ഓര്‍മ്മകളിലെ ഹബീബ് ഹാജി

തളങ്കര കെ.എസ് സഹോദരന്മാരിലെ കെ.എസ് അബ്ദുല്ല, കെ.എസ് സുലൈമാന്‍ ഹാജി എന്നിവരുടെ വിയോഗത്തിന് ശേഷം അവസാന കണ്ണിയും സദാ പുഞ്ചിരിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയുമായ കെ.എസ് മുഹമ്മദ് ഹബീബുല്ലഹാജി ഈയിടെ വിട വാങ്ങി. ഹബീബ് ഹാജിക്ക് കീഴില്‍ ഇസ്ലാമിയ ടൈല്‍ കമ്പനിയില്‍ ഞാനും ജോലിനോക്കിയിരുന്നു. കെ.എസ്. സുലൈമാന്‍ ഹാജിയെ എന്റെ പിതാവ് കാണുകയും അതിന്റെ ഫലമായി ഒരു ജോലി ശരിപ്പെടുത്തിത്തരുകയുമായിരുന്നു. മഹാരാഷ്ട്രയിലെ റായ്ഗാഡ് ജില്ലയില്‍ ചില സ്ഥലങ്ങളില്‍ കെ.എസ്. ബ്രദേര്‍സിന് ബിസിനസ് ഉണ്ടായിരുന്നു. പച്ചസ്രാവ് എടുത്ത് ഉണക്കി മംഗലാപുരത്തേക്ക് […]

