എ.കെ ആന്റണിയോടൊപ്പം തിരുവനന്തപുരത്തേക്ക് കാല്‍നട യാത്ര നടത്തിയ ഹനീഫ ചേവാര്‍ ഇനി ഓര്‍മ്മ

പൈവളിഗെ: 53 വര്‍ഷം മുമ്പ് സാക്ഷാല്‍ എ.കെ ആന്റണിയോടൊപ്പം കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് കാല്‍നട യാത്ര നടത്തിയ ഹനീഫ ചേവാര്‍ ഓര്‍മ്മയായി. 73 വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് അന്തരിച്ചത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയും പൈവളിഗെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടും പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. 1968ല്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായിരുന്ന എ.കെ ആന്റണിയോടൊപ്പം കാസര്‍കോട്ട് നിന്ന് രണ്ട് പേരാണ് പദയാത്രയില്‍ ഉണ്ടായിരുന്നത്. ഹനീഫ് ചേവാറും എ.എം കയ്യംകൂടലും. വര്‍ഷങ്ങള്‍ക്ക് ശേഷം, […]

പൈവളിഗെ: 53 വര്‍ഷം മുമ്പ് സാക്ഷാല്‍ എ.കെ ആന്റണിയോടൊപ്പം കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് കാല്‍നട യാത്ര നടത്തിയ ഹനീഫ ചേവാര്‍ ഓര്‍മ്മയായി. 73 വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് അന്തരിച്ചത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയും പൈവളിഗെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടും പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു.
1968ല്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായിരുന്ന എ.കെ ആന്റണിയോടൊപ്പം കാസര്‍കോട്ട് നിന്ന് രണ്ട് പേരാണ് പദയാത്രയില്‍ ഉണ്ടായിരുന്നത്. ഹനീഫ് ചേവാറും എ.എം കയ്യംകൂടലും. വര്‍ഷങ്ങള്‍ക്ക് ശേഷം, 2005ല്‍ കാസര്‍കോട്ട് വെച്ച് നടന്ന മറ്റൊരു പദയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് എ.കെ.ആന്റണി തന്നെയാണ് ആ കഥ പറഞ്ഞത്. മമ്മൂട്ടി-ശ്രീനിവാസന്‍ സിനിമയായ 'കഥപറയുമ്പോള്‍' എന്ന ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം പോലെയാണ് അന്ന് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് തടിച്ചുകൂടിയവര്‍ ആ കഥ കേട്ടുനിന്നത്. 1968 ഏപ്രില്‍ ഒന്നിന് കാസര്‍കോട്ട് നിന്ന് ആന്റണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്ക് പട്ടിണിയാത്ര സംഘടിപ്പിച്ചിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ എ.കെ ആന്റണി എന്ന നേതാവിന്റെ വളര്‍ച്ചക്ക് നിമിത്തമായ ഒരു പദയാത്രയായിരുന്നു അത്. ആന്റണി ആവേശം അടക്കാനാവാതെ ആ കാല്‍നടയാത്രയെക്കുറിച്ച് വിശദീകരിച്ചു. ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; 37വര്‍ഷം മുമ്പ് (1968ല്‍) ഞാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെ കാസര്‍കോട്ട് നിന്ന് കാല്‍നടയായി യാത്ര നടത്തിയിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയും കെ.ആര്‍ ഗൗരിയമ്മ ഭക്ഷ്യമന്ത്രിയുമായിരുന്നു. റേഷന്‍ വഴി ഒരാള്‍ക്ക് ആറ് ഔണ്‍സ് മാത്രം അരിയാണ് അന്ന് വിതരണം ചെയ്തിരുന്നത്. ഇത് ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിന് പോലും തികയുമായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു യാത്ര. അന്ന് ഞങ്ങളോടൊപ്പം കാസര്‍കോട് നിന്ന് ഹനീഫ എന്നൊരാള്‍ ഉണ്ടായിരുന്നു. ഹനീഫയുടെ മുഖം ഇന്നും എനിക്കോര്‍മ്മയുണ്ട്. ഹനീഫ അന്ന് എനിക്ക് നല്ല കൂട്ടായിരുന്നു. ജാഥാ നായകന്‍ എന്ന നിലയില്‍ എന്റെ കാര്യങ്ങളൊക്കെ നോക്കും. ജാഥാ അംഗം എന്നതിലുപരി എന്റെ സഹായിയെപ്പോലെയാണ് ഹനീഫ ആ മുപ്പത് നാളുകളിലും എന്നോടൊപ്പം നിന്നത്. പക്ഷെ ഇപ്പോള്‍ ഹനീഫ എവിടെ ഉണ്ടെന്ന് എനിക്കറിയില്ല. ഇത്രകാലം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ മുഖം ഞാന്‍ കൃത്യമായി ഓര്‍ക്കുന്നുണ്ട്. ഹനീഫയെ അറിയുന്നവര്‍ എന്റെ അന്വേഷണം അറിയിക്കണം. പറ്റുമെങ്കില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്ന വിവരവും ഹനീഫയോട് പറയണം...' ആന്റണിയുടെ വാക്കുകള്‍ ജനക്കൂട്ടം അക്ഷമരായി കേട്ടിരിക്കുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഹനീഫയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. കൈ പൊക്കിക്കാണിച്ചു. പക്ഷെ ആള്‍ക്കൂട്ടത്തിനിടയില്‍ ആന്റണി അദ്ദേഹത്തെ കണ്ടില്ല. പിന്നീട് ഗസ്റ്റ് ഹൗസില്‍ ചെന്ന് ഹനീഫ ആന്റണിയെ കാണുകയും സന്തോഷം അറിയിക്കുകയുമായിരുന്നു.
എം.പി സുബൈദയാണ് ഹനീഫയുടെ ഭാര്യ. ഷബാന കെ.എം, ഷഹനാദ് കെ.എം എന്നിവര്‍ മക്കളും മുനീര്‍ കുമ്പള, ഷെറിന്‍ എന്നിവര്‍ മരുമക്കളുമാണ്.

Related Articles
Next Story
Share it