍ ഭായ് കാണുന്നത്.
ഭക്തി, മംഗല്യം, ശോകം, മൂകം, സഹനം, തുടങ്ങി മനുഷ്യമനസ്സിന്റെ മൂര്‍ത്ത ഭാവങ്ങള്‍ക്ക് ശ്രുതി മീട്ടാന്‍ ഷെഹ്‌നായിയോളം കെല്‍പ്പുള്ള മറ്റൊരു വാദ്യോപകരണമുണ്ടാവില്ല. മാത്രമല്ല, അത് വാദനം ചെയ്ത് ഫലിപ്പിക്കാന്‍ ഏറെ പ്രയാസകരവുമാണ്. ഒരു പക്ഷെ, അതായിരിക്കണം ഭാരതീയ സംഗീതത്തില്‍ ഷെഹ്നായ് വാദകര്‍ മറ്റിതര സംഗീത വിദ്വാന്മാരെ അപേക്ഷിച്ച് തുലോം കുറഞ്ഞു കൊണ്ടിരിക്കുന്നത്. ഉസ്താദ് ബിസ്മില്ലാ ഖാന്റെ ശിഷ്യനായി മാസങ്ങളോളം വരാണസിയില്‍ തങ്ങിയ അനുഭവങ്ങള്‍ പങ്ക് വെക്കുന്നതിനിടയില്‍ അദ്ദേഹം സമ്മാനിച്ച ഷെഹ്നായ് എടുത്ത് ഞങ്ങളെ വായിച്ചു കേള്‍പ്പിച്ചു കൊണ്ടിരുന്നു. ഒരു നൊമ്പര ഗീതം പോലെ ഉച്ഛസ്ഥായിയില്‍ നിന്നും സ്വരം പതിയെ കീഴ്സ്ഥായിയിലേക്ക് പെയ്തിറങ്ങുമ്പോഴേക്കും ഉസ്താദിന്റെ കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു. ആഢ്യത നിറഞ്ഞ ഇന്നലെകളില്‍ നിന്നും ഇപ്പോഴത്തെ ദുരവസ്ഥയിലേക്ക് മാറപ്പെട്ട ഉസ്താദിന്റെ കദന കഥ ഏറെ വേദനയുള വാക്കുന്നതാണ്. രണ്ട് വര്‍ഷക്കാലമായി കിടപ്പിലായ പ്രിയതമ സഫിയത്തയും അഞ്ചു മക്കളുമടങ്ങുന്ന കുടുംബമാണ് ഹസ്സന്‍ ഭായിക്ക്. രുക്‌സാന, ഇസ്മത്ത്, ജഹാസ്, ഷമീം, മുബീന എന്നിവര്‍. ഒരു അപകടത്തെ തുടര്‍ന്ന് രുക്‌സാന ഇളംപ്രായത്തില്‍ തന്നെ മരണമടഞ്ഞു. രണ്ടാമത്തെ മകന്‍ ഗിറ്റാര്‍ വായിക്കും. മുബീന ഭരതനാട്യം പഠിച്ചിട്ടുണ്ട്. ഇതിനിടയില്‍ മകന്‍ ഇസ്മത്തിന് വൃക്ക രോഗം പിടിപെട്ട് ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ചിരകാല സ്വപ്‌നമായ വീട് പണിയാന്‍ ചെമ്മനാട് പഞ്ചായത്താണ് ഭൂമി നല്‍കിയത്. രമേശ് ചെന്നിത്തല മുന്‍കയ്യെടുത്ത് സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ കൊണ്ട് ആരംഭിച്ച വീടിന്റെ പണി പാതിവഴിയിലാണ്. സംഗീത പരിപാടികള്‍ നടത്തിക്കിട്ടിയ വരുമാനം കൊണ്ട് എല്ലാ മക്കളുടെയും കല്ല്യാണം കഴിപ്പിച്ചു. ജന്മംകൊണ്ട് ഉസ്താദ് കണ്ണൂര്‍കാരനാണെങ്കിലും കര്‍മ്മം കൊണ്ട് കാസര്‍കോട്ടുകാരനായി ദേശങ്ങള്‍ താണ്ടി സംഗീതത്തിന്റെ വിളക്ക് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. പരവനടുക്കം സരസ്വതി വിദ്യാലയം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നൂറുകണക്കിന് ശിഷ്യന്മാര്‍ക്ക് സംഗീതം പകര്‍ന്നുകൊടുക്കുന്നത്. കേരള സംഗീതനാടക അക്കാദമിയുടെ 2014-ലെ ഗുരുപൂജ പുരസ്‌കാരം, കേരള പോലീസ് അസോസിയേഷന്‍ പുരസ്‌ക്കാരം, ഡല്‍ഹി, ദക്ഷിണേന്ത്യന്‍ സംസ്ഥാന സംഗീത നാടക് അവാര്‍ഡുകളടക്കം ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ ഉസ്താദിനെ തേടിയെത്തിയിട്ടുണ്ട്. 2018ല്‍ ചെന്നൈയില്‍ വെച്ച് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയുണ്ടായി.