തളങ്കര കെ.എസ് സഹോദരന്മാരിലെ കെ.എസ് അബ്ദുല്ല, കെ.എസ് സുലൈമാന്‍ ഹാജി എന്നിവരുടെ വിയോഗത്തിന് ശേഷം അവസാന കണ്ണിയും സദാ പുഞ്ചിരിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയുമായ കെ.എസ് മുഹമ്മദ് ഹബീബുല്ലഹാജി ഈയിടെ വിട വാങ്ങി.
ഹബീബ് ഹാജിക്ക് കീഴില്‍ ഇസ്ലാമിയ ടൈല്‍ കമ്പനിയില്‍ ഞാനും ജോലിനോക്കിയിരുന്നു. കെ.എസ്. സുലൈമാന്‍ ഹാജിയെ എന്റെ പിതാവ് കാണുകയും അതിന്റെ ഫലമായി ഒരു ജോലി ശരിപ്പെടുത്തിത്തരുകയുമായിരുന്നു. മഹാരാഷ്ട്രയിലെ റായ്ഗാഡ് ജില്ലയില്‍ ചില സ്ഥലങ്ങളില്‍ കെ.എസ്. ബ്രദേര്‍സിന് ബിസിനസ് ഉണ്ടായിരുന്നു. പച്ചസ്രാവ് എടുത്ത് ഉണക്കി മംഗലാപുരത്തേക്ക് മൊത്തമായി അയച്ചിരുന്ന വിപുലമായ തരത്തിലുള്ള ബിസിനസായിരുന്നു അത്. അത് നോക്കി നടത്തിയിരുന്നവരില്‍ എന്റെ പിതാവും ഉണ്ടായിരുന്നു. ആ ബന്ധത്തിന്റെ പേരിലാണ് ഇസ്ലാമിയ ടൈല്‍ കമ്പനിയില്‍ എനിക്ക് ജോലി തരപ്പെട്ടത്. ഇസ്ലാമിയ ടൈല്‍ കമ്പനിയില്‍ പോയി കെ.എസ്. ഹബീബുല്ല ഹാജിയെ കണ്ട് ജോലിയില്‍ പ്രവേശിച്ചു. തന്റെ ജീവിതത്തില്‍ അതൊരു വഴിത്തിരിവായിരുന്നു. ഹബീബ് ഹാജിയെ നേരത്തെ അറിയാമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കീഴില്‍ ഒരു ജീവനക്കാരനായി സേവനം ചെയ്തു തുടങ്ങിയ ഈ കാലയളവില്‍ തന്നെ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ നേരില്‍ കാണാന്‍ എനിക്ക് സാധിച്ചിരുന്നു. മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ഭാരവാഹികളില്‍ ഒരാളായ ഹബീബ് ഹാജി, ദഖിറത്തുല്‍ ഉഖ്‌റാ സംഘം, മാലിക്ദിനാര്‍ അക്കാദമി എന്നിവയിലും തന്റെ പ്രവര്‍ത്തന മികവിന്റെ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. സാദാത്തീങ്ങളോടും ഉമറാക്കളോടും അദ്ദേഹം എന്നും ആദരവ് പുലര്‍ത്തിയിരുന്നു. ഹബീബ് ഹാജിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓടുകമ്പനി നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് അന്നം നല്‍കിയിരുന്നു. കാസര്‍കോട് ജില്ലയിലെ തന്നെ മികച്ച തൊഴില്‍ ശാലകളില്‍ ഒന്നായി മാറിയ കമ്പനി ഓടുകളുടെ ആവശ്യങ്ങള്‍ കുറഞ്ഞപ്പോള്‍ കമ്പനിയെ പിടിച്ചു നിര്‍ത്താന്‍ ഹബീബ് ഹാജി കുറേ ശ്രമിച്ചിരുന്നുവെങ്കിലും ഒടുവില്‍ എല്ലാ ജീവനക്കാര്‍ക്കും അവരുടെ വിഹിതം നല്‍കി കമ്പനി നിര്‍ത്തി വെക്കുകയായിരുന്നു. കമ്പനി അടഞ്ഞ ശേഷവും അവിടെ ജോലി ചെയ്തിരുന്ന കുടുംബാംഗങ്ങളുടെ സാമ്പത്തിക ദൈന്യതയിലേക്ക് അദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ നോട്ടം പതിഞ്ഞിരുന്നു. കമ്പനി നിര്‍ത്തുന്നതിന് മുമ്പ് തന്നെ ഞാന്‍ അവിടെ നിന്ന് 1977ല്‍ ഗള്‍ഫിലേക്ക് കടന്നത് വരെ ഇവരുടെ തന്നെ സ്ഥാപനങ്ങളായ മാലിക്ദിനാര്‍ ആസ്പത്രി, സിംകോ എന്നിവിടങ്ങളില്‍ സേവനം ചെയ്തിരുന്നു. കെ.എസ് കുടുംബവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് ഇളയ സഹോദരനായ ഹബീബുല്ല ഹാജിയായിരുന്നു, ഞാന്‍ ഗള്‍ഫിലായിരുന്നപ്പോഴും മഹാരാഷ്ട്രയിലായിരുന്നപ്പോഴും നാട്ടില്‍ വന്നാല്‍ ഹബീബ് ഹാജിയുമായുള്ള സൗഹൃദം നിലനിന്നിരുന്നു. ഏകദേശം ഒന്നരവര്‍ഷമായി കോവിഡ് മഹാമാരി കാരണം അദ്ദേഹത്തെ നേരില്‍ പോയി കണ്ട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിന്റെ ദുഃഖം എന്നെ അലട്ടുന്നു.
മുക്രി ഇബ്രാഹിം സാഹിബും ഞാന്‍ അടുത്ത് അറിയുന്ന വ്യക്തി പ്രഭാവങ്ങളില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗവും തളങ്കരക്ക് പൊതുവായും ഞങ്ങളുടെ ഖാസിലേന്‍ മഹലിന് പ്രത്യേകിച്ചും തീരാനഷ്ടങ്ങളില്‍ ഒന്നാണ്. തളങ്കരയോടൊപ്പം വ്യക്തിപരമായി ആ ദുഃഖത്തില്‍ പങ്കുചേരുന്നു. ഇരുവരുടെയും സേവനങ്ങള്‍ ഒരുപോലെ ഇല്ലാതാവുമ്പോള്‍ തളങ്കരക്ക് അത് പൊതുവില്‍ വലിയൊരു നഷ്ടം തന്നെയാണ്. ഇരുവരുടെയും പരലോക ജീവിതം അല്ലാഹു സുഖപ്രദമാക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

Related Articles
Next Story
Share it