കാസര്‍കോട്: മതിയായ ചികിത്സ ലഭിക്കാതിരുന്നത് മൂലം മരണപ്പെട്ട എന്‍ഡോസള്‍ഫാന്‍ ഇര ഒന്നരവയസുകാരി ഹര്‍ഷിതയുടെ മൃതദേഹം എയിംസിന് വേണ്ടി കാസര്‍കോട്ട് നടന്നുവരുന്ന നിരാഹാരസമരത്തിന്റെ പന്തലില്‍ എത്തിച്ചു. ഇന്ന് രാവിലെ 11.15 മണിയോടെയാണ് ഹര്‍ഷിതയുടെ മൃതദേഹം സമരപ്പന്തലിലേക്ക് കൊണ്ടുവന്നത്. ചലനമറ്റ പിഞ്ചുശരീരം കണ്ടതോടെ മനുഷ്യാവകാശപ്രവര്‍ത്തകയായ ദയാബായി വിങ്ങിപ്പൊട്ടി. നിരവധി പേരാണ് മൃതദേഹം ഒരുനോക്ക് കാണാന്‍ എത്തിയത്. ഈ കുഞ്ഞിന്റെ ജീവനില്ലാത്ത ശരീരം കാണുമ്പോള്‍ എന്റെ ഹൃദയം നുറുങ്ങുകയാണ്. ലോകം എന്താണെന്ന് അറിയുന്നതിന് മുമ്പ് തന്നെ പൊലിഞ്ഞുപോയ കുരുന്നുജീവന് അധികാരികള്‍ കരുണ കാണിച്ചിരുന്നെങ്കില്‍ ഇപ്പോഴും നമുക്കൊപ്പം ഉണ്ടാകുമായിരുന്നു. ഹര്‍ഷിത എന്‍ഡോസള്‍ഫാന്‍ ഇരകളുടെ രക്തസാക്ഷിപട്ടികയിലാണ് ഇടംപിടിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എത്ര പിഞ്ചുമക്കളാണ് മതിയായ ചികിത്സ കിട്ടാതെ മരിച്ചുപോകുന്നത്. എന്നിട്ടും മനസാക്ഷി കാണിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല- അതിയായ സങ്കടത്തിനിടയിലും ദയാബായി രോഷത്തോടെ പ്രതികരിച്ചു.
പിഞ്ചുകുഞ്ഞിന്റെ മൃതശരീരവും ദയാബായിയുടെ വേദന നിറഞ്ഞ വാക്കുകളും കൂടി നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. സമരപ്പന്തലില്‍ മൃതദേഹം കുറച്ചുസമയം പൊതുദര്‍ശനത്തിന് വെച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.