ഹാജി എം. അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍; ചേരങ്കൈ മഹല്ലിന്റെ ഗുരുവര്യനും വഴികാട്ടിയും

ഒരു മഹല്ലിന്റെ സ്മൃതിപഥത്തില്‍ അഞ്ച് പതിറ്റാണ്ട് മായാതെ ബഹുമാനങ്ങളോടെ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം പട്ടാമ്പിയിലെ മുതുതലയില്‍ വിട വാങ്ങിയ ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന്‍ ഹാജി എം. അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍ എന്ന വലിയ ഉസ്താദ്. 1953ല്‍ പട്ടാമ്പിയിലെ മുതുതല എന്ന ഗ്രാമത്തില്‍ നിന്ന് ചേരങ്കൈ എന്ന ചെറിയ മഹല്ലില്‍ ഒരു നിയോഗം പോലെ എത്തിച്ചേരുമ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തെ ആദരവോടെ അതിലേറെ സ്‌നേഹത്തോടെ നെഞ്ചേറ്റുകയായിരുന്നു. തന്റെ നിഷ്‌കാമമായ സേവനത്തിലൂടെ പരിമിതികളും പരിദേവനങ്ങളും നിറഞ്ഞ ഈ ദേശത്തെ പരിഭവമേതുമില്ലാതെ […]

ഒരു മഹല്ലിന്റെ സ്മൃതിപഥത്തില്‍ അഞ്ച് പതിറ്റാണ്ട് മായാതെ ബഹുമാനങ്ങളോടെ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം പട്ടാമ്പിയിലെ മുതുതലയില്‍ വിട വാങ്ങിയ ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന്‍ ഹാജി എം. അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍ എന്ന വലിയ ഉസ്താദ്.
1953ല്‍ പട്ടാമ്പിയിലെ മുതുതല എന്ന ഗ്രാമത്തില്‍ നിന്ന് ചേരങ്കൈ എന്ന ചെറിയ മഹല്ലില്‍ ഒരു നിയോഗം പോലെ എത്തിച്ചേരുമ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തെ ആദരവോടെ അതിലേറെ സ്‌നേഹത്തോടെ നെഞ്ചേറ്റുകയായിരുന്നു. തന്റെ നിഷ്‌കാമമായ സേവനത്തിലൂടെ പരിമിതികളും പരിദേവനങ്ങളും നിറഞ്ഞ ഈ ദേശത്തെ പരിഭവമേതുമില്ലാതെ അദ്ദേഹം സേവിച്ചു. ദൈവസാന്നിധ്യത്തിലെ പ്രതിഫലം മാത്രം ലക്ഷ്യം വെച്ച് മനസ്സ് നിറയെ പ്രാര്‍ത്ഥനയോടെ അദ്ദേഹം ഇന്നാട്ടുകാരെ ചേര്‍ത്തുപിടിച്ചു. ജാതിമത ഭേദമില്ലാതെ അവരുടെ വേദനകളും ആവലാതികളും കാരുണ്യത്തോടെ കേള്‍ക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയില്‍, ഒരു തലോടലില്‍ നാട്ടുകാര്‍ ആശ്വസിക്കുകയും ആത്മനിര്‍വൃതി പൂകുകയും ചെയ്തു.

കേവലം ഒരു പള്ളി ഇമാം എന്നതിലുപരി മഹല്ലിലെ പുതുതലമുറക്ക് മതവിജ്ഞാനം പകര്‍ന്നുനല്‍കിയ സര്‍വ്വരുടെയും വലിയ ഉസ്താദായിരുന്നു എം. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍. സ്ത്രീ വിദ്യാഭ്യാസം സാര്‍വ്വത്രികമല്ലാത്ത, അറബി മലയാളത്തില്‍ മാത്രം പഠനം നടന്നിരുന്ന അക്കാലത്ത് ചേരങ്കൈ മദ്രസയില്‍ ആഴ്ചയിലൊരുദിവസം മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചുകൊണ്ട് വല്യ ഉസ്താദ് പ്രത്യേകിച്ചും നാട്ടിലെ സ്ത്രീ വിദ്യാഭ്യാസത്തിന് കരുത്ത് പകര്‍ന്നു. അതുകൊണ്ട് തന്നെ ചേരങ്കൈയിലെ പഴയ തലമുറക്ക് മാതൃഭാഷയിലൂടെ അക്ഷരങ്ങളുടെ മാധുര്യം ആവോളം നുകരാന്‍ കഴിഞ്ഞു. സാക്ഷരതാ യജ്ഞം സാര്‍വ്വത്രികമായി ഒരു പ്രസ്ഥാനമായി രൂപപ്പെടുന്നതിന് മുമ്പ് തന്നെ ചേരങ്കൈ മഹല്ലില്‍ അദ്ദേഹം വായനയുടെ, അറിവിന്റെ വലിയ ആകാശം തുറന്നുവെച്ചു. അത് തലമുറ കൈമാറി ഇന്നാട്ടില്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴി തെളിച്ചു.
ആത്മീയത കേവലം കച്ചവടച്ചരക്കാക്കുന്ന പുതിയ കാലത്തില്‍ നിന്ന് വിഭിന്നമായി വ്യക്തികള്‍ക്ക് ആത്മജ്ഞാനം നല്‍കി അദ്ദേഹം ഒരു മഹല്ലിലെ ജനതക്ക് മുമ്പെ പറക്കുന്ന പക്ഷിയെപ്പോലെ വഴികാട്ടിയായി.
നീണ്ട നാലു പതിറ്റാണ്ടിന്റെ സേവനകാലം പൂര്‍ത്തികരിച്ചു യാത്രയാകുമ്പോള്‍ ചേരങ്കൈ മഹല്ലിന്റെ കരുതല്‍ മകന്‍ എം. സുലൈമാന്‍ ഫൈസിയുടെ കരങ്ങളില്‍ ഏല്‍പ്പിച്ച് നാടിനോടുള്ള സ്‌നേഹബന്ധം നിലനിര്‍ത്തി. വിശ്രമജീവിതത്തിനായി പട്ടാമ്പിയിലേക്ക് മടങ്ങിയിട്ടും നാട്ടുകാര്‍ തങ്ങളുടെ ഓരോ വ്യക്തിഗത ആവശ്യങ്ങള്‍ക്കും ഉസ്താദിനെ വിളിച്ചു ഉപദേശം തേടി. അവരോട് അദ്ദേഹം ഓരോ കുടുംബാംഗത്തിന്റെ വിശേഷങ്ങള്‍ അന്വേഷിച്ചു. അവര്‍ക്കായി പ്രാര്‍ത്ഥിച്ചു. നാട്ടിലെ ആഘോഷചടങ്ങുകളിലും മറ്റു കുടുംബ വിശേഷങ്ങളിലും വലിയ ഉസ്താദിന്റെ സാന്നിധ്യം കൊതിച്ചു. അതിനായി അദ്ദേഹത്തെ വീണ്ടും വീണ്ടും ക്ഷണിച്ചുകൊണ്ടു വന്നു. അനുഗ്രഹാശിസ്സുകളും പ്രാര്‍ത്ഥനകളും ഏറ്റുവാങ്ങി.