കേരളത്തിനകത്തും പുറത്തുമായി ക്ഷേത്രങ്ങളിലും, സാംസ്‌കാരിക പരിപാടികളിലുമായി നൂറ് കണക്കിന് വേദികളില്‍ ഹസ്സന്‍ ഭായ് സംഗീത സദസ്സുകള്‍ നടത്തിയിട്ടുണ്ട്. കേരള സാംസ്‌ക്കാരിക വകുപ്പ് വര്‍ഷം തോറും തിരുവനന്തപുരം ചന്ദ്രശേഖരന്‍ സ്റ്റേഡിയത്തില്‍ നടത്താറുള്ള സംഗീത പരിപാടിയില്‍ ഉസ്താദിന് പ്രത്യേകമായ ഒരു ഇടം തന്നെയുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന സംഖ്യകൊണ്ടാണ് ജീവിതം കഴിഞ്ഞ് കൂടിയിരുന്നത്. കോവിഡ് കാലമായതിനാല്‍ ഇപ്പോള്‍ സംഗീത പരിപാടികള്‍ ഒട്ടും ലഭിക്കാറില്ല. പ്രകൃതിയിലെ ഓരോ ചലനങ്ങളും ശ്രുതിലയ താളാത്മകമാണെന്ന് ഉസ്താദ് പറയുന്നു. ഒരു കുഞ്ഞ് പിറക്കുമ്പോള്‍ തന്നെ ഹൃദയമിടിപ്പില്‍ തുടങ്ങുന്ന ജീവതാളവും കുഞ്ഞ് കരയുമ്പോഴുണ്ടാവുന്ന ശ്രുതിയും ചേരുമ്പോള്‍ പ്രകൃതിയും സംഗീതാത്മകമാവുന്നു. ഒരിക്കല്‍ ഒരു സംഗീത സദസ്സില്‍ വെച്ച് ഹസ്സന്‍ ഭായ് ഓടക്കുഴല്‍ വായിച്ചു കൊണ്ടിരിക്കെ മൈക്കിനടുത്തേക്ക് പറന്നെത്തിയ പൂങ്കുയില്‍, വാദനം തീരുംവരെ മൈക്കിനോട് ചേര്‍ന്ന് വാലാട്ടി നൃത്തം ചെയ്ത അനുഭവവും അദ്ദേഹം പങ്കിട്ടു. അതേപോലെ മയൂര നൃത്തവും സംഗീതാത്മകമാണ്.
ചിത്രകാരന്‍ ഏറുംപുറത്തോടൊത്താണ് ഹസ്സന്‍ ഭായിയെ കാണാന്‍ ചെന്നത്. വീടിന്റെ ഉമ്മറപ്പടിയിലെത്തുമ്പോഴേക്കും ചന്ദനത്തിരിയുടെ തീക്ഷ്ണ ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഉള്ളില്‍ ഒളിപ്പിച്ച ദുഃഖഭാരം പുറത്തെടുക്കാതെ ഉസ്താദ് മന്ദഹാസത്തോടെ ഞങ്ങളെ വരവേറ്റു. വാടക വീട്ടിലെ അലമാരകള്‍ നിറയെ പുരസ്‌ക്കാരങ്ങളും, കാര്‍ട്ടനുകളില്‍ അടുക്കി വെച്ച വാദ്യോപകരണങ്ങളും മതിലുകളില്‍ ചേര്‍ത്ത് വെച്ച ഒട്ടേറെ ആശംസാപത്രങ്ങളും മാത്രമാണ് അവിടെ നിറഞ്ഞു നില്‍ക്കുന്നത്. ഒടുവില്‍ അദ്ദേഹത്തോട് യാത്ര ചോദിച്ച് പിരിയും വഴി ഏറുംപുറം വിഷാദ സ്വരത്തില്‍ എന്നോട് മന്ദ്രിച്ചു. രണ്ട് വര്‍ഷക്കാലമായി ഒന്നും ഉരിയാടാനാവാതെ മൃതപ്രായമായി കിടപ്പിലായ സഫിയത്തയെ മുഴുസമയം പരിചരിക്കുന്നത് ഉസ്താദാണ്. ഹസ്സന്‍ ഭായിയുടെ സ്വപ്‌ന വീട് ഇനിയും പൂര്‍ത്തിയായില്ല. അദ്ദേഹത്തോട് സാംസ്‌ക്കാരിക കാസര്‍കോട് കരുണ കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.