മഹല്ലിലെ വിവിധ കൂട്ടായ്മകള്‍ സ്‌നേഹമസൃണമായ യാത്രയയപ്പ് നല്‍കി അദ്ദേഹത്തെ ആദരിച്ച ദിനം മഹല്ലുകള്‍ക്ക് ഉത്സവദിനമായിരുന്നു. അന്നത്തെ ജില്ലാ ഭരണാധികാരി ഉള്‍പ്പെടെ ജില്ലയിലെ മുതിര്‍ന്ന മതപണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ നന്ദിപൂര്‍വ്വം ഓര്‍ത്തെടുത്തു. ഒരു നാട് ഒന്നടങ്കം നിറഞ്ഞ പ്രാര്‍ത്ഥനയോടെ അദ്ദേഹത്തിന്റെ അപദാനങ്ങള്‍ ഏറ്റു പറഞ്ഞു.
നാല് തലമുറകളാണ് ഉസ്താദിന്റെ അറിവ് കോരിയെടുക്കുകയും ആത്മസായൂജ്യമടയുകയും ചെയ്തത്. അതിനാല്‍ തന്നെ ആദ്യതലമുറയിലെ പഠിതാക്കളുടെ പേരക്കിടാങ്ങളെയും ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം കൈപിടിച്ചു നടത്തി. അങ്ങനെയാണ് ചേരങ്കൈ അസാസുല്‍ ഇസ്ലാം മദ്രസയിലെ പുതിയ തലമുറക്ക് അദ്ദേഹം 'വലിയ ഉസ്താദാ'കുന്നത്.
വിശ്രമജീവിതത്തിലും അദ്ദേഹം ഇന്നാടുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി. പുതുകാലത്തെ അറിവുകളും വിശേഷങ്ങളും തന്റെ ശിഷ്യന്മാരോട് ചോദിച്ചറിയാന്‍ അദ്ദേഹം സന്നദ്ധനായി.
വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സമ്പത്താണ്. അതെവിടെ കണ്ടാലും പെറുക്കിയെടുക്കുക എന്ന പ്രവാചക വചനം സ്വജീവിതത്തില്‍ പകര്‍ത്തിക്കാണിക്കാന്‍ അദ്ദേഹം തയ്യാറായി. തെറ്റുകള്‍ ഏത് സദസ്സിലും ആരുടെ മുന്നിലും ചൂണ്ടിക്കാട്ടുവാനും ശരിയുടെയും നന്മയുടെയും നീതിയുടെയും പക്ഷത്ത് നില്‍ക്കാനും അദ്ദേഹം ജീവിതത്തിലുടനീളം ശ്രദ്ധിച്ചു.
തന്റെ സ്‌നേഹോപദേശം കൊണ്ട് വ്യക്തികളെ ശുദ്ധീകരിക്കാനും മഹല്ലിലെ ജീവിതത്തെ വിജ്ഞാനത്തിന്റെയും ഇസ്ലാമികാധ്യാപനത്തിന്റെയും നേര്‍വഴിയില്‍ നടത്തുവാനും പ്രാര്‍ത്ഥനാനിരതമായ മനസ്സോടെ ദൈവത്തിലര്‍പ്പിക്കാനും വല്യ ഉസ്താദിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ എന്ന് ഓരോ മഹല്ല് നിവാസികള്‍ക്കൊപ്പം നിറകണ്ണുകളോടെ പ്രാര്‍ത്ഥിക്കുന്നു,

Related Articles
Next Story
Share it